ഈദ് ആഘോഷവേളയിൽ ഓർക്കാൻ മുസ്ലിമായതിന്റെ പേരിൽ മാത്രം ഇന്ത്യയിൽ കൊല്ലപ്പെട്ട 10 മനുഷ്യർ

ഖാത്തൂൻ 

ഭൂരിപക്ഷത്തിന്റെ കരുത്തുമായി ബിജെപി രാജ്യത്ത് അധികാരത്തിൽ എത്തിയതിനു ശേഷം മുസ്ലിംകൾക്കും ദളിത് വിഭാഗത്തിനുമെതിരെ ഉള്ള അക്രമങ്ങൾ വർധിച്ചു എന്നത് എല്ലാവരും അറിയുന്ന കാര്യമാണ്. പ്രേത്യേകിച്ചും ഹിന്ദി ഹൃദയ ഭൂമിയിൽ. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചു യുപിയിൽ മുഹമ്മദ് അഖ്‌ലാഖിനെ കൊന്നതോടെയാണ് അക്രമങ്ങളുടെ പരമ്പര തുടങ്ങിയത്. അന്ന് വരെ അത്ര പ്രകടമല്ലാതിരുന്ന വർഗീയ സംഘടനകൾ അധികാരത്തിന്റെ കരുത്തോടെ മനുഷ്യരെ, വിശിഷ്യാ, മുസ്ലിംകളെ കൊന്നൊടുക്കാൻ തുടങ്ങി. പശുവിനെ കടത്തിയെന്നു ആരോപിച്ച്, ബീഫ് കഴിച്ചുവെന്ന ആരോപിച്ച്…ഒടുക്കമിതാ കണ്ടാൽ മുല്ലയെ പോലിരിക്കുന്നു എന്ന് പറഞ്ഞു വരെ പൊതുയിടങ്ങളിൽ ജീവനെടുക്കുന്നു. കൊലപാതകങ്ങൾ ഒരു സാധാരണ സംഭവം പോലെ തുടരുന്നു. മർദ്ദനങ്ങളും വലിച്ചിഴക്കലും അപമാനങ്ങളും ആരും അറിയുന്ന പോലുമില്ല.

ഇത് വരെ എത്ര പേർ , പ്രേത്യേകിച്ചും റിപ്പോർട്ട് ചെയ്യപ്പെട്ട കൊലപാതകങ്ങൾ എത്രയാണെന്ന കണക്കു പോലും ആരും ഓർക്കുന്നില്ല. അത്രക്ക് സാധാരണമാം വിധം സംഭവങ്ങൾ ആവർത്തിക്കുന്നു. ഇതിലെല്ലാം പോലീസ് ഭാഷ്യങ്ങളും ഏത് ഏകദേശം ഒരുപോലിരിക്കുന്നു എന്നതാണ് മറ്റൊരു രസം. ആരും അറസ്റ് ചെയ്യപ്പെടുന്നില്ല എന്നതും അഥവാ അറസ്റ് ചെയ്‌താൽ തന്നെ ഉടൻ ജാമ്യം കിട്ടി കേസ് മാഞ്ഞു പോകുന്നു എന്നത് മറ്റൊരു കാര്യം. വായിക്കുന്നവന്റെ ഓർമയിലേക്കായി, ഈദിന്റെ ആഘോഷനേരത്ത് എല്ലാവരും നമ്മളെ പോലെ അനുഗ്രഹീതരല്ല എന്ന് തിരിച്ചറിയാൻ, ഇത് വരെ കൊല്ലപ്പെട്ട, മുസ്ലിം ആയതിന്റെ പേരിൽ മാത്രം ഈ രാജ്യത്തെ അടിസ്ഥാന അവകാശമായ “ജീവൻ” നിഷേധിക്കപ്പെട്ട ചിലരെ പരിചയപ്പെടുത്താം.

1 – മുഹമ്മദ് അഖ്‌ലാക് – ഉത്തർപ്രദേശ്. വയസ്സ് 54 . സ്വന്തം വീടിന്റെ പരിസരത്ത് വെച്ച് , വടിയും ഇഷ്ടികകളുമായി ഒരുകൂട്ടം ഈ മനുഷ്യനെ നേരിട്ടത് വീട്ടിൽ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ചാണ്.

2 – നോമാൻ – സഹാറൻ , ഹിമാചൽ പ്രദേശ് – വയസ്സ് 22 . പശു കച്ചവടക്കാരൻ. പശുവിനെ അനധികൃതമായി കടത്തി എന്നാരോപിച്ച് കൊന്നു.

3 – മസ്ലും അൻസാരി – വയസ്സ് 32 .
4 – ഇംതിയാസ്‌ ഖാൻ – വയസ്സ് 15 .

ജാർഖണ്ഡ്. ഇരുവരെയും ഒരു മരത്തിൽ കൊന്നു തൂക്കിയിട്ട നിലയിൽ കണ്ടെത്തി. പശു കടത്ത് ആരോപിച്ചാണ് കൊന്നതെന്ന് പോലീസ് തന്നെ പറയുന്നു.

5 – പെഹ്‌ലു ഖാൻ – വയസ്സ് 55 . ഹരിയാന. ഇരുന്നൂറിൽ അധികം ഗോരക്ഷാ തീവ്രവാദികൾ ചേർന്നാണ് ഈ മനുഷ്യനെ അടിച്ചു കൊന്നത്. കാരണം വീണ്ടും പശുക്കടത്ത്.

6 – ഗുലാം മുഹമ്മദ് – വയസ്സ് 45 . ഉത്തർ പ്രദേശ് . അകന്ന ബന്ധത്തിലുള്ള ഒരു യുവാവ് ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചു ഒളിച്ചോടി എന്നാരോപിച്ചാണ് ഗുലാമിനെ ഹിന്ദു യുവ വാഹിനി പ്രവർത്തകർ കൊന്നത്.

7 – ഷെയ്ഖ് നയീം – വയസ്സ് 35
8 – ഷെയ്ഖ് സജ്ജു – വയസ്സ് 25
9 – ഷെയ്ഖ് സിറാജ് – വയസ്സ് 26

ജംഷഡ്‌പൂർ, ജാർഖണ്ഡ്. മൂന്നുപേരും കന്നുകാലി വ്യാപാരികൾ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ എന്ന് “തെറ്റിദ്ധരിച്ച്” കൊന്നുപോയതാണ് എന്ന് പോലീസ് ഭാഷ്യം.

10 – ജുനൈദ് – വയസ്സ് 16 – ഉത്തർ പ്രദേശ് – പെരുന്നാൾ കോടി വാങ്ങാൻ പോയ ജുനൈദിനെ സഹോദരങ്ങളെയും പാകിസ്ഥാനി, മുല്ല എന്ന് വിളിച്ച്, ഇറച്ചി കഴിക്കുന്നവൻ എന്ന് ആരോപിച്ച് മർദിച്ച് കൊന്നു.

ഈ മനുഷ്യരൊക്കെ നമ്മളെ പോലെ ഈദ് ആഘോഷിച്ചവരാണ്. ഒരുങ്ങിയവരാണ്. പക്ഷെ, ഒരു മതത്തിന്റെ പേരിൽ, മുസ്ലിം പേരുകളുടെ അടിസ്ഥാനത്തിൽ ആ നിറങ്ങളിൽ നിന്നെല്ലാം ഇവരെ മായ്ച്ചു കളഞ്ഞിരിക്കുന്നു. എല്ലാവര്ക്കും തുല്യ അവകാശമുള്ള, എല്ലാവരുടെയും ഇന്ത്യയിൽ. സാഹോദര്യത്തിന്റെയും നന്മയുടെയും സന്ദേശങ്ങൾ പകർന്ന് , ജാതി മത ഭേദമന്യേ ആശംസകൾ നേർന്ന് ആഘോഷിക്കുമ്പോൾ ഇവരെയും ഓർക്കാം. ജനാധിപത്യത്തിന്റെ വേരുകളിലേക്ക് വെറിയുടെ രാഷ്ട്രീയം കുത്തിവെക്കപ്പെടുമ്പോൾ, അടിച്ചമർത്തപ്പെടുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഏറ്റവും നല്ല ആയുധം ഓർമകളാണ്.

Be the first to comment on "ഈദ് ആഘോഷവേളയിൽ ഓർക്കാൻ മുസ്ലിമായതിന്റെ പേരിൽ മാത്രം ഇന്ത്യയിൽ കൊല്ലപ്പെട്ട 10 മനുഷ്യർ"

Leave a comment

Your email address will not be published.


*