ശഹീദ് ജുനൈദിന് സ്നേഹപൂര്‍വ്വം

ഹരിയാനയില്‍ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥി കോയാലി (സുഹൈല്‍ അബ്ദുല്‍ഹമീദ് ) എഴുതുന്നു

അസ്സലാമു അലൈക്കും,

പ്രിയപ്പെട്ട,

ശഹീദ് ഹാഫിള് ജുനൈദ്…
ഇന്നലെ ഞാനും കബീര്‍ക്കയും അഫ്‌സലും കൂടി വീട്ടില്‍ പോയിരുന്നു. നിസാമുദ്ദീനില്‍ നിന്ന് ബല്ലഭ്ഗഢിലേക്ക് നീ അവസാനമായി യാത്ര ചെയ്ത അതേ ശക്‌റുബസ്തി പല്‍വല്‍ ലോക്കല്‍ ട്രൈനില്‍.

കാണ്ഡ്‌ലാ റോഡില്‍ നിന്ന് ഞങ്ങളെ കൂട്ടാന്‍ നഫീസ് ഭായിയും കൂട്ടുകാരനും വന്നു. നിന്റെ സഹോദരങ്ങള്‍ ശാക്കിറും ഹാഫിള് ഹാഷിമും വീട്ടില്‍ തന്നെയുണ്ടായിരുന്നു. ശാക്കിറിന്റെ ശരീരത്തില്‍ കഠാര കൊണ്ടേറ്റ ആഴത്തിലുള്ള മുറിവുകള്‍ സുഖപ്പെട്ടുവരുന്നു. അബ്ബു ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞു, എത്താന്‍ രാത്രിയാകും. ദീദി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഹാഫിള് ഖാസിമും ആദിലും ഗുജറാത്തില്‍ മദ്രസയില്‍ തന്നെയാണ്. ആദിലിന് ഇനി പത്ത് ജുസ്അ് കൂടിയേ മനഃപാഠമാക്കാനുള്ളൂ എന്ന് ഹാഷിം പറഞ്ഞു. അല്‍ഹംദുലില്ലാഹ്. അറിയാവുന്ന മുറി ഉറുദുവില്‍ ഞങ്ങളും, അത് മനസ്സിലാക്കിക്കൊണ്ട് നിന്റെ പ്രിയപ്പെട്ടവരും സംസാരിച്ചു. നിങ്ങളുടെ യാത്രയും, പഠനവും, മദ്രസയിലെ വിശേഷങ്ങളും അങ്ങനെയങ്ങനെ…

കുറച്ച് കഴിഞ്ഞ് അമ്മി വന്നു. പുഞ്ചിരിച്ച് സലാം പറഞ്ഞു. കൂട്ടുകാരാ.. നിന്റെ കുടുംബത്തിനോട് അള്ളാഹുവിനുള്ള പ്രണയം മുഴുവന്‍ ആ ഉമ്മാന്റെ പുഞ്ചിരിയിലുണ്ടായിരുന്നു.

അമ്മിക്ക് അന്നെക്കുറിച്ച് മാത്രമെ പറയാനുണ്ടായിരുന്നുള്ളൂ ഖല്‍ബേ. സംസാരിച്ചത് മുഴുവന്‍ ഞങ്ങള്‍ക്ക് മനസ്സിലാകാന്‍ ഏറെ പ്രയാസമുള്ള മേവാത്തിയിലായിരുന്നുവെങ്കിലും അമ്മിക്ക് പറയാനുള്ളത് മനസ്സിലാക്കാന്‍ ഭാഷ ഒരു പ്രശ്‌നമായിരുന്നില്ല.

ഇടക്കിടക്കൊക്കെ അമ്മി വിതുമ്പുന്നുണ്ടായിരുന്നു. പിന്നെയും നിന്റെ വര്‍ത്താനങ്ങള്‍ പറഞ്ഞ് പുഞ്ചിരിച്ചു.

എന്റെ ജുനൈദിനോടുള്ള മുഹബ്ബത്തുകൊണ്ട് ഇപ്പോഴും വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കുന്ന അള്ളാന്റെ പടപ്പുകള്‍ തന്നെയാണ് അവന്റെ ഏറ്റവും വലിയ റഹ്്മത്ത് എന്ന് അമ്മി പറഞ്ഞപ്പോ കാക്കത്തൊള്ളായിരം വട്ടം പിന്നെയും തോറ്റുപോകുന്നത് അവരാണ്;  അമ്മിയുടെ സ്വപ്‌നങ്ങളെ ഇല്ലാതാക്കിയവര്‍, നിന്റെ കുഞ്ഞു ശരീരത്തിലേക്ക് കഠാര കുത്തിയിറക്കിയവര്‍..

കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ഏറെ സ്‌നേഹമുള്ളവരാണെന്ന് പറഞ്ഞു. നാട്ടില്‍ വന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു.

ഖുര്‍ആന്‍ പഠിക്കാനുള്ള നിന്റെ ആവേശത്തെ കുറിച്ചും അതില്‍ നീ കാണിച്ചിരുന്ന സൂക്ഷ്മതയെ കുറിച്ചും അമ്മി ഞങ്ങളോട് വാതോരാതെ സംസാരിച്ചു. ഏഴു വര്‍ഷത്തെ മദ്രസാ പഠനത്തില്‍ ഒരു തവണ പോലും ശിക്ഷിക്കപ്പെടാത്ത ഉസ്താദുമാരുടെ പ്രിയപ്പെട്ടവനായ പൊന്നുമോനെ ഓര്‍ത്ത് നിന്റെ ഉമ്മ ഏറെ അഭിമാനിക്കുന്നുണ്ടെടോ.

ഓരോ ജുമാ രാതിലും മേവാത്തില്‍ നിന്ന് നീ വരാറുള്ളതും കൂട്ടുകാരോടൊത്ത് ഗ്രാമത്തിന്റെ മുകളിലൂടെ പറന്നു നടന്നിരുന്നതും ചെറു പുഞ്ചിരിയോടെ അമ്മി ഓര്‍ത്തു.

“”പതിനാറു വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ കുഞ്ഞുമോന്. എത്ര ജനങ്ങളുണ്ടായിരുന്നു അവിടെ. എല്ലാരും മൊല്ലാജി മൊല്ലാജി എന്ന് വിളിച്ചു പറഞ്ഞു. കുത്തേറ്റ് കിടക്കുമ്പോഴും എന്റെ മോന്‍ വെള്ളത്തിനോ മറ്റോ അല്ല, നാലു വയസ്സു മൂത്ത ശാക്കിറിനെ നോക്കാനാണ് പറഞ്ഞത്.” ഉമ്മാന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.

നിന്റെ ഏറ്റവും വലിയ സ്വപ്‌നം വലിയ പള്ളികളില്‍, ജുമാമസ്ജിദില്‍ ഇമാമത്ത് നില്‍ക്കാനും…ഒരുപാട് ജനങ്ങളോട് അള്ളാനെകുറിച്ചും ഇസ്ലാമിനെ കുറിച്ചും സംസാരിക്കാനും ആയിരുന്നല്ലോ. നീ അവസാനമായി എടുത്ത ഫോട്ടോ ഡല്‍ഹി ജുമാമസ്ജിദിന്റെ വാതില്‍ക്കല്‍ നിന്നായിരുന്നു എന്ന് പറഞ്ഞ് അമ്മി ഞങ്ങള്‍ക്ക് കാണിച്ചു തന്നു.

”എന്റെ മോന്റെ സ്വപ്‌നങ്ങളും ഓര്‍മകളും ഖിയാമത്ത്‌നാളു വരെ നിലനില്‍ക്കണം… അവന്റെ പേരില്‍ ഇവിടെ ഒരു മദ്രസ പണികഴിപ്പിക്കണം… ഞങ്ങളുടെ കയ്യില്‍ ഒന്നുമില്ല. ജുനൈദിന്റെ പേരില്‍ എന്തു കിട്ടിയാലും ഞങ്ങള്‍ അതിനേ ചിലവഴിക്കൂ.. അവിടെ നിന്ന് ഒരുപാട് ഹാഫിളുകള്‍ ഉണ്ടാകണം.” അമ്മിയുടെ വലിയൊരു സ്വപ്‌നമാണത്. ഇന്‍ഷാ അള്ളാഹ്. അത് തന്നെയാകും ജുനൈദ്, നിന്നെ ഇല്ലാതാക്കിയവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ജിഹാദ്.

ളുഹ്ര്‍ ബാങ്ക് കൊടുത്തപ്പോള്‍ തൊട്ടടുത്ത് തന്നെയുള്ള, നീ ഏറെ തവണ നാഥന്റെ മുന്നില്‍ സുജൂദ് ചെയ്ത മസ്ജിദില്‍ നിന്ന് ഞങ്ങള്‍ നിസ്‌കരിച്ചു. തിരിച്ചുവന്നപ്പോള്‍, കഴിച്ചിട്ടാണ് വന്നത് എന്ന് പറഞ്ഞിട്ടും റായിത്തയും റൊട്ടിയും കൊണ്ടുവന്ന് അമ്മി ഞങ്ങളെ കൊണ്ട് കഴിപ്പിച്ചു. പിന്നെയും കുറച്ച് നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. ചായ കുടിച്ചു.

ഹാഷിമിനോടൊപ്പം നിന്റെ അടുക്കല്‍ വന്ന് സലാം പറഞ്ഞത് നീ കേട്ടിരുന്നുവോ കൂട്ടുകാരാ..അഖ്‌ലാഖ് ഭായിയോടും പെഹ്്‌ലൂ ഖാനോടും മറ്റനേകം ശുഹദാക്കളോടും ഞങ്ങളുടെ സലാം പറയുക.

തന്റെ പൊന്നുമോന്റെ, കുഞ്ഞനിയന്റെ ശഹാദത്തില്‍ പരാതിപ്പെടാതെ നാഥന്റെ തീരുമാനത്തില്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്ന അമ്മി, അബ്ബു, സഹോദരങ്ങള്‍ ഇവരില്‍ തന്നെയാണ് ജുനൈദ്, ഈ രാജ്യത്തെ മുഴുവന്‍ മുസ്്‌ലിം സഹോദരങ്ങളും പഠിക്കേണ്ട പ്രതിരോധ പാഠം.

അള്ളാഹുവിന്റെ വിധിയുണ്ടെങ്കില്‍ പ്രിയപ്പെട്ട ജുനൈദ് അവന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ വെച്ച് കാണാം.

അസ്സലാമുഅലൈക്കും.

Be the first to comment on "ശഹീദ് ജുനൈദിന് സ്നേഹപൂര്‍വ്വം"

Leave a comment

Your email address will not be published.


*