വസ്ത്രമഴിപ്പിച്ച് പരിശോധന: സിബിഎസ്ഇക്കെതിരെ വിദ്യാർഥിസംഘടനകൾ

സംസ്ഥാനത്ത് ഇന്നലെ നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ അടക്കമുളള ജില്ലകളില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ചും,ശിരോവസ്ത്രം അഴിപ്പിച്ചും സ്‌കൂൾ മാനേജ്‌മെന്റുകളുടെ ക്രൂരമായ വിദ്യാർത്ഥിവിരുദ്ധത. സിബിഎസ്ഇയുടെ നടപടികൾക്കെതിരെ വിമർശനം വ്യാപകമാവുമ്പോൾ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥിസംഘടനകൾ.

” പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിക്ക് മാനസികമായി ആശ്വാസം നല്‍കേണ്ട ഉത്തരവാദിത്വമാണ് രാജ്യത്തെ സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേകം വസ്ത്രം തയ്പിക്കേണ്ട സ്ഥിതി രാജ്യത്തിന് അപമാനമാണ്” . എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ പറഞ്ഞു.

നീറ്റ് പരീക്ഷയുടെ മറവില്‍ വിദ്യര്‍ത്ഥികള്‍ അനുഭവിച്ചത് കൊടിയ പീഡനം. പെണ്‍കുട്ടികളോട് ചെയ്തത് വകതിരിവില്ലാത്ത കാടത്തമാണെന്നും തിരുത്തല്‍ നടപടികള്‍ക്ക് സി ബി എസ് ഇ തയ്യാറാകത്തപക്ഷം സി ബി എസ് ഇ ക്ക് എതിരെ നിയമനടപടികളുമായി കെ എസ് യു കോടതിയെ സമീപിക്കുമെന്നും കെഎസ്‍യു സംസ്ഥാനപ്രസിഡന്റ് അഭിജിത് കെ എം പ്രതികരിച്ചു.

കോടതി ഉത്തരവ് ലംഘിച്ചു വിദ്യാർത്ഥികളെ അപമാനിച്ച സ്ഥാപനാധികാരികൾക്കെതിരെ നടപടി എടുക്കണമെന്ന് എസ്ഐഒ സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടു. കണ്ണൂർ , എറണാകുളം , തിരുവനന്തപുരം തുടങ്ങിയ പരീക്ഷ കേന്ദ്രങ്ങൾ ഉപരോധിക്കുമെന്നും എസ്ഐഒ നേതാക്കൾ പറഞ്ഞു.

ഷർട്ടിന്റെ കയ്യ് പരസ്യമായി മുറിച്ചതും,മുസ്ലിം പെൺകുട്ടികളുടെ മഫ്ദ അഴിപ്പിച്ചത് പോലുള്ള നടപടികൾ ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാനകമ്മിറ്റി പ്രതികരിച്ചു,

ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരില്‍ കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തിയത്. ചുരിദാറിന്റെ നീളമുള്ള കൈ മുറിച്ചുമാറ്റുകയുംചെയ്തു. പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയെന്ന പേരില്‍ ഇത്തരം നടപടികള്‍ക്ക് വിധേയമാക്കിത്.കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. രാവിലെ 8.30-ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് പരിശോധന പീഡനമായത്. ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് അകത്തിരുന്ന് പരീക്ഷയെഴുതേണ്ടിവന്നു ഇവര്‍ക്ക്.

തിരുവനന്തപുരത്തെ ചിന്മയ സ്കൂളിൽ പരീക്ഷാ എഴുതാൻ എത്തിയ മുഴുവൻ വിദ്യാർത്ഥിനികളുടെയും ഹിജാബ് ( ശിരോവസ്ത്രം ) നിർബന്ധിപ്പിച്ചു അഴിപ്പിക്കുകയായിരുന്നു.

neet-exam-830x412

പരീക്ഷയെഴുതാന്‍ തയ്യാറായി വരുന്ന കുട്ടികളുടെ മാനസികനിലയെപ്പോലും തകര്‍ക്കുന്നവിധത്തിലാണ് സിബിഎസ്ഇ ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുന്നതെന്നും ഇത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സിബിഎസ്ഇ റീജണല്‍ ഡയറക്ടര്‍ മൂന്നാഴ്ചയ്ക്കകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Be the first to comment on "വസ്ത്രമഴിപ്പിച്ച് പരിശോധന: സിബിഎസ്ഇക്കെതിരെ വിദ്യാർഥിസംഘടനകൾ"

Leave a comment

Your email address will not be published.


*