ജുനൈദ്മോന്‍ പെരുന്നാള് സ്വര്‍ഗത്തില്‍ കൂടും

” തന്റെ ജുനൈദ്മോന്‍ സ്വര്‍ഗത്തിലിരുന്ന് പെരുന്നാള്‍ കൂടുന്നുണ്ടാവും ” സൈറ പറയുന്നു. കഴിഞ്ഞ ഈദുല്‍ഫിത്റിന്റെ തലേന്ന് ജൂണ്‍ 22 ന് ഡല്‍ഹിയിലെ സദര്‍ ബസാറില്‍നിന്ന് പെരുന്നാളിനുള്ള പുതുവസ്ത്രവും മധുരങ്ങളും വാങ്ങി സഹോദരങ്ങള്‍ക്കൊപ്പം ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ ഹിന്ദുത്വഭീകരരുടെ കുത്തേറ്റ് കൊല്ലപ്പെട്ട ജുനൈദിന്റെ ഉമ്മ തന്റെ മകന്‍ സ്വര്‍ഗലോകത്ത് പെരുന്നാള്‍ കൂടുന്നത് സ്വപ്നം കാണുകയാണ്.

” വര്‍ഷത്തില്‍ രണ്ടുതവണ മാത്രമായിരുന്നില്ല ഞങ്ങളുടെ വീട്ടില്‍ പെരുന്നാള്‍. പഠിക്കുന്ന സ്ഥാപനത്തില്‍നിന്ന് ജുനൈദ് അവധിക്ക് വീട്ടില്‍ വരുമ്പോഴെല്ലാം ഞങ്ങള്‍ക്ക് പെരുന്നാളായിരുന്നു. അവന്‍ വീട്ടിലെത്തിയാല്‍ എല്ലാവര്‍ക്കും സന്തോഷമാണ്. ആ ദിവസം വീട്ടില്‍ പായസവും മറ്റു വിഭവങ്ങളുമൊക്കെയൊരുക്കി സന്തോഷത്തിലാകും എല്ലാവരും. എന്നാല്‍ ജുനൈദ് പോയതില്‍ പിന്നെ നാടും വീടുമെല്ലാം ദുഖത്തിലായി. അവനെ എല്ലാവര്‍ക്കും അത്രയ്ക്കും ഇഷ്ടമായിരുന്നു.” ജുനൈദിന്റെ ഉമ്മ വിതുമ്പലോടെ ഓര്‍ക്കുന്നു.

”വര്‍ഗീയവാദികളാണ് എന്റെ മോനെ കൊന്നത്. അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. മുസ്ലിമായതിന്റെ പേരില്‍ മാത്രം കൊല്ലപ്പെടുകയായിരുന്നു. ഹരിയാന സര്‍ക്കാറില്‍ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല. ഇതുവരെ തങ്ങളെ കേസിന്റെ കാര്യത്തില്‍ സഹായിക്കാനോ മറ്റോ സര്‍ക്കാരിന്റെ ഭാഗത്ത് ഒരുനടപടിയും ഉണ്ടായിട്ടില്ല. മകന്‍ കൊല്ലപ്പെടുമ്പോള്‍ പോലീസുകാരോ റെയില്‍വേ അധികൃതരോ ഒന്നും തിരിഞ്ഞുനോക്കിയില്ല. തലയില്‍ തൊപ്പി കണ്ടതും താടി കണ്ടതുമാണ് അവരെ ആക്രമിക്കാന്‍ കാരണം. ” സൈറ പറയുന്നു.

ജുനൈദിന്റെ മരണത്തോടെ തങ്ങളുടെ കുടുംബവും നാട്ടുകാരും ഭീതിയിലാണെന്നും മക്കളെ പഠനത്തിന് വിടുന്നത് വരെ ആശങ്കയിലായെന്നും സൈറ പറയുന്നു.

കടപ്പാട് – മാധ്യമം പെരുന്നാള്‍പതിപ്പ് 2017 സെപ്റ്റംബര്‍ 1

Be the first to comment on "ജുനൈദ്മോന്‍ പെരുന്നാള് സ്വര്‍ഗത്തില്‍ കൂടും"

Leave a comment

Your email address will not be published.


*