https://maktoobmedia.com/

അറുപതു കഴിഞ്ഞ മമ്മൂട്ടിക്കെന്താ പ്രണയിക്കാന്‍ പാടില്ലേ?

പാർവതിക്കെതിരെയും ഗീതു മോഹൻദാസിനെതിരെയും സോഷ്യൽ മീഡിയയിൽ തുടരുന്ന രൂക്ഷമായ അധിക്ഷേപത്തിനിടയിൽ , മമ്മൂട്ടിയെയും ‘ പടുകിഴവൻ ‘ , ‘ കിളവൻ ‘ , ‘ വയസ്സായിട്ടും പ്രണയിച്ചു നടക്കുന്നവൻ ‘ എന്നൊക്കെ ഒരു കൂട്ടർ അധിക്ഷേപിക്കുന്നത് കാണാം. ആരോഗ്യകരമായ വിമർശനങ്ങൾ ഉണ്ടാവാത്തതെന്ത്? നസീൽ വോയ്‌സി എഴുതുന്നു

കസബയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങ് തകര്‍ത്താടുന്ന നേരത്താണ് മാസ്റ്റര്‍ പീസിന്റെ റിലീസ്. കാത്തിരുന്നത് കയ്യില്‍ കിട്ടിയതു പോലെ ചില നിരൂപകരും വിമര്‍ശകരും തുടങ്ങി ” അറുപതു കഴിഞ്ഞ കിളവന്‍”, “അയാള്‍ക്ക് പണിയറിയില്ല”, “ചെറിയ പെണ്‍പിള്ളേരോടൊപ്പം കൊഞ്ചാന്‍ പറ്റിയ പ്രായം”, “അറുപത്തഞ്ചു കഴിഞ്ഞ ബോധമില്ല”, “അത്തവും പിത്തവും ഇല്ല…”- എന്നിങ്ങനെ സ്റ്റാറ്റസുകളും റിവ്യൂകളും തുരുതുരാ വരുന്നുണ്ട്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചോ അതിന്റെ കലാമൂല്യമോ ഒന്നുമല്ല, മമ്മൂട്ടി എന്ന നടന്‍ / വ്യക്തിയ്ക്കു നേരെയാണ് ഏറു മുഴുവനും. അഥവാ ‘മമ്മൂട്ടി എന്ന കിളവനാണ്’ ടാര്‍ജറ്റ്.

ഈയവസരത്തില്‍ ചെറിയ ചില സംശയങ്ങളുണ്ട്. അമ്പതോ അറുപതോ കഴിഞ്ഞ ഒരാള്‍ക്ക് ചെയ്യാവുന്നത് ചെയ്യാന്‍ പാടില്ലാത്തത്, എന്നിങ്ങനെ കാര്യങ്ങളെ വേര്‍തിരിക്കുന്നതും തീരുമാനിച്ചു വയ്ക്കുന്നതും ആരാണ്? പ്രണയിക്കാന്‍, സ്റ്റൈലിഷ് ആവാന്‍, ഡാന്‍സ് ചെയ്യാന്‍ …ഇതിനൊക്കെ ഒരു നിശ്ചിത പ്രായമുണ്ടെന്നു ആരാണ് വിധിയെഴുതുന്നത്?

മലയാളത്തിലും ദേശീയ സിനിമയിലും തന്റേതായ സ്ഥാനമുള്ള നടനാണ് മമ്മൂട്ടി എന്നതില്‍ കാര്യമായ തര്‍ക്കത്തിനു സാധ്യതയില്ല. അംബേദ്കറുടേതു, വാത്സല്യത്തിലെ കുടുംബനാഥന്റേതു പോലെയുള്ള ചില കഥാപാത്രങ്ങളിലൂടെ നമ്മുടെയൊക്കെ അഭിമാനമായിട്ടുണ്ട്, ഹൃദയം കവര്‍ന്നിട്ടുണ്ട് ആ മനുഷ്യന്‍. എന്നു കരുതി അയാള്‍ ചെയ്യുന്ന സിനിമകളെല്ലാം നന്നാവണമെന്നോ അതിനെയെല്ലാം പ്രേക്ഷകന്‍ അംഗീകരിക്കണമെന്നുമില്ല . തീരെ ഇഷ്ടപ്പെടാത്ത, അംഗീകരിക്കാനാവാത്ത വേഷങ്ങളുമുണ്ടായിട്ടുണ്ടാവാം. അത് ഒരു നടന്‍ വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പാണ്. അതിന്റെ അനന്തരഫലം അനുഭവിക്കുന്നതും അദ്ദേഹമാണ്. അത്തരമൊരു അവസ്ഥയില്‍ മമ്മൂട്ടി ചെയ്യാന്‍ പാടുള്ളത് ചെയ്യാന്‍ പാടില്ലാത്തത് എന്ന് വേര്‍തിരിച്ച്, പറ്റാത്തതെന്ന് നമ്മള്‍ വേര്‍തിരിച്ചത് ചെയ്യുമ്പോഴേക്കും അദ്ദേഹത്തിന്റെ പ്രായവും ശരീരാവസ്ഥയുമൊക്കെ പറഞ്ഞ് പരിഹസിക്കാന്‍, അധിക്ഷേപിക്കാന്‍ ആരാണ് പ്രേക്ഷകനു ലൈസന്‍സ് തന്നിട്ടുള്ളത്.

കണ്ടു മുഴുമിപ്പിക്കാനാകാതെ കോട്ടയത്തെ തീയറ്ററില്‍ നിന്ന് പാതിവഴി ഇറങ്ങിപ്പോന്ന സിനിമയാണ് പത്തേമാരി. അതിലെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രം അത്രമേല്‍ ഹൃദയത്തെ കൊളുത്തിവലിച്ചു കണ്ണ് നനയിച്ചു. ചുറ്റുമുള്ള ആരൊക്കെയോ ആയിത്തോന്നി. 2015 അവസാനത്തോടെയാണത് റിലീസായത്. മമ്മൂട്ടി 65 വയസ്സില്‍ അഭിനയിച്ച സിനിമ. ഒരു സിനിമയെന്ന നിലയില്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും രഞ്ജിത്തിന്റെ പുത്തന്‍ പണത്തിലെ ഷേണായിയെയും ഇഷ്ടമാണ്. ആ സംസാരവും ലുക്കും കണ്ട് കയ്യടിച്ചിട്ടുണ്ട്. അതുപോലെ ലാപ്ടോപില്‍ നിന്നു പോലും മുഴുവാനാക്കാത്ത കുറേയെണ്ണമുണ്ട് – തോപ്പില്‍ ജോപ്പന്‍, പുതിയ നിയമം, താപ്പാന ഇങ്ങനെ കുറേ അറുബോറന്‍ പടങ്ങള്‍. ഇത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്റെ ചോയിസാണ് – യോജിക്കുന്നതും വിയോജിക്കുന്നതും . രണ്ടു പക്ഷമാവുമ്പോഴും, സിനിമകളെ വിമര്‍ശിക്കുമ്പോഴും സ്വീകരിക്കുമ്പോഴും ഇതിലഭിനയിച്ച നടന്റെ പ്രായത്തെയോ അയാളുടെ ശരീരഘടനയെയോ അയാളുടെ തിരഞ്ഞെടുപ്പിനെയോ അധിക്ഷേപിക്കാന്‍ ലൈസന്‍സ് കിട്ടുന്നില്ല.

പത്തു പതിനാറു വയസ്സായ പെണ്ണാണു നീ, ഇതു ചെയ്യാന്‍ പാടില്ല, ഇതേ ചെയ്യാവൂ എന്നു പറഞ്ഞ് പരിമിതപ്പെടുത്തുന്നതുപോലെ, ഒരാളുടെ തൊലിനിറം നോക്കി അയാള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് പറ്റാത്തത് എന്നിങ്ങനെ കാറ്റഗറൈസേഷന്‍ നടത്തുന്നതു പോലെയൊക്കെയുള്ള ഒരു സ്വരമായിട്ടാണ് അറുപതു കഴിഞ്ഞ നടന്‍ ചെയ്യാന്‍ പാടുള്ളത് പാടില്ലാത്തത് എന്നതിനെയും കാണാനൊക്കൂ.

മോഹന്‍ലാല്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞതു പോലെ – വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാ സിനിമകളും ഒരുക്കുന്നത്. പക്ഷേ ചിലത് വിജയിക്കും. ചിലത് പരാജയപ്പെടും. അതുപോലെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളുണ്ടാവും. ചിലര്‍ക്ക് ഇഷ്ടപ്പെടാത്തതും. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ ഒരു നടന്‍ തിരഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കാം. പക്ഷേ അങ്ങനെ മാത്രമേ ആകാവൂ എന്ന് വാശി പിടിക്കുന്നതിനോട്, അങ്ങനെയല്ലാത്തപ്പോള്‍ അയാളുടെ പ്രായത്തെ ശരീര ഘടനെയെ ഒക്കെ എണ്ണിപ്പറഞ്ഞ് അധിക്ഷേപിക്കുന്നതിനോട് യോജിക്കാനാവില്ല.

നിറമോ ജെന്‍ഡറോ ജാതിയോ വംശമോ ഒക്കെ അടിസ്ഥാനമാക്കി ഒരാളെ ഒരു കാര്യം ചെയ്യുന്നതില്‍ നിന്ന് തടയുന്നതുപോലെ തന്നെയാണ് പ്രായവും ശരീരഘടനയും പറഞ്ഞ് തടയുന്നതും. മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി പ്രണയിക്കുന്നതിനെയും ആക്ഷന്‍ ചെയ്യുന്നതിനെയും ഒടിയനു വേണ്ടി മോഹന്‍ലാല്‍ മെലിഞ്ഞതിനെയുമെല്ലാം സിനിമയുടെ കോണ്‍ടക്സ്റ്റില്‍ നിന്നും അടര്‍ത്തി അവരുടെ പ്രായത്തിന്റെും തിര‌ഞ്ഞെടുപ്പിന്റെയും പേരില്‍ പരിഹസിക്കുന്നത് കയ്യടിക്കും ലൈക്കിനും വേണ്ടിയുള്ള ഗിമ്മിക്കുകളാണെന്ന് പറയാതെ വയ്യ. ഒരു നിശ്ചിത പ്രായം കഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവര്‍ അനുവദിക്കുന്നത് മാത്രം ചെയ്ത് ഒതുങ്ങിക്കൂടണമെന്ന നിലപാടും എടുത്ത് തോട്ടില്‍ കളയേണ്ടതാണ്.

Be the first to comment on "അറുപതു കഴിഞ്ഞ മമ്മൂട്ടിക്കെന്താ പ്രണയിക്കാന്‍ പാടില്ലേ?"

Leave a comment

Your email address will not be published.


*