https://maktoobmedia.com/

സവര്‍ണരുടെ വികലബോധമാണത്. ലിജോവിനോട് വിടി ബല്‍റാമിന് പറയാനുള്ളത്

പ്ലസ് ടു പരീക്ഷയ്ക്ക് 79.7 % മാർക്ക് കിട്ടിയിട്ടും സീറ്റ് ലഭിക്കാത്തതിനു കാരണം സംവരണമാണെന്നും അതിനാൽ താൻ കൃഷിപ്പണിക്കു പോവുകയാണെന്നും പറഞ്ഞുള്ള വിദ്യാര്‍ത്ഥി ലിജോ ജോയിയുടെ ഫേസ്ബുക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുന്നു. നാല്‍പതിനായിരത്തിനടുത്ത് പേര്‍ പോസ്റ്റ് ഇതിനകം ലൈക്ക് ചെയ്ത് കഴിഞ്ഞു. ലിജോ ജോയിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് കോണ്‍ഗ്രസ്സ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാം നല്‍കിയ മറുപടിയും ഏറെ സ്വീകാര്യത നേടുകയാണ്.

വിടി ബല്‍റാമിന്റെ മറുപടിയുടെ പൂര്‍ണരൂപം വായിക്കാം

പൊന്ന് അനുജാ,

സാമ്പത്തിക സംവരണ വാദികൾ കുറേ നാളായി പ്രചരിപ്പിച്ച്‌ വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ്‌ താങ്കളുടെയും പോസ്റ്റിൽ. ചെറിയ പ്രായമായതുകൊണ്ട്‌ ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീർണ്ണതകൾ അതിന്റേതായ ആഴത്തിൽ മനസ്സിലാക്കാൻ ഇതുവരെ കഴിയാതെ പോയത്‌ അനുജന്റെ മാത്രം കുഴപ്പമല്ല. സവർണ്ണ സമുദായങ്ങളിൽപ്പെട്ട ഒരുപാട്‌ മിഡിൽ ക്ലാസ്‌ ചെറുപ്പക്കാർ താങ്കളുടെ ഈ വികലമായ സാമൂഹിക ബോധങ്ങൾ പങ്കുവെക്കുന്നവരായുണ്ട്. അതുകൊണ്ട്‌ ബേസിക്കായി ചില കാര്യങ്ങളെങ്കിലും മനസ്സിലാക്കുക.

1) ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരിൽ സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന്‌ കേരള സമൂഹത്തിൽ എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട്‌ മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക്‌ ഇപ്പോഴും മാർക്ക്‌ മാത്രം നോക്കിയാണ്‌ അഡ്‌മിഷൻ നടത്തപ്പെടുന്നത്‌. ആ കൂട്ടത്തിൽ താങ്കൾക്ക്‌ ഉൾപ്പെടാൻ കഴിയാതെ പോയത്‌ താരതമ്യേന മാർക്ക്‌ കുറവായത്‌ കൊണ്ട്‌ മാത്രമാണ്‌. അതായത്‌ മെറിറ്റ്‌ ഇല്ലാത്തത്‌ കൊണ്ടാണ്‌.

2) ഇത്‌ മനസ്സിലാക്കാൻ താങ്കളടക്കം പലർക്കും സാധിക്കുന്നില്ല. കാരണം നമുക്ക്‌ മുന്നിലുള്ള അവസരങ്ങളേക്കുറിച്ചും നമുക്കനുകൂലമായ സാഹചര്യങ്ങളേക്കുറിച്ചും ചിന്തിച്ച്‌ അത്‌ പ്രയോജനപ്പെടുത്താനല്ല, മറ്റുള്ളവർക്ക്‌ എന്ത്‌ കിട്ടുന്നുവെന്ന് ആലോചിച്ച്‌ അസൂയപ്പെടാനാണ്‌ പൊതുവേ ഏതൊരാൾക്കും താത്പര്യം. ഇത്‌ താങ്കളുടെ മാത്രം കാര്യമല്ല, ഒരു പൊതു സ്വഭാവമാണ്‌.

3)‌ “കാട്‌ പിടിച്ച്‌ കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാൻ” താങ്കൾക്ക്‌ കഴിയുന്നുണ്ട്‌. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ്‌ സൂചിപ്പിക്കുന്നത്‌. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യിൽ കാടുപിടിച്ച്‌ കിടക്കുകയാണ്‌ നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട്‌ ഏത്‌ സമയത്തും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ താങ്കളുടെ മുന്നിലുള്ള ആ ചോയ്സ്‌ ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകൾക്കും, പ്രത്യേകിച്ച്‌ താങ്കൾ പറഞ്ഞ “താഴ്‌ന്ന ജാതിയിൽപ്പെട്ട കൂട്ടുകാർക്ക്‌” ഇല്ല. സഹപാഠികൾക്കിടയിൽ ഒന്ന് അന്വേഷിച്ചാൽ മനസ്സിലാവും.

4) ഇങ്ങനെ അവർക്കുള്ള പലതരം പരിമിതികളേയും മുന്നിൽക്കണ്ട്‌ അവർക്ക്‌ നൽകുന്ന അധിക പരിരക്ഷയാണ്‌ സംവരണം. അത്‌ നൽകിയില്ലെങ്കിൽ നിങ്ങളേപ്പോലെ എല്ലാം ഉള്ളവർ മാത്രം വീണ്ടും വീണ്ടും അവസരങ്ങൾ കൊണ്ടുപോകും. അതാണ്‌ നമ്മുടെ അനുഭവം. സംവരണം നൽകിയിട്ടും പല സമുദായങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഉള്ള സംവരണം കൂടി എടുത്ത്‌ മാറ്റിയാൽ എന്ത്‌ സംഭവിക്കുമെന്ന് ചിന്തിക്കാൻ താങ്കളുടെ പ്രായത്തിലുള്ള ഒരു കുട്ടിക്ക്‌ പോലും കഴിയേണ്ടതുണ്ട്‌.

5) കൃഷി അങ്ങനെ ഒരു മോശം ചോയ്സ്‌ അല്ല, നിരാശാബാധിതർ മാത്രം ചെയ്യേണ്ട ഒന്നല്ല.

അതുകൊണ്ട്‌ ധൈര്യമായി കാട്‌ കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കർഷകനെ നാടിന്‌ കിട്ടട്ടെ.

Be the first to comment on "സവര്‍ണരുടെ വികലബോധമാണത്. ലിജോവിനോട് വിടി ബല്‍റാമിന് പറയാനുള്ളത്"

Leave a comment

Your email address will not be published.


*