മഅദനിയുടെ പ്രസംഗങ്ങളും മതേതരകേരളത്തിന്റെ ആശങ്കകളും

അബ്ദുൽകരീം ഉതൽക്കണ്ടിയിൽ

കുരുക്ഷേത്രയുദ്ധത്തില്‍ സ്വന്തം ബന്ധുക്കളോടും ഗുരുക്കന്മാരോടും യുദ്ധം ചെയ്യാന്‍ വിമുഖത കാണിച്ച അര്‍ജ്ജുനനെ യുദ്ധോത്സുകനാക്കാൻ കൃഷ്ണന്‍ നല്‍കുന്ന ജ്ഞാനോപദേശം, അതായത് പതിനെട്ടു അധ്യായങ്ങളുള്ള ‘ഭഗവദ്ഗീത’, രണ്ടു വാക്കുകളില്‍ ഒരു ഫേസ്ബുക്ക്‌ സുഹൃത്ത് ക്രോഡീകരിച്ചത് ഒരിക്കല്‍ കണ്ടിരുന്നു – “കൊല്ലര്‍ജ്ജുനാ… കൊല്ല് “.

കഥാപുസ്തകങ്ങളിലും അമര്‍ ചിത്രകഥാരൂപത്തിലും സീരിയലായും ചാനലുകളിലെ ആത്മീയ പരിപാടികളിലൂടേയും മാത്രമല്ല, കരിക്കുലത്തിന്റെ ഭാഗമായിത്തന്നേയും ഭഗവദ്ഗീതയെക്കുറിച്ച് അറിയാത്തവര്‍, മതഭേദമന്യേ, എന്റെ തലമുറയിലെങ്കിലും ആരുമുണ്ടാവില്ല. പുരോഗമനാശായക്കാരുടേയും രാഷ്ട്രീയക്കാരുടെ പോലും പ്രസംഗങ്ങളില്‍ ഗീതോപദേശങ്ങള്‍ ഉദ്ദരിക്കപ്പെടാറുണ്ട്.

മഹാഭാരതം സീരിയലൊക്കെ ഞാനും അനിയത്തിയും ടിവിയുള്ള വീട്ടില്‍ വിടാതെ പോയിരുന്നു കണ്ടിട്ടുണ്ട്. പുരാണങ്ങള്‍ സീരിയലൈസ് ചെയ്ത അമര്‍ ചിത്രകഥകള്‍ ആകാംക്ഷയോടെ കാത്തിരുന്നു വാങ്ങി വായിച്ചിട്ടുണ്ട്, സൂക്ഷിച്ചിട്ടുണ്ട്.

എന്നാല്‍ ബദര്‍ യുദ്ധത്തെപ്പറ്റിയും ഹുദൈബിയാ സന്ധിയെക്കുറിച്ചുമൊക്കെ എത്ര മലയാളികള്‍ക്കറിയാം? എന്തിനവിടെവരെ പോവണം, റംസാന്‍ കഴിഞ്ഞു വരുന്ന ചെറിയപെരുന്നാളിനെക്കുറിച്ച് ചാനലുകള്‍ വര്‍ഷാവര്‍ഷം പറയുന്നത് “മുസ്ലീങ്ങള്‍ നാളെ റംസാന്‍ ആഘോഷിക്കുന്നു” എന്നാണ്. കേരളത്തിന്റെ ജനസംഖ്യയില്‍ കാല്‍ഭാഗം വരുന്ന ജനവിഭാഗത്തിന്റെ സംസ്കാരത്തെക്കുറിച്ച് മറ്റുള്ളവര്‍ എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ട്? മനസ്സിലാക്കാന്‍ എത്രമാത്രം മെനക്കെട്ടിട്ടുണ്ട്?

എന്നാല്‍ ഈ ‘അജ്ഞത’യൊന്നും ഈ മതേതരസമൂഹത്തിനു പ്രശ്നമല്ല. ബദര്‍യുദ്ധത്തെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ പോലും അതിലെ ഒരു യുദ്ധരംഗം മദനി വിവരിക്കുന്നതു കേള്‍ക്കുമ്പോള്‍ മതേതരത്വം ഇതാ ഇടിഞ്ഞുവീഴുന്നേ എന്ന മുറവിളിയായി. ചര്‍ച്ചയായി.

ബദര്‍ യുദ്ധത്തില്‍ സ്വന്തം പിതാവിനെ നേരിടാന്‍ പോവുന്ന അബു ഒബൈദയെ മുഹമ്മദ്‌ തടയുകയാണ്. കുരുക്ഷേത്രയുദ്ധത്തില്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് ബന്ധുക്കളെ കൊല്ലാന്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഇവയെ താരതമ്യം ചെയ്യുകയല്ല. എന്നാല്‍ ഗീതോപദേശത്തെ, അതിലെ എല്ലാ അക്രമണോത്സുകതയും അറിഞ്ഞുതന്നെ, അതിന്റെ ത്വാത്വിക വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്ന ഈ മതേതര സമൂഹം ബദര്‍യുദ്ധരംഗത്ത് പിതാവിന്റെ തലകൊയ്യുന്ന അബു ഒബൈദയുടെ പ്രവര്‍ത്തി മുസ്ലീങ്ങളില്‍ അക്രമണോത്സുകത വളര്‍ത്തുമെന്ന മുന്‍വിധിയെക്കുറിച്ചും തീര്‍പ്പുണ്ടാക്കുന്നതിനെക്കുറിച്ചുമാണ് പറയുന്നത്.

മദനിയുടെ പുനലൂര്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം.

ഇതുതന്നെയാണ് ഐസിസ് റിക്രൂട്ട്മെന്റ് വിഷയത്തിലും കാണുന്നത്. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഒക്കെ ഉള്‍പെട്ടിട്ടുള്ള കുറച്ച് യുവതീയുവാക്കളുടെ തിരോധാനം. വിശ്വസനീയതയ്ക്ക് ഒരു വകുപ്പുമില്ലാത്ത, അഭ്യൂഹം എന്നു സ്വയം വിശേഷിപ്പിക്കുന്ന ചില മാധ്യമറിപ്പോര്‍ട്ടുകള്‍ വരുമ്പോഴേക്കും “കേരളം ഐസിസ് പിടിയിലോ” എന്ന തലക്കെട്ടില്‍ ചാനല്‍ ചര്‍ച്ച! ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ള ഈ യുവതീയുവാക്കള്‍ ഇസ്ലാമിന്റെ മണമടിക്കുമ്പോഴേക്കും തീവ്രവാദികളായെന്നും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടി ചാവാന്‍ പോയെന്നും (ഒരു ഗര്‍ഭിണിയും കൈക്കുഞ്ഞും ഒക്കെയുണ്ട് കൂട്ടത്തില്‍) പറയുന്ന കഥയൊക്കെ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നത് എന്തു പശ്ചാത്തലത്തിലാണ്? മുസ്ലീമായാല്‍ പിന്നെ തലച്ചോറൊന്നും പ്രവര്‍ത്തിക്കില്ലെന്നു പറയുന്ന മതേതരയുക്തിയുടെ ദുഷ്ടലാക്ക് തിരിച്ചറിയേണ്ടതുണ്ട്. സിറിയയില്‍ പോയല്ല, ഇവിടെ സംഘപരിവാറില്‍ മലയാളികള്‍ ചേരുന്ന കാരണവും രീതികളും ഇവര്‍ അന്വേഷിക്കാറുണ്ടോ? അതിലെ അപകടം ചര്‍ച്ചചെയ്യാറുണ്ടോ?

മതേതരകേരളം അതിന്റെ ആദര്‍ശത തെളിയിക്കുന്നത് ഇങ്ങനെ ‘അന്യരെ’ സൃഷ്ടിച്ചും വിചാരണ ചെയ്തുമാണ്. അഭികാമ്യം അല്ലെങ്കിലും മുസ്ലീങ്ങള്‍ ഒരുപക്ഷേ അവരില്‍ കുറേപേര്‍ നേടിയ സാമ്പത്തിക ഭദ്രതയും രാഷ്ട്രീയബലവും കാരണം ഈ തീര്‍പ്പുകളെ അതിജീവിച്ചേക്കം. പക്ഷേ മതേതരത്വം അതിന്റെ ഇരപിടിക്കല്‍ തുടരും.

കഴിഞ്ഞ വർഷം ജൂലൈയിൽ, മദനി കാൻസർ രോഗിയായ ഉമ്മയെ കാണാൻ വരുമ്പോൾ മതേതര കേരളം അദ്ദേഹത്തിന്റെ പഴയ പ്രസംഗം വച്ച് പതിവ് വിചാരണ നടത്തുമ്പോൾ എഴുതിയ ബ്ലോഗ് വായിക്കാം

 

Be the first to comment on "മഅദനിയുടെ പ്രസംഗങ്ങളും മതേതരകേരളത്തിന്റെ ആശങ്കകളും"

Leave a comment

Your email address will not be published.


*