ജീവനുള്ള സിനിമയാണത് ; രാജീവ് രവി ഒരിക്കലും ക്യാമറാമാനാകുന്നില്ല

മുഹമ്മദ് സുഹറാബി

Oriol Paulo എന്ന സ്പാനിഷ് സംവിധായകന്റെ രണ്ട് സിനിമകൾ കണ്ടത് ഇന്നലെ രാത്രിയായിരുന്നു. ‘ദ ബോഡി’യും, ‘ഇൻവിസിബിൾ ഗസ്റ്റും’. ഈ രണ്ട് സിനിമയ്ക്കും ഒരു പൊതു ട്രീറ്റ്മെന്റ് ഉണ്ട്. ഒരു സംഭവത്തെ തന്നെ പല ആംഗിളുകളിൽ നിന്ന് അവതരിപ്പിച്ച് ഒടുവിൽ സത്യത്തെ പുറത്ത് കൊണ്ട് വരിക. പ്രേക്ഷകനെ വട്ടുപിടിപ്പിക്കുന്ന ഒരു തരം കളി. നിങ്ങളിപ്പോൾ കാണുന്ന വ്യക്തി നിരപരാധിയാണോ അതോ കുറ്റവാളിയാണോ എന്ന് തീരുമാനിക്കാൻ വിടാത്ത പോലെ നിങ്ങളുടെ മൊറാലിറ്റിയെ എടുത്ത് കുടയുന്ന ഏർപ്പാട്. ആരുടെ കൂടെ നിൽക്കണം എന്നു കഥാന്ത്യം വരെ ആശയക്കുഴപ്പമുണ്ടാകും.

സത്യത്തിൽ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ടെയും ആദ്യ പ്രദർശനത്തിനു കയറുമ്പോൾ റീവൈന്റ് അടിച്ച പോലെ മനസ്സിൽ ഓടിക്കൊണ്ടിരുന്നത് ഈ സിനിമകളായിരുന്നു. അല്ലെങ്കിൽ സ്വാഭാവികമായി സംഭവിക്കാവുന്ന ‘മഹേഷിന്റെ പ്രതികാരം’ പ്രേതം ഒരിക്കലും ഇടയ്ക്ക് കയറി വന്നിരുന്നില്ല. പക്ഷെ യാദൃശ്ചികമാവാം, മേൽപ്പറഞ്ഞ ‘ആരുടെ കൂടെ നിൽക്കും നിങ്ങൾ ആരുടെ കൂടെ നിൽക്കും??’ എന്ന ചോദ്യം തൊണ്ടിമുതൽ കാണുമ്പോൾ തികട്ടിത്തികട്ടി വരുന്നുണ്ടായിരുന്നു. നിങ്ങൾ ഏത് ‘പ്രസാദി’ന്റെ ഭാഗത്താണ് എന്ന ചോദ്യം! തൊണ്ടിമുതൽ പ്രസാദ് Vs ദൃകസാക്ഷി പ്രസാദ് എന്ന കളി!

തൊണ്ടി മുതൽ ഒരു കളിയാണ്. തോൽക്കാൻ ഇഷ്ടമില്ലാത്ത രണ്ട് അല്ലെങ്കിൽ മൂന്ന് അതുമല്ലങ്കിൽ നാലു പേർ കളിക്കുന്ന കളി. കള്ളൻ പ്രസാദ് ഒരു ഒറ്റയാൾ ടീമാണ്. മറ്റേ പ്രസാദും ഭാര്യ ശ്രീജയും എതിർവശത്തും. ഇവിടെ അലൻസിയർ അവതരിപ്പിക്കുന്ന പോലീസ് ആരുടെ ടീമിൽ ആണെന്നാണ് സംശയം. അയാൾ റഫറിയാണോ അതോ ഏതെങ്കിലും ടീമിന്റെ കോച്ചാണോ എന്നുമ് സംശയിക്കാം. പക്ഷെ അയാൾ എല്ലാമാവുന്നുണ്ട്. രണ്ടു ടീമിലും കളിക്കുന്നുണ്ട്. റഫറിയാകുന്നുണ്ട്. കോച്ചാവുന്നുണ്ട്. നിങ്ങൾ കള്ളനേക്കാൾ പോലീസിനെ സംശയിക്കേണ്ടി വരുന്നുണ്ട്. കള്ളനും പോലീസും തമ്മിൽ വല്ല രക്തബന്ധമുണ്ടോ എന്നു വരെ നിങ്ങൾ സംശയിക്കും. അല്ലെങ്കിൽ നിങ്ങളെക്കൊണ്ട് സംശയിപ്പിക്കും.

എന്തായാലും ഈക്കളി പോത്തേട്ടൻ ഗംഭീരമായി ചെയ്തിട്ടുണ്ട്. ഭാവന സ്റ്റുഡിയോയുടെ എക്സ്ട്രീം ഓപ്പോസിറ്റ് എന്റിലാണ് അയാൾ പോലീസ് സ്റ്റേഷനു സെറ്റിട്ടിരിക്കുന്നത്. മലയാള സിനിമയിലും സമൂഹത്തിലും ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടിട്ടുള്ള കാസർഗോഡിന്റെ മണ്ണിൽ. ആ മണ്ണും ഭാഷയും കശുമാവിൻ തോട്ടവും ചൂടും വെള്ളമില്ലായ്മയും എല്ലാം അതിന്റെ കൂടെ അനുഭവിക്കാൻ വിടുന്നുണ്ട്. പച്ചപ്പ്-ഹരിതാഭ കോമ്പോയിൽ നിന്നും വരൾച്ച-വെള്ളമില്ലായ്മ ഭൂമിയിലേക്കെന്ന പോലെ. ചിലയിടത്ത് സത്യമെന്നോ കള്ളമെന്നോ ഇല്ലായെന്നും , അതിജീവിനം മാത്രമേയൊള്ളൂ എന്നുമാണ് തൊണ്ടിമുതൽ പറഞ്ഞ് വെച്ചതെന്ന് തോന്നുന്നു. തല്ലി ശരിയാക്കാൻ കഴിയുന്നതായി ലോകത്ത് ഒന്നുമില്ലെന്ന ഒരു ഫിലോസഫി ഉപദേശക്കുപ്പയമിടാത്ത ഒരാൾ ഇടക്കെപ്പോഴോ പറഞ്ഞു പോകുന്നുണ്ട്.

ജീവനുള്ള നർമ്മം, ജീവനുള്ള അഭിനയം, ജീവനുള്ള കഥാപത്രങ്ങൾ, ജീവനുള്ള സംഭാഷണങ്ങൾ എന്നിവയുടെ നല്ല കൂട്ടാണ് തൊണ്ടിമുതൽ. വലിയ ഒരു കഥയില്ല. വലിയ ഒരു ക്യാൻവാസുമില്ല. ചെറിയ ലോകം. ചെറിയ മനുഷ്യർ. പക്ഷെ മനുഷ്യന്റേതായ എല്ലാ ആകുലതകളും സങ്കടങ്ങളും സന്തോഷങ്ങളും പ്രണയങ്ങളും അതിജീവനങ്ങളും ഉള്ള മനുഷ്യർ. അതിൽ ഒരു ആഗോളതത്വത്തെ നമ്മൾ പോലും അറിയാതെ കേറ്റി വിടുകയാണ് തൊണ്ടിമുതൽ. എല്ലാവരും മനോഹരമായി കഥാപാത്രങ്ങളാകുന്ന കാഴ്ച്ച. ഓരോ പോലീസുകാരനും ഓരോ സ്വഭാവം. പല സ്വഭാവങ്ങളുള്ള പല മനുഷ്യർ. ഒന്നോ രണ്ടോ ഷോട്ടുകളിൽ അവരുടെ തന്മയെ മൊത്തം ചോർത്തി എടുത്തിരിക്കുന്നു.

ഇനിയുള്ള ഒരു പാരഗ്രാഫ് രാജീവ് രവിക്ക്. ഇയാൾ മനുഷ്യനാവാൻ വഴിയില്ല. നിറയെ കശുമാവുണ്ടായിരുന്ന ഒരു നാട്ടിൽ ജീവിച്ച ഒരു മനുഷ്യനാണ്. മുന്നിന്റെ മുകളിൽ നിന്ന് വീണു കിടക്കുന്ന കരിയിലകൾക്ക് മുകളിലൂടെ താഴേക്ക് കീഴ്ന്നിറങ്ങുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു ചെറുപ്പത്തിൽ. പാവങ്ങളുടെ വീഗാലാന്റ്. അത്തരം ഒരു ഭൂമിയിൽ നിന്നാണ് അയാൾ ക്യാമറ ചെയ്യുന്നത്. എങ്ങനെ നേരെ നിന്നു എന്നു തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല. അയാൾ ഒരിക്കലും ക്യാമറാമാനാകുന്നില്ല എന്നതാണ് മറ്റൊരു രസം. നമ്മുടെ തന്നെ കണ്ണാവുകയാണ്. അത് കൊണ്ട് തന്നെ അയാൾ മനുഷ്യനാവാൻ വഴിയേയില്ല.

വാൽ: നഖം മുറിക്കാത്ത ഫഹദിന്റെ കൈകളാണ് എന്റെ ഫേവറേറ്റ് പോത്തേട്ടൻ ബ്രില്ല്യൻസ്. ക്ലൈമാക്സിൽ ആ കൈകൾ ഒന്നു കൂടെ നോക്കിക്കോണം!

Be the first to comment on "ജീവനുള്ള സിനിമയാണത് ; രാജീവ് രവി ഒരിക്കലും ക്യാമറാമാനാകുന്നില്ല"

Leave a comment

Your email address will not be published.


*