‘ജുനൈദിനോട് അഖ്‌ലാക്.’ പിഎൻ ഗോപീകൃഷ്ണന്റെ കവിത

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ജൂലായ് 23 ന്റെ ലക്കത്തിൽ പിഎൻ ഗോപീകൃഷ്ണൻ എഴുതിയ കവിത ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

ജുനൈദ്,
നീ എത്തിയോ ?
ചോര നിനക്ക് വഴി കാണിച്ചോ?

ഈ കുഴിയിൽ
പശുക്കളും നായ്ക്കളും ഇല്ല.
പച്ചപ്പും ജലവും ഇല്ല.
തലകുത്തിവീണ് കെട്ടികിടക്കുന്ന
ഇത്തിരി വായു മാത്രം.

സമയം ലോകത്തെ വലിച്ചുനീട്ടുന്നത്
ഒരിക്കൽ ഞാനും നോക്കിനിന്നിട്ടുണ്ട്.
ആ നാടയിലൂടെ
തീവണ്ടികൾ ഓടുന്നത്.
പാദുഷമാർ ശവപ്പുരകളാകുന്നത്.
പ്രസവിച്ച ശേഷം പെണ്ണുങ്ങൾ
മറിഞ്ഞുവീഴുന്നത്.
കുഞ്ഞുങ്ങൾ രണ്ടുകാലിൽ
കുട്ടി ഗോപുരങ്ങൾ ആകുന്നത്.
എല്ലാ പാതകളും
ദില്ലിയിൽ കൂടി ചേരുന്നത്.

എങ്ങനെയാകും ഈ വലിച്ചുനീട്ടൽ
അവസാനിക്കുക
എന്നോർത്താതേ ഉള്ളൂ.
ആരോ കൈയയച്ചതുപോലെ
കാലം തിരികെവന്നു.
ഗോപുരങ്ങളും ഉദ്യാനങ്ങളും തകർത്ത്.
വിശ്വാസങ്ങളും ഗ്രന്ഥപ്പുരകളും തകർത്ത്.
പത്തിരട്ടിവേഗത്തിൽ പിന്വലിക്കപ്പെട്ട
തിരമാലകളിൽ
ഒരു കടൽ ഉരുണ്ടുകൂടി.
എന്നിലടിച്ചു.
ഒച്ചയുണ്ടാക്കാതെ
എന്റെ ശരീരം ചിതറി.

ഇവിടെ അവർ എല്ലാവരും ഉണ്ട്.
കാലത്തിന്റെ ഇലാസ്തികശക്തിയുടെ
തിരിച്ചടിയേറ്റവർ.
ദില്ലിയിൽ നിന്ന്.
ഹൈദരാബാദിൽ നിന്ന്.
തീവണ്ടികളിൽ നിന്ന്,
നിരത്തുകളിൽ നിന്ന്.
ചേരികളിൽ നിന്ന്.

ഇരുട്ടുകൊണ്ട് പണിത
പള്ളിയായിരുന്നു നമ്മുടെ ദേശം.
വാക്കുകളെ വെട്ടിമുറിക്കുന്ന
അറവുശാലയായിരുന്നു സംസ്‌കാരം.

ഇപ്പോഴും നീ വിചാരിക്കുന്നുണ്ടാകും.
നീതി ഉണ്ടെന്ന്.
ഫരീദാബാദ് ദില്ലി തീവണ്ടിക്ക്
നിന്റെ പേരിട്ടെന്ന് .
സദർബസാറിലെ തുണിക്കടയിൽ
നീ വാങ്ങേണ്ടിയിരുന്ന ടീഷർട്ടിൽ
നിന്റെ പടം വരച്ചുചേർത്തെന്ന്.
നീ കോട്ടേണ്ടിയിരുന്ന ദഫിൽ
നിന്റെ പേർ മുഴങ്ങുന്നുണ്ടെന്ന്.
ഗോർണിക്ക എന്നൊരു ചിത്രമുണ്ടായിരുന്നു.
നീ കണ്ടിട്ടുണ്ടാകില്ല.
ലോകഭൂപടത്തെ ചീന്തിമുറിച്ച്.
തെറ്റിച്ചൊട്ടിച്ച്
ഉണ്ടാക്കിയ ചിത്രമായിരുന്നു.
ഇപ്പോഴത് വീണ്ടും കീറിമുറിച്ചിരിക്കുന്നു.
വീണ്ടും തെറ്റിച്ചൊട്ടിച്ചിരിയ്‌ക്കുന്നു.

അപ്പോൾ അത് ചിത്രമല്ല.
ഒരു രാജ്യത്തിന്റെ ഭൂപടം.
1947 ൽ പിറന്ന രാജ്യമല്ല.
അതിന്റെ വക്കിൽ മാത്രമേ
രക്തം പൊടിഞ്ഞിരുന്നുള്ളൂ.
എന്നാൽ ഈ രാജ്യത്തിലെ നദികളെല്ലാം
ചോരകൊണ്ട് പുണ്യപ്പെട്ടിരിക്കുന്നു.
അന്നത്തെ വാഴ്ത്തുപ്പാട്ടുകൾ
നമ്മെപ്പറയുന്ന തെറികളായി തീർന്നിരിക്കുന്നു.

ജുനൈദ് ,
നിന്റെ വയറ്റിലെ തുളകൾക്കിടയിലൂടെ
ആരും നോക്കാൻ പോണില്ല.
പകരം,
കട്ട പിടിക്കാതെ വഞ്ചിച്ച
രക്തത്തെ ശപിച്ചോളൂ.
കത്തി കയറാതിരിക്കാൻ
ജനിച്ചപ്പോൾ തന്നെ
കുടലുകളെ ഈയം പൂശാതിരുന്ന
നിന്റെ ഉപ്പ-ഉമ്മമാരെ ശപിച്ചോളൂ.
ഉരുണ്ട തലയിൽ
ചട്ടിത്തൊപ്പി വെച്ച്
ഹായ് സുന്ദരം എന്ന്
കണ്ണാടി നോക്കിയാ
ഉപ്പൂപ്പയെ ശപിച്ചോളൂ.
ഒരു വെറും ശരീരത്തിന്
ജുനൈദ് എന്ന് പേരിട്ട
ഉമ്മൂമ്മയെ ശപിച്ചോളൂ.

എന്നിട്ടും ശമിച്ചില്ലെങ്കിൽ
ഒരു രാജ്യത്തിലല്ല,
വെറുപ്പിന്റെ ചാണകക്കുഴിയിലാണ്
നാം വസിച്ചിരുന്നതെന്ന്
നീ പോലും കേൾക്കാതെ പറയാൻ
നിന്നെ
അനുവദിച്ചോളൂ.

Be the first to comment on "‘ജുനൈദിനോട് അഖ്‌ലാക്.’ പിഎൻ ഗോപീകൃഷ്ണന്റെ കവിത"

Leave a comment

Your email address will not be published.


*