മനുഷ്യാവകാശപ്രവർത്തകരുടെ അറസ്റ്. പ്രതിഷേധം വ്യാപകം

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ സന്ദര്‍ശിക്കാന്‍ ചെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ സിപി റഷീദ്, ഹരിഹര ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ വ്യാപക പ്രതിഷേധം. തടവുകാർക്ക് നൽകിയ വസ്ത്രത്തിനിടയിൽ നിന്നും ഒരു പെൻഡ്രൈവ് കണ്ടെത്തിയെന്നും അത് റഷീദും ഹരിഹരനും നല്കിയതാണെന്നുമാണ് പോലീസ് ഭാഷ്യം.

ആക്ടിവിസത്തെ അടിച്ചമര്‍ത്തല്‍ ഒരു ഇന്ത്യന്‍ പ്രതിഭാസമായി മാറിയെന്നും അവരെ ഉടൻ തന്നെ നിരുപാധികം വിട്ടയക്കണമെന്നും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി പറഞ്ഞു.
അതിസുരക്ഷാ സെല്ലിലേക്ക് എങ്ങനെയാണ് പെന്‍ഡ്രൈവ് കടത്താന്‍ കഴിയുക എന്നും സെല്ലിനകത്ത് എങ്ങനെയാണ് പെന്‍ഡ്രൈവ് പ്രവര്‍ത്തിപ്പിക്കുക എന്നും തനിക്കറിയില്ല എന്നും മീന ഫെയ്‌സ്ബുക്കിലെഴുതി.

” ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒന്നിച്ചു നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്ത രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള എന്റെ സുഹൃത്തുക്കൾ, അവരുടെ അറസ്റ് വാർത്ത അറിഞ്ഞ രാത്രിഎനിക്ക് ഭയവും അരക്ഷിതാവസ്ഥയും അനുഭവപ്പെട്ടു. കാരണം, എനിക്കറിയില്ല, ഞാൻ ചിന്തിച്ചിട്ടുണ്ട് ഞാൻ എഴുതുന്നതിന്റെ പേരിൽ (ഗാന്ധിയെ കുറിച്ചോ ജാതിയെ കുറിച്ചോ ബീഫിനെ കുറിച്ചോ ആർ എസ് എസിനെ കുറിച്ചോ) എനിക്ക് ജയിലിലേക്ക് പോവേണ്ടി വരികയാണെങ്കിൽ അപ്പോൾ കേരളത്തിലെ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനമായിരിക്കും എനിക്ക് വേണ്ടി ശബ്ദിക്കുക, തമിഴ്‌നാട്ടിലെ മെയ് 17 മൂവ്മെന്റ് ആയിരിക്കും എന്നെ സഹായിക്കുക. അവർ നമുക്ക് എന്നും ആശ്രയിക്കാവുന്ന സഖാക്കളും ആക്ടിവിസ്റ്റുകളും ആയിരുന്നു. അന്യായമായി സ്റ്റേറ്റിന് ഇരകളായവർക്ക് വേണ്ടി അവർ എന്നും ഉണ്ടായിരുന്നു. ഞാനോ ഇവിടെ ലണ്ടനിലെ സുരക്ഷിത സ്ഥാനത്ത് ഒരു വേനൽക്കാല സായാഹ്നം ആസ്വദിച്ചിരിക്കുന്നു. അവരെ കുറിച്ച് എഴുതുന്നു. ഇത് തെറ്റായി തോന്നുന്നുണ്ട്. അവരുടെ മോചനത്തിന് വേണ്ടി ദയവായി നിങ്ങൾ ശബ്ദമുയർത്തൂ,” മീന എഴുതി.

സി. പി.റഷീദിനെയും ഹരിയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയമനുഷ്യാവകാശ പ്രസ്ഥാനം ജൂൺ 19 രണ്ട് മണിക്ക്  എറണാകുളം അച്യുതമേനോൻ ഹാളിൽ പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട്.

Be the first to comment on "മനുഷ്യാവകാശപ്രവർത്തകരുടെ അറസ്റ്. പ്രതിഷേധം വ്യാപകം"

Leave a comment

Your email address will not be published.


*