ഞാന്‍ ശരണ്യ. കേരളം തീണ്ടാപ്പാടകലെ നിര്‍ത്തുന്ന മാധ്യമപ്രവര്‍ത്തക

നിരന്തരമായ ജാതീയ അവഹേളനങ്ങളെ തുടർന്ന് ജീവനൊടുക്കാന്‍ വരെ ശ്രമിച്ച ദലിത് സമുദായത്തിലെ മാധ്യമപ്രവര്‍ത്തക. ന്യൂസ് 18 ചാനലിലെ ദളിത് മാധ്യമ പ്രവർത്തക കേരളത്തോട് താന്‍ അനുഭവിച്ച ക്രൂരമായ ജാതീയതയെക്കുറിച്ച് സംസാരിക്കുന്നു. മരണത്തെയും പീഡനങ്ങളെയും അതിജീവിച്ച് ജോലിക്കു പ്രവേശിച്ച ശരണ്യ കെഎസിനെ, നീണ്ട അവധി എടുപ്പിക്കുകയാണ് ന്യൂസ് 18 മാനേജ്മെന്റ്പിന്നീട് ചെയ്തത്. തന്നെ ജാതീയമായി അപമാനിച്ചതായി ശരണ്യ നൽകിയ പരാതിയിൽ ഉൾപ്പെട്ട മാധ്യമ പ്രവർത്തകന്മാർക്കു കേസ് നടത്താൻ വക്കീലിനെ ഏർപ്പെടുത്തിയതും ന്യൂസ്18 മാധ്യമ മാനേജ്മെന്റാണ്.

കഴിഞ്ഞ ദിവസം മക്തൂബ് മീഡിയ സംഘടിപ്പിച്ച ‘ന്യൂസ്റൂമിലെ ജാതീയത’ മാധ്യമസെമിനാറില്‍ ശരണ്യ പങ്കെടുത്തിരുന്നു. ആ പരിപാടി നേരത്തെ ഫാറൂഖ് കോളേജില്‍ എംസിജെ വിഭാഗവുമായി സഹകരിച്ചായിരുന്നു പരിപാടി നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ ന്യൂസ്18 ന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മക്തൂബ് മീഡിയയും ഫറൂഖ് കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിഭാഗവും ചേർന്ന് നടത്താനിരുന്ന പരിപാടിക്ക് അനുവദിച്ചിരുന്ന വേദി റദ്ദാക്കുകയായിരുന്നു കോളേജ്. പരിപാടിയുടെ പാനലില്‍ ന്യൂസ്18ലെ ജേണലിസ്റ്റ് പങ്കെടുക്കുന്നത് കൊണ്ട് ന്യൂസ്18 ലെ ഓഫീസില്‍ നിന്ന് പരിപാടി നടത്തരുതെന്ന് സമ്മര്‍ദ്ദമുണ്ടായെന്നും അത് കൊണ്ടാണ് അത് തടഞ്ഞതെന്നും ഡയറക്ടര്‍ പറഞ്ഞിരുന്നതായി വിദ്യാര്‍ത്ഥികള്‍ മക്തൂബിനോട് പറഞ്ഞു. ‘പരിപാടിയിൽ പങ്കെടുക്കുന്ന ദളിത് മാധ്യമ പ്രവർത്തക ന്യൂസ്18 ന്റെ പ്രതിനിധിയല്ല ‘ എന്ന് മെസേജ് അയച്ചിട്ടുണ്ടെന്ന് ഫറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ സംഘാടകരോട് പറഞ്ഞു.

മക്തൂബ് മീഡീയയുടെ പ്രഥമ അവാർഡ് സമർപ്പണവും ‘ന്യൂസ് റൂമുകളിലെ ജാതീയത’ മാധ്യമസെമിനാറും ഫാറൂഖ് കോളേജിന് പുറത്ത് മേലേവാരം സാംസ്കാരികനിലയത്തില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു. നിരന്തരം ജാതീയ അവഹേളനങ്ങളെ അതിജീവിച്ച ശരണ്യ കെഎസ് അവാര്‍ഡ് ജേതാവ് വൈഖരി ആര്യാട്ടിന് സമര്‍പ്പിച്ചു. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകയും ദലിത് അവകാശപോരാട്ടങ്ങളിലെ സജീവസാന്നിധ്യവുമായ വൈഖരി ആര്യാട്ട് , ചലച്ചിത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രൂപേഷ് കുമാര്‍ , ശരണ്യ കെ എസ് , ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിനി അസ്മ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. മക്തൂബ് മീഡിയ എഡിറ്റര്‍ അസ്ലഹ് വടകര അധ്യക്ഷനായിരുന്നു.

ശരണ്യയുടെ വാക്കുകളിലൂടെ :

” ഞാൻ ന്യൂസ്‌ 18 കേരളയിലെ ദളിത് മാധ്യമപ്രവർത്തക…. പേര് ശരണ്യമോൾ കെ എസ്‌… മാസ്സ് കമ്മ്യൂണിക്കേഷൻ ജേർണലിസം 2011 ൽ എം ജി യൂണിവേഴ്സിറ്റി നിന്നും പഠിച്ചിറങ്ങി..

പദവിയും പ്രശസ്തിയും ആഗ്രഹിച്ചല്ല ഫാറൂഖ് കോളേജിൽ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചത്… അവർ തിരഞ്ഞെടുത്ത വിഷയം ഒന്നുമാത്രമാണ്… ന്യൂസ്‌ റൂമിലെ ജാതീയത.. അതായിരുന്നു വിഷയം…. എനിക്കും എന്തേലും മറ്റുള്ളവർക്ക് പറഞ്ഞു നൽകാൻ സാധിക്കും എന്നൊരു തോന്നൽ…ഞാൻ വന്ന വഴി അതിനു ഞാൻ കൊടുത്ത ബഹുമാനം അത് ആർകെങ്കിലും പ്രയോജനമാവട്ടെ എന്നു കരുതി…

പക്ഷെ എന്താണ് ന്യൂസ്‌ റൂമിലെ ജാതീയത എന്നത് എന്റെ സഹപ്രവർത്തകർ ഇന്നലെ എനിക്ക് അനുഭവത്തിലൂടെ കാട്ടിത്തന്നു… ഞാൻ പങ്കെടുക്കുന്നു എന്ന കാരണത്താൽ പ്രോഗ്രാം cancel ചെയ്യാൻ കോളേജിനോട് ആവശ്യപ്പെട്ടു…. കോളേജ് അധികൃതർ പരിപാടി cancel ചെയ്തു… എന്നാൽ അതേ പ്രോഗ്രാം സംഘാടകർ വേദി മാറ്റി നടത്തി…..

എനിക്ക് ഇതിൽ നിന്നും ഒരു കാര്യം മനസിലായി….. എന്നെ ഇന്നും അവർ തീണ്ടാപ്പാട് അകലെ നിർത്താൻ ശ്രമിക്കുന്നു…

കഴിഞ്ഞ 9മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ മരിക്കാൻ ശ്രെമിച്ചത്.. അവിടെ നിന്നും രക്ഷപെട്ടപ്പോൾ ഫേസ്ബുക് വഴിയും അല്ലാതെയും എന്നെ പലവിധത്തിൽ അപമാനിച്ചു. അന്നും ഞാൻ മൗനം പാലിച്ചു. പക്ഷെ ഇപ്പോൾ എന്റെ എല്ലാ മൗനവും അവർ ഇന്നലെ വീണ്ടും വാമൂടി കെട്ടി കൊല്ലാൻ നോക്കി.. ഇനി എനിക്ക് ഉറക്കെ മിണ്ടണം….

സഹപ്രവര്‍ത്തകരോട് ഒന്നുമാത്രം പറയാനുണ്ട്. നിങ്ങൾക്ക് എതിരെ ഞാൻ കൊടിപിടിക്കാത്തത് എന്റെ കഴിവ് കേടായി കാണരുത്. എനിക്ക് ബഹളം വെച്ച് ആളുകളെ കൂട്ടാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. NWMI പ്രവർത്തകർ പല ദളിത് സംഘടനകൾ,വ്യക്തികൾ എനിക്ക് ഒപ്പം നിലനിന്നപ്പോഴും നിരുൽഹപ്പെടുത്തി അവരെ മടക്കി അയച്ചു…. ചാനലിൽ തീണ്ടാപ്പാട് അകലെ എന്നെ നിർത്തിയവർ ഇന്ന് പൊതുസമൂഹത്തിലും തീണ്ടാപ്പാട് അകലെ നിർത്തുന്നു…….”

Be the first to comment on "ഞാന്‍ ശരണ്യ. കേരളം തീണ്ടാപ്പാടകലെ നിര്‍ത്തുന്ന മാധ്യമപ്രവര്‍ത്തക"

Leave a comment

Your email address will not be published.


*