https://maktoobmedia.com/

മാറിയിരിക്ക് പ്രസിഡണ്ടേ, മിടുക്കികൾ ഹാജരുണ്ട്

ജിപ്‌സ പുതുപ്പണം

‘അമ്മ’യെന്ന് പേരിട്ട ഈ അച്ഛൻ കളിക്ക് മലയാള സിനിമയുടെ പിറവിയോളം ചെല്ലുന്ന ചരിത്രമുണ്ട്. വിനു എബ്രഹാം നഷ്ടനായികയെന്ന് എഴുതി വെച്ച പി.കെ റോസി മുതലാരും മലയാള സിനിമയ്ക്ക് മാതാവായി പരിഗണിക്കപ്പെട്ടിട്ടില്ല. പിതാവ് മാത്രമുള്ള, അച്ഛൻ കളികളും വല്യേട്ടൻ കളികളും കൊണ്ടാടിത്തിമർക്കുന്ന ഒരു സവർണ പുരുഷാനുഭവ പ്രതലത്തെയാണ് മലയാള സിനിമയുടെ അധോ തലങ്ങൾ അടയാളപ്പെടുത്തുന്നത്. വെള്ളിത്തിര, താരങ്ങൾ എന്നൊക്കെയുള്ള പ്രയോഗങ്ങൾ പോലെ തികച്ചും അഭൗമികമായ ഒരിടമെന്ന പരിഗണന സിനിമയ്‌ക്കെന്നും ലഭിച്ചിരുന്നു. ആയതിനാൽ തന്നെ ഒരു തൊഴിലിടമെന്ന നിലയിൽ ഇതിനകത്ത് തുടരുന്ന സ്ത്രീവിരുദ്ധത ,കീഴാള വിരുദ്ധത, തൊഴിൽ വേതനത്തിൽ പോലുമുള്ള ഭീമമായ വ്യതിയാനങ്ങൾ, മാഫിയ വളർച്ച ഇതൊന്നും പൊതു സമൂഹത്തിന് ഇടപെടാനോ ചർച്ച ചെയ്യാനോ ഉള്ളതായിരുന്നില്ല.

ഇതിനൊക്കെയെതിരെ ഒറ്റപ്പെട്ട പ്രതിരോധങ്ങൾ അകത്ത് പലപ്പോഴും ഉണ്ടായിട്ടുണ്ട്.ഇതിനകം ജാതീയത കൊണ്ട് ജീർണിച്ചതാണെന്ന് പറഞ്ഞ് കലഹിച്ച മഹാനായ ഒരു നടന്റെ പേര് തിലകൻ എന്നായിരുന്നു. വിയോജിപ്പുകൾ പരസ്യമായി വിളിച്ചു പറഞ്ഞെന്നും പറഞ്ഞ് താരസംഘടന തിലകന് സിനിമയിൽ ഊര് വിലക്ക് തീർത്തു.വിനയന്റെ സിനിമകളിൽ അഭിനയിക്കുന്നവർക്ക് വിലക്ക്, വിനയന്റെ സിനിമകളിലഭിനയിച്ചതു കൊണ്ട് പൃഥ്വിരാജിന് മറ്റ് സിനിമകളിലഭിനയിക്കാൻ വിലക്ക്… ഇങ്ങനെ തങ്ങളോട് വിയോജിപ്പുള്ളവർക്ക് മുകളിൽ വിലക്കുകൾക്കു മേൽ വിലക്കുകളും വെട്ടി വീഴ്ത്തലുകളും നടത്തിയാണ് താരാധിപത്യം പതിറ്റാണ്ടുകളിലൂടെ മുന്നേറിയത്.ഗായിക, നായിക എന്നീ രണ്ട് പദവികളിലല്ലാതെ സിനിമയുടെ കർതൃത്വം അവകാശപ്പെടാവുന്ന ഇടങ്ങളിലെ സ്ത്രീ സാന്നിധ്യം അപൂർവ്വമായിരുന്നു.’ തൽഫലമായി ഈ പുരുഷ രാജാക്കന്മാർ അഴിച്ചുവിട്ട സ്ത്രീ വിരുദ്ധ, കീഴാള വിരുദ്ധ ഭാവനകളുടെ പടയോട്ടങ്ങളായി മലയാള സിനിമയുടെ മുഖ്യധാരാ ശ്രേണി. നീയൊരു പെണ്ണാണ്, വെറും പെണ്ണെന്ന് ആവർത്തിച്ച് പറഞ്ഞ് സിനിമയിലെ നായകൻ കൂടുതൽ കൂടുതൽ ആണത്തമുള്ളവനായി. ഈ തഴച്ചു വളർന്ന ആണത്ത നിർമിതികളുടെ ഈറ്റില്ലമായിരുന്നു അമ്മ എന്ന സംഘടനയും. ആണ്ട് നേർച്ചയെന്നോണം താരങ്ങൾ കൂടി നിന്ന് പൊന്നാടയണിഞ്ഞ് ഫോട്ടോ വെച്ച് പിരിയുന്ന ജനറൽ ബോഡി യോഗങ്ങൾക്കപ്പുറം ഒരു സംഘടന എന്ന നിലയിൽ ഇടപെടേണ്ട വിഷയങ്ങളെ സൗകര്യപൂർവ്വം അവർ മറന്നു. ഫാൻസ് അസോസിയേഷനുകളും മാഫിയകളുമെല്ലാം അതിരുവിട്ട് അരങ്ങേറുമ്പോഴും ഇടപെടൽ രാഷ്ട്രീയത്തിന്റെ നട്ടെല്ലാ വാൻ സംഘടനക്ക് കഴിയാതെ പോയി.ഇതിന്റെ യൊക്കെ പാരമ്യത്തിലാണ് പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്..

മറൈൻ ഡ്രൈവിലെ പ്രതിഷേധ പ്രഹസനത്തിൽ ആൺ പ്രജകൾ ദുഖം രേഖപ്പെടുത്തി പിരിഞ്ഞപ്പോൾ പെണ്ണൊരുത്തി നിവർന്ന് നിന്ന് ഗൂഢാലോചനയെന്ന് തുറന്നടിച്ചു. തൊണ്ടിമുതലുകളും ദൃക്സാക്ഷികളുമില്ലാതിരുന്നിട്ടും മുന്നോട്ട് പോകുന്ന കേസിന് നിതാന്ത ജാഗ്രത നൽകിക്കൊണ്ട് ഇതിനൊക്കെ ഇടയിൽ വുമൺ കലക്ടീവ് എന്ന സംഘടന പിറന്നു. ഇത്രമേൽ ആണധികാരം പ്രവർത്തിക്കുന്ന ഒരിടത്ത് നിലനിൽപ് തന്നെ ഈ സംഘടനയെ സംബന്ധിച്ച് വിപ്ലവമാണ്. അവർ കരുതലോടെ പ്രവർത്തിച്ചു.ആവേശത്തിന്റെ പൊട്ടിത്തെറികളല്ല, സമയോചിതമായി ഇടപെട്ട് കൊണ്ടുള്ള നില നിൽ പ് തന്നെയാണ് ചില നേരങ്ങളുടെ ശരിയായ സമരമെന്ന തിരിച്ചറിവുണ്ടായിരുന്നു അവർക്ക്.മറുഭാഗത്ത് വെള്ളിത്തിരയിലെ ഗർജിക്കുന്ന ആൺ സിംഹങ്ങൾ അടക്കമുള്ളവരുടെ കുറ്റകരമായ മൗനം.നിലപാടില്ലായ്മ ആഘോഷിക്കുന്നവർ മുതൽ പെൺകുട്ടിയെ അവഹേളിക്കുന്നവർ വരെ അടങ്ങുന്ന മഹാ സഖ്യം.

ഇതിനൊക്കെ ഇടയിൽ നടക്കുന്ന യോഗത്തിൽ സഹപ്രവർത്തക ആക്രമിക്കപ്പെട്ടത് തങ്ങൾക്ക് ചർച്ച ചെയ്യാനേ ഉള്ള വിഷയമല്ലെന്ന് താരരാജാക്കന്മാർ പ്രഖ്യാപിച്ചു. ചോദ്യം ചെയ്യലുകളെപ്പോലും വിരട്ടി നീക്കി ജനാധിപത്യത്തിന്റെ മിനിമം ധാരണകളെപ്പോലും നോക്കി കൊഞ്ഞനം കാണിച്ചു. മിടുക്കികളാരും ഇല്ലാത്തതിനാലാണ് സംഘടനാ ഭാരവാഹിത്വം ഏൽപിക്കാത്തതെന്ന ചരിത്ര പ്രസിദ്ധ വിളംബരം വരെ നടത്തുകയുണ്ടായി. ടെലിവിഷൻ ചാനലുകളിൽ ഈ സംഘടനയുടെ സ്ഥാപിത താൽപര്യങ്ങളെക്കുറിച്ച് ആഷിക് അബു ഉൾപ്പടെയുള്ളവർ ആഞ്ഞടിക്കുമ്പോഴും ഇവിടം സ്വർഗമാണെന്ന് സംഘടനാ ഭാരവാഹികൾ ക്ലീൻ ചിട്ട് നൽകി..

അപ്പോഴൊക്കെയും മറുഭാഗത്ത് അതേ പെൺകുട്ടി ,ആകാശമിടിഞ്ഞു വീണാലും തനിക്ക് നീതി വേണമെന്നും പറഞ്ഞ് ഒറ്റനില്പ് തുടർന്നു. അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ മാത്രം പത്രസമ്മേളനമെന്ന സൗമ്യവും ശക്തവുമായ മുന്നറിയിപ്പുമായി നിന്നു.മലയാള സിനിമാ വ്യവസായത്തെ മൂലധനം കൊണ്ട് താങ്ങി നിർത്തുന്നതിൽ പ്രമുഖനായ ഒരാൾ, അയാൾക്ക് ചുറ്റും രൂപം കൊണ്ട ഐക്യദാർഢ്യ മുന്നണി ,താര രാജാക്കന്മാരുടെ താൽപര്യ സംരക്ഷണങ്ങളുടെ പറുദീസയായ ഒരു സംഘടന – ഇതിനോട് മുഴുവൻ പടവെട്ടിയ ഒരു പെൺകുട്ടി നമുക്ക് മുന്നിലുണ്ട്. അവളുടെ പോരാട്ടത്തിന് ചാലകശക്തിയായ മിടുക്കികൾ വേറെയുമുണ്ട്. ആളെ കിട്ടാത്തതാണ് പ്രശ്നമെന്ന പഴയ വാദമൊക്കെ ഇനിയങ്ങ് പോക്കറ്റിലിട്ടാൽ മതി. സുതാര്യത എന്നത് ഏത് സാമ്രാജ്യത്തിന്റേയും അഴിച്ചു പണിയലിന്റെ ആദ്യഘട്ടമാണ്.അങ്ങനൊരു തുടക്കത്തിന് കാരണമാവട്ടെ ഈ വിഷയവും തുടർന്നുണ്ടായ ചർച്ചകളും..

Be the first to comment on "മാറിയിരിക്ക് പ്രസിഡണ്ടേ, മിടുക്കികൾ ഹാജരുണ്ട്"

Leave a comment

Your email address will not be published.


*