പ്രണയത്തെ ഇത്രമേൽ ശക്തമായി അവതരിപ്പിച്ച് മായാനദി. കയ്യടിച്ചു പ്രേക്ഷകർ

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആഷിഖ് അബു ചിത്രം മായാനദി തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടുന്നു. സോഷ്യൽ മീഡിയയിൽ ഏറെ പോസിറ്റീവ് റിവ്യുകളാണ് മായാനദിയെ തേടി റിലീസ് ദിനം തന്നെ എത്തിയത്. പ്രണയത്തെയും അതിന്റെ നോവിനെയും ഇത്രമേൽ ശക്തമായി അവതരിപ്പിച്ച സിനിമയെന്നാണ് പ്രേക്ഷകർ ആഷിഖ് അബു ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ.അമല്‍ നീരദ് പ്രൊഡക്ഷനില്‍ ആഷിഖ് അബുവിന്റഎ നേതൃത്വത്തില്‍ ഒപി എം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്യാംപുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണ് മായാനദി.

ഏറെ ഷെയർ ചെയ്യപ്പെട്ട , മുഹമ്മദ് സുഹറാബി ഫേസ്‌ബുക്കിൽ മായാനദിയെ കുറിച്ചെഴുതിയത് വായിക്കാം:

” മായാനദി കണ്ട് തീർന്നാദ്യം തിയേറ്ററിലെ വാഷ്റൂമിലേക്ക് ഓടുകയാണ് ചെയ്തത്. കണ്ണുകൾ നിറഞ്ഞു തുടങ്ങിയത് കൊണ്ടും കരച്ചിൽ പിടിച്ച് നിർത്താനാവാത്തത് കൊണ്ടും ഓടിപ്പോയി കരഞ്ഞു തീർത്തിട്ടാണ് തിയേറ്റർ വിട്ടിറങ്ങിയത്.

((ചെറിയ സ്പോയിലർ അലർട്ട്))

മായാനദി ഒരു നോവാണ്. തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള പ്രണയത്തിനായുള്ള കാത്തിരിപ്പിനുള്ളിൽ ഊറിയുറഞ്ഞ് കിടക്കുന്ന മരവിപ്പിക്കുന്ന നോവ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ശരീരവും മനസ്സും നിറഞ്ഞ് ഒരാളെ പ്രണയിച്ചിട്ടുണ്ടെങ്കിൽ, അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, അതിനായി പിന്നെയും കാത്തിരിന്നിട്ടുണ്ടെങ്കിൽ ഇത് നിങ്ങളെ കുത്തിനോവിക്കുക തന്നെ ചെയ്യും.

മാത്തന്റെയും അപ്പുവിന്റേയും പ്രണയമാണ് മായാനദി. ഒരിക്കൽ എല്ലാം കലങ്ങിത്തെളിയും എന്ന് പ്രതീക്ഷിച്ച് വീണ്ടും വറ്റാത്ത പ്രതീക്ഷകളുമായി ജീവിക്കുന്ന രണ്ടു പേർ. അവരുടെ ജീവിതവും പ്രണയവും ദുരന്തവും കാത്തിരിപ്പും എല്ലാമാണീ സിനിമ. ഒട്ടും കലർപ്പില്ലാത്ത സിനിമയാണ് മായാനദി എന്നു പറയാം. ( ഒരു ഇമോഷണൽ ഡ്രാമയെ ഇത്രയും മനോഹരമായി എടുത്ത സംവിധായകനു തന്നെയാണ് അതിന്റെ കൈയ്യടികൾ ) ഒരു അപരിചിതത്വവും തോന്നിക്കാത്ത കഥാപാത്രങ്ങളും സംഭാഷണങ്ങളും. നിത്യജീവിതത്തിൽ നമ്മൾ/നമ്മൾക്ക് പരിചയമുള്ളവർ സംസാരിക്കുന്ന പോലെ, ഇടപഴകുന്ന പോലെയുള്ള ചില മനുഷ്യർ. അവരുടെ ചെറിതും വലുതുമായ ആധികളും ആശകളും.

റെക്സ് വിജയന്റെ സംഗീതം. <3 എവിടെ നിന്ന് തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ അറിയാത്ത വിധം സിനിമയുടെ കൂടെ ഒഴുകുന്നു. ജയേഷ് മോഹന്റെ ക്യാമറ പ്രണയവും രതിയും തെളിവെള്ളത്തിലെന്ന പോലെ കാണിച്ച് തരുന്നു. ശ്യാം പുഷ്കരന്റെയും ദിലീഷിന്റേയും തിരക്കഥ അതിനെ മുന്നോട്ടൊഴുക്കുന്നു. ആ ഒഴുക്കിൽ ചില കഥാപാത്രങ്ങൾ ഒഴുകി ലക്ഷ്യം കണ്ടെത്തുന്നു, ചിലർ വഴിയിൽ തടഞ്ഞു നിൽക്കുന്നു. മറ്റു ചിലർ എന്നെന്നേക്കുമായി മുങ്ങിത്താവുന്നു.

ഐശ്വര്യ ലക്ഷ്മിയാണ് മായാനദിയിലെ താരം. തീരുമാനങ്ങളുള്ള, ‘നോ’ പറയുന്ന, തലയുയർത്തി നിൽക്കുന്ന, ആണിനോട് ‘അതിനെന്താ ഇത്ര നാണിക്കാൻ’ എന്നു ചോദിക്കുന്ന, വികാരങ്ങളുള്ള പെൺകുട്ടി. തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ അതിനെ അത്രയും ബോൾഡ് ആയി അവതരിച്ച ഐശ്വര്യക്കാണ് ആദ്യത്തെ കൈയ്യടി. :* ടോവിനോ ഒട്ടും കുറയാതെയും കൂടാതെയും കൂടെ കൂടുന്നു. ബാക്കി കഥാപാത്രങ്ങളെ അവതരിപ്പിച്ച മുഴുവൻ ആളുകളും അതിനെ തനിമ ചോരാതെ ചേർത്ത് പിടിച്ചിട്ടുണ്ട് എന്നതും പറയാതെ വയ്യ.

ചില ചെറിയ ചെറിയ സംഭാഷണശകലങ്ങളാണ് മായാനദിയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്. ഒരു മിസ്റ്റിക്ക് നദിയുടെ സ്വഭാവം ഉള്ളിൽ ഒളിപ്പിച്ച് കടത്തുന്ന സിനിമ. ഉള്ളിൽ സംഘർഷങ്ങളുടെ ഒരു ഉറവയും അതിനോട് ചേർന്ന് പ്രണയത്തിന്റെ മറ്റൊരുറവയുമുള്ള സിനിമ. കഥാന്ത്യത്തിൽ കണ്ണ് നിറയിപ്പിക്കുന്ന സിനിമ. തിയേറ്ററിൽ ആദ്യ ഷോയ്ക്ക് കയറിയ ആകെയുള്ള എട്ട് പേരെക്കൊണ്ടും കൈയ്യറ്റിപ്പിച്ച സിനിമ. മായാനദി കൂടുതൽ പ്രേക്ഷകരെ അർഹിക്കുന്നുണ്ട്. അല്ല, അതൊരു നിറഞ്ഞ സദസ്സിനെ തന്നെ അർഹിക്കുന്നുണ്ട്. Aashiq Abuനോട് സ്നേഹം. cried out of pain ആയിരുന്നോ അതോ cried out of joy ആയിരുന്നോ എന്ന് വേർത്തിരിച്ചെടുക്കാൻ കഴിയാത്ത ഒരു സിനിമ തന്നതിന്.

പിന്നെ ആസ് യൂഷ്വൽ ഷഹബാസ് അമൻ! ശബ്ദം!! ”

സിനിമാ പാരഡിസോ ക്ളബിൽ ആദിത്യ വർമ്മ എഴുതി : ” വളരെ ഇമോഷണൽ ആണ് മായാനദി എന്ന് പറയുന്നതിലും നല്ലത് ഒരുപാടു ഇമോഷൻസ് ഉൾകൊളുന്നുണ്ട് മായാനദിയിൽ എന്ന് പറയുന്നതാവും.. അതിൽ നൈമിഷികമായ സന്തോഷങ്ങൾ ഉണ്ട്, പിന്നാമ്പുറങ്ങളുടെ വേദനയുണ്ട്, നല്ല ‘മൂഡ്’ ഉള്ള കാമം ഉണ്ട്, ഒറ്റയ്ക്കുള്ള നടത്തം തരുന്ന പ്രതീക്ഷ ഉണ്ട്, നിലനിൽപിന് വേണ്ടി ഉള്ള പോരാട്ടങ്ങൾ ഉണ്ട്, അതിജീവനം ഉണ്ട്.. എല്ലാത്തിനും ഉപരി ഒരുപാട് പ്രണയം ഉണ്ട്.. എത്ര അടുത്ത് നടന്നാലും തമ്മിൽ ഒരുപാട് ദൂരം ഉള്ള പ്രണയം..”

Be the first to comment on "പ്രണയത്തെ ഇത്രമേൽ ശക്തമായി അവതരിപ്പിച്ച് മായാനദി. കയ്യടിച്ചു പ്രേക്ഷകർ"

Leave a comment

Your email address will not be published.


*