മെർസൽ പറയുന്നത് ജിഎസ്ടിക്കും നോട്ടുനിരോധനത്തിനും അപ്പുറത്തുള്ള ചിലതല്ലേ?

നസീല്‍ വോയ്സി

‘മെർസൽ’ തീയറ്ററിൽ പോയി കാണാൻ ഒട്ടുമിക്ക ആൾക്കാരെയും പോലെ വിവാദങ്ങളും ചർച്ചകളും തന്നെയായിരുന്നു കാരണം. പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ പ്രധാനമായും ഉയർന്നു കേൾക്കുന്ന വിഷയങ്ങൾക്കും അപ്പുറത്ത് ഒരാധി പടർന്നു കയറിയിട്ടുണ്ട്!

നോട്ടു നിരോധനത്തിനെയും ജി എസ്ടിയെയും എതിർത്തു എന്നതാണല്ലോ സിനിമക്ക് നേരിടേണ്ടി വരുന്ന എതിർപ്പുകൾക്കു പിന്നിലെ കാരണം. പക്ഷെ അതിനുമപ്പുറം ചിലതുള്ളത് പോലെ. ‘nothing is really what it seems’ എന്നതാണല്ലോ ഇപ്പഴത്തെ ഒരു അവസ്ഥ. കാര്യത്തിലേക്കു വരാം.

മെഡിക്കൽ രംഗത്തെ കൊള്ളരുതായ്മകൾക്കും സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രികളുടെ തോന്ന്യാസങ്ങൾക്കും എതിരായി വളരെ പ്രത്യക്ഷത്തിൽ സംസാരിക്കുന്ന സിനിമയാണ് മെർസൽ. മരിച്ചതിനു ശേഷം ഓപ്പറേഷൻ നടത്തുന്നതും അവയവ കച്ചവടത്തിന് വില പേശുന്നതും രോഗി അഡ്മിറ്റാവുമ്പോഴേക്ക് തന്നെ എല്ലാ ടെസ്റ്റും ചേർത്ത് ബില്ലടിച്ചു വെക്കുന്നതും അങ്ങനെ എല്ലാമുണ്ട്. ഓരോ അവയവത്തിനും സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ ഉയരുന്നതും മെഡിക്കൽ ചെക്കപ്പിന്റെ പേരിലെ ഉഡായിപ്പുകളുമെല്ലാം നായകൻ തന്നെ ഇടയ്ക്കിടെ പറയുന്നു. അപകടം പറ്റിയ കുട്ടിയുടെ തലച്ചോറ് മരിച്ചതിനു ശേഷം ഒന്ന് കീറി ഓപറേഷൻ ചെയ്തെന്നു വരുത്തി, ലക്ഷങ്ങളുടെ ബില്ലടച്ചാൽ മാത്രം ബോഡി വിട്ടു തരാമെന്ന് പറയുന്ന ആശുപത്രിയും എച് ആറും. നോർമൽ ഡെലിവറി സാധ്യമാകുന്നിടത്ത് സിസേറിയൻ പരീക്ഷിക്കുന്ന, പരിചയമില്ലാത്ത ഡോക്ടറോട് രോഗിയുടെ മേൽ അനസ്തേഷ്യ ചെയ്തു പ്രാക്ടീസ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഡോക്ടർ…ഇതൊക്കെ തന്നെയാണ് സിനിമയിലുടനീളം. ചുരുക്കിപ്പറഞ്ഞാൽ ഡോക്ടറുടെ/ആശുപത്രിയുടെ സേവനം ‘സേവനമാണോ അതോ കച്ചവടമാണോ?’ എന്ന ചോദ്യമാണ് തിരക്കഥയുടെ അടിസ്ഥാനം. (വിജയ് മസാല ആവശ്യത്തിനുണ്ട്. അത് വിടാം )

ഇനി, സിനിമക്ക് പുറത്തെ ‘സീനുകൾ’.
റിലീസിന് മുൻപുള്ള പൊട്ടലും ചീറ്റലും റിലീസിനോട് ചേർന്നുള്ള സെൻസർ ബോർഡ് മുറുമുറുപ്പും എല്ലാം കഴിഞ്ഞതിനു ശേഷം, ദീപാവലിക്ക് സിനിമ തീയറ്ററിൽ എത്തിയതിനു ശേഷം, ഇതിനെതിരെ ആദ്യം രംഗത്ത് വന്നത് തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിലിസെ സൗന്ദരരാജനാണ്. കാരണമായി മേൽപ്പറഞ്ഞ നോട്ടു നിരോധനവും ജി എസ്ടിയും നിരത്തി. കേട്ട പാതി കേൾക്കാത്ത പാതി വിജയുടെ മതം ചികഞ്ഞു കച്ചറയാക്കാൻ കൊറേ അലമ്പ് ബിജെപിക്കാരും ഇറങ്ങി.

ആരാണ് ഈ ബിജെപി അധ്യക്ഷ എന്നറിയുമോ? ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, എംബിബിഎസ്‌ കഴിഞ്ഞ്, കാനഡയിൽ നിന്ന് സൊനോളജിയിലും ഫീറ്റൽ തെറാപ്പിയിലും ഉന്നത പഠനം നടത്തി പല സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളിലും കൺസൽട്ടൻറ് ആയി സേവനം അനുഷ്ഠിച്ചിരുന്ന, മെഡിക്കൽ അസോസിയേഷനിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന ഡോക്ടർ! അവരോടൊപ്പം തന്നെ പ്രധിഷേധവുമായെത്തിയത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ! കാരണം “സിനിമ ഡോക്ടർമാരെ അധിക്ഷേപിക്കുന്നു” എന്ന്!

 

നായക കഥാപാത്രമായ ‘ഡോക്ടർ മാരൻ’, മെഡിക്കൽ രംഗത്തെ ദുഷ്പ്രവണതകളെ കുറിച്ച് പറയുന്ന ഒരു സീനുണ്ട് സിനിമയിൽ. ചാനൽ ചർച്ചയാണ്. അതിൽ പങ്കെടുത്ത ഒരു ഡോക്ടർ ഇത് കേട്ട് രോഷാകുലനായി എണീറ്റ് നിന്ന് “ഇത് അപമാനിക്കലാണ്” എന്ന് പറഞ്ഞ് മാരന് നേരെ ചാടിയലറുന്നു. “എല്ലാ ഡോക്ടർമാരെയും കുറ്റപ്പെടുത്തിയിട്ടില്ല. നൂറിൽ ഒരു പത്ത് പേരെങ്കിലും ഇങ്ങനെ ഉള്ള കച്ചവടക്കാരാണ് എന്നാണു ഉദ്ദേശിച്ചത്. സാധാരണ ഇത് കേൾക്കുമ്പോൾ അവർക്കാണ് കോപം വരാറുള്ളത്. താങ്കൾ ആ പത്ത് പേരിൽ പെട്ടയാളാണോ?” എന്ന ഒറ്റ മറു ചോദ്യത്തിൽ അയാൾ ക്ളീൻ ബൗൾഡ്.

വടിവേലു നോട്ടു നിരോധനത്തെ കളിയാക്കുന്നതോ ജിഎസ്ടി യെ ചോദ്യം ചെയ്യുന്നതോ അല്ല, നായകൻ ഡോക്ടർ മാരൻ ചോദിച്ച ആ ചോദ്യം തന്നെയാണ് ഈ സിനിമ ചിലരെ അസ്വസ്ഥമാക്കുന്നതിൽ പ്രധാനമെന്ന് തോന്നുന്നു. 2017 ൽ 160 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാട് നടക്കുന്ന, 2020 ഓടെ അത് 280 ബില്യൺ ഡോളറായി ഉയരുമെന്ന് കണക്കു കൂട്ടപ്പെടുന്ന ഒരു രാജ്യത്ത് ഈ ചോദ്യം അസ്വസ്ഥത ഉണർത്താതിരിക്കില്ലല്ലോ. മെഡിക്കൽ പ്രൊഫഷൻ ; ആശുപത്രികൾ ; ആരോഗ്യ രംഗം എന്നത് കച്ചവടമാണോ അതോ സേവനമാണോ എന്ന ആ ഒരൊറ്റ ചോദ്യം തന്നെയാണ് മെർസലിലെ ഏറ്റവും വലിയ രാഷ്ട്രീയം.

ജി എസ്ടിയും നോട്ടു നിരോധനവുമൊക്കെ ഒരു സിനിമയിലൂടെ അപഹസിക്കപ്പെട്ടു എന്ന് കരുതി ചാടിക്കളിക്കുന്ന വെറും പൊട്ടന്മാരൊന്നുമല്ല ഈ പ്രതികരണക്കാർ! വരി നിന്നും റേഷനരി കിട്ടാതെയുമൊക്കെ മനുഷ്യന്മാർ ചത്ത് വീണിട്ടും ഇളകാത്ത ടീമുകളാണ്. ഈ ഇളക്കം കണ്ടു ഇതിനപ്പുറത്തുള്ള വാരി വായിക്കാതെ പോകുന്ന നമ്മളെ നോക്കി തിരശീലക്കപ്പുറത്തു നിന്ന് അവരിപ്പോഴും വാ പൊത്തി ചിരിക്കുന്ന പോലൊരു തോന്നൽ.

 

Be the first to comment on "മെർസൽ പറയുന്നത് ജിഎസ്ടിക്കും നോട്ടുനിരോധനത്തിനും അപ്പുറത്തുള്ള ചിലതല്ലേ?"

Leave a comment

Your email address will not be published.


*