https://maktoobmedia.com/

പരിസ്ഥിതിദിനം മരം നട്ട്    ആഘോഷിച്ച് വിശ്രമിക്കുന്നവരോട് ചില ചോദ്യങ്ങൾ

കെ.എം ജിതിലേഷ്
പരിസ്ഥിതിയുടെ രാഷ്ട്രിയം എന്നത് കേവലം ജൂൺ അഞ്ച് എന്ന ദിനത്തിന്റെ കൊട്ടിഘോഷിക്കുന്ന ആഘോഷമോ ഒരു മരം നടീൽ കർമ്മം എന്ന കേവല പരിസ്ഥിവാദ പ്രഹസനം കൊണ്ടോ സാധ്യമാകുന്ന ഒന്നാണോ ! അല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. കാരണം പരിസ്ഥിതിയുടെ സംരക്ഷണം എന്നത് വിഭവങ്ങളുടെ സംരക്ഷണം ആണ്, അല്ലങ്കിൽ വിഭവ സംരക്ഷണവും ജൈവ മണ്ഡലത്തിന്റെ സംരക്ഷണവും സാധ്യമാക്കാതെ പരിസ്ഥിതി സംരക്ഷണം എന്നത് സാധ്യമാകില്ല എന്നതാണ് യാഥാർത്ഥ്യം.
മനുഷ്യനും ജന്തുജീവജാലങ്ങൾക്കും നിലനിൽപ്പിനും അതിജീവനത്തിനും ആവശ്യമായ അടിസ്ഥാന വിഭവങ്ങൾ പോലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ചൂഷണം ചെയ്യുകയും കവർന്നെടുക്കുകയും ചെയ്യുന്ന മുതലാളിത്ത വികസനവാദികക്കെതിരായുളള മുദ്രാവാക്യമായി കൂടി പരിസ്ഥിതി രാഷ്ട്രിയത്തിന്റെ മുദ്രാവാക്യം മാറേണ്ടതുണ്ട്. അല്ലങ്കിൽ ഇത്തരത്തിൽ അടിസ്ഥാന പ്രകൃതി വിഭവങ്ങളെപോലും വിലയിട്ടു വിൽക്കുന്ന അന്തമായ വികസനവാദത്തെ തള്ളിപറയാതെ നിങ്ങൾക്കൊരിക്കലും പരിസ്ഥിതിയുടെ രാഷ്ട്രിയം ഉയർത്തി പിടിക്കാൻ കഴിയില്ല.
മുതലാളിത്ത വികസനവാദ വ്യവസ്ഥിതിക്ക് ഒരിക്കലും അതിരുകൾ ഉണ്ടാകില്ല. അത് പൂർണ്ണമായും ചൂഷണത്തിൽ അതിഷ്ടിതമാണ് അതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശം അപ്രതീക്ഷിതമായി സംഭവിക്കുന്നതല്ല അത് മുതലാളിത്തതിന്റെ സഹചമായ സ്വഭാവമാണ് അതിൽ പ്രധാനമായത് വിഭവങ്ങളുടെ മേൽ അധികാരം സ്ഥാപിക്കലും അതിൻമേലുള്ള ചൂഷണവും തന്നെയാണ്.
മുതലാളിത്ത കുത്തക സ്ഥാപനങ്ങളുടെ സേവകരായി അവർക്ക് പൂർണമായും വിധേയപെട്ടവരായി നിന്നുകൊണ്ട് പരിസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും വിപുലമായ ആവാസവ്യവസ്ഥയെയും പൂർണ്ണമായും ചൂഷണം ചെയ്യാൻ അവർക്ക് അവസരമൊരുക്കിയതിന് ശേഷം അതെ കോർപ്പറേറ്റ് വ്യവസ്ഥിതിയോട് വിധേയപെട്ടുകൊണ്ട് ജനതയെ കമ്പളിപ്പിച്ചു കൊണ്ട് നടപ്പിലാക്കേണ്ടതാണോ പരിസ്ഥിതി പ്രവർത്തനം അല്ലങ്കിൽ അതാണോ പരിസ്ഥിതിയുടെ രാഷ്ട്രീയം? ആണങ്കിൽ അതാണ് ഇന്ന് സ്റ്റേറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
 പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ അതെ സ്റ്റേറ്റ് വിളിച്ചു പറയുന്ന വിഡ്ഡിത്തരങ്ങൾ കേട്ട് ഒരു പ്രകൃതിയേയും കരുതലോടെ സംരക്ഷിക്കേണ്ട അതിലെ വിഭവങ്ങളെയും ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന മുതലാളിത്ത വികസനവാദത്തിന് കുട പിടിച്ചുകൊണ്ട് നിങ്ങൾക്കെങ്ങനെയാണ് പരിസ്ഥിതിയുടെ രാഷ്ടീയത്തെ ഉയർത്തിപിടിക്കാൻ കഴിയുക.
പ്രകൃതിയെയും മനുഷ്യനെയും ഒരെപോലെ വാണിജ്യ കച്ചവട ചരക്കാക്കിമാറ്റുന്ന മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടമാണ് പ്രവർത്തനമാണ് പരിസ്ഥിതി പ്രവർത്തനമായി മാറേണ്ടത്.അത്തരം വിഭവ ചൂഷണത്തിനെതിരെയുള്ള നിലപാട് തന്നെയാവണം പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മുദ്രാവാക്യം. അതിൽ വിഭവങ്ങളുടെ സുസ്ഥിരത, അതിൻമേലുള്ള അധികാരസമത്വം,തുല്ല്യത, നീതീ എന്നിവയും നേടിയെടുക്കേണ്ടതുണ്ട്. വിഭവങ്ങളുടെ ഉപഭോഗം ജനാധിപത്യ പരമായി നിർണ്ണയിക്ക പേടേണ്ടതുണ്ട്.
നമുക്ക് ചുറ്റുമുള്ളതും നമ്മളെ സംരക്ഷിക്കുന്നതുമായ ജൈവമണ്ഡലത്തെയും അതിലെ വിഭവങ്ങളെയും  സംരക്ഷിക്കാത്തിടത്തോളംക്കാലം നിങ്ങൾ നടത്തുന്ന  മരം നടീൽ പരിസ്ഥിതി പ്രവർത്തനം കൊണ്ടോ, പരിസ്ഥിതി ദിനങ്ങളെ ആഘോഷമാക്കി മാറ്റിയതുകൊണ്ടോ, പരിസ്ഥിതി സെമിനാറുകളുടെ എണ്ണം കൂട്ടിയതുകൊണ്ടോ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് പരിഹാരം ആകില്ല.
 കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ മുതൽ ചെറുകിട ഘനന മുതലാളിമാരുടെവരെ വ്യക്തിതാല്പര്യങ്ങൾക്ക് നിയമലംഘനങ്ങൾക്കും മൗനാനുവാദം നൽകികൊണ്ട് അവർക്ക് വിടുപണി ചെയ്ത് കൊണ്ട് വിഭവങ്ങളെ നിരന്തരം ചൂഷണം ചെയ്യാനുള്ള അവസരം ഉണ്ടാക്കികൊടുക്കുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് പരിസ്ഥിതിയുടെ രാഷ്ട്രിയത്തിൽ എന്തു ധാർമ്മികതയാണ് അവകാശപെടാൻ കഴിയുക.
ഫൈനാൻസ് മൂലധനത്തിൽ അധിഷ്ടിതമായ ലാഭകേന്ദ്രീകൃതമായ വികസനം എന്ന പ്രക്രിയ പൂർണമായും ചൂഷണവും അസമത്വവും തികച്ചും വാണിജ്യ താൽപര്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതുമാണ്. നമ്മുടെ ആവാസവ്യവസ്ഥയെയും ജൈവ മണ്ഡലത്തെയും അത് നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ചെറിയൊരു ന്യൂനപക്ഷത്തിന്റെ സ്വാർത്ഥ താല്പര്യത്തിനുവേണ്ടി മനുഷ്യനും ജന്തു ജീവജാലങ്ങൾക്കും തുല്യമായി അവകാശമുള്ള പരിസ്ഥിതിയെയും ജൈവ പ്രകൃതിയെയും നശിപ്പിക്കുന്ന, കാലാവസ്ഥ വ്യതിയാനവും ആഗോള താപനവുമൊക്കെ സൃഷ്ടിക്കുന്ന മുതലാളിത്ത വികസനത്തിനെതിരെയുള്ള പ്രവർത്തനംകൂടെയാവണം പരിസ്ഥിതി പ്രവർത്തനം.
അത് ഇങ്ങ് പഞ്ചായത്തിനെയും, ജനങ്ങളെയും കമ്പളിപ്പിച്ച് നിയമങ്ങളെ വിലക്കെടുത്ത് വിഭവ ചൂഷണവും പരിസ്ഥിതി നാശവും നടത്തുന്ന ചെറുകിട ക്വാറിഘനന മുതലാളിമാർ മുതൽ ഭരണകൂടങ്ങളെയും ജുഡീഷ്യറിയെ പോലും സ്വാധീനിച്ച് കൽക്കരിയും, എണ്ണയും,ലോഹങ്ങളും മറ്റു ധാതുലവണങ്ങളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഘനനം ചെയ്ത് വനങ്ങളെ മരുഭൂമിയാക്കി മാറ്റുന്ന വൻക്കിട കോർപറേറ്റ് കമ്പനികൾ വരെ. എല്ലാ നിയമങ്ങളെയും വിലക്കെടുത്ത് പ്രകൃതിയുടെ നാഡി ഞരമ്പായ നദികളിലേക്ക് രാസ,വിഷമാലിന്യങ്ങൾ തള്ളുന്ന വ്യവസായ ലോബികൾ വരെ.. അവരെയൊക്കെ എതിർക്കേണ്ടതും പരിസ്ഥിതി പ്രവർത്തനമാണ്.
അതു കൊണ്ടുതന്നെ പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും വേണ്ടിയുള്ള പ്രവർത്തനം സാമൂഹിക നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രവർത്തനം കൂടിയാണ്. നമ്മുടെ നാട്ടിൽ വികസനം എന്ന പേരിൽ കോർപറേറ്റ് കമ്പനികൾക്ക് വേണ്ടിയും സ്റ്റേറ്റിന്റെ കേവല ഫൈനാൻസ് ലാഭത്തിനും,അഴിമതിക്കും വേണ്ടി മാത്രം നടപ്പിലാക്കുന്ന പാരിസ്ഥിതിക നാശം ഉണ്ടാക്കുന്ന പല പദ്ധതികൾക്കെതിരെയും ജനങ്ങൾ അതിജീവനത്തിനു വേണ്ടിയുള്ള സമരം നടത്തിക്കൊണ്ടിരിക്കുന്നു. നിലനിൽപ്പിന് ആവശ്യമായ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും തകർക്കുന്ന ഇത്തരം ഹിംസാത്മക വികസനത്തിനെതിരെയുള്ള സമരം പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സമരംകൂടിയാണ്. അവയൊക്കെ ഉയർത്തുന്നതും വിഭവ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ഗൗരവകരമായ വാദങ്ങളാണ്.
കേരളത്തിൽ നൂറിലേറെ ഇടങ്ങളിൽ ക്വാറികൾക്കെതിരെ സമരം നടക്കുന്നുണ്ട്. അപകടകരമായ ഒരു പാരിസ്ഥിതിക ദുരന്തത്തിലേക്ക് തന്നെയാണ് കേരളത്തിലെ അനിയന്ത്രിതമായ മണൽ,ചെങ്കൽ,പാറഘനനങ്ങൾ കൊണ്ടു പൊയിക്കെണ്ടിരിക്കുന്നത്. പാലക്കാടും,പത്തനംതിട്ടയിലും ഉൾപ്പെടെ ഒരു വാർഡിൽ തന്നെ 30,40 ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ വരെ കേരളത്തിൽ ഇന്നുണ്ട്. യാതൊരുവിധ പാരിസ്ഥിതികനിയമങ്ങളും പാലിക്കാതെ തന്നെ അവയൊക്കെ ഇപ്പഴും തുടരുന്നുമുണ്ട്.റവന്യൂ ഭൂമിയിലും, ആദിവാസി ഭൂമിയിലും ഉൾപ്പെടെ ഇത്തരത്തിൽ പൂർണമായും നിയമങ്ങൾ ലംഘിച്ച് ക്വാറിമാഫിയകൾ ഘനനങ്ങൾ നടത്തുന്നു. ഇവയൊന്നും പാരിസ്ഥിതിക വിഷയങ്ങളായി കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്.
ഇന്നു നടക്കുന്ന വലിയ ശതമാനം വികസന പ്രവർത്തനങ്ങളും പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും മേലുള്ള ‘സ്റ്റേറ്റിന്റെ ഫാസിസം’ എന്ന വാക്കുകൊണ്ടുതന്നെ നിർവചിക്കേണ്ടിയിരിക്കുന്നു. ആരാണ് ഇത്തരം വികസനങ്ങളുടെ ഗുണഭോക്ത്താക്കളായി മാറുന്നത്, ആരാണ് ഇത്തരം ഹിമ്സാത്മക വികസനത്തിന്റെ ഇരകളായി മാറുന്നത്.
കേരളത്തിലെ സാഹചര്യത്തിൽ പരിശോധിച്ചാൽ സമീപ വർഷങ്ങളിൽ വികസനം എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതോ തുടക്കം കുറിക്ക പെട്ടിട്ടുള്ളതും കൊട്ടിഘോഷിക്കുന്നതുമായ വൻകിട പദ്ധതികളെക്കുറിച്ച് പഠിച്ചാൽ ചിലത് മനസിലാക്കാൻ കഴിയും. ഇവയൊന്നും തന്നെ അതീവ ഗൗരവതോടെയും പ്രാധാന്യതോടെയും കാണേണ്ട പരിസ്ഥിതിക്കും ജൈവികമായ ആവാസവ്യവസ്ഥക്കും ഒരു തരത്തിലുമുള്ള പ്രാധാന്യവും കൽപ്പിക്കുന്നില്ല എന്നും അവയൊക്കെയും പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നവയാണ് എന്നും.
വികസനം എന്ന പദം ഉപയോഗിച്ച് ഒരു സ്റ്റേറ്റും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ഒരു ജനതയെയും അവരുടെ പൊതുബോധത്തെയും എത്ര വിദക്തമായാണ്  കമ്പളിപ്പിക്കുന്നത്, ചൂഷണം ചെയ്യുന്നത് എന്ന്. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളും ഇത്തരത്തിലുള്ള വികസനത്തിന്റെ പാരിസ്ഥിതിക ചൂഷണങ്ങൾക്ക് ഓശാന പാടുകയും അത്തരം വികസനങ്ങളെ പാടിപുകഴ്ത്തുകയും ചെയ്യുന്നു എന്നതാണ് ഖേദകരം.
വിഴിഞ്ഞംതുറമുഖ പദ്ധതിയും, ആതിരപ്പിള്ളി പദ്ധതിയും, ആറൻമുളയിലും, ഇടുക്കിയിലും, പത്തനംതിട്ടയിലുമൊക്കെ പ്രഖ്യാപിക്കപെട്ടിട്ടുള്ള വിമാനതാവള പദ്ധതികളും ഒക്കെ തീർച്ചയായും ഇത്തരത്തിൽ പാരിസ്ഥിതിക നാശവുമായി കൂട്ടിവായിക്കപെടേണ്ടത് തന്നെയാണ്.
ഒരു സ്റ്റേറ്റിനോ അവിടുത്തെ ജനങ്ങൾക്കോ യാതൊരു വിധത്തിലും ലാഭമോ ഗുണപ്രതമോ അല്ലാത്തതും പാരിസ്ഥിതികവും ജൈവികവുമായ നഷ്ടങ്ങൾ കടുത്ത രീതിയിൽ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും എല്ലാ പഠന റിപ്പോർട്ടുകളും പദ്ധതിക്ക് എതിരാണന്ന് അറിഞ്ഞിട്ടും വിഴിഞ്ഞം പദ്ധതിക്ക് എന്തിനാണ് ഇത്ര പ്രോൽസാഹനം കാണിക്കുന്നത്. ആരെ സംതൃപ്തി പെടുത്താനാണ് പാരിസ്ഥിതികമായും സാമ്പത്തികമായും കടുത്ത നഷ്ടമുണ്ടാക്കുന്ന ഈ പദ്ധതി കേരളത്തിന്റെ സ്വപ്നപദ്ധതി എന്ന് കൊട്ടിഘോഷിക്കുന്നത്.
പരിസ്ഥിതിദിനം മരംനട്ട് ആഘോഷിക്കുന്നവർ ഹെക്ടർ കണക്കിന് വനഭൂമിയും ജൈവ വൈവിധ്യവും ആദിവാസി ജനതയുടെയും ജന്തുജീവജാലങ്ങളുടെയും ആവാസവ്യസ്ഥയെയും നശിപ്പിക്കുന്ന ആതിരപ്പിള്ളി എന്ന പൂർണ്ണമായും പാരിസ്ഥിതിക ദുരന്തം മാത്രം മിച്ചമുണ്ടാകുന്ന പദ്ധതിയെകുറിച്ച് നിശബ്ദരായിരിക്കുന്നത് എന്തുകൊണ്ടാണ്.
ഒരു നാടും അവിടുത്തെ ജനങ്ങളും അവർ അനുഭവിക്കുന്ന കഷ്ടപാടിനും അരക്ഷിതാവസ്ഥക്കും കാർഷിക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയും എന്നുറച്ച് വിശ്വസിച്ച് പിൻന്തുണച്ച ഒരു പദ്ധതി. ലോക പൈതൃക കൃഷിയിടമായി യുനെസ്കോ പ്രഖ്യാപിച്ച കുട്ടനാട്  എന്ന പ്രദേശം-1840 കോടിയുടെ കുട്ടനാട് സംരക്ഷണത്തിനു വേണ്ടിയുള്ള കേന്ദ്ര പദ്ധതി ഇന്ന് ഏത് നിലയിലാണന്ന് നിങ്ങൾ പരിശോധിക്കണം.
ആറൻമുളയിൽ കെ.ജി.എസ് ഗ്രൂപ്പ് 2000 കോടി രൂപയാണ് വിമാനതാവളം എന്ന വികസന പദ്ധതിക്കുവേണ്ടി ചിലവ് പ്രതീക്ഷിച്ചത്. കോഴഞ്ചേരി താലൂക്കിലെ 3 ഗ്രാമങ്ങളിലായി 500 ഏക്കറോളം ഭൂമി, അതിൽ പുഞ്ചകൃഷി അടക്കം ചെയ്യുന്ന 400 എക്കറോളം വയലാണ് ഉൾപെടുന്നത് എന്നതാണ് അതിവഗ ഗൗരവകരം. ചുറ്റുമുള്ള ആറോളം കുന്നുകൾ ഇടിച്ചു നിരത്തണം. കുടിയൊഴിപ്പിക്കപേടെണ്ടവരുടെ കുടുംബങ്ങൾ വെറെയും. (കടുത്ത പ്രതിഷേതം മൂലം ആ പദ്ധതി നടപ്പിലാക്കാതെ പോകുന്നതും.പാടത്ത് വീണ്ടും കൃഷി ഇറക്കാൻ കഴിഞ്ഞതും പ്രതീക്ഷ നൽകുന്നത് തന്നെ.)
അവിടെ എക്കറുകണക്കിന് വയലുകൾ മണ്ണിട്ടു നികത്തുമ്പോഴും നിങ്ങൾ പരിസ്ഥിതി ദിനം കൊട്ടിഘോഷിച്ച് ആഘോഷിക്കുന്നുണ്ടായിരുന്നു എന്നത് ഒരു സത്യമാണ്.
 വയനാട്ടിലെ ചീക്കലൂരിൽ പ്രഖ്യാപിക്കുകയും പ്രതിഷേധം മൂലം ഉപേക്ഷിക്കേണ്ടി വന്നതുമായ പദ്ധതിയും സമാന അവസ്ഥയായിരുന്നു ഏകദേശം 170 ഏക്കറോളം സ്ഥിരമായി കൃഷി ചെയ്തുകൊണ്ടിരുന്ന വയൽ. ഇടുക്കി ജില്ലയിലും സമാനമായ 450 ഹെക്ടറോളം വരുന്ന വയലാണ് വിമാനത്താവള പദ്ധതിക്കായി നിർദ്ധേശിക്കപ്പെട്ടിട്ടുള്ളത്.
 കഴിഞ്ഞ 50 വർഷം കൊണ്ട് കേരളത്തിലെ നെൽപാടങ്ങളുടെ അളവ് എഴുപത്തഞ്ച് ശതമാനത്തോളം ഇല്ലാതായിരിക്കുന്നു. കേരളത്തിൽ ഏറ്റവും കുറവ് നെൽക്കൃഷിയുള്ള ഇടുക്കിയിൽ 1,819 ഹെക്ടർ. അതിൽ നികത്തപെടുന്നതിന്റെ വാർഷിക കണക്കുനോക്കിയാൽ ഞെട്ടലുണ്ടാക്കുന്നതാണ്.
2012 ലെ അവശേഷിച്ചിരുന്ന നെൽവയലുകളുടെ അളവ് 2,13,187 ഹെക്ടറാണ്.1960-61വർഷത്തിൽ 7.79 ലക്ഷം ഹെക്ടറിൽ നെൽപ്പാടം ഉണ്ടായിരുന്ന സ്ഥാനത്ത്, ഇന്നത് 1.99 ലക്ഷം ഹെക്ടറായി ചുരുങ്ങി. നെല്ലുൽപാദനം ഇക്കാലയളവിൽ 10.67 ലക്ഷം ടണ്ണിൽ നിന്ന് 5.64 ലക്ഷം ടണ്ണായി കുറഞ്ഞു .നെൽപാടങ്ങൾ ഇല്ലാതാവുന്നതിന്റെ തീവ്രത ഇതിൽതന്നെ വ്യക്തമാണ്. 2007 ൽ പാസാക്കിയ നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം തുടർച്ചയായി എത്ര തവണ പാടം നികത്തുന്നതിന് മാത്രമായി ഭേതഗതി ചെയ്തു, ദുർബലപെടുത്തി എന്നു മാത്രം പരിശോധിച്ചാൽമതി രാഷ്ട്രിയ പാർട്ടികൾക്കും സർക്കാരിനും ഇതിലുള്ള താൽപര്യം മനസിലാക്കാൻ.
ഒരേക്കർ നെൽപാടത്ത് ശരാശരി 1250 ഘനമീറ്റർ വെള്ളം സംഭരിച്ചുനിർത്താൻ കഴിയുമെന്നാണ് കണക്കാക്കപെടുന്നത്. നമ്മുടെ ജലസ്രോതസുകളുടെ എറ്റവും വലിയ ഉറവിടം കൂടിയാണ് നെൽപാടങ്ങൾ. കേരളം കടുത്ത വരൾച്ചയിലേക്കും കൃഷിനാശത്തിലേക്കും നീങ്ങുമ്പോഴും നെൽവയൽ എന്നത് പരിസ്ഥിതി സംരക്ഷണമായി മാറാത്തത് എന്തുകൊണ്ടാണ്. നെൽകർഷകരെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയും ഉത്തരവാദിത്വവുമായി മാറാത്തത് എന്തുകൊണ്ടാണ്. നെൽകൃഷി സംരക്ഷിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷയും, ജലദൗർലഭ്യവും ഇല്ലാതാക്കാനും പാരിസ്ഥിതിക ജൈവിക സന്തുലനാവസ്ഥയെ നിലനിർത്താനും കഴിയുമെന്നത് തിരിച്ചറിയാത്തതെന്തുകൊണ്ടാണ്.
പത്തനംതിട്ടയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന വിമാനത്താവള പദ്ധതിയും ഒട്ടും വിഭിന്നമല്ലാത്ത പാരിസ്ഥിതിക സാഹചര്യം തന്നെ. അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട ശബരിമല, കോന്നി വനമേഖല ഉൾപ്പെടെ പെരിയാർ റിസർവ് വനമേഖലയെ നേരിട്ട് ബാധിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക ആഘാതം അവിടെ സംഭവിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. വനമേഖലയിൽ നിന്നും 30 കിലോമീറ്റർ വിട്ടു മാത്രമെ വിമാനത്താവളങ്ങൾ വരാൻ പാടുള്ളു എന്ന വനം,പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബദ്ധനകളെ കുറിച്ചും സംസ്ഥാന സർക്കാർ മൗനം പാലിക്കുന്നു.
ടൂറിസത്തിന്റെ പേരിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശവും വനം കൈയേറ്റവും കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്. ഇടുക്കിയിലും വയനാട്ടിലും ഉൾപ്പെടെ നടക്കുന്ന ഭൂമി കൈയ്യേറ്റവും റിസോർട്ട് നിർമ്മാണവും മാധ്യമങ്ങളിൽ അന്തിചർച്ചക്ക് ഉപയോഗിക്കുന്നു എന്നതിനപ്പുറത്തേക്ക് പരിഹരിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?.മുന്നാറിലെ ഭൂമി കൈയേറ്റവും പരിസ്ഥിതിനാശവും പരിസ്ഥിതിദിന ആഘോഷ കമ്മിറ്റികാർ കാണാതിരിക്കുന്നതിൽ അത്ഭുതമില്ല കാരണം അത് സ്റ്റേറ്റ് സ്പോൺസർ ചെയ്യുന്ന ആഘോഷമാകുമ്പോൾ. വനാന്തരങ്ങളിൽ ടൂറിസം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്. വനസംരക്ഷണത്തെ കാണേണ്ടത് കടുവയെയും ആനയെയും സംരക്ഷിക്കുന്നതോ മരം നടുന്നതോ മാത്രമല്ല- അത് പാരിസ്ഥിതിക ജൈവവൈവിധ്യങ്ങളുടെ സംരക്ഷണമാകണം, സുസ്തിരമായ ആവാസവ്യവസ്ഥയുടെ നിലനിൽപ്പാകണം.
പ്ലാച്ചിമടയിലും, കാതികുടത്തും, കാക്കഞ്ചേരിയിലുമൊക്കെ വികസനം എന്ന പേരിൽ നടപ്പിലാക്കിയ വ്യവസായ പദ്ധതികൾ പാരിസ്ഥിതിക നാശം വിതയ്ക്കുന്നതും ആവാസവ്യവസ്ഥയെ തകർക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയാത്തത് എന്താണ്.അവയൊന്നും പാരിസ്ഥിതിക വിഷയമായി വിലയിരുത്താൻ കഴിയാത്തത് എന്തുകൊണ്ടാണ്.
വികസനം എന്നത് ഒരു നാടിനെ നകരവൽകരിക്കുക എന്നതാണ് നിങ്ങളുടെ വാദമെങ്കിൽ- അതെ നഗരവൽക്കരണവും, വ്യവസായവത്കരണവും പാരിസ്ഥിതിക നാശത്തിലൂടെ ഒരു നാടിനെ തകർക്കുന്നതെങ്ങിനെയെന്ന് കൊച്ചിയിൽ നിങ്ങൾക്ക് കാണാം.
കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപെടുത്തുന്നതും ഒരു കാലത്തും വറ്റാത്തതുമായ കേരളത്തിലെ ജീവൻരേഖ എന്നപേരിൽ അറിയപെടുന്ന ഒരു നദിയുണ്ട് ‘പെരിയാർ’ കൊച്ചിയിൽ ഏകദേശം 50 ലക്ഷത്തോളം ആളുകൾ ആശ്രയിക്കുന്ന നദി.  സംസ്ഥാനത്തിന്റെ വ്യവസായത്തിന്റെ 25 ശതമാനവും പെരിയാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.ഇതിൽ റെഡ് കാറ്റഗറിയിലുള്ള (അതിവ ഗുരുതര മലിനികരണ സാധ്യത) വ്യവസായ സ്ഥാപനങ്ങൾ 98 എണ്ണമാണ്. തൻമൂലം നിരന്തരം രാസവിഷ മാലിന്യങ്ങൾ കൊണ്ട് മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിഷമയമായിക്കൊണ്ടിരിക്കുന്ന ഒരു നദി.
പെരിയാറും, വേമ്പനാട് കായലും രാസമാലിന്യങ്ങൾ മൂലം മലിനീകരിക്കപ്പെടുന്നത് 1943 ൽ വ്യവസായ മേഖലയുടെ അനിയന്ത്രിതമായ കടന്നു വരവോടുകൂടിയാണ്. വർഷങ്ങളായി ശുദ്ധജലം എന്ന പേരിൽ കൊച്ചിയിൽ വിതരണം ചെയ്യപെടുന്നത് പെരിയാറിലെ നിരന്തരം വിഷമയമായിക്കൊണ്ടിരിക്കുന്ന ജലമാണ്.
വർഷാവർഷം പരിസ്ഥിതിദിനം ആഘോഷിക്കുന്ന സ്റ്റേറ്റിനോടും പരിസ്ഥിതി സ്നേഹികളോടു മാണ്..നിങ്ങൾക്ക് പെരിയാറിന്റെ നാശം പരിസ്ഥിതി നാശമായി കാണാൻ കഴിയാത്തത് എന്തുക്കെണ്ടാണ്? ത്രീശൂരും കൊച്ചിയിലും ഉൾപ്പെടെ കേരളത്തിൽ വയലുകളും,ചതുപ്പുകളും, കോൾപാടങ്ങളും നികത്തി കായലുകൾ ഉൾപ്പെടെ കൈയേറി ഫ്ലാറ്റുകളും മാളുകളും നിർമ്മിക്കുന്നതും  പരിസ്ഥിതിനാശമായി കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്.
 ഇപ്പോൾ കൊട്ടിഘോഷിച്ചു കൊണ്ടിരിക്കുന്ന കൊച്ചി മെട്രോ പദ്ധതിയുടെ മറവിൽ മെട്രോ വില്ലേജിനു വേണ്ടി നികത്തപ്പെട്ടിരിക്കുന്നത് 300 ഏക്കറോളം വരുന്ന നെൽപാടമാണ്.
കൊച്ചിയിലെ ചേരിയിലെ താമസകാരെയും തികച്ചും സാധാരണക്കാരായ ആളുകളെയും മെട്രോ പോലുള്ള പൊതുപണം ഉപയോഗിച്ചുള്ള പദ്ധതികൾ എങ്ങിനെയാണ് സ്വാധീനിക്കുക പ്രയോജനപ്പെടുക എന്നത് മറ്റൊരു കാര്യമാണ്.
കൊച്ചി പോലുള്ള പൂർണമായും നഗരവത്കരിക്കപ്പെട്ടിട്ടുള്ള പ്രദേശത്ത് വികസനം എന്ന പേരിൽ പദ്ധതികൾ നടപ്പിലാക്കുമ്പോൾ അതിനു വേണ്ടി കോടികൾ മുടക്കുമ്പോൾ സാധാരണക്കാരെ ബാധിക്കുന്ന പ്രാധമിക പ്രശ്നങ്ങളായ കുടിവെള്ളം, പാർപ്പിടം, മാലിന്യസംസ്കരണം, ഗതാഗതം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളെയും, അതീവ പ്രാധാന്യത്തോടെ കാണേണ്ട പാരിസ്ഥിതിക പ്രശ്നങ്ങൾക്കും എത്രത്തോളം പ്രാധാന്യം കൽപ്പിക്കുന്നുണ്ട് എന്നത് നിരീക്ഷിച്ചാൽ മനസിലാക്കാവുന്നതെയുള്ളു.
പൊതു വിഭവങ്ങളിൽ നിന്ന് കൊള്ളയടിച്ചും ചൂഷണംചെയ്തും  പൊതുജനങ്ങളുടെ മേൽ ബാധ്യത വരുത്തിയും നികുതി അടിച്ചേൽപ്പിച്ചും കണ്ടെത്തുന്ന തുകകൊണ്ട് വികസനം എന്ന പേരിൽ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ധൂർത്തും അഴിമതിയും നടത്തുമ്പോൾ ,ജനാധിപത്യത്തിന്റെ പേരിൽ അത്തരം പദ്ധതികളെ പിൻന്തുണയ്ക്കാതിരിക്കാനുള്ള ബാധ്യത ഒരു ഉത്തരവാദിത്ത  സമൂഹത്തിനുണ്ട്.
വികസനത്തിന്റെ രാഷ്ട്രീയം സാമ്പത്തിക മൂലധനവുമായല്ല മറിച്ച് പരിസ്ഥിതിയുമായി ചേർന്ന് വേണം ചർച്ച ചെയ്യാൻ, ഭൂമിയെയും ആവാസവ്യവസ്ഥയെയും അടിസ്ഥാനമാക്കിയാക്കണം അതിന്റെ സംവാദങ്ങൾ.
ഏകദേശം പൂർണ്ണമായി തന്നെ പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തെ അതീവ ഗൗരവത്തോടെതന്നെ കാണ്ടേണ്ടതുണ്ട്. പാരിസ്ഥിതിക ദുരന്തങ്ങളും, കാലാവസ്ഥ വ്യതിയാനവും കൊടും വരൾച്ചയുമൊക്കെ നിരന്തരം നമുക്ക് ദുസൂചനകൾ നൽകിക്കൊണ്ടിരിക്കുന്ന ഈകാലത്ത് പരിസ്ഥിതിയുടെ പേരിലുള്ള പ്രഹസനങ്ങൾ അവസാനിപ്പിച്ച് അതീവ പ്രാധാന്യത്തോടെ ഇടപെടെണ്ടതില്ലെ? പരിസ്ഥിതിക്ക് വേണ്ടി മരം നടുക എന്നതിനപ്പുറത്തേക്ക് പരിസ്ഥിതി രാഷ്ട്രീയത്തിനുവേണ്ടി സമരം നടുക എന്ന രാഷ്ട്രീയ നിലപാട്കൂടി നമ്മൾ സ്വീകരിക്കേണ്ടതില്ലെ?.

Be the first to comment on "പരിസ്ഥിതിദിനം മരം നട്ട്    ആഘോഷിച്ച് വിശ്രമിക്കുന്നവരോട് ചില ചോദ്യങ്ങൾ"

Leave a comment

Your email address will not be published.


*