ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം. അതിശയിപ്പിക്കുന്ന ജഞ്ചിറ ദ്വീപും കോട്ടയും

ശ്യാം ദാസ്

മുംബൈയിൽ നിന്ന് നാട്ടിലേക്ക് IRCTC യിൽ ടിക്കറ്റെടുത്ത് പുറപ്പെടാൻ നിൽക്കുന്നതിന്റെ തലേന്നാണ് fb യിൽ ആരോ മുരുട് – ജഞ്ചിറ ഫോർട്ട് പോവുന്നതെങ്ങനെയാണെന്നു ആരാഞ്ഞു കൊണ്ട് പോസ്റ്റിട്ടത് കാണാൻ ഇടയായത്, കൂടെ അതിന്റെ രണ്ടു ഫോട്ടോസും!!

ചില ചിത്രങ്ങൾ അങ്ങനെയാണ് ഒരിക്കൽ കണ്ടാൽ മതി, അതിശയിപ്പിച്ചു കളയും! റൂട്ട് നോക്കിയപ്പോൾ ഞാൻ നിൽക്കുന്നിടത്തുനിന്നു വെറും 60 കിലോമീറ്ററിന്റെ ദൂരമേയുളളൂ.. നാളെ നാട്ടിലേക്കും പോവണം. നാലു ദിവസം ഇവിടെ ഉണ്ടായിട്ടും ഇത് ഇത്രേം അടുത്തുള്ളത് അറിയാതെ പോയല്ലോ.. അകെ നിരാശയായി. കഴിഞ്ഞ ദിവസങ്ങളിൽ കൊളാബ ഫോർട്ടുണ്ട് ELEPHENTA കേവ്സുമൊക്കെ പോയിരുന്നു. കൊളാബ കടൽ മുറിച്ചു കൊണ്ട് നടന്നു വേണം പോവാൻ. ഞാൻ എത്തിയ സമയം കൃത്യം വേലിയേറ്റം ആയതു കൊണ്ട് പോവാൻ പറ്റിയില്ല. കടൽ കയറിക്കയറി വരുന്നത് കാണാമായിരുന്നു നോക്കി നിൽക്കെ തന്നെ ഒരു കിലോമീറ്റര് ദൂരെ ഉണ്ടായിരുന്ന കടൽ പതുക്കെ പതുക്കെ എന്റെ അടുത്ത് വരെ എത്തി. കൂടാതെ എമർജൻസി അലറാമും മുഴങ്ങുന്നുണ്ടാർന്നു!! ഞാൻ വിട്ടില്ല, രാവിലെ 11 തൊട്ടു കാത്തിരുന്ന് കാത്തിരുന്ന് അവസാനം കടൽ തിരിച്ചിറങ്ങാൻ വൈകുന്നേരം 6 മണി ആയി. അങ്ങനെ സൂര്യൻ അസ്തമിച്ചുകഴിഞ്ഞു മുട്ടോളം വെള്ളത്തിൽ നടന്നാണ് കൊളാബയിൽ എത്തിയത്. ഇരുട്ടായതിനാൽ സന്ദർശകർ ആരും ഉണ്ടായിരുന്നില്ല കോട്ടയ്ക്കകത്തു ഇപ്പോഴും ആൾ താമസം ഒക്കെ ഉണ്ട്. കൊളാബയുടെ കഥ ഇവിടെ പറയുന്നില്ല, ഇതൊക്കെ നല്ല അനുഭവങ്ങളായിരുന്നെങ്കിലും ജഞ്ചിറയുടെ ആ ഒരു ഫോട്ടോ മനസ്സിൽ ഉടക്കി നിന്നു. അതുകൊണ്ടു തന്നെ അത് മിസ്സാവുമെന്നുള്ള വിഷമം മനസ്സിൽ വച്ചു കിടന്നുറങ്ങി.

പിറ്റേന്ന് IRCTC പണിതന്നു. VIKALP സ്കീം ഒന്ന് പരീക്ഷിച്ചതാ.. WL /5 ! So ടിക്കറ്റ് cancelled. “ഉർവശി ശാപം” തന്നെ. പിന്നെ ഒന്നും നോക്കിയില്ല പിറ്റേന്നുള്ള നേത്രാവതിക്കു തൽക്കാൽ ബുക്കുചെയ്തു. ഉച്ചയ്ക്ക് ഒരു മണിക്ക് (നേരത്തെ ഇറങ്ങണമെന്നു വിചാരിച്ചതാ, എന്നത്തേയും പോലെ അത് നടന്നില്ല) ഫോണും powerbank ഉം മാത്രം കയ്യിൽ എടുത്ത് ഇറങ്ങി ബസ് സ്റ്റാൻഡിൽ എത്തി, ബസ് പുറപ്പെടാൻ നിൽക്കുന്നുണ്ട്. ഇവിടുന്നു തന്നെ ഓവർ ലോഡ് ആണ്. വൈകിയത് കൊണ്ട് വേറൊന്നും നോക്കിയില്ല.. അതിൽ തന്നെ കയറി. കാലുകുത്താൻ സ്ഥലമില്ലാത്ത ഒരു മഹാരാഷ്ട്ര ആനവണ്ടി. അധികം വൈകാതെ ബസ് പുറപ്പെട്ടു. അങ്ങനെ ഇന്നലെ ജീവിതത്തിൽ ആദ്യമായി കേട്ട ഒരു സ്ഥലം തേടി അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നും അറിയാതെ അധികം ഒന്നും ആരോടും മുൻകൂട്ടി ചോദിക്കാതെ ഒരു യാത്ര.

സാധാരണ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോവുമ്പോൾ ഞാൻ അതിന്റെ ഹിസ്റ്ററി നോക്കി വെക്കാറുണ്ട്, ഇത്തവണ അതിനു സമയം കിട്ടിയില്ല. കുഴപ്പമില്ല, ബസ്സിൽ രണ്ടു മണിക്കൂറോളം ഉണ്ട്, ഗൂഗിൾ നോക്കാമല്ലോ എന്നു കരുതിയിരിക്കുമ്പോഴാ അവിടെ ഇത്തവണ അംബാനി പണി തരുന്നത്. രേവതണ്ട മുതൽ അങ്ങോട്ട് നോ സിഗ്നൽ !! അല്ലെങ്കിലും ആദ്യമായി പോവുന്ന റൂട്ടിൽ ഞാൻ ഫോൺ അധികം ഉപയോഗിക്കാറില്ല. അതിൽ നോക്കിയിരുന്നാൽ പല വിലപ്പെട്ട കാഴ്ചകളും നഷട്ടമാവും. പൊളിഞ്ഞ റോഡിൽ ബസിന്റെ ആമാശയം വരെ ഇളകി പറിഞ്ഞു ശബ്ദം ഉണ്ടാക്കുന്നുണ്ട്. അത് പോരാഞ്ഞു എവിടുന്നോ കുറെ സ്കൂൾ പിള്ളേർ ബസ്സിൽ ഇടിച്ചു കേറി.. പിന്നൊന്നും പറയണ്ട ബസ് ഉണ്ടാക്കുന്നതിന്റെ ഇരട്ടി സൗണ്ട് അവർ മറാത്തി പറഞ്ഞുണ്ടാക്കി. ഇടയ്ക്കെവിടുന്നോ സീറ്റ് കിട്ടി, ഇരുന്നു. ബസ്സിൽ ആൾക്കാരെക്കാളും കൂടുതൽ സാധനങ്ങൾ ഉണ്ട്. റായ്ഗഡ് ജില്ലയുടെ തലസ്ഥാന നഗരം ആണ് അലിബാഗ് അതുകൊണ്ടു തന്നെ കച്ചവടക്കാരൊക്കെ സാധനം മൊത്തമായി എടുത്ത് പോവുന്നത് ഇവിടുന്നാണ്. അങ്ങനെ ഛത്രപതി ശിവാജിയുടെ സാമ്രാജ്യ തലസ്ഥാനമായ റായ്‌ഗഡ്ന്റെ തനി ഗ്രാമ പ്രദേശങ്ങളിലൂടെ “റോഡ്” എന്ന് വിളിക്കാൻ പോലും പറ്റാത്ത അത്രയും പൊളിഞ്ഞ വഴികളിലൂടെ ബസ് നീങ്ങി കൊണ്ടിരുന്നു. ഈ മുഴുവൻ യാത്രയിലും ഡ്രൈവർ ഹോൺ ഉപയോഗിച്ചതായി കണ്ടില്ല, അതിന്റെ ആവശ്യവും ഇല്ല. അത്രയും വലിയ ശബ്ദം ഉണ്ടാക്കിക്കൊണ്ടാണ് ബസ് പോവുന്നത്. ചുറ്റും ആൽമരങ്ങളാണ് ഒരു നിശ്ചിത ഇടവേളകളിൽ റോഡിനു ഇരു വശത്തും ഇടയ്ക്കിടെ ആൽമരം കാണാം. ഒരു സ്ഥലത്തു പ്രകൃതിയിലേക്കുള്ള കവാടം പോലെ ആലിന്റെ താഴോട്ടുള്ള ശിഖരങ്ങൾ ചതുരാകൃതിയിൽ മുറിച്ചിരിക്കുന്നു. അതിലൂടെ ആണ് വാഹനങ്ങൾ കടന്നു പോവുന്നത്. വഴിയിലെവിടുന്നോ റേഞ്ച് കിട്ടിയപ്പോൾ ഞാൻ ഗൂഗിൾ മാപ് എടുത്ത് കറന്റ് ലൊക്കേഷൻ കൊടുത്തു.. അപ്പോഴാണ് ആ ഏരിയയുടെ കിടപ്പ് കാണുന്നത്. എന്റെ എതിർവശം കടലാണ്. അത് ഇത്രേം നേരം അറിഞ്ഞിരുന്നില്ല. കാരണം, ഞാൻ ഇരിക്കുന്ന സൈഡിൽ കുറെ നേരമായിട്ട് കാണുന്നത് മലയും കാടുമൊക്കെയാണ്. കൂടാതെ ഇടയ്ക്ക് ബസ് കയറ്റം കയറിയും ഇറങ്ങിയും ഹെയർ പിൻ വളവുകൾ പിന്നിട്ടും ഒക്കെയാണ് പോവുന്നത് അങ്ങനെ ഒരു സ്ഥലത്തിന്റെ ഇത്രയും അടുത്തു കടൽ ആണെന്ന് വയനാടും ഇടുക്കിയും ഒക്കെ കണ്ട ശീലിച്ച ഒരു മലയാളിക്ക് പെട്ടന്ന് ദഹിക്കില്ല. കുറച്ചു കഴിഞ്ഞപ്പോൾ ബസ്സിലെ തിരക്കൊഴിഞ്ഞു, ഇപ്പോൾ രണ്ടു വശവും കാണാം. സിമ്പിൾ ആയി പറഞ്ഞാൽ താമരശ്ശേരി ചുരത്തിന്റെ മറ്റേ വശം താഴെ കടൽ ആണെങ്കിൽ എങ്ങനെ ഉണ്ടാവും.. അത് തന്നെ. റേഞ്ച് വീണ്ടും പോയി, അപ്പോഴാണ് കയ്യിലെ കാശിന്റെ കണക്കെടുത്ത്. പെട്ടന്നുള്ള പോക്കായതുകൊണ്ട് പോവുന്ന സ്ഥലത്തെ പറ്റി ഒരു ധാരണയും ഇല്ല. ATM ഉള്ള സ്ഥലമാണോന്നുപോലും അറിയില്ല. ബസ് ഇറങ്ങി വീണ്ടും ഒരു 6 kms പോവാനുണ്ട് രാജ്‌പുരി വരെ. ബസ് ഉണ്ടാവുമായിരിക്കും. പിന്നെ രാജ്‌പുരിന്നു ബോട്ടിൽ ജഞ്ചിറ !!


എല്ലാം പ്രതീക്ഷിച്ചപോലെ നടന്നാൽ മാത്രം. കാരണം എല്ലാ ദിവസവും സന്ദർശനം അനുവദിനീയം ആണോ..? സമയ ക്രമം എന്തെങ്കിലും ഉണ്ടോ..? ഒറ്റയ്ക്കായാൽ കടത്തിവിടുമോ..? ബോട്ടിനു അമിത ചാർജ് ആണോ..? ഒന്നും അറിയില്ല, ഇതെല്ലം അനുകൂലമായി വരണം. വരാതിരിക്കില്ല. പോവുന്ന വഴിക്ക് കുറച്ചു നല്ല പേരുകേട്ട ബീച്ചുകൾ ഉണ്ട്. kashid, murud. അങ്ങനെ പലതും. അതൊക്കെ പിന്നിട്ട് ബസ്സ് ലാസ്റ്റു സ്റ്റോപ്പായ murud മാർക്കറ്റിൽ എത്തി. ബസ് സ്റ്റാൻഡ് പോയിട്ട് ഒരു ചെറിയ ബസ് സ്റ്റോപ്പ് പോലും ഇല്ല. ആൾക്കാരെ ഇറക്കി ഒരു U ടേൺ എടുത്ത് ബസ് തിരിച്ചു പോവും. ഇറങ്ങി, തൊട്ട് മുന്നിലുള്ള ആളോട് ജഞ്ചിറ പോവുന്നതെങ്ങനെന്നു ചോദിച്ചപ്പോൾ അയാൾ ദൂരേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു ഉദർ സെ ” ***** ” മിലേഗാ..! ആ സാധനം എനിക്ക് മനസ്സിലായില്ല. എന്ത് മിലേഗാ ? എന്റെ expression കണ്ടപ്പോൾ അയാൾ അത് മാറ്റി റിക്ഷാന്നാക്കി. നേരത്തെ പറഞ്ഞത് റിക്ഷയുടെ അവിടുത്തെ ലോക്കൽ പേരാവും.. “റേറ്റ് കിതനാ ഹോത്താ ഹേ ?” “ഷെയർ മെ മിലാത്തോ 10 -15” ആഹാ, എന്നാൽ അത് തന്നെ മതി. അയാൾ ചൂണ്ടിയ സ്ഥലത്തേക്ക് വച്ചുപിടിച്ചു. അവിടെ ഓട്ടോറിക്ഷ ഒന്നും കണ്ടില്ല പകരം വേറൊരു സാധനം ഉണ്ട്. നമ്മുടെ ape ഓട്ടോ യുടെ രൂപവും അതിന്റെ ഇരട്ടി വലിപ്പവും ഉള്ളൊരു സാധനം, ഒരു ten seater. അതിൽ ഇപ്പൊ തന്നെ സീറ്റ് ഫുൾ ആണ്. ആരെയോ കാത്തിരുന്ന് മുഷിഞ്ഞ പോലെ തോന്നിപ്പിക്കുന്ന അതിന്റെ ഡ്രൈവറോട് ഞാൻ ജഞ്ചിറ ന്നു പറഞ്ഞതും അയാളുടേം അതിലുള്ള 9 മറാത്തി പെണ്ണുങ്ങളുടേം മുഖത്തു പെട്ടൊന്നൂര് തെളിച്ചം വരുന്നത് ഞാൻ കണ്ടു. അപ്പോഴാണ് മനസ്സിലായത് അതിലെ ശേഷിക്കുന്ന സ്ഥലത്തേക്കുള്ള ഒരാളേം കാത്തിരിക്കുന്നതായിരുന്നു അവരെന്ന്. ആ ആളാണ് ഈ ഞാൻ!! ഇരിക്കാനുള്ള സ്ഥലമൊന്നും ഇല്ല പെണ്ണുങ്ങളുടെ നടുവിൽ ഉള്ള ഒരു ഗ്യാപ്പിൽ ഒരു വിധം ഇരുന്നൂന്നു വരുത്തി. അങ്ങനെ ഞങ്ങളെ 10 പേരേം കൊണ്ട് tam tam (അതാണതിന്റെ പേര്) പുറപ്പെട്ടു. വലതു വശം താഴെ കടലാണ്, കടലിൽ കുറച്ചു അകലെയായി ഒരു മനോഹരമായ കോട്ട കാണുന്നുണ്ട്. പക്ഷെ അത് ജഞ്ചിറ അല്ലെന്ന് കണ്ടപ്പോൾ മനസ്സിലായി.

ശ്യാം ദാസ്

ചോദിച്ചപ്പോൾ കിട്ടി. അതാണ് പദ്മ ദുർഗ് ഫോർട്ട്, ജഞ്ചിറയെ കീഴടക്കാനായി മാത്രം ശിവാജിയും മോനും കൂടി 12 വർഷമെടുത്തു പണിത കോട്ട. പക്ഷെ പദ്മ ദുർഗ് ഒരു പാഴ് ശ്രമമായി. റിക്ഷ ഇടയ്ക്കിടെ നിർത്തുന്നുണ്ടായിരുന്നു അവരൊക്കെ വഴിയിൽ ഇറങ്ങി. അവസാനം ഞാനും ഒരു അമ്മുമേം മാത്രം ആയി. ജഞ്ചിറ എത്തി. ഞാൻ രണ്ടു പത്തിന്റെ നോട്ടു നീട്ടി അയാൾ അതിൽ നിന്ന് ഒന്ന് മാത്രം എടുത്തു. അപ്പോൾ അങ്ങ് മലബാറിൽ മാത്രമല്ല ഇങ്ങു മഹാരാഷ്ട്രയിലും നല്ല ഓട്ടോക്കാരോക്കെ ഉണ്ട്. ഞാൻ ഫോർട്ട് എങ്ങോട്ടാണെന്ന് ചോദിച്ചു, അയാൾ ഒരു ഇടവഴിയിലേക്ക് വിരൽ ചൂണ്ടി. നേരെ അങ്ങോട്ട് നടന്നു, അതുവരെ ഉണ്ടായിരുന്ന ചുറ്റുപാടായിരുന്നില്ല അവിടെ. എല്ലാത്തിലും ഒരു അറബി മയം, വീടിന്റെ പേരും കടയുടെ പേരും വണ്ടികളുടെ പേരും എല്ലാം അറബിയിൽ. പോരാത്തതിന് അടുത്തടുത്തായി രണ്ടു പള്ളികളും. ചുറ്റുപാടും ഉള്ള കടകളിലും വീടുകളിലും ഒക്കെ തട്ടമിട്ട തലകളും. നല്ല പക്കാ മുസ്ലിം ഏരിയ ആണ്. അതിന്റെ നടുവിലൂടെ നടന്നു പോവുന്നതിനിടെൽ ഞാൻ എന്തോ ഒന്ന് cross ചെയ്തതായി എനിക്ക് തോന്നി. ഒരു നാല് സ്റ്റെപ് റിവേഴ്സ് വന്നു. വലതുവശത്തു രണ്ട് കെട്ടിടത്തിനിടയിലെ തുറസ്സായ സ്ഥലത്തൂടെ ഞാൻ കണ്ടു. ദൂരെ കടലിന്റെ നടുവിൽ സൂര്യ കിരണങ്ങളേറ്റു ഉഗ്ര പ്രതാപത്തോടെ “ജഞ്ചിറ”. സാധാരണ ഇത്തരം വ്യൂ കിട്ടിയാൽ ഞാൻ ഫോട്ടോ എടുക്കാതിരിക്കാറില്ല. പക്ഷെ ഇപ്പൊ നോക്കി നിൽക്കാനല്ലാതെ വേറൊന്നിലേക്കും മനസ്സ് പോയില്ല. That speechless moment !!

അവധി ദിനമൊന്നും അല്ലാത്തതിനാൽ വലിയ തിരക്ക് പ്രതീക്ഷിക്കാതെ ചെന്ന ഞാൻ ഞെട്ടി. ടിക്കറ്റ് കൗണ്ടർനു മുന്നിൽ ഒരു 90 – 100 പേരുടെ നീണ്ട നിര, അതും എല്ലാം പെൺകുട്ടികൾ. ഏതോ സ്കൂളിൽ നിന്ന് ടൂർ വന്നതാണ്. അവർക്ക് അധ്യാപകൻ ഒരുമിച്ച് ടിക്കറ്റ് എടുത്തു. ഞാൻ പോയി ബോട്ടിന്റെ ടിക്കറ്റ് എടുത്തു. ടിക്കറ്റ് തരുന്നയാൾ മറാത്തിയിൽ എന്തൊക്കയോ പറഞ്ഞു. ഞാൻ മറാത്തി നഹി മാലൂം ന്നു പറഞ്ഞു. അയാളത് ഫുൾ ഹിന്ദിയിൽ ആക്കി പറഞ്ഞു തന്നു. ഹിന്ദി അത്യാവശ്യം അറിയാമെങ്കിലും മുപ്പതിന് മേലോട്ടുള്ള നമ്പർ കാര്യമായൊന്നും ഓർമ്മയിൽ ഇല്ല. അതുകൊണ്ട് പുള്ളി പറഞ്ഞ സമയങ്ങളിൽ പലതും എനിക്ക് കലങ്ങിയില്ല. “ഇത്ര” സമയം മാത്രമേ അതിനുള്ളിൽ ചിലവിടാൻ പാടുള്ളൂവെന്നും മറ്റും അതിൽ പെടും. എങ്ങനെ എങ്കിലും ഉള്ളിൽ എത്തിക്കിട്ടിയാൽ മതിയെന്നുള്ള ആവേശത്തിൽ അതൊന്നും ശ്രദ്ധിച്ചില്ല. അത് ഒരു കണക്കിന് നന്നായി. അങ്ങനെ ടിക്കറ്റും കൊണ്ട് ബോട്ട് പുറപ്പെടുന്ന ജെട്ടിയിലേക്ക് നടന്നു അവടെ നേരത്തെ കണ്ട നീണ്ട നിര ഉണ്ടായിരുന്നു. ഞാൻ അവരുടെ പുറകിൽ പോയി നിന്നു. ഇരുപതു പേരെ വച്ചാണ് കടൽ കടത്തുന്നത്. ബോട്ട് അല്ല ഒരു പായ വഞ്ചിയാണ്. പൂർണമായും കാറ്റിന്റെ ശക്തി ഉപയോഗിച്ച നീങ്ങുന്നത്. അതെനിക്കിഷ്ടപെട്ടു. അങ്ങനെ ഓരോ ബാച്ച് പോയിക്കൊണ്ടിരുന്നു. 10 -15 തോണികൾ ഉണ്ട്. ഓരോന്ന് പോവുമ്പോൾ അടുത്തത് വരും. ഇതിനിടയിലാണ് ഒരു നാട്ടുകാരനിൽ നിന്നു അറിയാൻ കഴിഞ്ഞത് ആൾക്കാർ കുറവാണേൽ ഇവർ തോണിക്ക് തോന്നിയ റേറ്റ് പറയുംന്ന്. ഭാഗ്യം, സ്കൂൾ പിള്ളേർ വന്നില്ലേൽ ഞാൻ പെട്ട് പോയേനെ. അപ്പോഴാണ് ഞാൻ ആലോചിക്കുന്നത് വഞ്ചിക്കാർക്കു അവിടെ നല്ല ലാഭം ആണ്. കാറ്റിന്റെ ശക്തി ഉപയോഗിച്ച് പോവുന്നതിനാൽ engine ഉം വേണ്ട ഡീസലും വേണ്ട. കിട്ടുന്നതൊക്കെയും ലാഭം. ഞാൻ ജസ്റ്റ് ഒന്ന് അവരുടെ ഒരു മാസത്തെ ഏകദേശ വരുമാനം കൂട്ടി നോക്കി. കുട്ടി മാമ.. ഞാൻ ഞെട്ടി മാമാ !! അങ്ങനെ കുട്ടികളുടെ ലാസ്റ്ബാച്ചിന്റെ കൂടെ ഞാനും കേറിക്കൂടി. സൂര്യൻ അതിന്റെ സൗമ്യ ഭാവത്തിൽ ഓളങ്ങളിൽ ഒളികൾ തീർത്തുകൊണ്ട് കോട്ടയുടെ മുകളിലായി അസ്തമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പെർഫെക്റ്റ് ATMOSPHERE, സമയം 3:50 pm.

അങ്ങനെ ഞങ്ങളുടെ പായ വഞ്ചി കരയിൽ നിന്ന് വിട്ടു കാറ്റിന്റെ ഗതിക്കു നീങ്ങാൻ തുടങ്ങി. ആദ്യമൊക്കെ തുഴഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതിനെ കാറ്റിനെ ഗതിക്ക് വിട്ടിട്ട് വഞ്ചിക്കാരും ഇരുന്നു. ആർക്കും ഇരിക്കാൻ പ്രീത്യേകം സ്ഥലമൊന്നും ഇല്ല. അതിന്റെ ഫ്ലോറിൽ ഇരിക്കണം. എന്റെ കൂടെയുള്ള എല്ലാ പെൺകുട്ടികളും വഞ്ചിയുടെ ഇരു വശത്തായും ഞാനും ഒരു ടീച്ചറും നടുക്കായും ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വഞ്ചിയുടെ പോക്കിന്റെ രീതിയിൽ എന്തോ ഒരു വശപ്പിശകില്ലേന്നു തോന്നി. കാരണം, ഞങ്ങൾ കോട്ടയുടെ നേരെ അല്ല പോയി കൊണ്ടിരിക്കുന്നത്. ഈ സൈഡിൽ എൻട്രൻസ് ഒന്നും കാണാനില്ല, ചിലപ്പോൾ കോട്ടയെ ഒന്ന് ചുറ്റി പോയാലാവും കോട്ടവാതിൽ കാണുക. പക്ഷെ എല്ലാം വെറും തെറ്റിദ്ധാരണകൾ മാത്രം ആയിരുന്നു എന്ന് പിന്നെ ആണ് മനസ്സിലായത്. കാറ്റിന്റെ ഗതി അനുസരിച്ചാണ് വഞ്ചി കറങ്ങുന്നത്. അതിലുള്ളവർ പായ തിരിച്ചും മറിച്ചും എല്ലാം കെട്ടി വഞ്ചിയെ നേർവഴിക്കാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുണ്ട്. ഞാൻ എങ്ങനെ നോക്കീട്ടും കോട്ടയുടെ എൻട്രൻസ് കാണുന്നില്ല. വഞ്ചി കോട്ടയ്ക്ക് നേരെ നീങ്ങിക്കൊണ്ടിരുന്നു. കോട്ട വാതിലും കാണാൻ ഇല്ല, വഞ്ചി അടുക്കാനുള്ള സ്ഥലവും കാണാനില്ല. ഇത് പിന്നെ എങ്ങോട്ടാ ഈ പോവുന്നെ? ഇനി വല്ല ചെറിയ കവാടവും ആവുമോ? പക്ഷെ എല്ലാ ധാരണകളും കാറ്റിൽപറത്തിക്കൊണ്ട് അതുവരെ കാണാതിരുന്ന ആ ഭീമൻ കോട്ട വാതിൽ പെട്ടന്ന് എവിടുന്നോ പ്രത്യക്ഷ്യമായി. ഇതെന്താ മായാജാലമോ? തോണിക്കാരനാണ് പറഞ്ഞത്, അതിന്റെ നിർമാണ ഘടന കൊണ്ടാണത്രേ അങ്ങനെ. ഒരു 100 മീറ്റർ നേരെ മുന്നിൽ എത്തിയാൽ മാത്രമേ ആ ഭീമാകാരൻ കോട്ടയുടെ അതിലും ഭീമമായ കവാടം കണ്ണിൽ തെളിയൂ. കോട്ടയുടെ സംരക്ഷണാര്ഥം ആണത്രേ അത്. പുരാതന എഞ്ചിനീയറിംഗ് വിസമയത്തിലേയ്ക്കാണ് ഞാൻ പോവുന്നതെന്ന് അപ്പോൾ എനിക്ക് അറിയില്ലായിരുന്നു !! വഞ്ചിക്ക് അടുക്കാൻ പ്രത്യേക സംവീധാനങ്ങളൊന്നുമില്ല കോട്ടയ്ക്ക് ചേർത്ത അടുപ്പിക്കും, ആദ്യ കാൽവെപ്പു തന്നെ കോട്ടയുടെ പടിയിലേക്കാണ്. വേലിയേറ്റ സമയം ആണ്, കടൽ അല്പം ഉയർന്നാണുള്ളത്. അടുത്തെത്തിയപ്പോഴാണ് അതിന്റെ യഥാർത്ഥ വലിപ്പം മനസ്സ്സിലായത്. ചേർത്ത് വച്ച വഞ്ചിയിൽ നിന്നു കോട്ടമതിലിന്റെ മുകൾ ഭാഗം കാണണം എങ്കിൽ കിടന്നു കൊണ്ട് നോക്കണം. കവാടത്തിൽ തന്നെ ആദ്യം പോയ സ്കൂൾ കുട്ടികൾ ഇവർക്കായി കാത്തു നിൽക്കുന്നുണ്ട്. അവരെല്ലാരും കൂടി ഉള്ളിലേക്ക് പോയി. ഞാൻ അതിന്റെ കവാടവും അതിലെ ആനയുടെയും കടുവയുടേം കൊത്തു പണികളും നോക്കി നിന്നു. 40 അടിയിലേറെ ഉയരമുള്ള കോട്ടമതിലിന്റെ താഴെ ഭാഗം 500 ലേറെ വര്ഷങ്ങളായി നിരന്തരം കടലിന്റെ ആക്രമണത്തെ ചെറുത്തുകൊണ്ടിരിക്കുന്നവയാണ്. അതിന്റെ ഫലമായി ചില ഭാഗങ്ങളിലെ കല്ലൊക്കെ ദ്രവിച്ച നിലയിൽ ആയിട്ടുണ്ട്. പക്ഷെ അവിടെ എന്നെ അത്ഭുതപെടുത്തിയത് ആ കല്ലുകൾ ചേർത്ത് വെക്കാൻ ഉപയോഗിച്ച ബൈൻഡിങ് മെറ്റീരിയൽ ആണ്, അതിനിപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല. കല്ലുകൾ ദ്രവിച്ചിട്ടും അതിനൊരു കുലുക്കവും ഇല്ല. നമ്മൾ വെറും 112 വര്ഷം പഴക്കമുള്ള dam ന്റെ ബലക്ഷയത്തെ പറ്റി വ്യാകുലപ്പെടുന്നു. ഇത് നിൽക്കുന്നത് പുഴയിലല്ല, കടലിലാണ്. അതും 5 നൂറ്റാണ്ടുകളായി. ഇപ്പോഴും ഒരു തുള്ളി വെള്ളം അകത്തേക്ക് എത്തിയിട്ടില്ല. 500 വർഷക്കാലം കടലിനെ തോൽപ്പിച്ച ആ മിശ്രിതം എന്തുകൊണ്ട് ഇന്ന് നിർമാണത്തിന് ഉപയോഗിച്ചുകൂടാ? അതും ഓർത്തങ്ങനെ നിൽക്കുമ്പോഴാണ് ഒരുത്തൻ അടുത്ത് വന്നത് “അകേല ഹേ ക്യാ ?” എന്തായാലും ഇങ്ങോട്ടു വന്നതല്ലേ എന്റെ ഒരു ഫോട്ടോ അയാളെ കൊണ്ട് എടുപ്പിച്ചു. അയാളാണ് പറഞ്ഞത് പെട്ടന്ന് പോയി കണ്ടോളൂ, വഞ്ചി പെട്ടന്ന് മടങ്ങും എന്ന്. ഉള്ളിൽ ഇനി എന്തൊക്കയാണാവോ കണ്ടു ഞെട്ടാൻ ഉള്ളത്. ചിലപ്പോൾ പാലക്കാട് കോട്ടയൊക്കെ പോലെ പുറത്തു കാണാനുള്ള ഭംഗിയെ കാണുള്ളൂ ഉള്ളിൽ കാര്യമായി ഒന്നും ഉണ്ടാവില്ലായിരിക്കും. രണ്ടായാലും കയറിയേക്കാം.

ഞാൻ ഉള്ളിലേക്ക് കടന്നു.. “അവർണനീയം”, ഈ ഒരു നിമിഷത്തിനു വേണ്ടിയാണു ഞാനധികം ഓൺലൈനിൽ കോട്ടയുടെ ഉള്ളിലെ ചിത്രങ്ങൾ നോക്കാതിരുന്നത്, നേരിട്ട് കണ്ട് ഞെട്ടണം. ആ ഒരു സ്റ്റെപ് വെക്കുമ്പോൾ ഒരു പുതിയ ലോകത്തു എത്തുന്ന ഫീൽ. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഇങ്ങനൊക്കെ ഉള്ള സ്ഥലങ്ങൾ ഉണ്ടെന്നു അറിയാൻ പോലും ഇത്ര വൈകി പോയല്ലോ. മുന്നിൽ ഒരു തകർന്ന 6 നിലയുള്ള വമ്പൻ രാജകൊട്ടാരവും (അതിൽ 3 നില പൂർണമായും തകർന്നു പോയി) കുറെ നിലംപൊത്തിയ വീടുകളുടെ ചുമരുകളും ഒന്ന് രണ്ടു പള്ളികളും അമ്പലവും സ്കൂളും കുളവും ചുരുക്കി പറഞ്ഞാൽ ഒരു മുഴുവൻ നാട്ടുരാജ്യത്തെയും അതിന്റെ അധിപനായ രാജാവിനെയും ഒരാൾക്കും വിട്ടുകൊടുക്കാതെ നൂറ്റാണ്ടുകളോളം കാത്തുരക്ഷിച്ചു വരികയായിരുന്നു ജഞ്ചിറ. ഇത്തരത്തിൽ ഒരു കോട്ട ലോകത്തിൽ തന്നെ വേറെ എവിടെയും ഇല്ല. സാധാരണ ഇത്തരം ചരിത്ര സ്മാരകങ്ങളിൽ പല ഇൻഫർമേഷൻ ബോർഡുകളും മറ്റും ഒക്കെ കാണാറുള്ളതാണ് ഇവിടെ പക്ഷെ ഒന്നും ഇല്ല. ആകെ പുതിയതായി കാണാനുള്ളത് അവിടവിടെ ആയി സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകൾ ആണ്. അതിനാൽ ആ ഒരു പഴമ നല്ലോണം അനുഭവിക്കാം.
ജഞ്ചിറയ്ക്ക് ഒരു വലിയ ചരിത്രം ഉണ്ടെന്നു എനിക്കുറപ്പാണ്. വന്ന സ്കൂൾ കുട്ടികൾ വേറെ ഏതോ ദിശയിലേക്ക് പോയി അവരുടെ കൂടെ ഒരു ഗൈഡും ഉണ്ടായിരുന്നു. ഗൈഡ്നു പ്രത്യകം ചാർജ് ആണ്. ഒരു ചെറിയ ഗ്രുപ്പിനു 300 ആണെന്ന് തോന്നുന്നു. ഫോണിൽ നോക്കിയപ്പോൾ റേഞ്ച് ഉണ്ട്. ഗൂഗിൾ നോട് ചോദിച്ചു.. ഹിസ്റ്ററി ഓഫ് ജഞ്ചിറ. അവിടെ നല്ല സൂര്യപ്രകാശം ഉള്ളതിനാൽ വായിക്കാൻ പ്രയാസം. അതുമായി ആ പൊളിഞ്ഞ കൊട്ടാരത്തിന്റെ ഉള്ളിലേക്ക് പോയി. മുകളിലേക്കുള്ള ഗുഹ പോലുള്ള കൽപ്പടവുകൾ കയറി, എവിടേം ആരും ഇല്ല. മൂന്നാം നിലയിൽ എത്തി. ആ ഭാഗത്തേക്ക് ആരും വരാറിലാന്ന് തോന്നുന്നു. എല്ലാവരും കൊട്ടാരം ചുറ്റും നടന്നു മാത്രം കാണാറാണെന്നു തോന്നുന്നു. വന്ന വഴി നോക്കിയപ്പോൾ ഫുൾ കൺഫ്യൂഷൻ, എല്ലാ സൈഡും ഒരുപോലെ ഉണ്ട്. എവിടുന്നാണ് വന്നെതെന്നു നോ ഐഡിയ, എല്ലാ വശത്തേക്കും വാതിലും സ്റ്റെപ്സും ഉണ്ട്. എല്ലാം നിർമിച്ചിരിക്കുന്നത് സിമെട്രിക്കൽ ആയാണ്. പൊളിച്ചു.. ചരിത്രം വായിക്കാൻ ഒരു സ്ഥലവും നോക്കി വന്നത് ഇങ്ങനെയായി. എവിടൊക്കെയോ കറങ്ങി കറങ്ങി ഒരു വലിയ ഹാളിന്റെ അടുത്തെത്തി. അവിടുന്ന് പുറത്തേക്ക് നല്ല ഒരു അടിപൊളി കാഴ്ചയുണ്ട്.. “The Ruins of Janjira palace”. അതും നോക്കി ഇങ്ങനെ നിൽക്കുമ്പോഴാണ് താഴത്തെ നിലയിൽ നിന്നൊരു സൗണ്ട് കേട്ടത്, നോക്കിയപ്പോ എന്റെ വഞ്ചിയിൽ ഉണ്ടായിരുന്ന ടീച്ചറും 3 പെൺപിള്ളേരും എന്നോട് മറാത്തിയിൽ എന്തോ ചോദിച്ചു.. ഞാൻ “കേരളാ സെ ഹേ” ന്നു പറഞ്ഞു. അവരുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ഞാൻ ഹിന്ദി അറിയാമെന്നു പറഞ്ഞു, “ഇഥർ സെ കൈസാ ബാഹർ നികലൂം?”.. തകർത്തു, നല്ല ആളോടാ ചോദിച്ചത്. ഞാനും അതറിയാണ്ടാണല്ലോ നിൽക്കുന്നത്. പക്ഷെ താഴെ നിന്നുള്ള വഴി എനിക്ക് ഏകദേശേം അറിയാം, ഇവിടുന്നു താഴേക്ക് പോവേണ്ടതാണ് എനിക്ക് അറിയാത്തത്. ഞാൻ വഴി പറഞ്ഞു കൊടുത്തു. എന്നിട്ട് ഞാൻ വീണ്ടും മുകളിലേക്ക് കയറി, അവിടെ ഒരു തുറസ്സായ സ്ഥലത്തിരുന്ന് ഹിസ്റ്ററി വായിച്ചു. ആ ഒരു അരമണിക്കൂർ കൊണ്ട് ഞാൻ ഒരു 5 നൂറ്റാണ്ടു പുറകിലേക്ക് വരെ പോയി. അപ്പോഴാണ് മനസ്സിലാവുന്നത് ജഞ്ചിറ എന്തായിരുന്നു എന്ന് !!

നിർമ്മിച്ചതിനു ശേഷം ആരുടെ മുന്നിലും തലകുനിച്ചു കൊടുക്കാത്ത ഇന്ത്യയിലെ ഒരേ ഒരു കോട്ട — കടലിൽ സ്ഥിതിചെയ്യുന്ന ഏറ്റവും ശക്തമായ കോട്ട. ഛത്രപതി ശിവാജി 13 തവണയും പിന്നീട അദ്ദേഹത്തിന്റെ മകനും കൂടാതെ ബ്രിട്ടനും പോർച്ചുഗീസും പലതവണ കീഴടക്കാൻ ശ്രമിച്ചിട്ടും നടക്കാതിരുന്ന കോട്ട. ചരിത്രത്തിൽ സിദ്ദി വംശത്തിനു ഒരു അടയാളവും നൂറ്റാണ്ടുകളോളം സംരക്ഷണവും നൽകി വന്ന കോട്ട. 22 ടൺ ഭാരമുള്ള പീരങ്കി ഉൾപ്പെടെ 572ൽ പരം പീരങ്കികൾ സ്ഥിതി ചെയ്യുന്ന കോട്ട. ഉള്ളിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു ഐക്യത്തോടെ നൂറ്റാണ്ടുകൾ കഴിഞ്ഞിരുന്ന കോട്ട. കടലിന്റെ അടിയിലൂടെ 1km തുരങ്ക പാതയുള്ള കോട്ട. ഉള്ളിൽ ഒരു രാജ്യത്തിന് വേണ്ട എല്ലാ അവശ്യ വസ്തുക്കളും നിലനിർത്തി പോന്നിരുന്ന കോട്ട. ഒന്നര കിലോമീറ്റെർ ചുറ്റളവും അതിൽ 19 കൊത്തളങ്ങളും അടങ്ങിയ കോട്ടമതിൽ. അമ്പലവും പള്ളിയും തൊട്ടടുത്തായി സ്ഥിതിചെയ്തിരുന്ന കോട്ട. കടലിന്റെ നാടുവിലായിട്ടും വർഷത്തിൽ 365 ദിവസവും ശുദ്ധ ജല ഉറവയുള്ള ഭീമാകാരമായ തടാകം സ്ഥിതി ചെയ്യുന്ന കോട്ട.
“JANJIRA”, THE UNCONQUERED FORT !!

ഞാനൊന്ന് എഴുന്നേറ്റു ചുറ്റും നോക്കി. ഇപ്പോഴാണ് നിൽക്കുന്ന സ്ഥലത്തിന്റെ വില മനസ്സിലായത്, അതുവരെ പൊളിഞ്ഞ ആവഷ്ടങ്ങളിയി കണ്ട എല്ലാത്തിനും ഇപ്പൊ ജീവൻ വച്ച പോലെ തോന്നി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നവരെ എല്ലാ വൻ ശക്തികളും പഠിച്ചപണി 18 ഉം നോക്കിട്ടും കാല് കുത്താൻ പറ്റാത്ത ഒരു കോട്ടക്കുള്ളിലെ രാജകൊട്ടാരത്തിൻറെ മട്ടുപ്പാവിൽ ആണ് ഞാനിപ്പോൾ, wow !!!

ഞാൻ അവിടുന്നിറങ്ങി, ആ കടലിന്റെ നടുവിലെ ശുദ്ധജല തടാകം കാണാൻ.. തടാകം പ്രതീക്ഷിച്ചതിലും വലുതായിരുന്നു. 60 അടി ആഴവും 50 മീറ്റർ വ്യാസവും ഉള്ള നല്ല പെർഫെക്റ്റ് വൃത്താകൃതിയിൽ ഉള്ളതായിരുന്നു അത്. അതിലുള്ളത് മഴ വെള്ളമോ കടൽവെള്ളമോ അല്ല, ഉറവയാണ്. എപ്പോ പോയാലും അതിൽ നിറയെ വെള്ളം ഉണ്ടാവും, ഇതുവരെ വറ്റിയിട്ടില്ല. അതുപോലെ വെള്ളത്തിന്റെ അളവിൽ കാര്യമായ മാറ്റവും വരാറില്ല. ആ കുളത്തിന്റെ സ്ഥാനത്തു ആദ്യം ഒരു കൂറ്റൻ പാറ ആയിരുന്നു. അത് വെട്ടി എടുത്ത കല്ല് ഉപയോഗിച്ചാണ് കോട്ട പണിതത്. കല്ല് എടുത്തെടുത്തു അവസാനം ഉറവ കണ്ടു. എന്തായാലും അവിടുന്ന് കോട്ട പണിയാനുള്ള കല്ലും കിട്ടി, പിന്നീടങ്ങോട്ട് കുടിക്കാൻ വെള്ളവും കിട്ടി. സത്യത്തിൽ ആ തടാകമാണ് ഈ കോട്ടയുടെ ജീവനാഡി. പക്ഷെ ചരിത്രമറിയാതെ വരുന്ന ഒരാൾക്കും അതിന്റെ വില മനസ്സിലായെന്നു വരില്ല. അതവിടെ കാണാനും ഉണ്ട്, കുറെ കുപ്പികളും മറ്റും ഇട്ടു വൃത്തികേടാക്കി വച്ചിട്ടുണ്ട് !!


ആ കുളത്തിന്റെ സ്ഥാനത്തുള്ള കല്ലില്ലായിരുന്നേൽ കോട്ടയുടെ നിർമാണം നീണ്ടു പോയേനെ.. ദീർഘ വൃത്താകൃതിയിലുള്ള പാറയുടെ മേലെ ഇത് നിർമ്മിക്കാൻ നീണ്ട 22 വര്ഷം എടുത്തു . കാരണമിതാണ്, കടലിൽ വേലിയേറ്റം ഉണ്ടാവുന്ന സമയം കോട്ട മതിൽ നിർമിക്കാൻ പറ്റില്ലല്ലോ.. ആ സമയം അവർ ഉള്ളിലുള്ള കെട്ടിടങ്ങൾ നിർമിക്കും, വേലി ഇറക്കം ആവുമ്പോൾ മതിൽ പണി തുടരും. അങ്ങനെ അകത്തും പുറത്തും ആറു മണിക്കൂർ വീതം പണിതു പണിതു നീണ്ട 22 വര്ഷം എടുത്തു. ഇതിനിടയിൽ കോട്ട മതിൽ മൂന്നു തവണ തകർന്നുവെന്നും അവസാനം സിദ്ധി രാജാവ് തന്റെ 22 വയസ്സുള്ള മകനെ ബലി നൽകി എന്നും, പിന്നീടാണ് പണി പൂർത്തി ആയതെന്നും കേട്ടു.

6 നിലയുണ്ടായിരുന്ന ദർബാറിന്റെ മുകളിലത്തെ നില ചില്ലുകൊണ്ടുള്ളതെന്നാണ് പറഞ്ഞു കേട്ടത്. അതിന്റെ ബാക്കിയുള്ള പൊളിഞ്ഞ ഭാഗം കാണാൻ തന്നെ ഒരു ഗാംഭീര്യം ഉണ്ട്. അതിനു ഇരുവശത്തായുമാണ് തടാകങ്ങൾ ഉള്ളത്. ഇടത് വശത്തുള്ള തടാകത്തിൽ ഒരുമിച്ചു കുളിച്ചാണ് മുസ്ലിങ്ങളും ഹിന്ദുക്കളും തൊട്ടടുത്ത സ്ഥിതിചെയ്തിരുന്ന പള്ളിയിലേക്കും അമ്പലത്തിലേക്കും പോവാറുണ്ടായിരുന്നത്. അതുപോലെ കോട്ടയിലെ സ്കൂളിലെ വിദ്യാർത്ഥികൾ എല്ലാവര്ക്കും ഒരേ സമയം മറാത്തിയും ഉറുദുവും പഠിപ്പിച്ചിരുന്നു. ആ നമ്മളാണ് ഇപ്പൊ അയോദ്ധ്യയും ബാബരി മസ്ജിദും പറഞ്ഞു നടക്കുന്നത്. വലതു വശത്താണ് നേരത്തെ പറഞ്ഞ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്, അതിനോട് ചേർന്ന് ഒരു കെട്ടിടത്തിന്റെ അവശേഷിപ്പു കാണാം. അതായിരുന്നു 3 നിലകൾ ഉണ്ടായിരുന്ന രാഞ്ജിയുടെ ഷീഷ് മഹൽ. അതിന്റെ ഒന്നാം നിലയിൽ 7 ജനലുകൾ ഉണ്ടായിരുന്നു, അതിൽ 7 നും വ്യത്യസ്ത നിറങ്ങൾ ഉള്ള ചില്ലുകൾ പതിച്ചിരുന്നു. എന്നും രാവിലെ സൂര്യപ്രകാശം അതിലൂടെ കടന്നു തടാകത്തിൽ പതിക്കുമ്പോൾ തടാകം മഴവിൽ ശോഭ കൈവരിക്കും. അതിനാൽ ഈ തടാകത്തിലേക്ക് ആർക്കും പ്രവേശനം ഇല്ലായിരുന്നു. ജനങ്ങൾക്ക് വേണ്ട ജലം ചെറിയൊരു കനാല് വഴി മറ്റൊരു സംഭരണിയിൽ നിന്നും എടുക്കാമായിരുന്നു ! അവിടുന്ന് നേരെ ഞാൻ കോട്ടമതിലിനോട് ചേർന്നുള്ള ഭാഗത്തെത്തി. അതും മൂന്നു നിലകളിലായാണ് നിർമിച്ചിരിക്കുന്നത് ഏറ്റവും മുകളിൽ ആണ് പീരങ്കികൾ സ്ഥാപിച്ചിട്ടുള്ളത്. ഏറ്റവും താഴെ ചുറ്റിലും കുറെയേറെ സംഭരണ മുറികളായിരുന്നു. വെടിമരുന്നു സംഭരണികൾ. സൂര്യപ്രകാശം ഏറ്റു അത് കത്തിപ്പിടിക്കാതിരിക്കാനാണ് അത് ഏറ്റവും താഴെ സുരക്ഷിതമായി വച്ചിരുന്നത്. കുറെ നടന്നാണ് ആ കടലിനടിയിലേക്കുള്ള തുരങ്കം കണ്ടെത്തിയത്, അതിപ്പോൾ സർക്കാർ അടച്ചു. ചിലയിടങ്ങളിൽ വെള്ളം ലീക്കായി കോട്ടയിലേക്ക് കയറാൻ സാധ്യത ഉള്ളതിനാലാണ് അടച്ചത്. കൊട്ടാരത്തിനടുത്തായി ഒരു രണ്ടു നില കെട്ടിടം ഉണ്ട്, അവിടെ നിന്നാണ് പ്രജകൾക്കുള്ള അറിയിപ്പുകൾ കൊടുത്തിരുന്നത്. ചരിത്രം അറിഞ്ഞുതന്നെ ചരിത്ര സ്മാരകങ്ങൾ കാണണമെന്ന് പറയുന്നത് ഇത് കൊണ്ടാണ്. ഇല്ലെങ്കിൽ ഇവയൊക്കെ വെറും തകർന്ന കൽ ചുമരുകൾ മാത്രമായി കാണേണ്ടി വന്നേനെ.

എല്ലാം കൊണ്ടും സിദ്ധി രാജാക്കന്മാർക്ക് ഒരു സ്വപ്ന ഭൂമി തന്നെ ആയിരുന്നിരിക്കണം ജഞ്ചിറ. കോട്ടയുടെ മുകളിൽ 360 ഡിഗ്രി ചുറ്റിലും ആയി 22000 kg ഉള്ള വമ്പൻ പീരങ്കി ആയ ‘കാലാൾ ബംഗടി’ ഉൾപ്പെടെ 572 പീരങ്കികൾ ഉണ്ട്, ഇന്ത്യയിലെ തന്നെ വലിപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള പീരങ്കി ആയ കാലാൾ ബംഗഡി, ജഞ്ചിറയുടെ കാവൽക്കാരനായി മുന്നിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. അതിനെ കണ്ടാൽ തന്നെ ഒന്നു പേടിക്കും. ആ കാലത്തു അത്രയും വലിയൊരു സാധനം കടല് കടത്തി കൊണ്ട് വന്നു ഈ 40 അടി മുകളിൽ സ്ഥാപിക്കുന്നത് അസാധ്യം ആണ്. അത് എവിടെ നിന്നും കൊണ്ട് വന്നതല്ല അവിടെ വച്ചു നിർമിച്ചതാണ്. നിര നിരയായി ലോഹ വളയങ്ങൾ യോജിപ്പിച്ചു ഉണ്ടാക്കിയതാണത്. വെൽഡിങ് ഒന്നും ഇല്ലാത്ത കാലത്താണ് അതിന്റെ നിർമാണം എന്നോർക്കണം.

5 വ്യത്യസ്ത തരം ലോഹങ്ങൾ ഉരുക്കിയാണ് അത് നിർമ്മിച്ചിരിക്കുന്നത്. ആ ലോഹക്കൂട്ട് അതിനു വേറൊരു പ്രേത്യേകതയും നൽകി. ഹീറ്റ് പ്രൂഫ് ! 12 മണിക്കൂർ വെയിലു കൊണ്ട് നിന്നാലും അതിൽ തൊട്ടാൽ തണുപ്പാണ് അനുഭവ പെടുക. ഞാനൊന്ന് തൊട്ടു നോക്കി, തണുപ്പാണ്. മെയ് മാസം ഉച്ചയ്ക്ക് വന്നു തൊട്ടാലും ചൂടുണ്ടാവില്ല. പുരാതന സാങ്കേതിക തികവുകൾ !! ഇങ്ങനെ എന്തൊക്കെ.. കൊത്തളങ്ങളുടെ ജനൽ നിർമിച്ച രീതി കൊണ്ട് പുറമെ നിന്ന് നോക്കിയാൽ വെറും ഇരുട്ട് മാത്രമേ അവർക്ക് കാണാൻ സാധിക്കുള്ളു. പക്ഷെ ഉള്ളിൽ നിന്ന് നോക്കുന്നവർക്ക് പുറത്തേക്ക് വ്യക്തമായി കാണാം. കമാനങ്ങൾ അങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്, അതിലൊന്നിലൂടെ നോക്കുമ്പോൾ കുറച്ചു മാറി കടലിൽ തന്നെ നേരത്തെ വരുമ്പോൾ കണ്ട പദ്മദുർഗ് കാണുന്നുണ്ട്. ജഞ്ചിറ എങ്ങനെയെങ്കിലും പിടിച്ചെടുക്കണമെന്നുള്ള ശിവാജിയുടെ ആഗ്രഹം പൂർത്തിയാക്കാനായി മകൻ ഇതുന 6km മാറി കടലിൽ വേറൊരു കോട്ട പണിതു, എന്നിട്ടും ജഞ്ചിറ കുലുങ്ങിയില്ല. പദ്മദുർഗ് താരതമ്യേനെ ചെറുതാണ്. ഇപ്പോഴത് നേവിയുടെ കീഴിലാണ് ഉള്ളത്. ഇതൊക്കെ ഓർത്തിങ്ങനെ നിൽക്കുമ്പോഴേക്കും സൂര്യൻ കടലിലേക്ക് താഴാൻ തുടങ്ങിയിരുന്നു. WOW.. അവർണനീയമായ അസ്തമയ കാഴ്ച ! ആറു മണി അവറായി. സ്കൂൾ പിള്ളേരൊക്കെ നേരത്തെ പോയി. ഞാൻ കോട്ടയുടെ ഒരു മുക്കാൽ ഭാഗവും നടന്നു കണ്ടു. 22 ഏക്കർ വിശാലതയിൽ പരന്നു കിടക്കുന്ന കോട്ട മുഴുവൻ ആസ്വദിക്കണേൽ ചുരുങ്ങിയത് ഒരു 5 മണിക്കൂർ എങ്കിലും വേണം, അത് എന്തായാലും നടക്കില്ല. അവസാനം കോട്ടയുടെ ഏറ്റവും ഉയരത്തിൽ ഉള്ള ബലേകില’യിലേക്കുള്ള പടവുകൾ കയറി മുകളിൽ എത്തി. അതൊരു മാസ്മരിക വ്യൂ ആയിരുന്നു. കടലിന്റെ നടുവിൽ 22 ഏക്കർ ന്റെ ഒത്ത മധ്യത്തിൽ ഉയർന്ന സ്ഥലത്തു നിന്ന് കടൽ കാറ്റേറ്റ് കൊണ്ടുള്ള ആ 360 ഡിഗ്രി കാഴ്ചയുണ്ടല്ലോ.. its truely BREATH TAKING !

സമയം ഏതാണ്ട് 6 മണി ആയിക്കാണും. ഇപ്പോൾ അധികമാരും ഇല്ല കോട്ടയിൽ, ഇനിയും കുറെ കാണാനുമുണ്ട്. പക്ഷെ റിസ്ക് എടുക്കാൻ വയ്യ. ലാസ്റ് വഞ്ചിയുടെ സമയവും അറിയില്ല. അവിടെ ഇങ്ങനെ നിൽക്കുമ്പോ അങ്ങ് ദൂരെ താഴെ നിന്ന് ആരോ എന്റെ നേരെ കൈ കൊണ്ട് എന്തൊക്കയോ കാണിക്കുന്നുണ്ട്. ഞാൻ ആളുമാറിപ്പോയതാണെന്നു വിചാരിച്ചു ശ്രദ്ധിച്ചില്ല. വീണ്ടും പൊളിഞ്ഞ വീടിന്റെ അവശിടങ്ങൾക്കിടയിലൂടെ ഒക്കെ നടന്നു. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഈ കോട്ടയും ഇന്ത്യൻ യൂണിയന്റെ ഭാഗമായി. അങ്ങനെ നൂറ്റാണ്ടുകൾ തനിച്ചു നിന്ന് വിരാജിച്ചിച്ച ജഞ്ചിറയെ ഇന്ത്യയ്ക്ക് കിട്ടി. അന്നത്തെ രാജാവും കുടുംബവും കോട്ട വിട്ടു കരയിൽ ഒരു കൊട്ടാരം പണിത് അങ്ങോട്ടേക്ക് മാറി. രാജാവില്ലാതായപ്പോൾ പിന്നെ അതിലെ താമസക്കാരും കോട്ടയെ ഉപേക്ഷിച്ചു തൊട്ടടുത്തുള്ള മുരുട് ഏരിയ ലേക്ക് താമസം മാറ്റി. അതും ആരുടെയും നിർബന്ധത്തിനു വഴങ്ങിയോ പേടിച്ചിട്ടോ ആയിരുന്നില്ല. അവരുടെ സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നു ആ പലായനം. അന്നവർ പോവുമ്പോൾ കോട്ടയിൽ ഉണ്ടായിരുന്ന അവരുടെ വീടിന്റെയും മറ്റും മരങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇളക്കി കൊണ്ടുപോയിരുന്നു അങ്ങനെ ആണ് ജഞ്ചിറ ഇന്നത്തെ ഈ അവസ്ഥയിൽ ആയത്. അപ്പോഴും കോട്ടയ്ക്കകത്തെ ഗണപതി ക്ഷേത്രത്തിലേക്ക് അവർ പൂജയ്ക്കായി വരാറുണ്ടായിരുന്നു. പക്ഷെ മഴക്കാലത്ത് കോട്ടയിലേക്കുള്ള യാത്ര വളരെ ദുർഘടം ആയതിനാൽ ആ സമയങ്ങളിലെ പൂജ തടസപ്പെടാതിരിക്കാൻ അവർ മുരുട്ൽ ഒരു അമ്പലം പണിത് കോട്ടയിലെ ഗണപതി വിഗ്രഹം എടുത്തു കൊണ്ട് പോയി അവിടെ പ്രതിഷ്ഠിച്ചു. ആ ഗണപതി ഇപ്പോഴും അവിടെയുണ്ട്.

ദൂരെ കുറച്ചു ആൾക്കാരെ കാണുന്നുണ്ട്, അവർ മാത്രമാണ് ഇനി ഇവിടെ ബാക്കിയുള്ളത്. ഞാൻ അവരുടെ കൂടെ പുറത്തേക്കിറങ്ങി, അപ്പോഴാണ് അറിയുന്നത് വന്ന വഞ്ചിയിൽ തന്നെ തിരിച്ചു പോവണമെന്നും അത് വെറും 45 മിനുറ്റു മാത്രമാണ് കോട്ട കാണാൻ അനുവദിക്കുള്ളു എന്നും.. പണിയായോ ? ഞാൻ വന്നിട്ടിപ്പോ ALMOST 3 മണിക്കൂറെങ്കിലും ആയിക്കാണും..! എന്നിട്ടുതന്നെ പകുതിയേ കണ്ടുള്ളു. 45 മിനുറ്റു കൊണ്ട് ഒന്നും കാണാൻ പറ്റില്ല. പിന്നീടാണ് എനിക്ക് മനസ്സിലായത്, വരുന്നവരൊക്കെ ഗൈഡ് ന്റെ സഹായം തേടുമെന്ന്.. ഗൈഡ് അവരേം കൊണ്ട് കോട്ടയിലെ മെയിൻ 12 സ്ഥലങ്ങൾ വേഗത്തിൽ ഓടിച്ച കാണിക്കും. എന്നിട്ടവസാനം ഞാൻ നേരത്തെ കയറിയ ടോപ്പിൽ കയറി കോട്ട മുഴുവൻ ഒന്ന് കാണിച്ചു കൊടുത്തിട്ടു വഞ്ചിയിൽ കയറ്റി വിടും. ACTUALLY അതൊരു ബിസിനസ് തന്ത്രമാണ്. കോട്ടയിൽ ഗൈഡ് ഒന്നും ഇല്ല വഞ്ചിയിൽ ഇതിനായി കുറച്ചുപേർ വരും, കോട്ടയിലെത്തുമ്പോ തന്നെ സന്ദർശകരോടായി കോട്ടയുടെ വലിപ്പത്തെയും, തനിച്ചായാൽ തിരിച്ചു പോവാനുള്ള ബുദ്ധിമുട്ടുകളും ഒക്കെ പറഞ്ഞു പേടിപ്പിക്കും. കുറച്ചൊക്കെ ശെരിയാണ്. എന്നിട്ട് അതിന്റെ കൂടെ ഈ 45 മിനുറ്റു കൂടെ കേൾക്കുമ്പോൾ എല്ലാവരും ഗൈഡ് നു 300 രൂപ കൊടുക്കാൻ തയ്യാറാവും. ഞാനും ആ കുട്ടികളുടെ കൂടെ ഉള്ളതാണെന്ന് വിചാരിച്ചു അയാൾ മറാത്തിയിൽ ആയിരുന്നു ഇതൊക്കെ പറഞ്ഞത്. അതുകൊണ്ട്, എനിക്ക് ഒന്നും മനസ്സിലായതേ ഇല്ല. ഞാൻ ഇടയ്ക്ക് വെച്ച് പിന്നെ അങ്ങോട്ട് ശ്രദ്ധിച്ചതുമില്ല. അതുകൊണ്ട് നന്നായി, ഞാൻ കോട്ട ശെരിക്കും സമയമെടുത്തു നടന്നു കണ്ടു. വഞ്ചിയുടെ അടുത്തെത്തിയതും അവന്മാര് മറാത്തിയിൽ എന്തൊക്കയോ പറഞ്ഞു. നേരത്തെ കൈകൊണ്ട് എന്നോട് പെട്ടന്ന് വരാൻ ആഗ്യം കാണിച്ചതാണ് പോലും. എന്നെ കൊണ്ട് വന്ന വഞ്ചിക്കാരൻ എന്നേം നോക്കി കുറെ നേരം കാത്തിരുന്നു എന്നും അറിഞ്ഞു. അവന്മാർ നല്ല ചൂടിലാണ്. ഞാൻ കേരളത്തിൽ നിന്നാണെന്നും മറാത്തിയും ഹിന്ദിയും അറിയില്ലെന്ന് മുറിയൻ ഹിന്ദിയിൽ പറഞ്ഞു കൊടുത്തു. ഭാഗ്യം മണ്ടന്മാർ വിശ്വസിച്ചു.

പുറത്തേക്കിറങ്ങി, അവസാനം വരെയും കോട്ടയിൽ ബാർട്ടർ സമ്പ്രദായമാണ് ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നത്. ഇപ്പോൾ അവരും അവരുടെ പിന്തുടർച്ചക്കാരും രാജ്പുരിയിലും മുരുട് ലുമായാണ് താമസിക്കുന്നത്. ചിലപ്പോൾ ഞാൻ ഇന്ന് വരുമ്പോൾ കണ്ടവരിൽ പലരും അവരുടെ പിന്തുടർച്ചക്കാരവും! എല്ലാത്തിനും സാക്ഷിയായി ഇപ്പോഴും ജഞ്ചിറ ഒരു കുലുക്കവും കൂടാതെ കാലത്തെ തോൽപ്പിച്ചു കൊണ്ട് അങ്ങനെ അറബിക്കടലിൽ തല ഉയർത്തി നിൽക്കുന്നു. ലുലു മാളിന്റെയും ബുർജ് ഖലീഫയുടെയും മുന്നിൽ ചെന്ന് അന്തം വിട്ടു സെൽഫി എടുക്കുന്ന നമ്മൾ മലയാളികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒന്നാണ് ജഞ്ചിറ.

ഇരുട്ട് പരക്കാൻ തുടങ്ങി. തിരിച്ചുള്ള അവസാനത്തെ വഞ്ചിയിൽ ഞാൻ കയറിയിരുന്നു. ഒരു വരവുകൂടി മനസ്സിൽ ഉറപ്പിച്ചു കൊണ്ട്.

Be the first to comment on "ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം. അതിശയിപ്പിക്കുന്ന ജഞ്ചിറ ദ്വീപും കോട്ടയും"

Leave a comment

Your email address will not be published.


*