എനിക്കു പറയാനുള്ളതത്രയും ഞാനെന്ന മകളെ കുറിച്ചാണ്

ശ്രീ ലക്ഷ്‌മി  കെ എസ് 

മതേഴ്സ് ഡേ..! എനിക്കു പറയാനുള്ളതത്രയും ഞാനെന്ന മകളെ കുറിച്ചാണ്. അമ്മയെന്ന വികാരത്തോട് തോന്നിയ വേലിയേറ്റങ്ങളെ കുറിച്ചാണ്. കൂട്ടുകുടുംബ വ്യവസ്തിതി നിലനിന്നിരുന്ന ഒരു ഫ്യൂഡൽ ഫാമിലിയിൽ ജനിച്ചതു കൊണ്ടു തന്നെ.., അമ്മക്കൊപ്പമോ,അതിലതികമോ സ്വാധീനിച്ച മറ്റു മുഖങ്ങളാണ് ബാല്യത്തെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മയിലേക്കെത്തുക.

പഠനവിഷയങ്ങളുടെ പേരിലും, കുറുമ്പുകൾക്കും, മറ്റു ദേഷ്യങ്ങൾക്കും നന്നായി അടിക്കുമായിരുന്ന അമ്മ, രാത്രി ഞാനുറങ്ങി കിടക്കുന്ന നേരങ്ങളിൽ അടിക്കൊണ്ട് തിണർത്തു കിടക്കുന്ന ഇടങ്ങളിൽ കരഞ്ഞു കൊണ്ട് തലോടുന്നതാണ് എന്റെ ഓർമ്മയിലെ ആദ്യത്തേയും അവസാനത്തേയും അമ്മയുടെ സ്നേഹലാളനകളുടെ അവശേഷിക്കുന്ന ഓർമ്മകൾ. അമ്മയുടെ തലോടലുകൾക്കു മറുപടിയായി ,പൊട്ടി കരഞ്ഞു കൊണ്ട് അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്ന ഉണർവുകളേ എന്തു കൊണ്ടോ അന്നു മുതലേ അടക്കി പിടിച്ചാണ് ശീലിച്ചു പോന്നത്. ആ അടക്കി നിർത്തലുകളത്രയും വളർന്ന് വളർന്ന്., ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ പോലും സ്നേഹം പ്രകടിപ്പിക്കാനാവാത്ത വിധം ഒരു “മടി ” ആയി… വലിയൊരു മതിലായി ഇന്നും എന്റെ മുന്നിൽ വളർന്നു നിൽക്കുന്നുണ്ട്.

“അടക്കവുമൊതുക്കവുമുള്ള ” പെൺകുട്ടി സങ്കൽപ്പങ്ങളുടെ കണക്കുകളെയല്ലാം തെറ്റിച്ച്.,ഒരുപാട് ആൺ സൗഹൃദങ്ങളുള്ള, പഠിച്ചിടങ്ങളിലെല്ലാം കുഞ്ഞു ക്രഷുകളും.., പ്രണയങ്ങളുമുള്ള., ഉറക്കെ ചിരിക്കുന്ന സംസാരിക്കുന്ന, സ്വപ്നം കാണുന്ന അഹങ്കാരിയായ, ഇളക്കക്കാരിയായ പെൺകുട്ടിയായി ഞാൻ വളർന്നു തുടങ്ങുമ്പോൾ.., സംസ്കാരത്തിന്റേയും, അച്ചടക്കത്തിന്റേയും വേരിളകിയുണ്ടായ മുറിവുകളുമായി, ആക്രമിക്കാൻ തയ്യാറായി ഒരു സമൂഹവും എനിക്ക് ചുറ്റും ഒരുങ്ങി വന്നിരുന്നു. വളർത്തുദോഷത്തിന്റെ കുറ്റം ചുമത്തി, ആളുകൂടുന്നയിടങ്ങളിലെല്ലാം അവർ അമ്മയെ നാവുകൊണ്ട് അമ്പെയ്ത് തുടങ്ങി.

സാംസ്കാരിക സമൂഹത്തിന്റെ, സദാചാരത്തിന്റേയും പൊതുബോധത്തിന്റേയും സമ്മർദ്ദത്തിന്റെ ഇരയാവുന്ന നിസ്സഹായയായ അമ്മയെ, എന്റെ ഇഷ്ട്ടങ്ങൾക്കെതിരു നിൽക്കുന്ന സമൂഹത്തിന്റെ പ്രധിനിധിയായെ എനിക്ക് കാണാൻ കഴിഞ്ഞിരിന്നുള്ളൂ. അമ്മയോട് ഞാൻ കാണിച്ചിരുന്ന പ്രധിരോധങ്ങളും, വഴക്കുകളും, വെറുപ്പുമെല്ലാം എന്റെ ഇഷ്ട്ടങ്ങൾക്കും, സ്വാതന്ത്രത്തിനും വേണ്ടി ഞാൻ സമൂഹത്തിനെതിരെ നടത്തിയിരുന്ന യുദ്ധങ്ങളായിരുന്നു. എന്റെ സ്വാതന്ത്രത്തിനും താൽപര്യങ്ങൾക്കും വേണ്ടി നിരന്തരം പ്രശ്നമുണ്ടാക്കിയിരുന്ന ഞാനൊരിക്കലും അമ്മയുടെ വ്യക്തി സ്വാതന്ത്രത്തെകുറിച്ചോ .., സംഘർഷങ്ങളെ കുറിച്ചോ .., നിലനിൽപ്പിനേ കുറിച്ചോ ബോധവതിയായിരുന്നില്ല. അത്രമേൽ സ്വാർത്ഥയായ ഒരു മകളായിരുന്നു ഞാൻ.

ഇന്ന് നാടും വീടും വിട്ട്., സോ കാൾഡ് സ്വാതന്ത്രങ്ങളെല്ലാം അനുഭവിച്ച് ജീവിച്ചു പോവുമ്പോൾ..,( ഒട്ടും കുറ്റബോധമില്ല ) തളർന്നു പോവുന്ന നേരങ്ങളിൽ എന്നെ തന്നെ അമ്പരപ്പിച്ചു കൊണ്ട് അമ്മയുടെ മുഖം ഓർമ്മ വരാറുണ്ടെനിക്ക്.., അമ്മയൊന്ന് കെട്ടിപ്പിടിക്കേം, അടുത്തിരിക്കേം ചെയ്തെങ്കിലെന്ന് തോന്നാറുണ്ട്. അത്രമേലൊറ്റയായ ഒരു നേരത്ത്.., ഇരുപത്തിനാല് വയസ്സിനിടയിൽ ആദ്യമായി.., “ഐ ലവ് യൂ മമ്മാ ” എന്ന ഒരു വാട്ട് അപ്പ് മെസ്സേജ്‌ അമ്മക്കയച്ച് മണിക്കൂറുകളോളം പൊട്ടി കരഞ്ഞ ഒരു മകളാണിന്ന് ഞാൻ. രണ്ടു ദിവസം അടുപ്പിച്ച് പോയി നിന്നാൽ വെറുപ്പിച്ച് ഭ്രാന്താക്കുന്ന ഒരു ഇടമാണെങ്കിലും.., വീട് ഒരു ധൈര്യമാണ്..

അമ്മയോട് ഒരു ഇമോഷനൽ അറ്റാച്മെന്റും ഉണ്ടായിട്ടില്ലാത്ത.., എന്നാൽ വേദനിക്കുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ചു കരയാനാൻ തോന്നി തുടങ്ങിയിട്ടുള്ള എല്ലാ മക്കൾക്കുമാണ് എന്റെ മതേഴ്സ് ഡേ വിഷസ്..

NB : നോട്ട് എ മാതൃസ്നേഹം തുളുമ്പി തള്ളൽ പോസ്റ്റ്. ഈസ്റ്റ് ഓൾ എബോട്ട് ഓരോരോ അവസ്ഥകൾ

സാഫി കോളേജ് വാഴയൂരിൽ മാധ്യമപ്രവർത്തനത്തിൽ ബിരുദാനന്ദരബിരുദ വിദ്യാർത്ഥിയായ ശ്രീ ലക്ഷ്‌മി സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്

Be the first to comment on "എനിക്കു പറയാനുള്ളതത്രയും ഞാനെന്ന മകളെ കുറിച്ചാണ്"

Leave a comment

Your email address will not be published.


*