വൈപ്പിനിലേത് നേരിട്ട് പിണറായിയുടെ ഇടപെടൽ .പോലീസ് അതിക്രമത്തിൽ രണ്ടുപേരുടെ നില ഗുരുതരം

കൊച്ചി ഐഒസി പ്ലാന്റിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ പുതുവൈപ്പില്‍ വീണ്ടും പൊലീസ് അതിക്രമം. സമരക്കാര്‍ക്കെതിരെ പൊലീസിന്റെ ലാത്തിച്ചാര്‍ജിൽ നിരവധി പേർക്ക് പരിക്ക്. രണ്ടുപേരുടെ നില അതീവഗുരുതരം. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് ഇന്നു രാവിലെ മുതല്‍ ഐ.ഒ.സി പ്ലാന്റ് നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചതിനെ സമരക്കാര്‍ എതിര്‍ത്തതോടെ പൊലീസ് ലാത്തിച്ചാര്‍ജ്ജു നടത്തുകയായിരുന്നു.

ഐ.ഒ.സി പ്ലാന്റുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുംവരെ പ്രദേശത്തെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണം എന്നതായിരുന്നു ചര്‍ച്ചയില്‍ സമരക്കാര്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം. ഇത് അംഗീകരിച്ച മന്ത്രി നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ഇക്കാര്യം ജില്ലാ കലക്ടറെ അറിയിക്കുമെന്നും സമരക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പാണ് ഇന്ന് ലംഘിക്കപ്പെട്ടത്.

പ്ലാന്റ് നിർമാണം പുനരാരംഭിച്ച കാര്യം അറിയിക്കാൻ മന്ത്രിയെ വിളിച്ചപ്പോൾ, നിര്‍മാണം നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവദിക്കുന്നില്ല എന്നാണ് മറുപടി നൽകിയത് എന്ന് നാരദ ന്യൂസ് റിപ്പോർട് ചെയ്യുന്നു. എന്തുവിലകൊടുത്തും സമരക്കാരെ അടിച്ചൊതുക്കാനും ഐഒസി പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിപ്പിക്കാനുമാണ് പിണറായിയുടെ തീരുമാനമെന്ന് സമരക്കാർ ആരോപിക്കുന്നു. സമരങ്ങൾ ചെയ്താലൊന്നും വികസനപ്രവൃത്തികൾ നിർത്തിവെക്കില്ലെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം അതാണ് സൂചിപ്പിക്കുന്നത്.

അതേസമയം 124 ദിവസമായി തുടരുന്ന സമരത്തില്‍ മുഖ്യമന്ത്രി  സമരസമിതിയുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറായിരിക്കുകയാണ്. ബുധനാഴ്ചയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. പോലീസ് ക്രൂരതയിൽ പ്രതിഷേധിച്ചു നാളെ എറണാകുളം ജില്ലയിൽ വെൽഫെയർ പാർട്ടിയും സമരസമിതി വൈപ്പിന്കരയിലും ഹർത്താലിന് ആഹ്വാനം ചെയ്തു.

photo – facebook

Be the first to comment on "വൈപ്പിനിലേത് നേരിട്ട് പിണറായിയുടെ ഇടപെടൽ .പോലീസ് അതിക്രമത്തിൽ രണ്ടുപേരുടെ നില ഗുരുതരം"

Leave a comment

Your email address will not be published.


*