പ്രതീഷിനെതിരെ വീണ്ടും പോലീസ് വേട്ട. അർദ്ധരാത്രി വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോയി

മാധ്യമപ്രവർത്തകൻ പ്രതീഷ് രമയ്ക്ക് നേരെ വീണ്ടും കേരളപോലീസിന്റെ വേട്ട.പ്രതീഷ് താമസിക്കുന്ന വീട്ടിലേക്ക് വ്യാഴായ്ച്ച അർദ്ധരാത്രി എറണാകുളം നോർത്ത് സ്റ്റേഷനിലെ പോലീസുകാർ കയറി വന്ന്  പിടിച്ചു കൊണ്ട് പോവുകയായിരുന്നു . പ്രദേശത്തുള്ളവർ സദാചാര ലംഘനം ആരോപിച്ച് ഒരു വണ്ടി പോലീസിനെ വിളിച്ചു വരുത്തുകയും തുടർന്ന് വീട്ടിലുണ്ടായ സ്ത്രീകളെ അടക്കം പരിഗണിക്കാതെ പ്രതീഷിനെ മർദ്ദിച്ച് ബലമായി കൊണ്ട് പോകുകയാണ് ചെയ്‌തത്‌. നേരത്തെ പ്രതീഷിനെയും സാമൂഹ്യപ്രവർത്തകയായ അമൃത ഉമേഷിനെയും എറണാകുളത്ത് അര്ദ്ധരാത്രിയിൽ പോലീസ് ക്രൂരമായി മർദ്ധിക്കുകയും അപമാനിക്കുകയും ചെയ്‌തത്‌ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

” വീട്ടിനകത്തും പോലീസ് സ്റ്റേഷനകത്തു വെച്ചും പോലീസുകാർ പ്രതീഷിനെ മർദ്ധിക്കുകയും ചെയ്തു. ‘ നീ നിന്റെ പണി നിർത്തിപോവണം എന്നാണ് അവർ പറയുന്നത്.. ഞാനെന്ത് തെറ്റാണ് ചെയ്‌തത്‌? വീട്ടിനകത്തു വെച്ചും എന്നെ മർദ്ധിച്ചു. വിപിൻദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മർദ്ധിച്ചത്. ” പ്രതീഷ് ന്യൂസ് പോർട്ടിനോട് പ്രതികരിച്ചു.

” മുമ്പുണ്ടായ സദാചാര പോലീസിങ്ങ് പ്രശ്നത്തിൻറെ പക പോക്കാനുള്ള ശ്രമമാണ് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യം സംസാരിച്ച് താഴെ പോയ പോലീസുകാർ തിരികെ വീണ്ടും വന്ന് എല്ലാവർക്കും ഇടയിൽ നിന്ന് അവനെ പേരെടുത്ത് വിളിച്ച് മർദ്ദിക്കുകയായിരുന്നു. കൃത്യമായ ഗൂഡാലോചന ഇതിലുണ്ട്. സദാചാര പോലീസിങ്ങും പോലീസ് അതിക്രമവുമാണ്. വീടിനകത്ത് ഇരുന്നവരെയാണ് യാതൊരു പ്രകോപനവും കൂടാതെ അറസ്റ്റ് ചെയ്തിരിക്കുന്നത്.” ഹസ്‌ന ഷാഹിദ പറയുന്നു.

സ്റ്റേഷനിലെത്തിയ പ്രതീഷിന്റെ സുഹൃത്തുക്കളോട് ”ദൈവം ഉണ്ടെന്ന് മനസിലായില്ലേ, ഞങ്ങളിവനായി കാത്തിരിക്കുവായിരുന്നു ” എന്നായിരുന്നു പോലീസുകാർ പ്രതികരിച്ചത്. നാരദന്യൂസിലെ ലേഖകനാണ് പ്രതീഷ് രമ.

Be the first to comment on "പ്രതീഷിനെതിരെ വീണ്ടും പോലീസ് വേട്ട. അർദ്ധരാത്രി വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോയി"

Leave a comment

Your email address will not be published.


*