വാക്സിനേഷന്‍: വര്‍ഗീയത പടര്‍ത്തുന്ന കെ സുരേന്ദ്രന്‍ വായിക്കാന്‍

വാക്സിനേഷന്‍ അനുകൂല പ്രതികൂലവാദങ്ങള്‍ നിലനില്‍ക്കെ കേരളത്തില്‍ മതഭീകരതയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് ഡോക്ടര്‍ ജിനേഷ് പി എസ് എഴുതിയ തുറന്ന കത്ത് വൈറലാവുന്നു.

ഡോ ജിനേഷിന്റെ കുറിപ്പ് വായിക്കാം :

ബിജെപി നേതാവ് കെ. സുരേന്ദ്രനോട്,

എം ആർ വാക്സിൻ യജ്ഞം തടയരുത് എന്ന് കൈകൂപ്പി അപേക്ഷിക്കുന്ന ഒരു ഡോക്ടറുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയുണ്ടായി. മുൻ കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ അടക്കമുള്ള ആൾക്കാർ ഈ ചിത്രം പങ്കുവെക്കുകയുണ്ടായി. വാക്സിനേഷൻ യജ്ഞത്തെ തടയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യവും നിരവധിപേർ ഉന്നയിക്കുകയുണ്ടായി. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനും ആരോഗ്യത്തിനും ആയുസ്സിനും വാക്സിൻ അത്യന്താപേക്ഷിതമാണ് എന്ന് തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഇത്. ഇത്തരം പ്രവർത്തനങ്ങളിൽ ഡോക്ടർ സമൂഹത്തിന്റെ ആത്മാർത്ഥമായ ഇടപെടലുകൾ ചിലരെങ്കിലും മനസ്സിലാക്കി എന്നുള്ളതിന്റെ അടയാളവുമാണിത്.

എന്നാൽ ഇന്ന് കെ സുരേന്ദ്രന്റെ പേജിൽ ഇതേ വാർത്ത പങ്കുവെക്കുകയുണ്ടായി. കേരളത്തിൽ മത തീവ്രവാദം ഉണ്ട് എന്ന രീതിയിലാണ് അദ്ദേഹം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് എന്നുമാത്രം. വാക്സിനേഷനെ എതിർക്കാൻ തയ്യാറായ വ്യക്തിയുടെ മതത്തെ കുറിച്ച് പരോക്ഷമായ സൂചന നൽകുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

വാക്സിനേഷൻ യജ്ഞത്തെ തടയാൻ ശ്രമിക്കുന്നവരോട് യാതൊരു രീതിയിലുമുള്ള യോജിപ്പില്ല എന്നു പറഞ്ഞുകൊണ്ട് തന്നെ ബാക്കി തുടരട്ടെ. അത്തരക്കാർക്കെതിരെ കേസെടുക്കുവാൻ സർക്കാർ തീരുമാനിച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് തന്നെ പറയട്ടെ.

കേരളത്തിലെ വാക്സിൻ വിരുദ്ധതയുടെ കേന്ദ്ര ബിന്ദുക്കൾ ഇവരൊന്നുമല്ല. നിരവധി വാട്ട്സ്ആപ്പ് ഓഡിയോ-വീഡിയോ സന്ദേശങ്ങളിലൂടെ വാക്സിൻ വിരുദ്ധത പടർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് എൻ. പി. പ്രസാദ്, മോഹനൻ, ജേക്കബ് വടക്കൻചേരി, സാജൻ സിന്ധു, പി. ജി. ഹരി തുടങ്ങിയവരാണ്. ഇവരെ പോലെയുള്ള ആൾക്കാർ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾക്ക് ഇരയാകുന്നവരാണ് മറ്റുള്ളവർ. ഇവരുടെയൊന്നും മതമോ ജാതിയോ പറയാൻ വേണ്ടിയല്ല ഞാൻ ഈ പേരുകൾ എഴുതിയത്. ഇത്രയും പേരെ കാണാതിരിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിക്കാൻ വേണ്ടി മാത്രമാണ്.

മൂല കാരകരായ വ്യക്തിത്വങ്ങളെ കുറിച്ച് കെ സുരേന്ദ്രന് അറിയാത്തതു കൊണ്ടാണോ എന്നറിയില്ല. പക്ഷേ, അദ്ദേഹം പങ്കു വെച്ച ചിത്രം മതേതരത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ്.

നമ്മുടെ കുട്ടികളുടെ ആയുസ്സിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വാക്സിനേഷൻ യജ്ഞങ്ങളിൽ പോലും മതവും ജാതിയും കൂട്ടിക്കുഴക്കുന്നത് തികച്ചും മര്യാദകേടാണ്. മതവും ജാതിയും തിരിക്കാതെ എല്ലാ ജനങ്ങളിലും വാക്സിനേഷൻ എത്തിക്കുക എന്നുള്ളതാണ് ജനാധിപത്യരാജ്യത്തിലെ പൗരന്റെ കടമ. അതിനായി വാദിക്കുക എന്നുള്ളതാണ് ഓരോരുത്തരും ചെയ്യേണ്ടത്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ കെ സുരേന്ദ്രന്റെ കടമ കൂടിയാണ് ഇത്.

അതിനാൽ തന്നെ ഒരു ചിത്രത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രതികരണങ്ങൾ നടത്തുന്ന കെ സുരേന്ദ്രനോട് വിയോജിക്കാതെ വയ്യ. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പരിപാടികളിൽ നിന്നെങ്കിലും ഇത്തരം പ്രസ്താവനകൾ ഒഴിവാക്കുക.

മതസ്പർധ ഉണ്ടാക്കുന്ന പ്രസ്താവനകൾ പിൻവലിച്ച് ശാസ്ത്രത്തോടൊപ്പം സഞ്ചരിച്ച് നമ്മുടെ കുട്ടികൾക്ക് വേണ്ടി വാക്സിനേഷൻ യജ്ഞത്തെ പിന്തുണയ്ക്കാൻ കെ. സുരേന്ദ്രനോട് അഭ്യർത്ഥിക്കുന്നു. നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളല്ലേ അവർ? മതത്തിനും ജാതിക്കും ദൈവത്തിനും അല്ലല്ലോ പ്രസക്തി, മനുഷ്യജീവനല്ലേ?

വാക്സിനേഷൻ യജ്ഞത്തെ പരാജയപ്പെടുത്താനായി ഗൂഢാലോചന സിദ്ധാന്തങ്ങൾ രൂപീകരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് വീണ്ടും ഒരിക്കൽ കൂടി അഭ്യർഥിക്കുകയും ചെയ്യുന്നു. നിലവിൽ ചിലർക്കെതിരെ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

Be the first to comment on "വാക്സിനേഷന്‍: വര്‍ഗീയത പടര്‍ത്തുന്ന കെ സുരേന്ദ്രന്‍ വായിക്കാന്‍"

Leave a comment

Your email address will not be published.


*