https://maktoobmedia.com/

പറവ – ഉയരേ…ഉയരേ

മുകേഷ് കുമാര്‍

ഒരു virtual reality journey-യിലെന്ന പോലെ സിനിമയുടെ കഥാ പശ്ചാത്തലത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന സിനിമകളുണ്ട്. ആ ഭൂമികയില്‍ പ്രേക്ഷകനെയും പ്രവേശിപ്പിച്ച് അതിലെ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളെ തൊട്ടടുത്ത് നിന്നു കാണുന്ന മായികാനുഭവം പകര്‍ന്നു തരുന്ന സൃഷ്ടികള്‍…അത്തരത്തിലൊരു സിനിമയാണ് സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ ‘പറവ’. രണ്ടര മണിക്കൂര്‍ നേരം മട്ടാഞ്ചേരിയിലെ ഒരു കൂട്ടം മനുഷ്യരോടൊപ്പം കഴിഞ്ഞ പ്രതീതിയാണ് സിനിമ കഴിയുമ്പോഴുണ്ടാകുന്നത്. അവിടത്തെ കാഴ്ചകള്‍, ശബ്ദങ്ങള്‍, രുചികള്‍, ഇടുങ്ങിയ ഇടവഴികള്‍, ലോവര്‍ മിഡില്‍ ക്ലാസ്സ് വീടകങ്ങള്‍, കുഞ്ഞു മട്ടുപ്പാവുകള്‍, വിജനമായ കോണുകള്‍, കളിസ്ഥലങ്ങള്‍, പള്ളികള്‍, സ്ക്കൂള്‍ എന്നിവയെല്ലാം സിനമയുടെ കഥാഗതിയുമായി ആദ്യന്തം കെട്ടുപിണഞ്ഞു കിടക്കുകയാണ്.

ഇര്‍ഷാദ് എന്ന ഇച്ചാപ്പി, ഹസീബ് എന്നീ ബാലന്മാരുടെ സൗഹൃദത്തിലൂടെ തുടങ്ങുന്ന സിനിമ അവരുടെ കുടുംബ, വിദ്യാലയ ജീവിതങ്ങളിലൂടെ വികസിച്ച് ഒരു ദേശത്തിന്റെ കഥയായി പരിണമിക്കുകയാണ്. പ്രാവ് വളര്‍ത്തല്‍, പ്രാവ് പറത്തല്‍ മത്സരം എന്നിവയുടെ പുതുമയുള്ള കഥാപശ്ചാത്തലം സിനിമയ്ക്ക് മൊത്തത്തില്‍ ഒരു ഫ്രഷ്നസ്സ് നല്കുന്നുണ്ട്. ഇച്ചാപ്പി പറയുന്ന പോലെ ‘നമുക്ക് നമ്മുടേത് മതി’ എന്ന ലളിതമായ ജീവിത വീക്ഷണമുള്ള ഒരു കൂട്ടം മനുഷ്യരുടെയിടയില്‍ അതിന് കടക വിരുദ്ധമായ സ്വഭാവ സവിശേഷതകളുള്ള മറ്റ് ചിലര്‍ കടന്നു വരുമ്പോഴുള്ള സംഘര്‍ഷത്തിന്റെ കഥ കൂടിയാണ് പറവ.

ഒന്നര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്ത് സൗബിന്‍ ഷാഹിറിന്റെ ആദ്യ സിനിമയിൽ തെളിഞ്ഞു കാണുന്നുണ്ട്. അതിനാടകീയതയിലേക്ക് ഒരിക്കല്‍ പോലും വഴുതിപ്പോകാതെ നോക്കുന്നതിനൊപ്പം എല്ലാ ഘടകങ്ങളെയും നിയന്ത്രിച്ച് കൊണ്ടു പോകുന്ന ഒരു മികച്ച ക്യാപ്റ്റനെ സൗബിനില്‍ കാണാം. ഇച്ചാപ്പിയുടെ calf love അതീവ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. മുനീര്‍ അലിയും സൗബിനും ചേര്‍ന്ന് രചിച്ചിരിക്കുന്ന തിരക്കഥയും സംഭാഷണങ്ങളും ജീവിതത്തോട് തൊട്ടു നില്ക്കുന്നതും അതേ സമയം ഒഴുക്കുള്ളതുമാണ്. പറയാതെ പറഞ്ഞു പോകുന്ന പല തീക്ഷ്ണ ജീവിത കാഴ്ചകളും ചിത്രത്തിലുണ്ട്. ഉദാഹരണത്തിന് സെക്യൂരിറ്റി വേഷമണിഞ്ഞ അച്ഛനോടൊപ്പം നടക്കാൻ മടിച്ച് വേഗത്തില്‍ മുന്നോട്ട് നടക്കുന്ന മകനും, സ്ക്കൂളിലെ പഠിത്തം നിര്‍ത്തി വിവാഹം കഴിക്കേണ്ടി വരുന്ന പെണ്‍കുട്ടിയുമൊക്കെ…പ്രാവ് വളര്‍ത്തലിന്റെയും പട്ടം പറത്തലിന്റെയും ഫൈന്‍ പോയിന്റ്സ് ഉള്‍പ്പെടുത്തിയതും രസാവഹമായിരുന്നു. ഇച്ചാപ്പിയുടെയും ഹസീബിന്റെയും സൗഹൃദം യാതൊരു നാട്യങ്ങളില്ലാതെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ ഒരു മികച്ച ഛായാഗ്രാഹകന്റെ വരവറിയിക്കുന്നുണ്ട് ഈ ചിത്രം. Unconventional ഷോട്ട്സുകളുടെ ഒരു ദൃശ്യവിരുന്ന് തന്നെ ഒരുക്കിയിരിക്കുകയാണ് ലിറ്റില്‍ സ്വയമ്പ് എന്ന യുവ ഛായാഗ്രാഹകന്‍.‍ റെക്സ് വിജയന്റെ സംഗീതം കഥാഗതിക്ക് മാറ്റ് കൂട്ടുന്നതായി. ഗാനങ്ങള്‍ മിക്കവയും interlude ആയാണ് വരുന്നതെങ്കിലും ശ്രദ്ധേയമാണ്. വിനായക് ശശികുമാറിന്റെ വരികളെല്ലാം, പ്രത്യേകിച്ച് ‘പ്യാര്‍’ എന്ന ഗാനത്തിലേത്, ലളിതവും മനോഹരവുമായിരുന്നു. സ്റ്റണ്ട് കൊറിയോഗ്രാഫി ഞെട്ടിച്ചു കളഞ്ഞു. അടുത്തിടെ കണ്ടവയില്‍ മികച്ചതെന്ന് തന്നെ പറയാം.

താര പരിവേഷം നിഴലിയ്ക്കാത്ത തന്റെ വേഷം ദുല്‍ഖര്‍ സല്‍മാന്‍ മികച്ചതാക്കി. ഷെയ്ന്‍ നിഗം, സിദ്ദിഖ് എന്നിവര്‍ വികാര തീവ്രത ആവശ്യപ്പെടുന്ന തങ്ങളുടെ റോളുകള്‍ കയ്യടക്കത്തോടെ അവതരിപ്പിച്ചു. ടീച്ചറുടെ റോള്‍ അവതരിപ്പിച്ച ഉണ്ണിമായയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ശരിക്കും ടീച്ചര്‍ തന്നെ! സൗബിന്‍, ഗ്രിഗറി, ശ്രീനാഥ് ഭാസി, ആഷിഖ് അബു, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സ്രിന്ദ, ജാഫര്‍ തുടങ്ങി ചെറിയ വേഷങ്ങളില്‍ വന്നവര്‍ വരെ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. തികച്ചും സ്വാഭാവികമായ അഭിനയം കൊണ്ട് നമ്മുടെ മനസ്സ് കവര്‍ന്നു കളഞ്ഞു ഇച്ചാപ്പിയും ഹസീബും. ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ രണ്ട് മിടുക്കന്‍മാര്‍ക്കും ഒരു ബിഗ് സല്യൂട്ട്. ഇരട്ടക്കണ്ണി, ബ്ലൂ നെക്ക്, വൈറ്റ് ഹെഡ് തുടങ്ങി നിരവധി പ്രാവുകളുടെ പ്രകടനത്തെക്കുറിച്ച് പരാമര്‍ശിച്ചില്ലെങ്കില്‍ അത് നീതികേടാവും.

യുക്തിബോധമില്ലാത്ത കാഴ്ചകളുടെ ആടിത്തിമിര്‍ക്കലുകള്‍ക്കും ദുര്‍ഗ്രാഹ്യമായ ആവിഷ്കാര ശൈലി അലങ്കാരമായി കൊണ്ടു നടക്കുന്ന കപട സൃഷ്ടികള്‍ക്കും മുകളില്‍ ചിറക് വിരിച്ച് പറക്കാനുള്ള കെല്പ് ഈ പറവയ്ക്കുണ്ട്. സൗഹൃദത്തിന്റെ പൊട്ടാച്ചരട് കൊണ്ട് ആത്മവിശ്വാസത്തിന്റെ പട്ടം പറത്തുന്ന ഇച്ചാപ്പിയും ഹസീബും ഇനിയും ഏറെ നാള്‍ മനസ്സിലുണ്ടാവും. തിയേറ്ററുകളിലും.

കടപ്പാട് – സിനിമാപാരഡീസോ ക്ലബ് ഫേസ്ബുക്ക് ഗ്രൂപ്പ്

Be the first to comment on "പറവ – ഉയരേ…ഉയരേ"

Leave a comment

Your email address will not be published.


*