എനിക്ക് എപ്പോഴും പഠിച്ചുകൊണ്ടിരിക്കാൻ ആഗ്രഹം , രാധിക വെമുല സംസാരിക്കുന്നു

എല്ലാ ദളിത് പെൺകുട്ടികളും ബാബാസാഹിബ് അംബേദ്‌കർ പറഞ്ഞപോലെ , സ്‌കൂളുകളിലും കോളേജുകളിലും പോയി വിദ്യാഭ്യാസം നേടണം എന്നതാണ് തൻ്റെ ആഗ്രഹമെന്നു രോഹിത് വെമുലയുടെ മാതാവും ദളിത് അവകാശപോരാളിയുമായ രാധിക വെമുല. ആൾ ഇന്ത്യ ദളിത് മഹിളാ അധികാർ മഞ്ചും പൂനെ സാവിത്രി ഭായി ഫൂലെ സർവകലാശാലയും സംഘടിപ്പിച്ച ” ദളിത് വുമൺ സ്‌പീക് ഔട്ട് ” പരിപാടിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാധിക വെമുല.

”മരുന്ന് വാങ്ങിക്കാനുള്ള പത്തോ പതിനഞ്ചോ രൂപക്ക് എൻ്റെ ഭർത്താവിനോട് മൂന്നോ നാലോ വട്ടം ചോദിക്കണമായിരുന്നു എനിക്ക്. അതുകൊണ്ടു തന്നെ ഞാൻ സ്വയം പണം സമ്പാദിക്കാൻ തീരുമാനിക്കുകയും അതിനായി തയ്യൽ പണി തുടങ്ങുകയും ചെയ്‌തു. എനിക്ക് എപ്പോഴും പഠിക്കാൻ നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷെ , വീട്ടിലെ ദാരിദ്ര്യം കാരണം അതിനുള്ള പണം ഉണ്ടായിരുന്നില്ല. ബാബാസാഹിബ് അംബേദ്കറെ വായിക്കുന്നതിനും മുമ്പേ സാമ്പത്തികമായ സ്വാതന്ത്ര്യത്തെ കുറിച്ചും വിദ്യാഭ്യസത്തെ കുറിച്ചും ഞാൻ ബോധവതിയായിരുന്നു.” രാധിക വെമുല പറഞ്ഞു.

” പിന്നീട് എനിക്ക് സമയവും സ്വാതന്ത്ര്യവും കിട്ടിയപ്പോൾ എന്റെ മക്കൾ സ്‌കൂളുകളിൽ പോയിരുന്ന സമയത്ത് ഞാനും പഠനം ആരംഭിച്ചു. ഒരു സമയത്ത് , രോഹിത് കോളേജിൽ ഫസ്റ്റ് ഇയറിലും ഞാൻ സെക്കൻഡ് ഇയറിലും വിദ്യാർഥികൾ ആയിരുന്നു. രോഹിതിന്റെ മരണത്തിനു ശേഷം എന്റെ പഠനം പിന്നോട്ടു പോയി. പക്ഷെ , ഞാൻ എന്റെ ചുറ്റുമുള്ള വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ വാങ്ങിക്കൊടുത്തു സഹായിക്കാറുണ്ട് ഇപ്പോൾ. അവരുടെ സ്‌കൂൾ യൂണിഫോമുകൾ പണം വാങ്ങാതെ തയ്‌തു കൊടുക്കാറുണ്ട്. ബാബാസാഹിബ് അംബേദ്‌കർ പറഞ്ഞപോലെ , നിങ്ങളെല്ലാവരും സ്‌കൂളുകളിലും കോളേജുകളിലും പോയി വിദ്യാഭ്യാസം നേടണം എന്നതാണ് എന്റെ ആഗ്രഹം. ” രാജ്യത്തെങ്ങുമുള്ള ദളിത് അവകാശ പോരാട്ടങ്ങളിലെ സജീവ സാന്നിധ്യമായ രാധിക വെമുല കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 450 ദളിത് സ്ത്രീകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഡിസംബർ പത്തൊമ്പത് , ഇരുപത് തീയതികളിൽ ആയിരുന്നു പരിപാടി.

Credit: Varsha Torgalkar

Be the first to comment on "എനിക്ക് എപ്പോഴും പഠിച്ചുകൊണ്ടിരിക്കാൻ ആഗ്രഹം , രാധിക വെമുല സംസാരിക്കുന്നു"

Leave a comment

Your email address will not be published.


*