https://maktoobmedia.com/

മരിക്കുന്നവർക്ക്…

കവിത/ ജാലിഷ ഉസ്മാന്‍

ഇരുട്ട് വീണുകഴിഞ്ഞാൽ
കവല കഴിഞ്ഞുള്ള
ഇടവഴികളിലാണ് മിക്കവയും.
അന്നേരത്തു അതു വഴികളിൽ
കൈവെട്ടം കരുതുന്നവർ കുറവാണ്.

‘ഇടം’ ‘വലം’ നീളുന്ന ഊടുവഴികളിലും,
വഴിയരികിലെ പൊന്തക്കാടുകളിലും
ഒളിഞ്ഞിരിക്കുന്ന ലോഹത്തിളക്കം
അതുകൊണ്ടുതന്നെയവർ കാണാതെ പോയെന്നിരിക്കും.

മിക്കവരും കുടിച്ചിട്ടുണ്ടാവില്ല.
പക്ഷെ ചുരുക്കം ചിലർ അന്ന്
ചുരുങ്ങിയത്
ഒരു വർഷത്തിന് ശേഷമെങ്കിലും
ചെറുതായൊന്നു
മിനുങ്ങിക്കാണും.

അതിനും പക്ഷെ,
അസാധാരണമായ
ചില കാരണങ്ങളുണ്ടായിട്ടുണ്ടാവും.
പെട്ടന്ന്
സുഹൃത്തായ
ഒരപരിചിതന്റെ ക്ഷണം,
ആത്മ മിത്രത്തിന്റെ സൽക്കാരം,
അല്ലെങ്കിൽ,
ഞൊടിയിടയിൽ ചമച്ചുണ്ടാക്കപ്പെട്ട ഒരാഘോഷമോ
പ്രകോപനമോ.

കരിയില ഞരിഞ്ഞമരുമ്പോഴും,
ഹെഡ്ലൈറ്റ് ഇല്ലാത്ത മോട്ടോർ സൈക്കിളുകളിൽ ആക്സിലേട്ടറ്റുകൾ ഞരങ്ങുമ്പോഴും
ചിലരുമാത്രം കേൾക്കുന്നതും
ചിലര് കേൾക്കാത്തതും
അതുകൊണ്ടാണ്.

പ്രായംകൊണ്ടും
രൂപംകൊണ്ടും
നിറംകൊണ്ടും
പ്രത്യയശാസ്ത്രംകൊണ്ടും
അവർ
വ്യത്യസസ്ഥരായിരിക്കും.

പക്ഷെ,
എല്ലാവരും തിരിച്ചറിയപ്പെടാനുള്ള
ബാഡ്ജ് പോലെ
കയ്യിൽ ഒന്നോ രണ്ടോ
ചെറിയ പോളിത്തീൻ കവറുകൾ
തൂക്കിപ്പിടിച്ചിട്ടുണ്ടാവും.

അരി, പലവ്യഞ്ജനങ്ങൾ, ചാള, പലഹാരങ്ങൾ, മിട്ടായി, ചൈനീസ് കളിക്കോപ്പ്, കഷായം, പിണ്ണതൈലം, കുഴമ്പ്….

അനക്കങ്ങൾ ശബ്ദങ്ങളും
തൊട്ടടുത്തെത്തുന്നത് വരെ
അവരാ പ്ളാസ്റ്റിക് കവറുകൾ
മുറുക്കി പ്പിടിച്ചിരിക്കും.
ആദ്യത്തെ വെട്ട്
‘ഇടതോ’ ‘വലതോ’ ചുമൽ പിളർത്തിക്കഴിയുമ്പോഴും
പിടിവിടാത്ത
ചിലരും കാണും.
അവരുടെ സഞ്ചികളിൽ മിക്കവാറും
കുഞ്ഞുടുപ്പുകളോ
മിട്ടായികളോ ആവും.

അരണ്ട വെട്ടത്തിൽ
വെട്ടുന്നവരുടെ മുഖം കാണാം.
ചിലപ്പോൾ
മുൻപരിചയം കാണും.
മറ്റു ചിലപ്പോൾ
തികച്ചും അന്യരായിരിക്കും.!

മുൻപരിചയമുള്ളവർ
ഭാഗ്യവാന്മാരാണ്.
അവർക്ക് അവർ എന്തിനാണ് കൊല്ലപ്പെടുന്നതെന്ന്
ഊഹിക്കാനെങ്കിലും കഴിയുമല്ലോ.!

സ്വന്തം ആൾക്കാരാൽ
കൊല്ലപ്പെടുന്നവരാണ് കഷ്ട്ടം.
ഏറ്റവും കൂടുതൽ
മുറിവുകൾ ഉണ്ടാവുന്നവരും, വികൃതമാക്കപ്പെടുന്നവരും
അവരാണ്.
അവരായിരിക്കും സിംഹാസനങ്ങൾക്ക്
ഉറപ്പുള്ള തൂണുകളാവുക.

രക്തസാക്ഷികളെയോ
ബലിദാനികളെയോ
സ്വയം ഉണ്ടാക്കുമ്പോൾ
ആരും ഉറപ്പൊട്ടും കുറയ്ക്കാറില്ലല്ലോ.

ഇത്തരക്കാരുടെ
കുരവള്ളി
അറ്റുപോയിട്ടിണ്ടാവും.

തലച്ചോറ് പകുതിയും
പുറത്തു ചാടി
മണ്ണിൽ പിരണ്ടിട്ടുണ്ടാവും.

കണ്ണിൽ
വാൾത്തല കൊണ്ടിട്ടുണ്ടാവും.

അങ്ങിങ്ങായി കുറച്ചു കുടൽ മാലകളും ഞരമ്പുകളും
അറ്റു തൂങ്ങുന്നുണ്ടാവും.

എതിരാളികളാൽ
(അങ്ങനെ യായിരുന്നു അവർ വിശ്വച്ചിട്ടുണ്ടാവുക)
കൊല്ലപ്പെട്ടവർക്ക്
വെട്ടുകൾ കുറവും,
പിറകിലുമായിരിക്കും.
ചത്തവൻ ഭീരുവായിരുന്നെന്ന്
വരുത്തിത്തീർക്കാനാണത്.

ഇത്തരക്കാർക്ക് വെട്ട് കൂടുതലും പിൻകഴുത്തിനോ,
തലയ്ക്കോ ആയിരിക്കും.
ഇരുമ്പു കമ്പികളോ
മരക്കഷണങ്ങളോ കൊണ്ട്
നെഞ്ചും, നാഭിയും, തലയും ചതയ്ക്കപ്പെട്ടിട്ടുണ്ടാവും.
വാരിയെല്ലുകളിൽ
ഒന്നെങ്കിലും
നുറുങ്ങാൻ ബാക്കി ഉണ്ടാവില്ല.
മൂക്കിന്റെ പാലം തകർന്നിട്ടുണ്ടാവും.
കല്ലിച്ച പാടുകളായിരിക്കും
ദേഹം മുഴുവൻ.

എസ്‌ ആകൃതിയിലുള്ള
വടിവാളുകളാണ് നല്ലത്.
നീണ്ട വടിവാളുകൊണ്ടു വെട്ടു കിട്ടുന്നവർ
ചാവാൻ
സമയം പിടിക്കും.
ചോര മൊത്തം
വാർന്നു തീരും വരെ
അങ്ങനെ കിടക്കണം.

എന്തിനായിരുന്നു
എന്തായിരുന്നു
ഇത്രകാലം എന്ന്
ഓർത്തത്തെടുക്കുക അപ്പോഴാണ്.

തെരുവിലേക്കിറങ്ങേണ്ടി വരുന്ന ഒരമ്മ,
തുണ ഇല്ലാതായേക്കാവുന്ന പെണ്ണ്,
അച്ഛനില്ലാത്ത കുട്ടി,
ഒക്കെ
കണ്മുന്നിൽ
ആർത്തു കരയും.

ഒരവസരം കൂടി എന്ന്‌
ഇല്ലാത്ത ദൈവങ്ങളോടൊക്കെ
കരഞ്ഞു കെഞ്ചും.

അപ്പോഴേക്ക്,
അവസാനത്തെ ശ്വാസം ഒരുതുള്ളി
കണ്ണീരിന്റെ ഒപ്പം പുറത്തുചാടും.
ഒരു കരിയില പതിയെ
പാറി
അമ്മയോ, കുഞ്ഞോ, ഭാര്യയോ, കാമുകിയോ പോലെ
നേർത്ത് കൈവിരൽ തൊടും.

വിരലൊന്നനങ്ങും,
പിന്നെ,
പതിയെ അനങ്ങാതെയാവും.

അത്താഴത്തിനു വീട്ടിൽ
തിരിച്ചെത്താൻ
തിരക്കുകൂട്ടുന്ന
വാച്ചുകളിലേക്ക് നോക്കി
മണിക്കൂറുകൾക്കു മുൻപേ
വാങ്ങിച്ചു വച്ച റീത്തുകൾ
വാടിപ്പോകുന്നതിന്റെ
വേവലാതിയിലായിരിക്കും
അവരുടെ നേതാക്കളപ്പോൾ..!

Be the first to comment on "മരിക്കുന്നവർക്ക്…"

Leave a comment

Your email address will not be published.


*