എന്റെ ആങ്ങളയെ നിങ്ങളെന്താണ് ചെയ്‌തത്‌? നജീബിന്റെ സഹോദരി ചോദിക്കുന്നു

ജെൻഎൻയു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ ആക്രമണത്തിന് ശേഷം കാണാതാകപ്പെട്ട നജീബ് അഹമ്മദിനെ ഇനിയും എന്തുകൊണ്ട് കണ്ടെത്താനാവുന്നില്ലെന്നു സഹോദരി സദഫ് ഇർഷാദ് . നജീബിനെ ചോദിക്കാൻ പലരും പേടിക്കുന്നുവെന്നും സദഫ് മുസ്ലിം ഇന്ത്യ വെബിന്റെ   #WhereIsNajeeb കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഫേസ്‌ബുക്ക് ലൈവ് വീഡിയോവിൽ ചോദിക്കുന്നു.

സദഫ് ഇർഷാദിന്റെ  വാക്കുകൾ :

നജീബ് അപ്രത്യക്ഷമായിട്ട് ഇന്നേക്ക് 8 മാസമായി.ഒക്ടോബർ 15, 2016 ലാണ് നജീബിനെ കാണാതാകുന്നത്.ഇത്ര ദിവസം നജീബ് എവിടെയാണെന്നാണ് അത്ഭുതം.ഒക്ടോബർ 15 മുതൽ ഒരു ഉമ്മ തന്റെ മകനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവർ അതിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. ഡൽഹി ഗവണ്മെന്റ്,കേന്ദ്ര ഗവണ്മെന്റ്. അങ്ങനെ എല്ലാവരുടെയുംസമീപിച്ചു. സമരം ചെയ്തു. ഞങ്ങളുടെ പ്രയാസങ്ങൾ അറിയിച്ചു.

ഞങ്ങളുടെ കൂടെ ഒരുപാട് പേരുണ്ട്. പോലീസ് ഞങ്ങളെ വട്ടം കറക്കിക്കൊണ്ടിരിക്കുകയാണ്.. അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് ‘ ഞങ്ങൾ അന്വേഷിക്കുന്നുണ്ട്..നജീബിനെ കിട്ടും എന്നാണ്’ എന്നാണ് . 8 മാസമായി ഞങ്ങൾ ഈ പോരാട്ടം തുടങ്ങിയിട്ട്. സിബിഐ, ക്രൈം ബ്രാഞ്ച്, പോലീസ് അങ്ങനെ എല്ലായിടത്തും. നജീബിന്റെ ഉമ്മ ഇതുവരെ പരിശ്രമം അവസാനിപ്പിച്ചിട്ടില്ല. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് തെറ്റാണെന്നുള്ള പൂർണ വിശ്വാസം ഞങ്ങൾക്കുണ്ട്. നജീബിന്റെ മേലുള്ള വിശ്വാസമാണ് അതിന്റെ കാരണം.

നജീബ് എവിടെയാണെന്നുള്ള ചോദ്യം ഇപ്പോഴും ബാക്കിയാണ്. അവനു വേണ്ടി ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ്. ആ ഉമ്മാക്ക് തൻറെ മകനെ തിരിച്ചുലഭിക്കണം. എല്ലാ രീതിയിലും. ഇപ്പോൾ സിബിഐ നന്നായി അന്വേഷിക്കുമെന്നും നജീബ് ഞങ്ങളുടെ അടുത്ത് എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്നുമാണ് പ്രതീക്ഷ.

നജീബിന്റെ കാര്യം പലപ്പോഴും എല്ലാവരിലും എന്തുകൊണ്ട് എത്തുന്നില്ല?കഴിഞ്ഞ 8 മാസമായി നജീബുമായി ഞാൻ എന്തെങ്കിലും പോസ്റ്റ് ചെയ്യുകയോ മറ്റോ ചെയ്യുമ്പോൾ എന്റെ അടുത്ത സുഹൃത്തുക്കൾ, വ്യക്തികൾ പോലും അത് ഷെയർ ചെയ്യുന്നില്ല. എന്തിനാണ്? ആരെയാണ് പേടിക്കുന്നത്? ഞങ്ങൾ തെറ്റുകാരാണെങ്കിൽ കുഴപ്പമില്ല. പക്ഷെ ഞങ്ങൾ തെറ്റുകാരല്ല.

ഇനി നജീബിനെ കുറിച്ച് പറയുകയാണെങ്കിൽ അവനെ പോലെ ഒരു മകൻ ഉണ്ടാകണമെന്ന് ഏതമ്മയും ആഗ്രഹിക്കും. പെട്ടെന്നൊരു ദിവസം കേൾക്കുന്നത് അവൻ മറ്റുള്ളവരെ ഇടിച്ചു എന്നാണ് .ഒറ്റക്ക് റൂമിൽ കയറി 3 പേരെ അടിച്ചു എന്ന്. ഹോസ്റ്റലിൽ എത്തിയിട്ട് 10 ദിവസം പോലുമാകാതെ അവൻ അടിച്ചു എന്ന് എങ്ങനെ വിശ്വസിക്കും.

നജീബ് ന്യൂനപക്ഷങ്ങൾക്കു വേണ്ടി , മനുഷ്യർക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം, പഠിക്കണം , ഈ അവസ്ഥകൾ മാറ്റണം എന്നാഗ്രഹിച്ചു. ഇന്ത്യയെ ഒരു ഐഡിയൽ രാജ്യമാവണം എന്ന് സ്വപ്‌നം  കണ്ടു. പക്ഷെ നമ്മുടെ രാജ്യത്തെ ചില കുഴപ്പക്കാരായ ആളുകൾ ഇത് അനുവദിക്കുന്നില്ല.

നമ്മൾ ഇപ്പോൾ നജീബിനു വേണ്ടി എന്തെങ്കിലും ചെയ്യണം..ഇല്ലെങ്കിൽ വീണ്ടും നജീബുമാർ ഇനിയും ഉണ്ടാകും..ഒരു നജീബിനെ ഒഴിവാക്കിയാൽ അവനെ പോലെ 1000 നജീബുമാർ ഉയർന്നു വരും.

എല്ലാവരും നജീബിനു വേണ്ടി ഒരുമിച്ച് നിൽക്കണം..അവനെ മറവിക്ക് വിട്ട് കൊടുത്തൂടാ. നമ്മൾ ചോദിച്ചുകൊണ്ടിരിക്കണം. എവിടെയാണ് നജീബ് എന്ന്?

.

Be the first to comment on "എന്റെ ആങ്ങളയെ നിങ്ങളെന്താണ് ചെയ്‌തത്‌? നജീബിന്റെ സഹോദരി ചോദിക്കുന്നു"

Leave a comment

Your email address will not be published.


*