ആര്‍എസ്എസ് തന്നെ പിന്തുടരുന്നുണ്ട്. അക്രമിക്കപ്പെട്ട SFI നേതാവ് പറയുന്നു

ശബരിമല അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്‌തെന്നാരോപിച്ച് എസ് എഫ് ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ്സുകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആലപ്പുഴ കൈനകരി സ്വദേശിയും അമ്പലപ്പുഴ ഗവ.എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥിയുമായ ലിയോണ്‍ പീറ്റര്‍ വര്‍ഗീസിനാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച കോളേജ് വിട്ടു വരുന്ന വഴി അമ്പലപ്പുഴയില്‍വച്ചായിരുന്നു രണ്ടു ബൈക്കുകളിലായി എത്തിയ അക്രമികള്‍ ലിയോണിനെ മര്‍ദ്ദിച്ചത്. പരിക്കുകളോടെ ലിയോണ്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

ട്രോള്‍ ഷെയര്‍ ചെയ്തതു മാത്രമാണ് തന്നെ മര്‍ദ്ദിക്കാന്‍ കാരണം എന്നു വിശ്വസിക്കുന്നില്ലെന്നും എസ് എഫ് ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റിയംഗം കൂടിയായ തനിക്കെതിരേ ആര്‍എസ്എസ്/സംഘപരിവാറുകാര്‍ നേരത്തെ തന്നെ ഗൂഡാലോചന നടത്തുന്നുണ്ടായിരുന്നുവെന്നും ലിയോണ്‍ പറയുന്നു. തന്റെ ഫോട്ടോ ഒരു ആര്‍എസ്എസ് വാട്‌സ് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ടായിരുന്നുവെന്നും തല്ലാനുള്ള പദ്ധതി നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നും കോളേജിലെ എബിവിപി പ്രവര്‍ത്തകന്‍ തന്നെ തന്നോട് പറഞ്ഞിരുന്നതായി ലിയോണ്‍ പറയുന്നു.

ലിയോണ്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം:

”നിലപാടുകളിൽ മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യും. ട്രോളുകൾ നിരോധിക്കപ്പെടുമ്പോൾ അത് പ്രചരിപ്പിക്കുക എന്നത് തന്നെയാണ് ശരി. അതിന്റെ രാഷ്ട്രീയം മനസ്സിലാക്കാതെ ‘കിട്ടേണ്ടത് കിട്ടി’, ‘ചോദിച്ച് വാങ്ങി’ തുടങ്ങിയ വാദങ്ങൾ ഉന്നയിക്കുന മാന്യന്മാരോട് സഹതാപം മാത്രമാണുള്ളത്. ദൈവങ്ങളെത്തന്നെ നായകനായും വില്ലനായും കണ്ട് തരംതിരിഞ്ഞ് ആരാധിക്കുന്ന ജനതയാണ് ലോകത്തുള്ളത്. അതേ ദൈവങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കാനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഒരാളെ ശാരീരികമായി മർദ്ദിക്കാൻ ആർക്കും അവകാശമില്ല. ദൈവത്തിന്റെ ശക്തിയിൽ വിശ്വാസമില്ലാത്ത വിശ്വാസികൾ തന്നെയാവാവണം അക്രമത്തിന് മുതിരുന്നത്. അല്ലെങ്കിലും ആളെ വിട്ടു തല്ലിക്കാൻ മാത്രം ചീപ്പാണോ ദൈവം?

ട്രോൾ ഇട്ടതിന് ആക്രമിക്കുക എന്നത് ചെറിയ വിഷയമേയല്ല, എന്നിരുന്നാലും അതിലേക്ക് മാത്രം വിഷയത്തെ ചുരുക്കുന്നത് യാഥാർത്ഥ്യത്തെ മറയ്ക്കുന്നതാവും. RSS ന്റെ അജണ്ടകൾക്കെതിരേ പ്രതികരിക്കുന്ന സംഘടനകളുടെ ഭാഗമാവുക എന്നത് തന്നെ അവരുടെ അക്രമത്തിന് ഇരയാകാൻ കാരണമാണ്. അതെ RSS തന്നെയാണ് ആക്രമിച്ചത്. ദൈവങ്ങളെ ട്രോളിയപ്പോഴല്ല മറിച്ച് RSS നും ABVP ക്കും എതിരേ എഴുതിയപ്പോൾ തന്നെ കണ്ടാലറിയുന്നതും അറിയാത്തതുമായ സംഘികൾ അക്രമ ഭീഷണി മുഴക്കിയിരുന്നു. RSS ന്റെ ആലപ്പുഴയിലെ watsapp ഗ്രൂപ്പുകളിൽ എന്റെയും മറ്റ് SFI പ്രവർത്തകരുടെയും ചിത്രം പ്രചരിക്കുന്നു എന്ന് അമ്പലപ്പുഴ കോളേജിലെ ABVP പ്രവർത്തകൻ തന്നെയാണ് അറിയിച്ചത്. എന്നെ കൈനകരിയിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയ വ്യക്തി ഫോൺ കട്ട് ചെയ്ത് അര മണിക്കൂർ തികയുന്നതിനു മുമ്പാണ് അമ്പലപ്പുഴയിൽ വെച്ച് മുൻപരിചയമില്ലാത്ത അഞ്ചംഗ സംഘത്തിന്റെ അക്രമണം. അത് കേവലം ഭക്തന്മാർ മാത്രമാകില്ല, ഒറ്റക്ക് കോളേജ് വിട്ടു നടന്നു പോവുന്നു എന്ന് അറിവുകിട്ടി കരുതിക്കൂട്ടി ആക്രമിച്ച RSS കാർ തന്നെയാവണം. “RSS ആണ് അക്രമിച്ചതെന്ന് തെളിവെവിടെ?” എന്ന് ന്യായീകരിക്കുന്ന സംഘികൾ തന്നെ അക്രമിച്ച സംഘപുത്രന്മാർക്ക് അഭിവാദ്യം അറിയിച്ച് പോസ്റ്റിറക്കുമ്പോഴും വധഭീഷണി മുഴക്കുമ്പോഴും തെളിവ് RSS നെതിരേയാണ്. മതമില്ല, ജാതിയില്ല, ദൈവമില്ല എന്ന് നൂറു വട്ടം പറഞ്ഞാലും എല്ലാ ദൈവങ്ങളെയും ട്രോളിയാലും അവർക്ക് പേരിനെങ്കിലും ഒരു ക്രിസ്ത്യാനിയേയോ മുസ്ലീമിനെയോ (പേരിന് മതമില്ലാന്ന് എത്രവട്ടം പറഞ്ഞാലും മനസ്സിലാകാത്തവർക്ക്) അക്രമിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കും. SFI പ്രവർത്തകരെ ആക്രമിക്കാൻ കിട്ടുന്ന ഏതവസരവും ഉപയോഗിക്കും. പക്ഷേ ട്രോൾ വിഷയം മുൻനിർത്തിയാൽ ചുളുവിന് ഹിന്ദു സംരംക്ഷകർ എന്ന ലേബലിൽ ഷൈൻ ചെയ്യാം എന്ന വ്യാമോഹത്തിലാണ് “നീ ഹിന്ദു ദൈവങ്ങളെ ട്രോളുമോടാ” എന്ന് പറഞ്ഞുള്ള RSS ആക്രമണം. വീണ്ടും പറയുന്നു ട്രോളിയാൽ അക്രമിക്കുന്നത് ചെറിയ വിഷയമല്ല, പക്ഷേ ആക്രമത്തിന് പിന്നിലെ അജണ്ട പുരോഗമന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കെതിരേയുള്ള അക്രമ പരമ്പരകളുടെ ഭാഗം തന്നെയാണ്.

അവസാനമായി പറയാനുള്ളത് ഒരു വ്യക്തി എന്ത് പറയണമെന്നും എഴുതണമെന്നും തീരുമാനിക്കുന്നത് ആ വ്യക്തിയാണ്. അഭിപ്രായങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ അക്രമിക്കാൻ ആർക്കും അവകാശമില്ല. എന്നു കരുതി അക്രമവും ഭീഷണിയുമായി വന്നാലും നിലപാടുകളിൽ ഒരു മാറ്റവുമുണ്ടാവില്ലായെന്നുതന്നെ.”

Be the first to comment on "ആര്‍എസ്എസ് തന്നെ പിന്തുടരുന്നുണ്ട്. അക്രമിക്കപ്പെട്ട SFI നേതാവ് പറയുന്നു"

Leave a comment

Your email address will not be published.


*