‘ ഇതാ എന്നെ തിന്നുകൊള്ളു, നിങ്ങളുടെ ഉള്ള് നിറയട്ടെ’ എസ്ആര്‍എഫ്ടിഐ ഡയറക്ടറോട് കുഞ്ഞിലക്ക് പറയാനുള്ളത്

രാജ്യത്തെ പ്രമുഖ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായ കൊൽക്കത്ത സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിവിദ്യാർത്ഥിയും ചലച്ചിത്രപ്രവർത്തകയുമായ കുഞ്ഞില മാസിലാമണി , സ്ഥാപനത്തിലെ ഡയറക്ടർ അടക്കമുള്ളവരുടെ ലൈംഗിക അവഹേളനങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്ഥാപനത്തിലെ പീഡനങ്ങൾ കാരണം രണ്ടാമതും ആത്മഹത്യക്ക് താന്‍ ശ്രമിക്കുകയാണെന്നാണ് കുഞ്ഞില എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

എസ്.ആര്‍.എഫ്.ടി.ഐയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ കുഞ്ഞിലയും കൂട്ടുകാരും നടത്തുന്ന അതിജീവന പോരാട്ടങ്ങൾക്ക് ഒരു കൊല്ലത്തോളം പഴക്കമുണ്ട്. നിരന്തരം കാമ്പസിനകത്തും പുറത്തും അവർ അതിനെതിരെ ശബ്ദങ്ങൾ ഉയർത്തുന്നു.

കുഞ്ഞില എഴുതിയ ആത്മഹത്യാക്കുറിപ്പ് വായിക്കാം 

“ഞാന്‍ പോരാടിയില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. ഞാന്‍ പരിശ്രമിച്ചില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. എല്ലാ ശ്രമങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്.

എന്റെ പ്രണയിതാവ് ബോംബെയില്‍ എന്നെ കാത്തിരിക്കുകയാണ്. എന്റെ അമ്മ കേരളത്തില്‍ എന്നെ കുറിച്ച് വേവലാതിയോടെ കഴിയുകയാണ്. എനിക്ക് അവരോടൊപ്പം ജീവിക്കണമെന്നുണ്ട്. പക്ഷെ എനിക്കതിന് കഴിയില്ല.

നിങ്ങള്‍ എസ്.ആര്‍.എഫ്.ടി.ഐയിലെ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങള്‍ ലൈംഗികമായി അതിക്രമങ്ങള്‍ക്ക്, ലൈംഗിക പീഡനത്തിന്, ബലാത്സംഗത്തിന് വിധേയമായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജീവിക്കാന്‍ പിന്നെ ഒരു വഴിയുമില്ല.

എസ്.ആര്‍.എഫ്.ടി.ഐ കാരണം ഒരിക്കല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിച്ചിരുന്നു. അന്ന് എനിക്കതില്‍ വിജയിക്കാനായില്ല. ഇത്തവണ ഞാന്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞാനതിന് സൗകര്യമൊരുക്കിയാല്‍ മാത്രം മതി. ആ സ്ഥാപനം തന്നെ ബാക്കി പ്രവര്‍ത്തിച്ചോളും.

എന്റെ സര്‍വ്വ ശക്തിയുമെടുത്ത് ജീവിക്കാന്‍ ശ്രമിച്ചു. 2015 ഡിസംബര്‍ മുതല്‍ ഞാനതിന് പരിശ്രമിക്കുകയാണ്. ഒരു സ്ത്രീക്ക് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനാവുന്നതെല്ലാം ശ്രമിച്ചു. അത് ഒരുപാടുപേര്‍ തട്ടിയെടുത്തിരിക്കുന്നു.

ഞാനെടുത്ത സിനിമകളെ പറ്റി ആലോചിച്ച് ഞാന്‍ കരഞ്ഞുപോകുന്നു. എസ്.ആര്‍.എഫ്.ടി.ഐ ഒന്ന് ചെവികൊടുത്ത് കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ജീവിതങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ കൂടുതല്‍ കരഞ്ഞുപോകുന്നു. നിങ്ങളുടെ ഈ ‘ഫിലിം സ്‌കൂള്‍’ ഒരു ലൈംഗികാതിക്രമ മൃഗശാലമാത്രമാണ്. അതിലെ ആദ്യ ശവമാണ് ഞാന്‍.

ഇതാ എന്നെ തിന്നുകൊള്ളു, നിങ്ങളുടെ ഉള്ള് നിറയട്ടെ.”

-കുഞ്ഞില

Be the first to comment on "‘ ഇതാ എന്നെ തിന്നുകൊള്ളു, നിങ്ങളുടെ ഉള്ള് നിറയട്ടെ’ എസ്ആര്‍എഫ്ടിഐ ഡയറക്ടറോട് കുഞ്ഞിലക്ക് പറയാനുള്ളത്"

Leave a comment

Your email address will not be published.


*