ഭീകരരാഷ്ട്രമായ ഇസ്രയേലിനോടുള്ള കൂട്ടുകെട്ട് അപകടമെന്ന് പികെ കുഞ്ഞാലികുട്ടി

ഇസ്രയേലുമായി ചേർന്ന് ഭീകരതക്കെതിരെ പോരാടുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം അര്ഥശൂന്യമാണെന്നും ഫലസ്തീനെ മറന്നുള്ള നീക്കം അപകടകരമാണെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും പാർലമെന്റംഗവുമായ പികെ കുഞ്ഞാലികുട്ടി. ഫലസ്തീനെ മറന്നു കൊണ്ടുള്ള ഏത്‌ സമീപനവും ഇന്ത്യയുടെ പാരമ്പര്യത്തിനും മുന്‍ പ്രധാനമന്ത്രിമാരുടെ നിലപാടിനും എതിരാണ് എന്ന് പറഞ്ഞ കുഞ്ഞാലികുട്ടി ഗാന്ധിയുടെ കാലം മുതലേ ഇന്ത്യ സ്വീകരിച്ച സമീപനം പൊളിച്ചെഴുതുന്നതാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാടെന്നും പ്രതികരിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയുടെ പൂർണരൂപം :

”ലോക രാഷ്ട്രങ്ങൾക്കിടയിൽ ഭീകരതയുടെ ഈറ്റില്ലവും പോറ്റില്ലവുമാണ് ഇസ്രയേൽ. ആ ഇസ്രയേലുമായി ചേർന്ന് ഭീകരതക്കെതിരെ പോരാടുക എന്നത്‌ എത്ര അർത്ഥ ശൂന്യമായ നിലപാടാണ് ..?ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്‌. ഫലസ്തീനിലും മറ്റ്‌ അയൽ രാജ്യങ്ങളിലും ഇസ്രയേൽ നടത്തിയിട്ടുള്ള ഭീകര ആക്രമണങ്ങൾ തുല്യത ഇല്ലാത്തതാണ്.

ഫലസ്തീനെ മറന്നു കൊണ്ടുള്ള ഏത്‌ സമീപനവും ഇന്ത്യയുടെ പാരമ്പര്യത്തിനും മുന്‍ പ്രധാനമന്ത്രിമാരുടെ നിലപാടിനും എതിരാണ് എന്നാണ് എന്റെ അഭിപ്രായം. മഹാത്മാ ഗാന്ധിയുടെ കാലം മുതലേ ഇന്ത്യ സ്വീകരിച്ച സമീപനം പൊളിച്ചെഴുതുന്നതാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്‌. ഇസ്രയേല്‍ സന്ദര്‍ശ വേളയില്‍ തൊട്ടടുത്തുള്ള ഫലസ്തീന്‍ സന്ദര്‍ശിക്കാന്‍ മോദി തയ്യാറാവുന്നില്ല എന്നത്‌ ആ രാജ്യത്തോടുള്ള നമ്മുടെ നിലപാടിലെ മാറ്റമായി വിലയിരുത്തപ്പെടുന്നു.

Prime Minister Narendra Modi is all smiles as he shakes hands with Israeli Prime Minister Benjamin Netanyahu before embracing him in his famous bear hug during a welcome ceremony upon his arrival at Ben Gurion airport near Tel Aviv, Israel, on Tuesday ( AP)

ഫലസ്തീന്‍ വിഷയത്തില്‍ എന്നും അനുകൂല നിലാപടായിരുന്നു ഇന്ത്യയുടേത്. 1947 ൽ ഇസ്രയേല്‍ രാഷ്ട്ര രൂപീകരണത്തെ എതിര്‍ത്ത് വോട്ട് ചെയ്ത രാജ്യമാണ് നമ്മുടേത്. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ അംഗീകരിച്ച ആദ്യ അറബി ഇതര രാജ്യവും ഇന്ത്യയാണ്. യാസര്‍ അറഫാത്ത് റാമള്ളയിലെ വീട്ടുതടങ്കലിലായ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച് ഇ. അഹമ്മദ് സാഹിബ് രാജ്യത്തിന്റെ പിന്തുണ അറിയിക്കുക വരെ ചെയ്തിട്ടുണ്ട്.

2015 ജൂലൈയില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രയേലിനെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത് മുതൽ ഗവണ്മെന്റിന്റെ നയവ്യതിയാനം പ്രകടമായിരുന്നു. അന്താരാഷ്ട്രവേദികളില്‍ ഫലസ്തീനെ അനുകൂലിച്ച് വോട്ടുചെയ്യുന്നതായിരുന്നു ഇന്ത്യയുടെ അതുവരെയുള്ള കീഴ്‌വഴക്കം. ഫലസ്തീന്റെ കണ്ണുനീർ കാണാതെയുള്ള ഈ നയവ്യതിയാനം അന്താരാഷ്ട്ര സമൂഹവും അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ്‌ ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രിക്ക്‌ ബാധ്യതയുണ്ട്‌. ഇന്ത്യയുടെ ചേരി-ചേരാ നയം അന്താരാഷ്ട്ര സമൂഹത്തിൽ നമുക്കു നൽകിയിരുന്ന ഖ്യാതി നഷ്ടപ്പെടുത്തുന്ന ഭരണ കൂടത്തിന്റെ പുതിയ സമീപനങ്ങളിൽ പുനർചിന്ത ഉണ്ടാവേണ്ടിയിരിക്കുന്നു”

Be the first to comment on "ഭീകരരാഷ്ട്രമായ ഇസ്രയേലിനോടുള്ള കൂട്ടുകെട്ട് അപകടമെന്ന് പികെ കുഞ്ഞാലികുട്ടി"

Leave a comment

Your email address will not be published.


*