ഒരു മുസ്ലീമിന് മർദ്ദനം നേരിടാൻ കാരണങ്ങള്‍ വേണ്ടതില്ലാത്ത നാട്

അബ്ദുല്‍കരീം ഉത്തല്‍കണ്ടിയില്‍

തിരിച്ചുതല്ലാൻ വരില്ലെന്ന് ഉറപ്പുള്ള നിരായുധരായ മുസ്ലീങ്ങളെ പശുവിന്റെ പേരിലും ഭാരത് മാതാ കീ ജെയ് വിളിക്കാനും പറഞ്ഞു വളഞ്ഞിട്ടു മർദ്ദിക്കുന്ന വീഡിയോകളിൽ കണ്ടിട്ടുള്ള സംഘങ്ങളുടെ ക്രൗര്യവും ആഹ്ലാദവുമുണ്ടായിരുന്നു ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിൽ മുജാഹിദ് പ്രവർത്തകരെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഘപരിവാർ അക്രമികൾക്ക്.

ഹിന്ദു മുസ്ലീം സൗഹൃദ ചരിത്രവും ഗോമാംസ രാഷ്ട്രീയം ഉണ്ടാക്കുന്ന ആശങ്കകളും അതുണ്ടാക്കാവുന്ന കലാപസാധ്യതകളും പറഞ്ഞ് ഒടുവിൽ മതേതര സമൂഹത്തിന്മേലുള്ള പ്രതീക്ഷ പുലർത്തുന്ന “ഒരേയൊരിന്ത്യ ഒരൊറ്റ ജനത” എന്ന ഒരു ലഘുലേഖ.

നീണ്ട താടിയും വേഷവും നിറവും കണ്ട് ഒരു മുസ്ലീമിനെ ടെററിസ്റ്റാണെന്ന് കരുതി ചിലർ പരിഭ്രമിക്കുന്ന സാഹചര്യമുണ്ടെന്നും എന്നാൽ കാര്യം പറഞ്ഞാൽ ആ പരിഭ്രമം മാറുമെന്നും പ്രതീക്ഷ പുലർത്തുന്ന “IS മത നിഷിദ്ധം, മാനവ വിരുദ്ധം” എന്ന മറ്റൊരു ലഘുലേഖ.

സലഫിസത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനും ഇസ്ലാമിക പ്രബോധനത്തിനുമുള്ള മറ്റു രണ്ടു ലഘുലേഖകൾ.

നിഷ്കളങ്കത വിളയാടുന്ന, നിഷ്കളങ്കതയോടുള്ള പ്രതീക്ഷ കൈവിടാത്ത ഈ ലഘുലേഖകളാണ് “വിസ്‌ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ” എന്ന സംരംഭത്തിന്റെ ഭാഗമായി മുജാഹിദ് പ്രവർത്തകർ വിതരണം ചെയ്തത്.

ഈ നിഷ്കളങ്കത അതിന്റെ പാരമ്യതയിൽ എത്തുന്ന രീതിയിലുള്ള പ്രചാരണ പ്രവർത്തനവും.

ഉത്‌ഘാടനം ചെയ്തത് തോമസ് ഐസക്കിന് ലഘുലേഖയുടെ കോപ്പി നൽകിക്കൊണ്ട്. വി എസ്സിന് ഒരു കോപ്പി. സാക്ഷാൽ ഒ. രാജഗോപാലിന് ഒരു കോപ്പി. പിന്നെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾക്കും തദ്ദേശഭരണ മേധാവികൾക്കും പോരാഞ്ഞിട്ട് കുറെ പോലീസ് ഏമാന്മാർക്കും ഓരോ കോപ്പി അതതു നാട്ടിലെ മുജാഹിദ് നേതാക്കൾ നേരിട്ട് നൽകിയായിരുന്നു പ്രചാരണം.

ഹിന്ദുത്വഭീകരത ഇത്ര തുറന്നു പ്രവർത്തിക്കുന്ന ഈ കാലത്തും ചില മുസ്ലീങ്ങൾക്ക് ഇത്രയും നിഷ്കളങ്കതയോടെ പ്രവർത്തിക്കാൻ സാധിക്കുന്നതിന് കാരണങ്ങളുണ്ടാവാം. എന്നാൽ സംഘപരിവാറിന്റെ അക്രമങ്ങൾക്കുനേരെ കണ്ണടക്കുന്ന, സംഘപരിവാർ പിടിച്ചു കൊടുക്കുന്നവരെ രണ്ടാമതൊന്നാലോചിക്കാതെ രാജ്യദ്രോഹത്തിനു വരെ കേസെടുക്കുന്ന പോലീസിനും അതിനെ ഭരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്കും മുസ്ലീമായതിന്റെ പേരിൽ വീട്ടുതടങ്കലിലും പീഢനത്തിലും കഴിയുന്ന സ്ത്രീകളെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത നേതാക്കൾക്കും ജനപ്രതിനിധികൾക്കും അറിയാത്ത കാര്യങ്ങളാണോ ഈ ലഘുലേഖകളിൽ ഉള്ളത്?

മുസ്ലീം തീവ്രവാദ കഥകൾ സൃഷ്ടിക്കുന്നതിൽ പ്രധാനിയായ ഒ. രാജഗോപാലിന് “ഐഎസ് വിരുദ്ധ” ലഘുലേഖ കൊടുക്കുന്ന നിഷ്കളങ്കതയുടെ ലവലെന്താണ്?

20 വർഷംകൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാനാണ് മുസ്ലീങ്ങൾ ഹിന്ദു സ്ത്രീകളെ വശീകരിച്ച് വിവാഹം കഴിച്ച് കുട്ടികളെ ഉണ്ടാക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രിയായിരുന്ന വി എസിന്റെ വാക്കുകൾ ഇന്നും എല്ലാ ദിവസവും ബിജെപിക്കാർ ടിവി ചർച്ചകളിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ലഘുലേഖ കൊടുത്ത് ആ വിഎസ്സിനെ മാനസാന്തരപ്പെടുത്താം എന്ന് കരുതിയോ?

നിങ്ങൾ കയറിയിറങ്ങിയ വീടുകളിലുള്ളവർ ഒരു ലഘുലേഖയുടെ കുറവുകൊണ്ടാണ് മുസ്ലീങ്ങളെ അപരരായി കാണുന്നത് എന്നാണോ നിങ്ങൾ കരുതിയത്?

ഒരു മുസ്ലീമിന് മർദ്ദനവും അധിക്ഷേപവും നേരിടാൻ ഇവിടെ ഒരു കാരണവും ആവശ്യമില്ലെന്ന് ഇപ്പോൾ മനസ്സിലായോ എന്ന ക്രൂരമായ ചോദ്യം ചോദിക്കുന്നില്ല.

എന്നാൽ പോലീസ് പരിശോധന നേരത്തേ കഴിഞ്ഞ ലഘുലേഖകൾ ആയിരുന്നിട്ടും, അതൊക്കെ കൈപ്പറ്റിയ ഇപ്പറഞ്ഞ നേതാക്കൾക്കൊക്കെ കാര്യങ്ങൾ അറിയാമായിരുന്നിട്ടും അധിക്ഷേപവും അപമാനവും പതിനാല് ദിവസത്തെ റിമാൻന്റും അനുഭവിക്കേണ്ടി വരുമ്പോൾ നിങ്ങളുടെ നിഷ്കളങ്കതയുടെ അപകടം മനസ്സിലാവുന്നുണ്ടോ?

ഇല്ലെങ്കിൽ നിങ്ങളുടെ സംരംഭം അതിന്റെ പ്രവർത്തനം പോലെ പേരുകൊണ്ടും ഒരു പരിഹാസമായി തുടരും – “വിസ്‌ഡം”!

Be the first to comment on "ഒരു മുസ്ലീമിന് മർദ്ദനം നേരിടാൻ കാരണങ്ങള്‍ വേണ്ടതില്ലാത്ത നാട്"

Leave a comment

Your email address will not be published.


*