ഫ്ലാഷ് മൊബ്; സൈബറാക്രമണം. വിദ്യാര്‍ത്ഥി വനിതാകമ്മീഷന് പരാതി നല്‍കി

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫ്ലാഷ്മോബ് നടത്തിയതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിട്ട വിദ്യാര്‍ത്ഥിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജസ്‌ല മടശ്ശേരി വനിതാ കമ്മീഷന് പരാതി നല്‍കി. പൊതുഇടത്തിലേക്ക് ഇറങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ സംഘം ചേര്‍ന്ന് തേജോവധം ചെയ്യുന്ന പ്രവണത അപലപനീയമാണെന്ന് ജസ്‌ല പ്രതികരിച്ചു.

നാട്ടില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമെന്നും ഉള്ള രീതിയില്‍ തനിക്ക് ഭീഷണികളുണ്ടെന്ന് ജസ്‌ല പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്കും ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അവര്‍ അത്തരത്തില്‍ സ്വയം പ്രകടിപ്പിക്കുമ്പോള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്ന രീതി സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ജസ്‌ല പറയുന്നു. മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ജസ്‌ല വ്യക്തമാക്കി. ജസ്ല മലപ്പുറം ജില്ലാ കെ എസ് യു ജനറല്‍ സെക്രടറി കൂടിയാണ്.

ഫ്രീതിങ്കേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ഒരു ചുവട് വയ്ക്കാം എന്ന ആഹ്വാനത്തോടെയായിരുന്നു ജസ്‌ലയും സുഹൃത്തുക്കളും ഐ.എഫ്.എഫ്.കെ വേദിയില്‍ ചുവട് വച്ചത്.

Be the first to comment on "ഫ്ലാഷ് മൊബ്; സൈബറാക്രമണം. വിദ്യാര്‍ത്ഥി വനിതാകമ്മീഷന് പരാതി നല്‍കി"

Leave a comment

Your email address will not be published.


*