അയങ്കാളിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമെന്ന് പാ രഞ്ജിത്ത്

മഹാത്മാ അയ്യങ്കാളിയുടെ ചരിത്രം മലയാളത്തില്‍ സിനിമയാക്കി ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് തമിഴ് സംവിധായകൻ പാ രഞ്ജിത്ത്. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് രഞ്ജിത്ത് തന്റെ ആഗ്രഹം പങ്കുവെച്ചത്. ജാതീയതക്കെതിരെ പോരാടിയ അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കുന്നതിലൂടെ അംബേദ്കറൈറ്റ് രാഷ്ട്രീയം കൂടുതൽ പേരിൽ എത്തിക്കാൻ സാധിക്കുമെന്ന് അംബേദ്കറൈറ്റ് ആക്ടിവിസ്റ്റ് കൂടിയായ രഞ്ജിത്ത് മനസ്സ് തുറന്നു.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട അയങ്കാളി അനുസ്മരണ പരിപാടിയില്‍ പാ രഞ്ജിത്തായിരുന്നു മുഖ്യാതിഥി.

“അയ്യങ്കാളി ഒരു യഥാർത്ഥ മഹാത്മാവാണ്. ജാതീയത കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് അദ്ദേഹം സവർണ്ണ മേധാവിത്വത്തിനെതിരെ ശബ്ദിക്കുന്നത്. അയ്യങ്കാളിയും അംബേദ്ക്കറും ദളിത് സമൂഹത്തിനു വേണ്ടി ശബ്ദിച്ചവരാണ്.” അന്ന് അയ്യൻങ്കാളി അനുസ്മരണ സംഗമം ഉദ്‌ഘാടനം ചെയ്യുന്നതിനിടെ രഞ്ജിത്ത്  സംസാരിച്ചു.

കേരളത്തിലെ ജാതിവിരുദ്ധ സമരനായകൻ അയ്യങ്കാളിയുടെ അവിസ്മരണീയ ജീവിതചരിത്രം മലയാളത്തിൽ തന്നെ സിനിമയായി ചിത്രീകരിക്കാനാണ് തമിഴ് സംവിധായകന്റെ ആഗ്രഹം. ഈയടുത്ത് ചലചിത്ര നടന്‍ വിനായകനും ഒരു ചാനല്‍ അഭിമുഖത്തിനിടെ അയങ്കാളിയാണ് തന്റെ ഹീറോവെന്ന് പറഞ്ഞിരുന്നു. നേരത്തെ ഗോരക്ഷയുടെ പേരില്‍ ഹിന്ദുത്വവാദികള്‍ മുസ്ലിംകളെയും ദലിതുകളെയും വേട്ടയാടുന്ന സാഹചര്യത്തില്‍ സമൃദ്ധമായ ബീഫിന്റെ ലഭ്യതയാണ് തന്നെ കേരളത്തോട് അടുപ്പിക്കുന്നതെന്ന് പാ രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയിൽ തന്നെ വാണിജ്യ സിനിമകളിലൂടെ ഫാസിസത്തിനെതിരെ സംസാരിക്കുകയും അംബേദ്ക്റൈറ്റ് രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചുരുക്കം സംവിധായകരിൽ ഒരാളാണ് പാ രഞ്ജിത്ത്.

” തന്റെ മുൻഗാമികൾ ജാതിക്കെതിരെ തങ്ങളുടെ സിനിമകളിൽ സംസാരിക്കണം എന്നാഗ്രഹിച്ചിട്ടുണ്ടാവും. എന്നാൽ നിർമാതാക്കളുടെയും അഭിനേതാക്കളുടെയും സമ്മർദങ്ങൾക്ക് മുമ്പിൽ അത് നടക്കാറില്ലെന്നാണ് പതിവ്. അംബേദ്കറൈറ്റ് രാഷ്ട്രീയം പറയുന്ന വാണിജ്യചിത്രങ്ങൾ നിർമിക്കുന്നത് ആ സന്ദേശം കൂടുതൽ പേരിലെത്താനാണ്. ” പാ രഞ്ജിത്ത് മുമ്പൊരിക്കല്‍ പറഞ്ഞു.

Compiled by Shafaf Muradh

Be the first to comment on "അയങ്കാളിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമെന്ന് പാ രഞ്ജിത്ത്"

Leave a comment

Your email address will not be published.


*