ബ്രാഹ്മണിസത്തിനെതിരെ മ്യൂസിക്കൽ കലാപവുമായി വില്ലുവണ്ടി മെറ്റൽ ബാൻഡ്

ചരിത്രം പറയാം

1860ലാണ് കേരളത്തിലൊരു പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറിൽ ആരംഭിക്കുന്നത്. തിരുവിതാംകൂറിൽ തെക്ക്-വടക്കൊരു പാത നിർമ്മിക്കാമെന്ന് വിദേശിയായ എഞ്ചിനീയർ അന്ന് രാജാവെന്നു അവകാശപ്പെടുന്ന ശ്രീമൂലം തിരുന്നാളിനോട് പറഞ്ഞപ്പോൾ ” മുറജപമഹോൽസവം വരുകയാണ് അത് കൊണ്ട് പണവും തൊഴിലാളികളെയും തരാൻ കഴിയില്ലാ”യെന്നാണ് മറുപടി ലഭിച്ചത്. കാരണം രാജാക്കൻമാർക്ക് റോഡാവശ്യമില്ലായിരുന്നു. പല്ലക്ക് ചുമക്കുന്നവൻ ഏതുവഴി പോകുന്നുവെന്നതും അവർക്കൊരു പ്രശ്‌നമേയല്ലായിരുന്നു . പിന്നീട് പതിയെ പതിയെ റോഡുകൾ നിർമ്മിച്ചു. രാജവീഥികളും ഗ്രാമവീഥികളെന്നുമുള്ള രണ്ട് തരം റോഡുകൾ നിർമ്മിക്കപ്പെട്ടു. രാജവീഥികൾ പൊതു വഴികളും ഗ്രാമവീഥികൾ സ്വകാര്യ വഴികളുമായിരുന്നു. 1886ൽ എല്ലാ ജാതിമതസ്ഥർക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുത്തെങ്കിലും സമൂഹം അനുവദിച്ചില്ല.

പുലയജാതിയിൽ ജനിച്ച അയ്യങ്കാളിക്ക് ചെറുപ്പത്തിലേ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്യ നിഷേധം. വിശേഷ വസ്ത്രങ്ങളിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ പാർശ്വവത്‌കൃതരായവർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ നാണയത്തിൽ നേരിടാൻ അയ്യങ്കാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച്, പൊതുവീഥിയിലൂടെ സാഹസിക യാത്ര നടത്തി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യങ്കാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തു. ജാതീയതക്കെതിരെയും സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനെതിരെയും അയ്യങ്കാളി നടത്തിയ ആ ഒറ്റയാൾ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്. തിരുവിതാംകൂറിലെ രാജപാതയില്‍ തങ്ങൾക്കും വഴിനടക്കാനുള്ള അവകാശത്തിനായി നടത്തിയ പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണ് പ്രസിദ്ധമായ വില്ലുവണ്ടി യാത്ര.

വില്ലുവണ്ടി , സമരം സംഗീതത്തിലൂടെ

സവർണഹുങ്കിനെതിരെയുള്ള പ്രതിരോധത്തിന്റെ എക്കാലത്തെയും ഉജ്ജ്വല മാതൃകയായി വില്ലുവണ്ടി മാറുകയായിരുന്നു. ഇന്നും അപകടകരമാം ഇന്ത്യൻ സമൂഹത്തിൽ ജാതീയത നിലനിൽക്കുന്നു. ദളിത് സമൂഹങ്ങളെ ഉന്നം വെച്ച് ഭരണകൂടത്തിന്റെ സവർണഹിന്ദുത്വപ്രസ്ഥാനങ്ങൾ പരസ്യമായി തന്നെ വേട്ട തുടരുന്നു. ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥിനേതാവും ഗവേഷകനുമായ രോഹിത് വെമുലയടക്കമുള്ളർ സവർണഭീകരതയാൽ കൊല്ലപ്പെടുന്നു. ഈ സാഹചര്യത്തിൽ സർഗാത്മകമായ ചെറുത്തുനിൽപ്പുകൾ തുടരേണ്ടതുണ്ടെന്ന ബോധ്യത്തിൽ നിന്നും രൂപപ്പെട്ടതാണ് വില്ലുവണ്ടി മ്യൂസിക്കൽ ബാൻഡ്. അയ്യങ്കാളിയുടെ വില്ലുവണ്ടിയെ സ്മരിച്ചു ആരംഭിച്ച മ്യൂസിക്കൽ ബാൻഡ് . സമരങ്ങളുടെ ചരിത്രം ഏറെ പറയാനുള്ള എറണാകുളം മഹാരാജാസ് കോളേജിലെ ദളിത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച സംഗീത കൂട്ടായ്മയാണ് വില്ലുവണ്ടി മ്യൂസിക്കൽ ബാൻഡ്. മഹാരാജാസിലെ ഡിഗ്രി വിദ്യാർത്ഥികളായ സേതു , സ്വാതി സംഗീത്,  കുസാറ്റ് സർവകലാശാലയിലെ വിദ്യാർത്ഥിയായ ബാലു , സുബി എന്നിവരാണ് വില്ലുവണ്ടിയിലെ അംഗങ്ങൾ.

” ഈറ്റ് മീ ബ്രദർ ” , രോഹിത് വെമുലയെ സ്മരിച്ചുള്ള ‘ നിഴലുകളിൽ നിന്ന് നക്ഷത്രങ്ങളിലേക്ക് ” , ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ നജീബ് അഹ്മദിന് വേണ്ടി സംസാരിക്കുന്ന ‘ നജീബ്’ ,  അംബേദ്ക്കറെ അനുസ്‌മരിച്ച് ‘ബ്ളാക്ക് ഗോഡ്’ എന്നിവ വില്ലുവണ്ടിയുടെ പ്രധാനഗാനങ്ങളാണ്

ബാബാസാഹിബിന്റെ കോട്ടും നാഗ്‌പൂരിലെ മെഗാഷോയും

വില്ലുവണ്ടി മെറ്റൽ ബാൻഡ് ടീമിന്റെ പ്രധാന അംഗവും ദളിത് ആക്ടിവിസ്റ്റുമായ സേതു സംസാരിക്കുന്നു ” വില്ലുവണ്ടിക്ക് ഒരു വലിയ ചരിത്രമുണ്ടെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല . പൊതുവഴി തങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ചരിത്ര പ്രഖ്യാപനത്തോടെ മഹാത്മാ അയ്യൻകാളി നയിച്ച യാത്ര. ഞങ്ങളുടെ ബാൻഡ് ഒരു സമരമാണ്. ഇന്ന് ഇന്ത്യയിൽ ദളിതുകളും മറ്റു പാർശ്വവത്‌കൃത സമൂഹങ്ങളും , പ്രത്യേകിച്ച് മുസ്ലിംകളും തങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തലിനു നേരെ ചെറുത്തുനില്പിന്റെ പാതയിലാണ്. അവരോടുള്ള ഐക്യദാർഢ്യത്തോടെ സംഗീതത്തിലൂടെ സമരം ചെയ്യുകയാണ് വില്ലുവണ്ടി മ്യൂസിക്കൽ ബാൻഡ് . ഞങ്ങളുടെ ബാൻഡിൽ യാതൊരുവിധ ബ്രാഹ്മണിക്കൽ സംഗീതോപകരണങ്ങളും ഉപയോഗിക്കുന്നില്ല. ബാബാസാഹിബ് അംബേദ്‌കർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയപാതയിലൂടെ ഈ രാജ്യത്ത് ഒരു വലിയ ബഹുജൻ വിപ്ലവം ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം ”

”ഈ നാട് നമ്മുടേതാണ്. അത് നാം തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിനുള്ള ഒരു ഉണർത്തുപാട്ടാണ്‌ വില്ലുവണ്ടി. ഇതിനു നിങ്ങളുടെ , പ്രത്യേകിച്ച് യുവജനതയുടെ പിന്തുണ ഞങ്ങൾ തേടുകയാണ്. നാഗ്‌പൂരിൽ ബാബാസാഹിബ് അംബേദ്‌കർ ലക്ഷകണക്കിന് പേരെ സംഘടിപ്പിച്ചു ഒരുമിച്ച ദീക്ഷഭൂമിയിൽ അംബേദ്കറുടെ കറുത്ത കോട്ടിട്ട് ജനലക്ഷങ്ങളെ സാക്ഷിനിർത്തി ഒരു മ്യൂസിക്ക് പെർഫോമൻസ് , അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ” മഹാരാജാസ് കോളേജ് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി കൂടിയായ സേതു മക്തൂബ് മീഡിയയോട് പറയുന്നു.

കഴിഞ്ഞ പത്തു വർഷമായി വൈപ്പിൻ സ്വദേശിയായ സേതു ഈ മ്യൂസിക്കൽ ബാൻഡിന്റെ മിനുക്കുപണിയിലാണ്. 2013 ലാണ് വില്ലുവണ്ടി ഔദ്യോഗികമായി രൂപം കൊള്ളുന്നത്. തുടക്കത്തിൽ പ്രായപരിധി കടന്നുവന്നതിനെ തുടർന്ന് പ്രവേശനം നിഷേധിക്കപ്പെട്ട സേതുവും സ്വാതിയും മഹാരാജാസ് കോളേജിൽ പ്രവേശനം നേടിയത് സമരം ചെയ്തിട്ടാണ്. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന്‌ സേതു പറഞ്ഞു.

രോഹിത് വെമുലയെക്കുറിച്ചുള്ള സംഗീതപരിപാടി അവതരിപ്പിച്ചതിന്റെ പേരിൽ ” ഈ പരിപാടി നിർത്തിയില്ലെങ്കിൽ അവർ തല്ലു വാങ്ങിക്കും ” എന്ന് ആർഎസ്എസ് പ്രവർത്തകർ വില്ലുവണ്ടി ടീം അംഗങ്ങളുടെ വീട്ടിൽ കയറി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു.

Be the first to comment on "ബ്രാഹ്മണിസത്തിനെതിരെ മ്യൂസിക്കൽ കലാപവുമായി വില്ലുവണ്ടി മെറ്റൽ ബാൻഡ്"

Leave a comment

Your email address will not be published.


*