BDS: 3 വർഷ ബ്രിഡ്ജ് കോഴ്സ് തീരുമാനത്തെ ട്രോളുന്നവരോട് BDS വിദ്യാർത്ഥിനിക്ക് പറയാനുള്ളത്

നൗഫിറ മോൾ

വാക്സിൻ വിരുദ്ധരുടെ ഡോക്ടർമാർക്ക് നേരെയുള്ള അതിക്രമങ്ങൾ അതിരു വിട്ടു, സ്വന്തം സുരക്ഷക്കായി പോലീസിന്റെയും കളക്ടറുടെയും പിന്തുണ തേടി ആരോഗ്യപ്രവർത്തകർ ഓടി നടക്കുന്ന അതേ സമയത്താണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഡോക്ടർമാരുടെ ക്ഷാമം കുറക്കാനായി BDS വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു മൂന്നു വർഷത്തെ ബ്രിഡ്ജ് കോഴ്സ് അംഗീകരിച്ചു കൊണ്ട് മുന്നോട്ട് വന്നത്. ഇന്ത്യ പോലൊരു രാജ്യത്തു ആരോഗ്യ രംഗം ഒരു വെല്ലുവിളി ആയിരിക്കെ, ആയിരം ആളുകൾക്ക് ഒരു ഡോക്ടർ എന്ന അനുപാതം പ്രാബല്യത്തിൽ കൊണ്ട് വരാൻ വേണ്ടി MCI കൈക്കൊണ്ട നല്ലൊരു തീരുമാനം തന്നെയായിരുന്നു അത്. പക്ഷേ കാര്യങ്ങൾ ഒരു പോലെ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രം ഒരുപാട് എതിർപ്പുകൾ വാർത്തകളായും ട്രോളുകളായും സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്നു.

ഇതിൽ കണക്കിലെടുക്കാൻ പാകത്തിലുള്ളത് IMAയുടെ കേരള Medical students network സമർപ്പിച്ച പരാതിയാണ്. അതിൽ ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ ചുരുക്കി പറഞ്ഞാൽ രണ്ടാണ്.
1. MBBS, BDS കോഴ്സുകൾ തമ്മിൽ കൂട്ടിച്ചേർക്കാൻ പറ്റാത്ത വിധത്തിലുള്ള അന്തരം ഉണ്ട്.
2. ഇത് ഒരുപാട് സ്വാശ്രയ ഡെന്റൽ കോളേജുകൾക്ക് തലയുയർത്താൻ അവസരം ഒരുക്കും.

ആദ്യത്തേതിന്റെ വസ്തുതയെ കുറിച്ച് ഒന്ന് പഠിച്ചു നോക്കാൻ ഏറ്റവും നല്ലത് രണ്ടു കോഴ്സുകളുടെയും സിലബസ് എടുത്തു വെച്ച് നോക്കുന്നത് തന്നെയാണ്. അങ്ങനെ നോക്കിയപ്പോൾ ആർക്കും വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന കുറച്ച് കാര്യങ്ങൾ ഇവിടെ പറയാതിരിക്കാൻ വയ്യ.

* MBBS പഠിച്ചിറങ്ങുന്ന ഒരാൾക്ക് ഏറ്റവും ചുരുങ്ങിയത് നാലര വർഷം കൊണ്ട് 14 വിഷയങ്ങൾ പഠിച്ചു പാസ്സ് ആവണം.

* BDS ആണെങ്കിൽ അത് 22 ആണ്.

* രണ്ടു വിഭാഗങ്ങൾക്കും പൊതുവായ വിഷയങ്ങൾ 8.
Anatomy
Biochemistry
Physiology
Microbiology
Pathology
Pharmacology
General medicine and
General surgery

നൗഫിറ മോൾ

* അതായത് MBBS സിലബസിന്റെ 57%, BDS പൂർത്തിയാക്കിയവരെ സംബന്ധിച്ചിടത്തോളം പുതിയൊരു കാര്യമല്ല. ബാക്കി വരുന്ന 43% പഠിച്ചെടുക്കാൻ വേണ്ടി തന്നെയാണ് MCI മൂന്ന് വർഷം ബ്രിഡ്ജ് കോഴ്‌സിന് വേണ്ടി നിർദ്ദേശിച്ചത്.

ഏതൊരു വിദ്യാർത്ഥിക്കും നാലര വർഷം കൊണ്ട് 100% പഠിച്ചെടുക്കാൻ പറ്റുമെങ്കിൽ എന്തു കൊണ്ട് ഒരു വിദ്യാർത്ഥിക്ക് മൂന്നു വർഷം കൊണ്ട് വെറും 43% പഠിച്ചെടുത്തു കൂടാ? അപ്പൊ ആ കാര്യത്തിലൊരു തീരുമാനം ആയി.

ഇനി രണ്ടാമത്തെത്, സ്വാശ്രയ കോളേജുകൾ ഇവിടെ തല പൊക്കുന്നതും താഴ്ത്തുന്നതും ഒക്കെ സർക്കാരിന്റെ തീരുമാനങ്ങൾക്കനുസരിച്ചാണ്. തോന്നുമ്പോൾ പോയി തറക്കല്ലിടാൻ ഇത് തുണിക്കടയൊന്നുമല്ലല്ലോ. കഴിഞ്ഞ ശിശു ദിനത്തിൽ കണ്ണൂരിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ വെച്ച് മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചർ പറഞ്ഞത്, പുതിയ ഡെന്റൽ കോളേജുകൾക്ക് അനുമതി നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ്. അപ്പൊ അതും തീർന്നു.

ഇനി നമ്മുടെ ചില ട്രോൾ ഗ്രൂപ്പുകളിലെ പോസ്റ്റ്‌ മുതലാളിമാരോടാണ്. അല്ലയോ മഹാനുഭാവ! എന്തിനാണ് നിങ്ങളിങ്ങനെ കിടന്നു ഒച്ച വെക്കുന്നത് ? ഈ ബ്രിഡ്ജ് കോഴ്സ് എന്ന് വെച്ചാൽ കുണ്ടന്നൂർ ബ്രിഡ്‌ജിലെ ഓട്ടമത്സരത്തിൽ ഫസ്റ്റ് കിട്ടുന്നോർക്ക് MBBS സർട്ടിഫിക്കറ്റ് കൊടുക്കുന്ന സംഗതിയാണോ? ഉവ്വോ? അയ്യേ, അയ്യയ്യേ…! ഇത്രക്ക് ചീപ്പായിരുന്നോ ആർട്ടിസ്റ് ബേബി? ഇവിടെ ആരും ആർക്കും MBBS സർട്ടിഫിക്കറ്റ് വെറുതേ കൊടുക്കുന്നില്ല. ഈ പറഞ്ഞ ബ്രിഡ്ജ് കോഴ്സ് ഞങ്ങളാരും അങ്ങോട്ട് പോയി സമരം ചെയ്തിട്ടോ, മുറവിളി കൂട്ടിയിട്ടോ, ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടോ എടുത്തു തന്നതൊന്നുമല്ല. മറ്റൊരാളുടെ യോഗ്യത നിർണയിക്കാൻ നിങ്ങൾക്കാരും അധികാരം തന്നിട്ടുമില്ല. പിന്നെ ഇത്രയൊക്കെ പറഞ്ഞത് എനിക്ക് വേണ്ടിയല്ല. ഞങ്ങളുടെ കൂട്ടത്തിൽ നല്ല ഡോക്ടർമാരാവാൻ കഴിവുള്ളവർ ഉണ്ടെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. വീട്ടിൽ കാശില്ലാത്തതു കൊണ്ട് മാത്രം സ്വപ്‌നങ്ങൾ വലിച്ചെറിയേണ്ടി വന്ന കുറേ പേരുണ്ട്. അവർക്കു വേണ്ടി. ഒരുപക്ഷെ നാളെ നിന്നെക്കാൾ നല്ലൊരു വ്യക്തിയും, ഡോക്ടറും ഒക്കെയായിത്തീരാൻ അർഹതയുള്ളവർ. അത് കൊണ്ട്, ഞങ്ങളെ ഞങ്ങളുടെ വഴിക്ക് വിട്ടേക്ക്.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ അവസാന വർഷ ബിഡിഎസ് ബിരുദവിദ്യാർഥിയാണ് മഞ്ചേരി സ്വദേശിയായ ലേഖിക

Be the first to comment on "BDS: 3 വർഷ ബ്രിഡ്ജ് കോഴ്സ് തീരുമാനത്തെ ട്രോളുന്നവരോട് BDS വിദ്യാർത്ഥിനിക്ക് പറയാനുള്ളത്"

Leave a comment

Your email address will not be published.


*