ദളിത് എന്ന പദം പ്രസിദ്ധീകരണങ്ങളിൽ നിന്നും ഒഴിവാക്കണമെന്നു കേരളസർക്കാർ

ഗവണ്മെന്റിന്റെ അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും ദളിത് എന്ന പദം പൂർണമായും ഒഴിവാക്കണമെന്നു കേരളസർക്കാരിന്റെ സർക്കുലർ. ഹരിജൻ , ദളിത് , ഗിരിജൻ എന്നീ പദങ്ങൾ പട്ടികജാതി വിഭാഗത്തിൽ പെട്ടവരെ അവഹേളിക്കുന്നതാണെന്നും ആയതിനാൽ ഇവ അച്ചടി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നുമാണ് സർക്കുലർ.

ഈ ആവശ്യമുന്നയിച്ചു ജിതിൻ ആർ എസ് സംസ്ഥാന പട്ടികജാതി പട്ടികഗോത്ര കമ്മീഷൻ മുമ്പാകെ നൽകിയ പരാതിയെ തുടർന്നാണ് സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം ഒക്ടോബർ 7 നു സർക്കുലർ ഇറക്കിയത്. സർക്കാരിന്റെ പ്രതിമാസപ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം , കേരള കാളിങ് എന്നിവയിലും മറ്റു പരസ്യങ്ങളിലും ഈ പദങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.

ഹരിജൻ , ഗിരിജൻ തുടങ്ങിയ പദങ്ങൾക്കെതിരെ ദളിത് ബുദ്ധിജീവികളും ചിന്തകരും നേരത്തെ നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ദളിത് എന്നത് കൂടുതലും രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന പദമാണ്. സർക്കാറിന്റെ തന്നെ സാഹിത്യ അക്കാദമി , ചലച്ചിത്ര അക്കാദമി തുടങ്ങിയവ ദളിത് സാഹിത്യം , ദളിത് സിനിമ എന്നിവയുമായി ബന്ധപ്പെട്ടു ശില്പശാലകൾ സംഘടിപ്പിക്കുകയും പ്രസിദ്ധീകരണങ്ങൾ ഇറക്കിയതുമാണ്.

ജ്യോതിബാ ഫുലെ , അംബേദ്‌കർ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ ദളിത് എന്ന പദം ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരെ പൊരുതുന്ന പാർശ്വവത്‌കൃതയെ ജനതയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. ഗാന്ധി ഹരിജൻ എന്ന പദം ഉപയോഗിച്ചപ്പോൾ അംബേദ്‌കർ അടക്കമുള്ളവർ വിമർശിച്ചിരുന്നു. ദളിത് എന്ന പദം പൊതുവെ ഒരു assertion എന്ന അർത്ഥത്തിലാണ് ഉപയോഗിക്കാറുള്ളത്. നിലവിലെ ഹിന്ദു സമൂഹത്തിന്റെ ഭാഗമല്ല തങ്ങളെന്നുള്ള വാദം ദളിത് വായനകളിൽ കാണാം. ഇതിനെ ഹിന്ദുത്വശക്തികൾ ശക്തമായി എതിർത്തിരുന്നു. പട്ടികജാതി പട്ടികഗോത്രം എന്നിവ മാത്രം ഉപയോഗിച്ചാൽ മതിയെന്നായിരുന്നു ഇവരുടെ വാദം. അതുകൊണ്ടുതന്നെ ദളിത് എന്ന പദം ഒഴിവാക്കുമ്പോൾ അത് കൂടുതൽ ഗൗരവപരമായ ചർച്ചക്ക് സാഹചര്യമൊരുക്കും.

 

Leave a comment

Your email address will not be published.


*