ദൈവത്തിന്റെ കൈയക്ഷരം ഇല്ലാത്ത ലൂപ്പിയുടെ കവിതകൾ

അൻഷിഫ് ആസ്യ മജീദ്

മരിക്കുന്നതിന് മുൻപ് ഒരു നൂറ് കവിത എനിക്ക് ഒസ്വയത്തായി തരാമെന്ന് ലൂയിസ് പീറ്ററ് പറഞ്ഞിരുന്നു. അയാൾ ബാക്കി വെച്ച സദസ്സുകളെ അലോസരപ്പെടുത്താൻ ഞാനത് ചൊല്ലി നടക്കാമെന്നും, ചെറിയ തോതിലുള്ള വരുമാനം അതുവഴി ഉണ്ടാക്കുമെന്നും ഞാനന്ന് തമാശയായി ചിന്തിച്ചു. കവിത കിട്ടാൻ സാധ്യതയില്ലെന്നറിഞ്ഞിട്ടും 50 രൂപ നൽകി ഞാൻ അനുഗ്രഹം വാങ്ങാറുണ്ട് ചിലപ്പോഴൊക്കെ. മഹാകവി എന്നെയും തിരിച്ച് സഹായിക്കാറുണ്ട്! അപൂർവ്വമായിട്ടല്ല സ്ഥിരമായിട്ടാണ് ഈ പരോപകാര സ്മരണ. മൂപ്പന്റെ ആദ്യ പുസ്തക പ്രകാശന വിവരം ഫേസ് ബുക്ക് വഴി അറിയുന്നത്. മിഥുവും മറ്റു പ്രമുഖ / അപ്രമുഖ വ്യക്തികൾ കഠിനമായി ശ്രമിച്ചിട്ടും ദിവ്യന്റെ ആദ്യ പുസ്തകം സാധ്യമായിരുന്നില്ല. അതു കൊണ്ട് കൈയ്യിൽ കിട്ടിയില്ലാ വിശ്വസിക്കൂ എന്ന് ഞാനുറപ്പിച്ചിരുന്നു.

പുസ്തക പ്രകാശനത്തിനു കാണാൻ പോകുമ്പോഴും ഐ ഫ് ഫ് കെ വേദികളിൽ കഥകളുടെ ലോകം തീർക്കുന്ന പാപ്പനേക്കാൾ അലമ്പനേയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. വിപരീതമായി ഭീകരൻ അച്ചടക്ക പ്രിയനായ ഒരാളെയാണ് കണ്ടത്. വേദിയിലിരിക്കാതെ പാതി വഴി അയാളിറങ്ങി , ഔപചാരിക അവതരണങ്ങൾക്ക് ശേഷം അപ്രത്യക്ഷനാവുകയും ചെയ്തു. പലരും വേദിയിലും പരിസരത്തും ലൂപ്പിയുടെ ശത്രുക്കളെ പ്രതീക്ഷിച്ചിരുന്നു. അയാൾ കൂകി വെളുപ്പിച്ച പ്രകാശനങ്ങളും നാടകങ്ങളും സിനിമയും കവിതകളോട് കലഹിക്കാനില്ലാത്തതു കൊണ്ട് ആരും ശത്രുവായി എത്തിയില്ല. അല്ലെങ്കിലും അയാളാരുടെയും ശത്രുവല്ലല്ലോ!

ലൂയിസ് എന്ന കവിയെ അറിയാൻ പുസ്തക അക്ഷാരാവിശ്യങ്ങളില്ലെങ്കിലും അയാൾ പുലമ്പിയെറിഞ്ഞു പോയ അക്ഷരങ്ങൾക്ക് ചിലപ്പോൾ അലമാര ജീവിതം അനിവാര്യമാണ്. ദൈവത്തിലോ ഭക്തിയിലോ ജീവിതത്തിലോ എല്ലാത്തിലും കവി തന്നെ പ്രതിഷ്ഠിക്കും, എഴുതീർന്ന പണിപ്പുരയിൽ സ്വയം ഉപേക്ഷിക്കുകയെന്ന പോലെ. പാപ്പന്റെ കവിതയ്ക്ക് അയാൾ തന്നെയാണ് സബ്ജക്ടീവായ ഉത്തരം, ഒന്നിലും ഒതുങ്ങാതിരിക്കുകയും അയാളെ തന്നെ കുരുക്കിട്ട് അവതരിപ്പിക്കുകയും ചെയ്യും.

ചരമ കുറിപ്പാണ് പത്രപ്രവർത്തകനായ ഞാൻ കവിക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഏതെങ്കിലുമൊരു മുശിപ്പിൻ സായാഹ്നത്തിൽ 500/800 രൂപക്ക് ആ കുറിപ്പ് ഞാൻ ലേലത്തിൽ വെക്കാനും ഉദ്ദേശമുണ്ടായിരുന്നു. പുസ്തകം ഇറങ്ങിയതുകൊണ്ട് മാത്രം നിങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു മിഷ്ടർ, ഇനി ഓർമ്മക്കുറിപ്പുകൾ ആവശ്യമില്ല. കവിതയുണ്ടല്ലോ !

“പാതയായിപ്പോയതുകൊണ്ടായിരിക്കും
നിരന്തരം
ചവിട്ടേക്കുന്നത്.
ഇനിയൊരാകാശമാകണം
നക്ഷത്രങ്ങൾ മാത്രം പൂക്കുന്ന
ഒരു മഹാശാഖി. ”
എനിക്കേറ്റവും പ്രിയ്യപ്പെട്ട അങ്ങേരുടെ വരികളിലൊന്നാണ്.
സ്നേഹം..

മൂപ്പൻ വിളമ്പിയ കവിതകളിലും കഥകളിലും കൂടുതൽ തിളക്കമുള്ള മകളും മരുമകനുമുണ്ട്. ആളുകളൊഴിഞ്ഞ വേദിയിൽ നിന്ന് അപ്രത്യക്ഷനാവുന്ന പാപ്പൻ പലപ്പോഴും ഒരു ദുശ്ശീലമായി പ്രത്യക്ഷപ്പെട്ടിരുന്ന രണ്ട് വേദികളണാവർ. ഫോൺ കോളുകളിലും മദ്യവും മരണവും ഇരുന്ന വ്യത്യസ്ത വേദികളിലും എന്നോട് പറഞ്ഞിരുന്ന കാര്യങ്ങളിൽ മുഴച്ചു നിന്നിരുന്നവർ. യാത്ര എന്ന കവിതയിൽ ലൂപ്പി ഓർമ്മയും മറവിയും സന്ധിക്കുന്ന ഇടത്തെ കുറിച്ച് പറയുന്നുണ്ട്. കവിതക്ക് ഒടുവിൽ പതിവുപോലെ ഒരു ഹൃദയവും ചോദ്യം ചിഹ്നവും ബാക്കിയാക്കുകയും ചെയ്തിട്ടുണ്ട്.. പുസ്തകമാണ് വിഷയം അതുകൊണ്ടാണ് അവരും കവിയും സ്നേഹവുമെല്ലാം വന്നത്.

“നരകം സമ്മാനമായി തന്ന നാരായം കൊണ്ടാണ് ഞാനെഴുതാറുള്ളത്. അതിനാലാണ് എന്റെ കവിതകളിൽ ദൈവത്തിന്റെ കൈയക്ഷരം ഇല്ലാതെ പോയത്.” (ലൂപി, പുസ്തകത്തിന്റെ തുടക്കത്തിൽ എഴുതുന്നു.)

Be the first to comment on "ദൈവത്തിന്റെ കൈയക്ഷരം ഇല്ലാത്ത ലൂപ്പിയുടെ കവിതകൾ"

Leave a comment

Your email address will not be published.


*