എന്റെ കോളേജിൽ ഒരു ജാതി തോട്ടം ഉണ്ട്

തൃശൂര്‍ ഗവണ്മെന്റ് ലോ കോളേജ് വിദ്യാർത്ഥിയും സോഷ്യൽ ആക്ടിവിസ്റ്റുമാണ് അശ്വിൻ. തന്റെ കോളേജിലെ പ്രിന്‍സിപ്പലിൽ നിന്നും അധ്യാപകരിൽ നിന്നും താനും സുഹൃത്തുക്കളും ദളിത് വിരുദ്ധതയും ജാതീയ അവഹേളനങ്ങളും ഏറെക്കാലമായി അനുഭവിക്കുന്നുവെന്നു തുറന്നുപറഞ്ഞുള്ള അശ്വിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നിങ്ങളൊക്കെ സംവരണത്തിൽ വന്നതല്ലേ എന്നിങ്ങനെയുള്ള ചോദ്യങ്ങളും താൻ നേരിട്ടതായി എസ്എഫ്ഐയുടെ മുൻ ജില്ലാകമ്മിറ്റിയംഗം കൂടിയായ അശ്വിൻ പറയുന്നു. അശ്വിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

നാളിതു വരെയുള്ള മനുഷ്യ ചരിത്രം വർഗ്ഗസമരങ്ങളുടേതു തന്നെയാണ് എന്നു മനസ്സിലാക്കുകയും ജാതി ചോദിക്കുന്നതും പറയുന്നതും എല്ലാം കേവലമായ സ്വതവാദ പിന്തിരിപ്പന്‍ രാഷ്ട്രീയമാണെന്നും പുരോഗമനപരമായ ഒരു നാട്ടില്‍ ജാതിയമായ വേർതിരിവുകള്‍ ചൂണ്ടി കാണിക്കുന്ന വാർത്തകളെയും സംഭവങ്ങളെയും തീർത്തും അതിശയോക്തിയോടെ നോക്കി കണ്ടുകൊണ്ടാണ് ഇത്ര നാളും മുന്നോട്ട് പോയിരുന്നത്. ആ ധാരണയെ പൊളിക്കാന്‍ ശ്രമിക്കുന്നതിനെയും മറിച്ചു വായിച്ചെടുക്കാന്‍ ശ്രമിക്കുന്നതുപോലും പുരോഗമന മലയാളി പൊതുബോധങ്ങളില്‍ നിന്ന് മാറ്റി നിർത്തപ്പെടുമോ എന്നു പോലും തോന്നിച്ച മാനസിക അവസ്ഥകളിലൂടെ കടന്നു പോകുമ്പോളാണ് അത്രയൊന്നും സുഖകരമല്ലാത്ത കലാലയ ജീവിതത്തിലൂടെയാണ് പല ദളിത് കുട്ടികളും (“ദളിത്‌” എന്നു സംബോധന ചെയ്തത് തന്നെ ഇപ്പോള്‍ ഈ പോസ്റ്റ്‌ വായിക്കുന്ന എന്റെ കോളേജിലെ കുട്ടികളുടെ മുഖഭാവം എനിക്ക് ഊഹിക്കാന്‍ കഴിയും കാരണം ഇന്ന് മുതല്‍ ഞാനും നിങ്ങളുടെ മുന്‍പില്‍ ഒരു ജാതി വാദിയോ സ്വതവാദിയോ ആയി കഴിഞ്ഞിരിക്കും ) കടന്നു പോകുന്നത് എന്ന തിരിച്ചറിവ് ഉണ്ടാക്കി, മനുരാജ് സര്‍ ന്റെ‍ ഭാഷയില്‍ പറഞ്ഞാല്‍ “അവനു നല്ല ബുദ്ധി തോന്നി എന്നു തോന്നുന്നു അല്ലെ ? “.

ഇത്രയും ദളിത് വിരുദ്ധവും ജാതി കേന്ദ്രികൃതവും ആണ് ഞാന്‍ പഠിക്കുന്ന തൃശൂര്‍ ലോ കോളേജ് എന്നും; അവിടെ ഏറ്റവും അധികം സവർണ്ണ ബോധവും ജാതി പ്രമാണിത്തവും വെച്ച് പുലർത്തുന്നതും പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ് എന്നുമുള്ള ഒരു ബോധ്യം ഇപ്പോള്‍ ഉണ്ട്. അതിനു കാരണമായ പലവിഷയങ്ങളും തികച്ചും ബാലിശവും കെട്ടുകഥയായും നിങ്ങൾക്ക് തോന്നാം. ബെന്യാമിൻറെ വാക്കുകള്‍ കടമെടുത്താല്‍ “നമ്മള്‍ അനുഭവിചിട്ടില്ലാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകള്‍ മാത്രമാണ് “ എങ്കിലും ഇനിയെങ്കിലും ഈ വിഷയങ്ങള്‍ ആരെങ്കിലുമൊക്കെ അറിഞ്ഞിരിക്കണം എന്നു തോന്നി അത് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ്‌ ഇടുന്നത് .

ഇത് ഞാന്‍ അറിഞ്ഞതും അനുഭവിച്ചതും ആയ കാര്യങ്ങള്‍ മാത്രമാണ് അറിയപ്പെടാതെ ഇനിയും എത്രെയോ വിഷയങ്ങള്‍ അവിടെ നടന്നു കാണും എന്നത് പ്രസക്തമായ ചോദ്യമായി അവശേഷിപ്പിച്ചു കൊണ്ട് പറയട്ടെ :
രണ്ടു വർഷങ്ങൾക്ക് മുന്പ് ഇ-ഗ്രാന്റ് ലഭിക്കാത്ത വിഷയവുമായി ബന്ധപെട്ടു ക്ലാസ്സ്‌ കാമ്പയിന്‍ നടത്തുന്നതിന്റെ അനുമതിക്ക് വേണ്ടി അന്നത്തെ “പ്രമുഖ “ പ്രിൻസിപ്പാളിനെ കാണുകയും കാര്യം അറിയിച്ചപ്പോള്‍ ഞങ്ങളോട് പറഞ്ഞത് “ഇത് നിങ്ങൾക്ക് വെറുതെ കിട്ടുന്ന കാശ് അല്ലെ അതിനാണോ ഈ ബഹളം ഒക്കെ “ എന്നാണ്, ആ ലഭിച മറുപടി അത്രമേല്‍ നിരുപദ്രവകരമായാണ് അന്ന് തോന്നിയത് എങ്കിലും ഇക്കഴിഞ്ഞ മാർച്ച് മാസത്തില്‍ ആണ് അപ്പറഞ്ഞതിന്റെ രാഷ്ട്രീയം മനസ്സിലായത് കോളേജില്‍ നടന്ന ഒരു സംഘർഷവുമായി ബന്ധപെട്ടു ഞാന്‍ റിമാന്ഡി ല്‍ ആകുകയും റിമാണ്ട് ചെയ്ത ജഡ്ജ് എനിക്ക് പരീക്ഷ ഉള്ളതിനാല്‍ ജയിലില്‍ നിന്ന് കോളേജില്‍ എത്തി പരീക്ഷക്ക് ഹാജരാകാന്‍ അനുമതിയും നല്കിലയിരുന്നു. അന്നേദിവസം ഹാള്‍ ടിക്കറ്റ്‌ സഹിതം ജയില്‍ വാഹനത്തില്‍ പരീക്ഷ സമയത്ത് എത്തിയ എന്നെ ഇപ്പറഞ്ഞ “പ്രമുഖ” പ്രിൻസിപ്പല്‍ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ല എന്നു എന്നോട് പറഞ്ഞു. ഞാന്‍ കാര്യം ചോദിച്ചപ്പോള്‍ ഇത് supplimentary പരീക്ഷ ആണെന്നും അത് നീ എഴുതണോ വേണ്ടയോ എന്നു ഞാന്‍ ആണ് തിരുമാനിക്കുന്നതെന്നു പറഞ്ഞു. അത് ചോദ്യം ചെയ്ത എന്നോട് നിനക്ക് സംവരണം ഉള്ളത് കൊണ്ടല്ലേ പഠിക്കാന്‍ പറ്റുന്നെ അല്ലെങ്കില്‍ ഇവിടെ ഒന്നും എത്തില്ലായിരുന്നു എന്നു ചെറു പരിഹാസത്തോടെ പറഞ്ഞു. എന്നെ പരീക്ഷ എഴുതിക്കാത്തതിൻറെ വിശദീകരണം രേഖാമൂലം നല്കണമെന്ന് ആവശ്യപെട്ടപ്പോള്‍ ഞാന്‍ പത്തുമണി കഴിഞ്ഞു രണ്ടു സെക്കന്റ്‌ വൈകിയതിനാല്‍ ആണ് എഴുതാന്‍ അനുവദിക്കാത്തത് എന്നു മറുപടിയും തന്നു. (ഈ സംഭവത്തിലെ പരാതികളും അന്വേഷണങ്ങളും ഇപ്പോഴും നടക്കുന്നുണ്ട് )

ഇപ്പൊ കരുതുന്നുണ്ടാക്കും 8 മാസം മുൻപത്തെ കാര്യങ്ങള്‍ ഇവിടെ പറഞ്ഞിട്ട് എന്തിനാണെന്ന്, ഈ പറഞ്ഞ “പ്രമുഖ” പ്രിൻസിപ്പൽ മൂന്നാം വർഷ വിദ്യാർത്ഥിനിയോട് “ നീ കോളനിയില്‍ നിന്നല്ലേ വരുന്നേ ആ സ്വഭാവം കാണിക്കും” എന്നു പറഞ്ഞതും ആ പെൺകുട്ടി അപമാന ഭാരത്താല്‍ ആ കലാലയത്തില്‍ ഇരുന്നു കരഞ്ഞതും ഒരാഴ്ച മുൻപ് ഒരു സുഹൃത്ത് പറഞ്ഞാണ് അറിയുന്നത് അപ്പോള്‍ കരുതും കുഴപ്പക്കാരി ഇപ്പറഞ്ഞ “പ്രമുഖ” പ്രിനിസിപ്പല്‍ മാത്രമെന്ന് ഒരിക്കലുമല്ല ഏറെ കോലാഹലം ഇപ്പോഴും നടക്കുന്ന വിഷയം ആണ് മുന്‍ കലാലയ യൂണിയൻറെ മാഗസിന്‍ “ചാവുരിയാട്ടം” എന്ന ദളിത് വിഷയങ്ങൾക്കും ഭിന്നലിംഗ വിഷയങ്ങൾക്കും അനുകൂലമായ പുസ്തകം ഇറങ്ങാത്തത്. പ്രസ്തുത മാഗസിന്‍ എഡിറ്റര്‍ ഒരു ദളിത്‌ വിദ്യാർത്ഥിനി ആയിരുന്നു. ടിയാന്‍ ക്ലാസ്സ്‌ മുറിയില്‍ കാമ്പയിന്റെ ഭാഗമായി ഗാന്ധിയുടെ ഹരിജന്‍ വിരുദ്ധതയെ സംബന്ധിച്ച് പറഞ്ഞു എന്നതിൻറെ പേരില്‍ ഒരു “പ്രമുഖ “ അദ്ധ്യാപിക മറ്റു അധ്യാപകരോടെ എഡിറ്റർക്കെതിരെ കേസ് കൊടുക്കണം എന്നും ഇങ്ങനെ പറയാന്‍ ഇവനൊക്കെ എന്ത് യോഗ്യത എന്നു വ്യാകുലപ്പെടുകയും ഉണ്ടായി. (ഇപ്പറഞ്ഞ “പ്രമുഖ” അദ്ധ്യാപിക ഞങ്ങൾക്ക് ഭരണഘടന പഠിപ്പിക്കാന്‍ ഉണ്ടായിരുന്നു എന്നുള്ളത് ഏറെ ചിന്തിപ്പിച്ച ഒന്നാണ് )

മേല്പറഞ്ഞ മാഗസിന്‍ ഫണ്ടില്‍ നിന്ന് കേവലം 5000 രൂപയാണ് അനുവദിച്ചിരുന്നത് തുടർന്ന് ഫണ്ട്‌ അനുവദിക്കാൻ പ്രമുഖ പ്രിന്സിപലും മേല്പറഞ്ഞ പ്രമുഖ ടീച്ചറും അവരുടെ വാലായി നടക്കുന്ന അതെ നാട്ടുകാരി മറ്റൊരു ടീച്ചറും തയ്യാറിയില്ല. അങ്ങനെ അച്ചടിക്കാന്‍ കഴിയാതെ ആ മാഗസിന്‍ കേവലം പി.ഡി.എഫ് ഫയല്‍ ആയി അവശേഷിക്കുന്നു. പറഞ്ഞു വന്നത് മേല്പറഞ്ഞ സംഘർഷവുമായി എന്നോടൊപ്പം ഒരു വർഷത്തെ സസ്പെഷന്‍ ആണ് ഈ എഡിറ്റർക്കും ലഭിച്ചത് അയാൾക്ക്‌ കോഴ്സ് അവസാനിക്കാന്‍ മാസങ്ങളെ അവശേഷിച്ചിരുന്നുള്ളൂ മാത്രമല്ല അയാളുടെ സിലബസ് ആ ബാച്ചോടെ അവസാനിക്കുകയും ചെയ്തിരുന്നു. ഇതെല്ലം അറിഞ്ഞിട്ടും ഈ അധ്യാപികമാരുടെ ഗൂഡാലോചനയുടെ ഭാഗമായി തന്റെ പഠനം ഉപേക്ഷിച്ചു പോകേണ്ട അവസ്ഥ ഉണ്ടായി. നിലവില്‍ അയാള്‍ മറ്റൊരു കോളേജില്‍ വീണ്ടും ഒന്നാം വർഷ വിദ്യാർത്ഥിയായി പഠനം ആരംഭിച്ചു.

മറ്റൊരു പ്രമുഖ ടീച്ചറുടെ വിനോദം വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്കുകള്‍ വെട്ടി ചുരുക്കി പ്രതികാരം ചെയ്തു ഉല്ലാസം കണ്ടെത്തുന്ന രീതിയാണ്. മേല്പറഞ്ഞ അധ്യാപികമാർക്ക് ഇഷ്ടമല്ലാത്ത കുട്ടികളുടെ ഇന്റേണൽ മാർക്കുകള്‍ ഇല്ലാതാക്കാന്‍ ക്രമ വിരുദ്ധമായി ജോലി എടുത്തു വരുന്നു. ഞാന്‍ പഠിച്ചിരുന്ന ക്ലാസില്‍ ഞാന്‍ അടക്കം അവർക്ക് ഇഷ്ട്ടമല്ലാത്ത രണ്ടു പേരുടെ കൂടെ അസൈൻമെന്റ് സമർപ്പിച്ചിട്ടും അത് ലഭിച്ചില്ല എന്നു പറഞ്ഞു മാർക്ക് വെട്ടിച്ചുരുക്കി ഭാവി നശിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. “ജിഷ്ണു പ്രണോയ് മാരെ സൃഷ്ടിക്കുന്നതും ഇത്തരം പ്രതികാര ബുദ്ധി ഉള്ളവര്‍ കലാലയത്തില്‍ കടന്നുവരുമ്പോള്‍ ആണ് “ എന്നെയോ മറ്റു രണ്ടു പേരെ മാത്രം ബാധിക്കുന്ന വിഷയം അല്ല ഈ ഇന്റേണൽ പ്രതികാര കഥ 50 ന് മുകളില്‍ വരുന്ന കുട്ടികൾക്ക് ഈ പ്രമുഖ ഇന്റേണൽ “തീനി “ ടീച്ചര്‍ തന്നെയാണ് ഉപദ്രവിക്കുന്നത് അതിന്റെ പരാതികളും കാര്യങ്ങളും ഇപ്പോളും തുടർന്നു വരുന്നു .

ഇങ്ങനെയെല്ലാം തീർത്തും പ്രകൃതമായ മാനസിക അവസ്ഥ വെച്ച് പുലർത്തുന്ന അധ്യാപകരുടെ വരുംകാല പ്രതികാര നടപടികള്‍ എനിക്ക് തുടർന്നും ലഭിക്കുവാന്‍ അവസരം ഉണ്ടാകും എന്ന ഉറച്ച വിശ്വാസത്തോടെ ഇനിയും എഴുതി തീരാത്ത കാര്യങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് തത്കാലം അവസാനിപ്പിക്കുന്നു.

Be the first to comment on "എന്റെ കോളേജിൽ ഒരു ജാതി തോട്ടം ഉണ്ട്"

Leave a comment

Your email address will not be published.


*