ചേകന്നൂരും ഞാനും

അബ്‌ദുൽ ഷഫീഖ് കെപി

കുട്ടികാലത്തെ പേടിസ്വപ്നത്തെ തേടിയൊരു യാത്രക്കിറങ്ങുകയാണ്. സ്വന്തം ഇഷ്ടത്തെ തേടിയുള്ള യാത്രയിൽ, മനസിന് കൊയ്‍ക്കുണ്ടാക്കാൻ സാധ്യതയില്ല. ചേകന്നൂർ- അയാൾ ആരാണ്?, മൂപ്പര് എന്ത്, എങ്ങനെ, എപ്പോ, എന്തിനുവേണ്ടി ചെയ്തു?, അയാളോട് തിരിച്ചുലോകം എന്തുചെയ്തു? അതിലുപരി ഈയുള്ളവന് മൂപ്പര് ആരായിരുന്നു? ഇതൊക്കെയാണ് ഈ യാത്രയിൽ കൂടെ കൊണ്ടുപോകുന്ന ചോദ്യങ്ങൾ…

ആദ്യം എന്റെയ കുട്ടികാലത്തെ ചേകന്നൂർ ചിത്രത്തെപറ്റി പറയാം..എന്റെയ ഇപ്പക്ക് ഞാൻ ജനിക്കുന്നതിനു സുമാര് പത്തുകൊല്ലം മുന്നേയാണ് “ചേകന്നൂർ” രോഗം പിടിക്കുന്നത്. നാട്ടിൽ സാമൂഹ്യപ്രവർത്തനവും അല്ലറചില്ലറ യുക്തിവാദവുമായി നടക്കുന്നകാലത്താണ് പോലും പുസ്തകരൂപത്തിലുള്ള (അബുഹുറൈറയുടെ തനിനിറം) വൈറസ് ജലീൽക്ക ഇപ്പക്കു സമ്മാനിക്കുന്നത്. അത് വായിച്ചപ്പോ ഇപ്പക്കു തോന്നി “ആഹാ ഹാ, ഇയാള് തരക്കേടില്ലാലോ?!, നമ്മള് വിചാരിച്ച പോലെയൊന്നുമെല്ലാ കാര്യങ്ങളെ കെടപ്പ്. പ്രശ്നം മൊത്തം വാറോല ഹദീസുകൾക്കാണെല്ലോ, ഖുർആൻ സൂപ്പറാണ്. ഇയാളെപ്പോലെ അറിവുള്ളവരു കൈകാര്യം ചെയ്യണമെന്നെയുള്ളൂ..” വൈറസ് പണി തുടങ്ങി കഴിഞ്ഞിരുന്നു!!

പിന്നെ, ഇപ്പ നാട്ടുകാർ കൂട്ടമായി ആക്രമിക്കുന്ന ചേകന്നൂർ പക്ഷക്കാരനായി ശക്തമായ എതിർപ്പുകളെ ചെറുക്കാൻ ആ ചെറിയ സംഘത്തിൽ ചേർന്നു. എൺപതുകളുടെ അവസാനത്തിലും, തൊണ്ണൂറുകളുടെ ആദ്യത്തിലും മുഖ്യധാരാ ഇസ്ലാമിന്റെയ് ഓരോരോ തൂണുകൾ ചേകന്നൂർ തകർത്തെറിയുമ്പോൾ, സദസിൽ ഇരുന്നു ഇപ്പ കൈകൊട്ടി അനുഭാവം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ചേകന്നൂരിനെ കൊണ്ട് ഗത്യന്തരമില്ലാതെ വന്നപ്പോ “ബഡാ ആലിമുകൾ” ചേർന്നു മൂപ്പരെ ജീപ്പിൽ ഖുർആൻ ക്ലാസ്സെടുക്കാൻ കൊണ്ടുപോയി കശാപ്പു ചെയ്തു, “ഇസ്ലാമി”നെ രക്ഷിച്ചു, അന്നും ഞാൻ ജനിച്ചിട്ടില്ല. (ഓർക്കെല്ലാർകും പടച്ചോൻ സ്വർഗ്ഗത്തിലെ ആദ്യസഫ്‌ തന്നേയ് നൽകി അനുഗ്രഹിക്കുമാറാകട്ടെയ്, ആമീൻ!)

 

“ബേസ്” തകർത്താൽ “സൂപ്പർ സ്ട്രക്ച്ചർ” കൂപ്പുകുത്തിവീഴുമെന്ന മാർക്സിന്റെയ് തത്വമെന്നോണം, മൂപ്പരെ നൈസ് ആയിട്ട് തീർത്താൽ ബാക്കിയുല്ലെതെല്ലാം ഇലാതായിക്കോളുമെന്നു അവർ കണക്കുകൂട്ടി കാണും. ഒരു പരിധിവരെ അവർ വിജയിച്ചു. പിന്നീട് മൂപ്പരെ കൊണ്ടുള്ള എടങ്ങേറ് ഒന്നും ഉണ്ടായില്ല. ആ സംവാദങ്ങളും, പുസ്തകരചനയും, പ്രസംഗകളും ആ പാണ്ഡിത്യവും നിലച്ചു. സ്വന്തം ആശയങ്ങളെ ചോദ്യംചെയ്യുന്നവരെയും എതിരിക്കുന്നവരെയും കൊന്നാണ് തങ്ങളുടെ മതത്തിനും ആശയധാരയ്ക്കും ഇളക്കം വരാതെ നോക്കുന്നതെങ്കിൽ “ഓ മുഹമ്മദ്” ജാഹിലിയാ കാലത്തെ അറബികൾ എത്ര നല്ലവർ!

ഇപ്പയും ഇപ്പയെപ്പോലെ ചേകന്നൂരിനെ കേൾക്കാൻ ചെവികൊടുത്തവരായ ചെറിയ കൂട്ടം ആൾകാർ ഖുർആൻ സുന്നത്ത് സൊസൈറ്റി യുമായി മുന്നോട്ടു പോയി. അവർ ചേകന്നൂരിന്റെയ് ആശയങ്ങൾ നാട്ടുകാരിലേക്കു എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ആ കാലയളവിലാണ് ഞാൻ ജനിക്കുന്നത്. ചേകന്നൂരിലുടെ ഇസ്ലാമിലേക്കെത്തുന്ന ഒരു ഇപ്പക്കും നല്ല സുന്നി തറവാടിൽ പിറന്ന അമ്മക്കും കുട്ടിയായി ഞാൻ ലോകം കണ്ടു (ബല്ലാത്ത ഒരു കോമ്പിനേഷൻ ആയിപോയി പടച്ചോനെ. സ്തുതി,നന്ദി! )

ഇപ്പനടത്തിയിരുന്ന “മതപ്രബോധനത്തിന്” അടികിട്ടിയിരുന്നത് പാവം ഇമ്മക്കായിരുന്നു. സ്വന്തം ഭർത്താവിനെ നല്ല രീതിയിൽ നോക്കേണ്ടത് ഭാര്യയുടെ ചരിത്രപരമായ കടമയാണെല്ലോ! ചേകന്നൂർ എന്നാൽ അന്ന് പറയാൻ പാടിലാത്ത എന്തോ ഒന്നായിരുന്നു എന്ന് തോന്നുന്നു. ചോറൂട്ടിത്തെറുമ്പോളും, ഒറക്കുമ്പോളും ഇമ്മക്ക് ഒന്നേ പറയാന് ഉണ്ടായിരുന്നുള്ളു.. ഇപ്പന്റെയ്പോലെ മോനൊരു ചേകന്നൂർ ആവരുത്..! ചേകന്നൂരിനെ അയാൾ ചെയ്ത “മഹാ പാതകത്തെ”യും ഇമ്മക്കറിയില്ലായിരിക്കും. പക്ഷേ, നാട്ടുകാരും കുടുംബക്കാരും ഇപ്പയെ കളിയാകുമ്പോ, ഇപ്പയോടുള്ള സ്നേഹത്തിനു വരുന്നതായിരിക്കും ചെലപ്പോ അതെല്ലാം.

ഇതൊക്കെകൊണ്ട്, ചേകന്നൂർ എന്റെയ സ്വപ്നങ്ങളിൽ ഇടക്കിടക്കു വരാറുണ്ടായിരുന്ന ഭീകര സ്വതമായിരുന്നു. എപ്പോയോകെയോ ചാലിയത്തപ്പയും ഇമ്മയും കൊണ്ടുപോയിട്ടുള്ള ചാലിയം യാറത്തിങ്കലെ ഇരുണ്ട മുറിയിൽ താമസിക്കുന്ന പേടിപ്പിക്കുന്ന രൂപമായിരുന്നു എന്റെയ ചെറുപ്പത്തിലേ ചേകന്നൂരിന്.ഇമ്മ ചോലിതന്ന ദിക്റോ, ഇപ്പ കേൾപ്പിച്ച പ്രസംഗംകളോ ഒന്നും എന്റെയ തലയിൽ കേറീല. കാലത്തോടൊപ്പം ഞാനും വളർന്നു.കളിയും പഠനവും എല്ലാം അതൊക്കെ എളുപ്പം മറച്ചു.

സ്വത്വം തേടിയുള്ള യാത്രയിലാണ് ചേകന്നൂർ വീണ്ടും കടന്നുവരുന്നത്. കഴിഞ്ഞ മെയ് തൊട്ട് നടത്തിയ യാത്രകളാണ്, ചേകന്നൂരിനെ തേടി പോകാൻ ഊർജം തരുന്നത്. “ചെ-മൗ” എന്നു ഞാൻ ഓമനപ്പേരിട്ടു വിളിക്കുന്ന കുട്ടികാലത്തെ ഭീകരസത്വത്തെ അനേഷിച്ചെറങ്ങിയ കുഞ്ഞുചെക്കനാണ് ഞാൻ. ചേകന്നൂരിനെ കണ്ടെത്താനുള്ള യാത്രയിൽ എന്നെ മടിയിൽ ഇരുത്തി കഥപറഞ്ഞു തെരാൻ ആഗ്രഹമുള്ളോരേ സ്വാഗതം..!

ജവഹർലാൽ നെഹ്‌റു സർവകശാലയിൽ ഗവേഷകവിദ്യാർഥിയാണ് അബ്ദുൽ ഷഫീഖ്

Be the first to comment on "ചേകന്നൂരും ഞാനും"

Leave a comment

Your email address will not be published.


*