തുടച്ചു നീക്കപ്പെടുന്ന അദ്വാനി

കെഎം സജ്ജാദ് ഹസ്സൻ 

എൻ .ഡി .എ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി കോവിന്ദിനെ തീരുമാനിച്ച ബി .ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ , ഒരു പക്ഷെ നിശബ്ദമാക്കപ്പെട്ട , ശബ്ദിച്ചാലും ഒരു വൃദ്ധന്റെ ജല്പനകളെന്ന മുദ്രകുത്തലുകളെ ഭയന്ന് മിണ്ടാതിരിക്കേണ്ടി വന്ന , കലുഷിതമായ ഒരു കാലഘട്ടത്തിന്റെ കലാപ മുഖം ലാൽ കൃഷ്ണ അദ്വാനി യുടെ രാഷ്ട്രീയ ചരമക്കുറിപ്പു കൂടെയാണ് എഴുതിയതെന്ന് കരുതുന്നവർ ഏറെ . ഒരു ദശാബ്ദത്തിനു മുന്നേ ദില്ലിയുടെ അധികാര രാഷ്ട്രീയത്തിൽ ഉരുക്കു മനുഷ്യനായി തിളങ്ങിയ അദ്വാനി , സംഘ പ്രചാരകന്റെ മാനസിക നിലവാരം മുഖ്യമന്ത്രി പദത്തിലും കാണിച്ച മോദിയെ ,ഗുജറാത്ത് വംശഹത്യ നടന്നപ്പോൾ സംരക്ഷിച്ചതിൽ ഒരു പാട് ദുഖിക്കുന്നുണ്ടാവും . തനിക്കു മുകളിൽ തന്നെക്കാൾ തിളങ്ങുന്നവരെ പ്രതിഷ്ഠിക്കാൻ മാത്രം സാത്വികത മോദിക്കുണ്ടെന്നു കരുതുന്നവരാണ് വിഡ്ഡികൾ .

രണ്ടായിരത്തി നാലിന് ശേഷം അദ്വാനിക്ക് പിന്നെ കണ്ടകശനിയാണ് . പ്രകാശ് കാരാട്ടിന്റെ പിടിവാശിയിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചപ്പോൾ , കൊണ്ഗ്രെസ്സ് സഖ്യ കക്ഷി സർക്കാരിനെ അട്ടിമറിക്കാൻ ഒരവസരം ലഭിച്ചതാണ് , പക്ഷെ നഷ്ടപ്പെട്ടു . തുടർന്ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കി ഭരണം നില നിർത്തി. അഴിമതി ആരോപണങ്ങളുടെയും , അതിനെ കൃത്യമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചു ,കൊണ്ഗ്രെസ്സ് വിരുദ്ധ തരംഗത്തിൽ ബി .ജെ..പി മുന്നേറിയപ്പോൾ ,അഡ്വാനി പക്ഷെ പുറത്തായി കഴിഞ്ഞിരുന്നു . എന്നാൽ മോദി അർഹമായ സ്ഥാനം അദ്വാനിക്ക് കൊടുക്കുമെന്നും , അടുത്ത രാഷ്ട്രപതി അഡ്വാനി ആയിരിക്കുമെന്നും ഉറച്ചു വിശ്വസിച്ചവരാണ് ഭൂരിപക്ഷവും . പ്രത്യേകിച്ചും പ്രധാനമന്ത്രി പദത്തിന് യോഗ്യതയുണ്ടായിട്ടും തന്നെക്കാൾ ജൂനിയർ ആയ മൻമോഹൻസിങ്ങിന് കീഴിൽ മന്ത്രിയാവേണ്ടി വന്ന പ്രണബ് മുഖർജിക്ക് കോൺഗ്രസ് രാഷ്ട്രപതി സ്ഥാനം കൊടുത്ത ഉദാഹരണം ഉണ്ടായിരിക്കെ .

അദ്വാനിയോടുള്ള മോദിയുടെ ഈ ചതുർത്ഥി മനസ്സിലാക്കാൻ അധികമൊന്നും തിരയേണ്ട കാര്യമില്ല . നിതിൻ ഗഡ്കരി രണ്ടാം തവണയും ബി .ജെ.പി അധ്യക്ഷനാവാൻ പാർട്ടി ഭരണ ഘടന വരെ ഭേദഗതി തയ്യാറായിരുക്കുന്ന സമയം , അർദ്ധരാത്രിയിൽ നിമിഷങ്ങൾ കൊണ്ടാണ് അന്ന് ആർ.എസ്.എസ്സിന്റെ ആ പദ്ധതി അദ്വാനി പൊളിച്ചു , തന്റെ ഇഷ്ടക്കാരൻ രാജ്‌നാഥ് സിംഗിനെ ആ പദത്തിൽ അവരോധിച്ചത്‌ . ഏതു സമയത്തും ഇത്തരം നീക്കങ്ങൾ നടത്താൻ കഴിവുള്ള ഒരാളെ , അകറ്റി നിർത്താനല്ലേ മോദി ശ്രമിക്കൂ . തന്നെക്കാൾ കഴിവുള്ളവരെയും പേരുള്ളവരെയും അധികം അടുപ്പിക്കാത്ത മോദി പ്രകൃതം അത് വ്യക്തമാക്കുന്നു .

ബാബ്‌റി മസ്ജിദ് തകർത്ത കേസിലെ പ്രതിയെന്ന നിലയിൽ ലഭിക്കുന്ന സഹതാപ തരംഗം മാത്രമാണ് അദ്വാനിക്കിനി ഉള്ളത് , അല്ലെങ്കിൽ അദ്വാനിയെക്കൊണ്ട് പാർട്ടിക്കൊരു ഉപകാരമുള്ളത്. മോദിയുടെ കീഴിലുള്ള സി ബി ഐ ഈ സമയം കേസുയർത്തിക്കൊണ്ടു വന്നതും വിചാരണ നേരിടേണ്ടി വരുന്നതും അദ്വാനിയെ മാത്രം ലക്ഷ്യമിട്ടാണെന്നുള്ള അണിയറ സംസാരങ്ങൾക്കിടയിൽ , അദ്വാനി കടന്നു പോവുന്നത് , പതുക്കെയുള്ള രാഷ്ട്രീയ അന്ത്യത്തിലേക്കാണ് . അതദ്ദേഹം അർഹിക്കുന്നുണ്ടോ എന്നത് അവശേഷിക്കുന്ന ചോദ്യവും. അല്ലങ്കിലും പുതിയ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങൾക്കിടയിൽ ഇതൊന്നും ആരും കാര്യമായി ചർച്ച ചെയ്യുന്നില്ലെന്നു വരുത്താൻ രാഷ്ട്രീയ തിണ്ണമിടുക്ക് ധാരാളം.

Be the first to comment on "തുടച്ചു നീക്കപ്പെടുന്ന അദ്വാനി"

Leave a comment

Your email address will not be published.


*