https://maktoobmedia.com/

ബിപിഎല്ലുകാർ ഇംഗ്ലീഷ് പഠിക്കുന്നതും പരിഷത്തിന്റെ മലയാളസ്നേഹവും

അമീൻ ഹസ്സൻ

മലയാളം v/s ഇംഗ്ലീഷ് ചർച്ച തന്നെ അബദ്ധമാണ്.സ്വന്തം ഭാഷയുണ്ടാകുന്നതും ആ ഭാഷ വികസിപ്പിക്കാൻ ശ്രമിക്കാനും നിലനിർത്താനും ശ്രമിക്കുന്നതും നല്ലതാണ്,എന്ന് മാത്രമല്ല ആവിശ്യവുമാണ്.പക്ഷെ മലയാള സർവ്വകലാശാല ഇതര ഭാഷകൾ പഠിപ്പിക്കുകയും താരതമ്യ പഠനങ്ങൾക്ക് പ്രധാന്യം നൽകുകയും വേണം എന്ന ആവിശ്യത്തോട് അതിന്റെ ഉപദേശക സമിതിയിലെ മലയാളം തീവ്രവാദികൾ പ്രതികരിച്ചത് ഓർക്കുന്നില്ലേ?.കൊള്ളകൊടുക്കലുകളില്ലാതെ എങ്ങനെയാണ് ഒരു ഭാഷ വികസിക്കുക.താരതമ്യ പഠനങ്ങളില്ലാതെ എങ്ങനെയാണ് ഭാഷാ പഠനം അർഥപൂർണ്ണമാവുക?.വാമൊഴികളും നാട്ടുഭാഷകളും പ്രദേശിക ഭാഷകളും മോശമാണെന്ന് കരുതുന്ന പരിശുദ്ധ പരിഷ്‌കൃത ഭാഷാസ്‌നേഹികളുടെ ഭാഷാ ഫാസിസം നടപ്പാക്കപെടുന്ന നാട്ടിലെ ഭാഷ വികസിക്കണമെന്നത് അതിമോഹമാണ്.എങ്കിലും സർക്കാർ തീരുമാനം നല്ലതാണ്.കുട്ടികൾ മലയാളം കൂടി പഠിക്കട്ടെ..

പക്ഷെ ഈ പരിഷത്ത് തൊഴിലാളികൾ പറയുന്നത് എന്താണ്?.കാശില്ലാത്തവന്റെ മക്കൾ സ്വകാര്യ സ്ഥാപനങ്ങളിൽ,അതായത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കരുത്.പഠിച്ചാൽ അവന് ചാക്കരി കൊടുക്കരുത്.മണ്ണണ്ണ കൊടുക്കരുത്,ചികിത്സ നിഷേധിക്കണം.അങ്ങനെ അവൻ മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കണം.അങ്ങനെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കപെടണം.കൊള്ളാം.

രണ്ട് പ്രശ്‌നങ്ങൾ ഇതിലുണ്ട്.

ഒന്ന്, സ്വകാര്യ സ്ഥാപനങ്ങൾ എന്നാൽ വളരെ മോശപെട്ടതാണ് എന്ന ബോധമാണ്.നന്മ എന്നത് “പൊതു” വിൽ മാത്രമുള്ളതാണന്നും “വ്യക്തിക്കും” “സ്വകാര്യത്തിനും” അതില്ലെന്നുമുള്ള വരട്ടുവാദത്തിന്റെ പരിമിതിയാണിത്.തീർച്ചയായും വിദ്യാഭ്യാസ കച്ചവടം നിയന്ത്രിക്കപെടണം.അതിന് സർക്കാർ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ മൂലധനമിറക്കണം.വിദ്യാഭ്യാസ കച്ചവടത്തിന് അപ്പുറത്ത് നടത്തികൊണ്ടുപോകാൻ പറ്റാവുന്ന വിധത്തിൽ മാത്രം പണം വാങ്ങുന്ന സ്ഥാപനങ്ങളെ കണ്ടെത്തി ഗ്രേഡ് ചെയ്യണം.പ്രോത്സാഹിപ്പിക്കണം.ഇവിടെ സ്വകാര്യസ്‌കൂളുകൾ നടത്തുന്ന എല്ലാവരും കച്ചവടക്കാരല്ല.വലിയ സേവനം ആ രംഗത്ത് നടത്തിയ സ്ഥാപനങ്ങളുണ്ട്.അതിനെ കാണാതിരിക്കരുത്.

രണ്ട്, പൊതുവിദ്യാലയത്തെ മലയാള ഫാസിസത്തിന്റെ കേന്ദ്രമാക്കുന്നതിന് പകരം അവിടെ ഇംഗ്ലീഷിന് തുല്യ പ്രാധാന്യം നൽകണം.അതിനും സർക്കാൻ നിയമങ്ങളുണ്ടാക്കണം.സാധാരണക്കാരന്റെ മകന് ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പ് വരുത്താനുള്ള നിയമമുണ്ടാവട്ടെ.ഇംഗ്ലീഷ് പഠിക്കേണ്ടത് മലയാളത്തേക്കാൾ അനിവാര്യമായി തീരുന്ന ലോകമാണിത്.അറിവ് നേടാനും ജീവിക്കാനും നാട് വികസിക്കാനും ഇംഗ്ലീഷ് വേണം.മലയാളം പഠിക്കാത്തത് കൊണ്ട് ഉപരിപഠനത്തിൽ ഒന്നും നഷ്ടപെടില്ല.പക്ഷെ ഇംഗ്ലീഷിലെ മിടുക്കില്ലായ്മ കാരണം ഒരുപാട് കഴിവുള്ള കുട്ടികളുടെ സ്വപ്‌നങ്ങളാണ് ഇല്ലാതാവുന്നത്.

പരിഷത്തുകാരന്റെ മക്കളെ വീട്ടിലിരുന്ന് ഇംഗ്ലീഷ് പഠിപ്പിക്കാൻ അവർക്ക് പറ്റും.ബിപിഎല്ലുകാരന് അത് പറ്റില്ല.അവർ അവരുടെ മക്കളെ സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ഇംഗ്ലീഷ് പഠിപ്പിക്കട്ടെ. സ്വകാര്യ സ്ഥാപനങ്ങൾ അവർക്ക് സൗജന്യമായി പ്രവേശനം നൽകാനാണ് നിയമം ഉണ്ടാക്കേണ്ടത്.പരിഷത്തുകാരൻ കുറച്ച് കാലം മക്കളെ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കട്ടെ.അവരുടെ മക്കളിലൂടെ മലയാളം വികസിക്കട്ടെ.അതല്ലേ ഹീറോയിസം.അല്ലാതെ പരിഷത്തുകാരുടെ പരീക്ഷണ പന്നികളാവാൻ ഇനിയും പാടത്തെ പണിക്കാരന്റെ മക്കളെ,ആദിവാസികളെ,ദലിതനെ,പിന്നോക്കകാരനെ കെണിവെക്കരുത്‌.പാർട്ടി നേതാക്കൾ പ്രസംഗം കഴിഞ്ഞ് മക്കളെ ജർമനിയിലയക്കുമ്പോൾ നേതാവിന്റെ പ്രസംഗം കേട്ട് നാട്ടിലെ പൊട്ടിപൊളിഞ്ഞ എൽ പി സ്‌കൂളിൽ മക്കളെ അയക്കുന്ന പാവങ്ങളെ ഇനിയും നിങ്ങൾ വഞ്ചിക്കരുത്

Be the first to comment on "ബിപിഎല്ലുകാർ ഇംഗ്ലീഷ് പഠിക്കുന്നതും പരിഷത്തിന്റെ മലയാളസ്നേഹവും"

Leave a comment

Your email address will not be published.


*