മറ്റേ പുള്ളിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം

സോഷൃല്‍മീഡിയയില്‍ വൈറലാവുന്ന സിഎസ് രാജേഷിന്റെ കവിത. മാസങ്ങള്‍ക്ക് മുമ്പ് താള്‍ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണീ കവിത.

(?) എങ്കിലും സാർ,
ആറെസ്സെസ്സിന്റെ ലക്ഷ്യം ഒരു ഹിന്ദുരാഷ്ട്രമാണല്ലോ.
(=) അതറിയാം.
ആറെസ്സെസ്സ് രൂപീകരിച്ചതേ അതിനാണല്ലോ (പുഞ്ചിരിക്കുന്നു )

(?) ക്രിസ്തുമതം ഒരു ക്രിസ്തീയരാഷ്ട്രം സ്വപ്നം കാണുന്നു.
(=) അതേയതെ,
അതവരുടെ ആഗോളപദ്ധതിയാണല്ലോ (ചിരി കുലുങ്ങുന്നു )

(?) കമ്മ്യൂണിസ്റ്റുകളുടെ ചിന്തയിൽ ഒരിന്ത്യൻ വിപ്ലവം തന്നെയാണ്.
(=) തീർച്ചയായും,
അവർ വിപ്ലവം നടക്കുമെന്നു തന്നെ വിശ്വസിക്കുന്നു (പിന്നേം ചിരിക്കുന്നു )

(?) ഗാന്ധിയന്മാരുടെ ഉള്ളിൽ ഒരു സനാതന രാമരാജ്യമാണ്.
(=) ശരിയാണ്,
ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ടല്ലോ ദൈവം (മുഖത്ത് ഭക്തി പടരുന്നു )

(?) മാവോയിസ്റ്റുകൾ ഉന്നം വെക്കുന്നത് ഒരു മാവോയിസ്റ്റ് റിപ്പബ്ലിക്കാണ്.
(=) അതെ,
രാജ്യത്തെ കുറെയേറെ ജില്ലകൾ അവരുടെ കീഴിലാണല്ലോ (വീണ്ടും ചിരിക്കുന്നു )

(?) യുക്തിവാദികളുടെ മനസ്സിലുമുണ്ടാകാം ഒരു പരിപൂർണ്ണ നാസ്തിക രാജ്യം.
(=) ന്യായമല്ലേ,
എല്ലാവരെയും പോലെ സ്വന്തം രാഷ്ട്രം ചിന്തിക്കാൻ
അവർക്കുമുണ്ടല്ലോ സ്വാതന്ത്ര്യം (പൊട്ടിച്ചിരിക്കുന്നു )

(?) അംബേദ്ക്കറൈറ്റുകളുടെ ലക്ഷ്യം ഒരു ജാതി ഉൻമൂലിത ഇന്ത്യയാണ്.
(=) അത്തരം വാദമൊന്നും ശരിയല്ല,
ഇവിടെയിപ്പം ആർക്കാണ് ജാതി (ഗൗരവം വരുന്നു)

(?) ഇസ്ലാമിസ്റ്റുകളുടെ ലക്ഷ്യം ഇത് മുസ്ലിം രാഷ്ട്രമാക്കുക എന്നതാണ്.
(=) തനി തീവ്രവാദമല്ലേയത്,
മുളയിലേ നുള്ളേണ്ടത് ( കണ്ണ് ചുവക്കുന്നു, പുരികം വളയുന്നു, രക്തമിരച്ചു കയറുന്നു )

Be the first to comment on "മറ്റേ പുള്ളിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം"

Leave a comment

Your email address will not be published.


*