സര്‍ഗാത്മക പ്രതിഷേധവുമായി റോഹിങ്ക്യര്‍ക്കൊപ്പം സൗഹൃദ ഫുട്‌ബോള്‍ മത്സരം

റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായ കൂട്ടക്കുരുതിക്കെതിരെ ഡല്‍ഹിയില്‍ വ്യത്യസ്തവും സര്‍ഗാത്മകവുമായ പ്രതിഷേധം. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയില്‍ ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി തിരിച്ചറിയല്‍ രേഖകളുമായി കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥി സമൂഹത്തിനും അതിജീവനത്തിനായി അവര്‍ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹല്‍ഖ സെവന്‍സ് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.

സെപ്റ്റംബര്‍ 24 ഞായറാഴ്ച വൈകിട്ട് 7  മണിക്ക് ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിനടുത്ത് കന്നട സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടിലാണ് ഫുട്ബോള്‍ മാച്ച് നടന്നത്. ഡല്‍ഹിയിലെ ശ്രം വിഹാറില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന സിറാജുള്ള നയിച്ച റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ടീമായ ഷൈന്‍ സ്റ്റാര്‍ ക്ലബ്ബും, കഴിഞ്ഞ സീസണില്‍ ഹല്‍ഖ സെവന്‍സ് ടൂര്‍ണ്ണമെന്റ്റില്‍ ബൂട്ടുകെട്ടിയ ടീമുകളില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡല്‍ഹിയിലെ വിവിധ കാമ്പസുകളില്‍ നിന്നുള്ള മലയാളി താരങ്ങള്‍ അണിനിരന്ന ഹല്‍ഖ സൂപ്പര്‍ സെവന്‍സ് ടീമുമാണ് സൗഹൃദ ഫുട്‌ബോള്‍ കളിക്കാനിറങ്ങിയത്.

ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിക്യാമ്പുകളിലെ സേവനപ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യവുമായ നദീം ഖാന്‍ ഫുട്ബോള്‍ മാച്ച് ഉദ്ഘാടനം ചെയ്തു. ഷൈന്‍ സ്റ്റാര്‍ റോഹിങ്ക്യ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഹല്‍ഖ സെവന്‍സ് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ നേടി വിജയിച്ചു. വ്യത്യസ്ത കേന്ദ്രസര്‍വകലാശാലകളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ കാണികളായിരുന്നു. ഡല്‍ഹിയില മഥര്‍പൂരിലെ ക്യാമ്പിലെ റോഹിങ്ക്യന്‍ വംശജര്‍ കുടുംബസമേതമാണ് ഫുട്ബോള്‍ കാണാനെത്തിയത്.

റോഹിങ്ക്യന്‍ വംശജനും ആക്ടിവിസ്റ്റുമായ അലി ജൗഹര്‍ , സോഷ്യല്‍ ആക്ടിവിസ്റ്റ് ഷംന ഖാന്‍ , അഹ്ദാസ് , നസീല്‍ , ഇസ്ഹാഖ് ( ഡല്‍ഹി സര്‍വകലാശാല) വസീം ആര്‍ എസ് , ജലീസ് കോടൂര്‍ ( ജെഎന്‍യു) തഷ്രീഫ് മമ്പാട് , സാലിം ( ജാമിഅ മില്ലിയ) അസ്ലം , മുഹ്സിന്‍ ( അമിറ്റി കോളേജ് ) എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് ഷിഹാദ് നന്ദി പറഞ്ഞു.

Be the first to comment on "സര്‍ഗാത്മക പ്രതിഷേധവുമായി റോഹിങ്ക്യര്‍ക്കൊപ്പം സൗഹൃദ ഫുട്‌ബോള്‍ മത്സരം"

Leave a comment

Your email address will not be published.


*