യുവർ ഹോണർ , വിയോജിക്കാനുള്ള സ്വാതന്ത്ര്യമല്ലേ ജനാധിപത്യം?

അമീൻ ഹസ്സൻ

വിദ്യാർഥി രാഷ്ട്രീയം അഴിമതി പോലെ തുടച്ച് നീക്കേണ്ടുന്ന വിപത്താണ് എന്ന് തോന്നും കോടതി ഉത്തരവ് വായിച്ചാൽ. Educate, Organize, Agitate എന്ന് നമ്മളെ പഠിപ്പിച്ച ഡോ.അംബേദ്ക്കറുടെ ത്യാഗനിർഭരമായ രാഷ്ട്രീയ ജീവിതത്തെ കാണാനാവാതെ അദ്ധേഹത്തിന്റെ ഒരു പ്രഭാഷണത്തിലെ വരികൾ എഴുതിവെച്ചത് വളരെ തെറ്റായ രീതിയാണ്.എന്ന് മാത്രമല്ല ഈ വ്യാഖ്യാനമനുസരിച്ച് രാജ്യത്തെ മുഴുവൻ സമരങ്ങളും പ്രതിഷേധങ്ങളും നിരോധിക്കണം.അംബേദ്ക്കർ പറഞ്ഞ വിദ്യഭ്യാസം കോടതി പറഞ്ഞ അക്കാദമിക്‌സ് ഏതായാലും അല്ല.അവകാശങ്ങൾ നേടിയെടുക്കാൻ ഭരണഘടനാപരമായ വഴികൾ സ്വീകരിക്കണം എന്നാണ് പറയുന്നത്.ആശയ പ്രകാശനവും സംഘചേരുന്നതും പ്രതിഷേധിക്കുന്നതും ഭരണഘടനാപരമല്ലെന്ന് പറയുന്നത് ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്ല്യമാണ്.കാമ്പസുകൾ അക്കാദമികമായ കാര്യങ്ങൾക്ക് മാത്രമുള്ളതാണ് എന്ന് കേരള ഹൈക്കോടതിക്ക് ചുമ്മാ കേറി പറയാനാവുമോ?

എന്താണ് വിദ്യാഭ്യാസം? ഏന്താണ് അക്കാദമികം? എന്താണ് ക്യമ്പസുകളിൽ ഉണ്ടാവേണ്ടത് എന്നൊക്കെ തീരുമാനിക്കാൻ ഭരണഘടന കോടതിയെ ചുമതലപെടുത്തിയിട്ടുണ്ടോ? അവകാശങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്നവരാണോ വിദ്യാർഥികൾ?.കാമ്പസുകൾക്ക് സമൂഹത്തിന്റെ മുന്നോട്ട് പോക്കിലും രാഷ്ട്രീയത്തിലും ഒരു പങ്കും വഹിക്കാനില്ലേ?.അതൊന്നും കാണാൻ കോടതിക്ക് സാധിക്കാത്തത് കോടതിയുടെ ജനാധിപത്യബോധം ഭരണഘടനാ വിഭാവനം ചെയ്യുന്നത്ര പോലും വികസിക്കാത്തത് കാരണമാണ്.

അംബേദ്ക്കറുടെ രാഷ്ട്രീയത്തെ കുറിച്ച് മാത്രമല്ല വിദ്യാർഥി രാഷ്ട്രീയത്തെ കുറിച്ചും ഒരു കാഴ്ച്ചപാടുമില്ലാതെയുള്ള വിധിന്യായമാണിത്.ഭരണഘടനാപരമായ മാർഗം എന്ന് പറഞ്ഞാൽ എന്താണ്? കോടതി അടക്കമുള്ള ഭരണകൂട സംവിധാനങ്ങളുടെ മുന്നിൽ വിനീത വിധേയരായ കൈനീട്ടി നിൽക്കുക എന്നാണോ? അപ്പോൾ പിന്നെ ചിന്തിക്കാനും ആശയപ്രകാശനത്തിനും സംഘചേരാനും എല്ലാം മൗലികാവകാശമുണ്ടെന്ന് ഭരണഘടനയിൽ പറയേണ്ടുന്ന കാര്യമെന്താണ്? ഭരണഘടന വിദ്യാർഥികൾക്ക് ബാധകമല്ല എന്നാണോ കോടതിയുടെ നിലപാട്? നിങ്ങൾ സമരം ചെയ്യരുത് എന്നുള്ളത് ഒരു ഭരണകൂട ഭാഷ്യമാണ്. കാമ്പസിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം പോലീസാണ് എന്നതാണ് വിധിയുടെ അന്ത:സത്ത. എന്തൊരു ജനാധിപത്യബോധം!

കോടതി പറയുന്നത് കേട്ടാൽ വിദ്യാർഥി സംഘടനകൾ ഇല്ലാത്ത കാമ്പസുകൾ അക്കാദമികമായി ഉയർന്ന നിലവാരം കൊണ്ട് ലോകത്തിന് മാതൃകയായിരുക്കുകയാണെന്ന് തോന്നിപോകും. ഏതായാലും ഈ വിധി കാമ്പസ് രാഷ്ട്രീയത്തിൽ ഒരു വ്യത്യാസവും വരുത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ കാമ്പസുകളും അസാധ്യമായതിനെ സാധ്യമാക്കുന്നതിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയ കാലമാണിത്. ഭരണകൂടത്തിനും കോർപ്പറേറ്റ് വിപണി താൽപര്യങ്ങൾക്കും കാമ്പസ് രാഷ്ട്രീയം നിരോധിക്കാൻ പാകത്തിന് കാമ്പസുകളെ ജനാധിപത്യമില്ലാത്ത തുരുത്തുകളാക്കുന്ന എസ് എഫ് ഐക്ക് ഈ കോടതിവിധിയുടെ ബാധ്യതയിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. എൻ എസ് എസിനെയും കൃസ്ത്യൻ മാനേജ്‌മെന്റുകളെയും പോലെ തന്നെ കാമ്പസ് ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള എം ഇ എസിന്റെ താൽപര്യവും ചോദ്യം ചെയ്യപെടണം

Be the first to comment on "യുവർ ഹോണർ , വിയോജിക്കാനുള്ള സ്വാതന്ത്ര്യമല്ലേ ജനാധിപത്യം?"

Leave a comment

Your email address will not be published.


*