https://maktoobmedia.com/

മലബാർ വിദ്യാർഥികൾ തെരുവിൽ ക്ലാസ് നടത്താൻ വിധിക്കപ്പെട്ടവരോ ?

അബ്ദുറഹീം ചേന്ദമംഗല്ലൂർ 

പ്ലസ് വൺ അപേക്ഷ സമർപ്പണം അവസാനിച്ചപ്പോൾ പതിവുപോലെ മലബാറിലെ വിദ്യാർഥികൾ ഇത്തവണയും സീറ്റിനായി തെരുവിൽ ക്ലാസ് നടത്തേണ്ട അവസ്ഥ. അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ ഏകജാലകം വഴി അപേക്ഷ സമർപ്പിച്ചത്. കൂടുതൽ പേരും മലപ്പുറത്തു നിന്നുതന്നെ, 83,174 പേരാണ് ഇവിടെ അപേക്ഷിച്ചത്. ഇത്രയും പേർക്ക് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി ആകെയുള്ളത് 40,722 സീറ്റുകൾ മാത്രം. പാലക്കാട് – 47,920 അപേക്ഷകർക്ക് 24,348 ഉം, കോഴിക്കോട് 50,833 അപേക്ഷകർക്ക് 27,918 ഉം മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഉയർന്ന മാർക്ക് നേടി വിജയിച്ചവർക്കുപോലും ഇഷ്ടപ്പെട്ട കോഴ്‌സും, സ്‌കൂളും ലഭിക്കാനുള്ള സാധ്യതതന്നെ കുറവാണ്. മലപ്പുറം ജില്ലയിൽ മാത്രം 25,000 ത്തിൽ അധികം പേർക്കും കോഴിക്കോട്. പാലക്കാട് ജില്ലകളിൽ 10,000 ത്തിൽ അധികം പേർക്കും ഉപരിപഠനത്തിന് ഓപ്പൺ സ്‌കൂളുകളെ ആശ്രയിക്കേണ്ടിവരും.

മാറി മാറി വന്ന ഭരണകൂടങ്ങൾ മലബാറിനോട് തുടരുന്ന വിദ്യാഭ്യാസ വിവേചനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഇത്തവണയും പക്ഷെ സർക്കാർ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. നിരവധിയായ പ്രക്ഷോഭങ്ങൾക്കും വിദ്യാഭ്യാസ മന്ത്രമാരെ തടയൽ ഉൾപ്പെടെയുള്ള സമരങ്ങൾക്കും ശേഷം സീറ്റ് കുറവ് പരിഹരിക്കാൻ പുതിയ സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചിരുന്നെങ്കിലും അവ അപര്യാപ്തമായിരുന്നു. വിദ്യാർഥികൾ കൂടുതൽ ഉള്ളത് മലബാറിലെ ജില്ലകളിലാണെങ്കിലും അതിനനുസൃതമായ രീതിയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ കേരളത്തിന്റെ ഭൂതകാലം പരാജയമായിരുന്നു. സാമൂഹിക നീതിയിലും ജനാധിപത്യ ബോധത്തിലും വലിയ മുന്നേറ്റം സൃഷ്ടിച്ചുവെന്ന് മേനി നടിക്കുന്ന കേരളത്തിൽ മലബാറിനോട് വ്യവസ്ഥാപിത അവഗണന ഇപ്പോഴും തുടരുന്നു എന്നതാണ് സത്യം. സീറ്റ് കുറവ് പരിഹരിക്കാൻ വേണ്ടി പുതുതായി അനുവദിക്കപ്പെട്ട സ്‌കൂളുകളും അപ്‌ഗ്രേഡ് ചെയ്യപ്പെട്ടവയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പുമുട്ടുകയാണ്. ക്ലാസ് റൂമുകൾ, ലൈബ്രറി, ലാബ് തുടങ്ങി ഒരു ഹയർ സെക്കന്ററിക്കാവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ എന്തിനേറെ ആവശ്യമായ അധ്യാപക നിയമനം പോലും ഉറപ്പാക്കാൻ ഇതുവരെയും ഭരണകൂടങ്ങൾക്കായിട്ടില്ല.

ഈ വർഷത്തെ ഹയർ സെക്കന്ററിയിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ച് ക്ലാസുകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ 2014-15 അധ്യയന വർഷം അനുവദിച്ച ഹയർ സെക്കന്ററി സ്‌കൂളുകളിലേക്കും ബാച്ചുകളിലേക്കുമുള്ള അധ്യാപക തസ്തിക നിർണയത്തിലെ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ സർക്കാറിന്റെ ഭരണകാലത്താണ് 249 സ്‌കൂളുകളും 190 ബാച്ചുകളും മലബാർ മേഖലയിൽ അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷം തസ്തിക നിർണയിക്കേണ്ടതായിരുന്നുവെങ്കിലും നടന്നില്ല. ധനവകുപ്പിന്റെ നിർദ്ദേശമനുസരിച്ചേ തസ്തിക സൃഷ്ടിക്കാൻ കഴിയൂ എന്നാണ് വിദ്യാഭ്യാസ മന്ത്രി ഇപ്പോൾ പറയുന്നത്. അതേ സമയം ഈ വർഷം ബജറ്റിൽ 2500 തസ്തികകൾ ഹയർ സെക്കന്ററിയിൽ സൃഷ്ടിക്കുമെന്ന് പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും നടപടികളായിട്ടില്ല. എന്തും, അത് മലബാറിലേക്കാവുമ്പോൾ ധനവകുപ്പിന്റെ തടസ്സം പറഞ്ഞ് ചുവപ്പ് നാടയിലാക്കുകയാണ് പതിവ്. അധ്യാപക, അധ്യാപകേതര തസ്തികകൾ സൃഷ്ടിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 200 ൽ പരം ഹയർ സെക്കന്ററി സ്‌കൂളുകൾ പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്നതിന്റെ പിറ്റേന്നു മുതൽ അനിശ്ചിത കാലത്തേക്ക് സ്‌കൂളുകൾ അടച്ചിട്ട് സമരത്തിന് ഒരുങ്ങുകയാണ് അധ്യാപകരുടെ കൂട്ടായ്മയായ കെ.എൻ.എച്ച്.എസ്.ടി.എ യും മാനേജ്‌മെന്റ് അസോസിയേഷനും. മക്കളെ പൊതുവിദ്യാലയങ്ങളിൽ ചേർത്ത് പോസ്റ്റിടുന്ന ജനപ്രതിനിധികൾ മലബാറിലെ വിദ്യാർഥികൾക്ക് പഠിക്കാനാവശ്യമായ ഗവൺമെന്റ് ഹയർ സെക്കന്ററിക്കുവേണ്ടിയും, ഹയർ സെക്കന്ററികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുവേണ്ടിയും ഇടപെടൽ നടത്താനുള്ള സത്യസന്ധതകൂടി കാണിക്കണം.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസ്‌ഥയും വ്യത്യസ്തമല്ല. ടി.പി ശ്രീനിവാസൻ വൈസ് ചെയര്മാന് ആയിരുന്ന Kerala state higher education council 2012 ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ Access വർധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിർദേശിച്ച 8 എണ്ണത്തിൽ മൂന്നാമതായി പറഞ്ഞത് അടിയന്തരമായി മലപ്പുറം , പാലക്കാട്, വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ പുതിയ കോളേജുകൾ ആരംഭിക്കണമെന്നാണ്. ഇതിൽ 4 ജില്ലയും മലബാറിൽ ആയത് യാദൃശ്ചികമല്ല.

വയനാട്,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂർ ജില്ലകളിലെ വിദ്യാർഥികളുടെ ആശ്രയമായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിഭചിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഈ വര്ഷം 1.20 ലക്ഷം വിദ്യാർഥികളാണ് യൂണിവേഴ്സിറ്റിയിൽ അപേക്ഷ സമർപ്പിച്ചത്. 5 ജില്ലകളിലായി ആകെയുള്ളത് 30000 ത്തിൽ താഴെ സീറ്റുകളും. GER (Gross Enrollment Ratio) പത്തനംതിട്ട ജില്ലയിൽ 42 ഉം, കോട്ടയത്ത് 38 ആവുംപ്പോൾ മലപുറത്ത് 10 ഉം, കാസർഗോഡ് 11 ഉം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 16 ഉം ആണ്. ദേശിയ ശരാശരിയേക്കാൾ GER കുറഞ്ഞ ജില്ലകളിൽ community college കൾ ആരംഭിക്കാൻ മൻമോഹൻ സർക്കാരിന്റെ കാലത്ത് യു.ജി.സി പദ്ധതി ഉണ്ടായിരുന്നു. സംസ്‌ഥാന സർക്കാറുകൾ ഭൂമി ഏറ്റെടുത്ത് നൽകി കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ സംയുക്ത സാമ്പത്തിക സഹായത്തോടെ വിഭാവനം ചെയ്ത പദ്ധതി മറ്റു സംസ്‌ഥാനങ്ങൾ ഉപയോഗപ്പെടുത്തിയപ്പോൾ ആവശ്യമയ ഭൂമി ഏറ്റെടുത്ത് നൽകാതെ കേരളം നഷ്ടപ്പെടുത്തി. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിൽ ആരംഭിച്ച അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ആരംഭം മുതൽ തന്നെ ഉത്തരേന്ത്യൻ വിദ്യാർഥികൾക്ക് കേരളത്തിൽ ഒരു യൂണിവേഴ്സിറ്റി എന്ന അവസ്‌ഥയിലാണ്‌. +2 തലം മുതൽ ആരംഭിച്ചാൽ മാത്രമേ മലബാറിലെ വിദ്യാർഥികൾക്ക് അത് ഉപകാരപ്പെടൂ. അത് ഇനിയും സാധ്യമായിട്ടില്ല. അലിഗഡ് കോർട്ട് മെമ്പർമാർ വരെ നമുക്ക് ഉണ്ടായിരുന്നെങ്കിലും അവർ മീറ്റിങ്ങുകളിൽ ഹാജറാവാത്തതിനാൽ പുറത്താക്കപ്പെടുകയായിരുന്നു എന്നത് കൂടി നാം ഓർക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവാസ വൽക്കരിക്കപ്പെട്ട വിഭാഗമാണ് ഇന്ന് മലബാറിലെ വിദ്യാർഥികൾ. 5 വര്ഷം അധികാരത്തിൽ ഇരുന്ന് അതിന്റെ എല്ലാ സുഖാഡംബരങ്ങളും ആസ്വദിച്ച് പൊടിയും തട്ടി ഇറങ്ങിപ്പോരുന്ന ജനപ്രതിനിധികൾ മലബാറിനോട് രാഷ്ട്രീയ ധാർമികത പുലർത്താൻ തയ്യാറാവണം.

Photo – Deccan Chronicle

Be the first to comment on "മലബാർ വിദ്യാർഥികൾ തെരുവിൽ ക്ലാസ് നടത്താൻ വിധിക്കപ്പെട്ടവരോ ?"

Leave a comment

Your email address will not be published.


*