സിനിമയുടെ ലിംഗ-സമുദായ-മൂലധന അധികാരങ്ങളെ പൊളിക്കുന്നവർ . കെകെ ബാബുരാജിന്റെ പ്രതികരണം

മലയാളസിനിമകളിലെ സ്ത്രീവിരുദ്ധതയും താരങ്ങളുടെ അഭിപ്രായപ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുന്ന പശ്ചാത്തലത്തിൽ എഴുത്തുകാരനും ചിന്തകനുമായ കെകെ ബാബുരാജ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ്

മലയാളത്തിലെ മുഖ്യധാരാ സിനിമകളിലെ സ്ത്രീ-ദളിത്-മുസ്ലിം പ്രതിനിധാനങ്ങളെപ്പറ്റി 2006 ൽ ആണെന്ന് തോന്നുന്നു, ഞാനൊരു ലേഖനം എഴുതി. എഴുത്തിലെ ഏറ്റവും വലിയ പീഡാനുഭവം ഇതാണെന്നു പറയാം. ജോഷി, എം.രഞ്ജിത്ത്, ഷാജി കൈലാസ്, എ.കെ.സാജൻ, ബി.ഉണ്ണികൃഷ്ണൻ മുതലായവരുടെ പല പടങ്ങളും ഇരുപതോ മുപ്പതോ പ്രാവിശ്യം കാണേണ്ടിവന്നു എന്നതിലാണ് പീഡാനുഭവം എന്ന് പറഞ്ഞത്.

ഇത്തരം സിനിമകളിലെ സ്ത്രീ-കീഴാള-മുസ്ലിം വിരുദ്ധത അല്ലെങ്കിൽ അനുകൂലത എന്നതിന് പിന്നിൽ ലിംഗപരവും സാമുദായികവും മതപരവുമായ ചില കോഡുകൾ ഉണ്ടെന്ന വിലയിരുത്തലാണ് ഞാൻ നടത്തിയത്. “ദേശത്തെ ശുദ്ധീകരിക്കുക” “സമുദായത്തെയും കുടുംബത്തെയും കലർപ്പുകളിൽനിന്നും രക്ഷിക്കുക” “വംശത്തിന്റെ മേന്മ ഉയർത്തിക്കാട്ടുക” മുതലായവയാണവ. ബലാത്സംഗം എന്ന പുരുഷാധിപത്യ ചിഹ്നത്തെയും അപരഹിംസ എന്ന ജാതീയ അധികാരത്തെയും ഉപാധിയാക്കികൊണ്ടാണ് ഈ കോഡുകൾ പ്രവർത്തിക്കുന്നത്. മാത്രമല്ല; അധികാരം, വ്യത്യാസം, ആനന്ദം എന്നിവയെ സവർണ അനുഭൂതികളാക്കിയാണ് ഇവ ജനപ്രിയത കൈവരിക്കുന്നത്.

അക്കാലത്തെ ഇടതു-പുരോഗമന വായനകളോട് വിയോജിച്ചുകൊണ്ടുള്ള ഈ ലേഖനം എഴുതുമ്പോഴാണ് ഇന്ത്യയിലെ മതേതരത്വം മുസ്ലിങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലായത്. പെട്രോ ഡോളർ, ജാതി, മതം എന്നൊക്കെ അട്ടഹസിച്ചുകൊണ്ടു “ടൈം” എന്ന സിനിമയിൽ സുരേഷ് ഗോപി ഈ ലേഖനം വന്ന “മാധ്യമം” വലിച്ചെറിയുന്നുണ്ട്.

ഈ കാര്യങ്ങൾ എഴുതുന്നത് ‘വിമെൻ ഇൻ സിനിമ കളക്റ്റീവ്’ ഉണ്ടാക്കിയ മുന്നേറ്റങ്ങളെ അംഗീകരിച്ചും; റീമ കല്ലിങ്ങൽ, ദീദി, പാർവതി, വിധു വിൻസെന്റ് മുതലായവരുടെ സ്ത്രീപക്ഷ നിലപാടുകളോടുള്ള ആദരവ് നിലനിർത്തിയുമാണ്. എന്നാൽ കസബ പോലുള്ള പടങ്ങളിലും എത്രയോ അധികം സ്ത്രീവിരുദ്ധതയാണ് ചാർളി, ഉസ്താത് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയവയിലുള്ളത്. സംവിധായകരുടെ/ തിരക്കഥാകാരുടെ സവർണ ഫാന്റസികൾക്കു മുമ്പിൽ പുരികം ചുളിക്കാൻ പോലും അവസരമില്ലാത്ത “ഒബ്ജെക്റ്റിഫിക്കേഷൻ” ആണ് ഇവയിലെ നായികാസ്ഥാനത്തുള്ള കഥാപാത്രങ്ങൾ അനുഭവിക്കുന്നത്. അപരസാന്നിധ്യങ്ങളെ വെളിപ്പെടുത്തുക പോലും ചെയ്യുന്നില്ല എന്നതാണ് ഇത്തരം സിനിമകളുടെ സവിശേഷത. വിവിധ സ്ത്രീപക്ഷ നിലപാടുകളുള്ള പുതുതലമുറ ഫെമിനിസ്റ്റുകൾ തന്നെയാണ് ഇങ്ങനെയുള്ള വിമർശനങ്ങളും വിശകലനങ്ങളും ഉന്നയിച്ചിട്ടുള്ളത്.

സ്ത്രീകൾ എന്ന ഒറ്റ യൂണിറ്റിനെ മാത്രം കാണുന്ന ‘ഫെമിനിച്ചികൾ’ മാത്രമല്ല; ‘അമാനവരും’ ‘അനാക്രികളും’ ദളിത് ബഹുജൻ മുസ്ലിം സ്ത്രീവാദികളും ഒക്കെ കൂടിയാണ് സിനിമയുടെ ലിംഗ-സമുദായ-മൂലധന അധികാരങ്ങളെ പൊളിക്കുന്നത്.

Be the first to comment on "സിനിമയുടെ ലിംഗ-സമുദായ-മൂലധന അധികാരങ്ങളെ പൊളിക്കുന്നവർ . കെകെ ബാബുരാജിന്റെ പ്രതികരണം"

Leave a comment

Your email address will not be published.


*