“പ്രിയ പുലിക്കുന്നേൽ സാർ, അങ്ങ് നന്മയുള്ള ഒരു പുരോഹിതനായിരുന്നു”

അന്തരിച്ച പ്രശസ്ത സാമൂഹൃപ്രവര്‍ത്തകനായ ജോസഫ് പുലിക്കുന്നേലിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍ വി.ആര്‍ ജ്യോതിഷിന്റെ കുറിപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. നേരിട്ടു കണ്ട അനുഭവവും അദ്ദേഹത്തിന്റെ ആതിഥേയത്വവും ഓര്‍ത്തെടുക്കുന്നതാണ് കുറിപ്പ്. സഭാവിമര്‍ശകനും സ്വതന്ത്രചിന്തകനുമായ ജോസഫ് പുലിക്കുന്നേല്‍ കോട്ടയത്ത് വ്യാഴായ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്.

വി.ആര്‍ ജ്യോതിഷിന്റെ ഹൃദയഹാരിയായ കുറിപ്പ് വായിക്കാം –

1995- 1996 കാലത്താണ്. കോളജ് പഠനവും പത്രപ്രവർത്തനവും പാരലൽ കോളജ് അധ്യാപനവും സമാന്തരമായി പോകുന്ന കാലം. A K ആന്റണിയുടെ ചാരായ നിരോധനം നാടൊട്ടുക്കും ചർച്ചയായിരിക്കുന്ന കാലം. കലാകൗമുദിയിൽ ചാരായ നിരോധനവുമായി ബന്ധപ്പെട്ട് ഏതാനും ലേഖനങ്ങൾ ഞാൻ എഴുതി. ആയിടയ്ക്കാണ് പള്ളികളിൽ വീഞ്ഞു വാറ്റിക്കൊടുക്കുന്നതും ചാരായ നിരോധനവും തമ്മിൽ ബന്ധപ്പെടുത്തി ചില വിമർശനങ്ങൾ ഉണ്ടായത്.
അന്ന് ശ്രീധരേട്ടാണ് (ഇ.വി. ശ്രീധരൻ ) കലാകൗമുദി നോക്കുന്നത്. ശ്രീധരേട്ടൻ പറഞ്ഞു ”ഈ വീഞ്ഞ് വിവാദത്തെക്കുറിച്ച് വന്നിട്ടുള്ള മുഴുവൻ ലേഖനങ്ങളും പഠിക്കണം. എന്നിട്ട് നാളെ തന്നെ ശ്രീ.ജോസഫ് പുലിക്കുന്നേലിനെ പോയി കാണണം. അദ്ദേഹം പാലായ്ക്ക് അടുത്ത സ്ഥലത്താണ് താമസം. വണ്ടിക്കൂലി… ഓഫീസിൽ നിന്നു വാങ്ങാം..”

Joseph Pulikkunnel

പത്രപ്രവർത്തന ജീവിതത്തിൽ ആദ്യത്തെ ദീർഘയാത്രയായിരുന്നു അത്. അതിന് മുമ്പ് അദ്ദേഹത്തെ വിളിച്ചു. കലാകൗമുദിക്കു വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിനു സന്തോഷം കൃത്യമായ വിലാസം കുറിച്ചെടുത്ത് പിറ്റേന്നു പുലർച്ചേ പുറപ്പെട്ടു
ഉച്ചകഴിഞ്ഞു അദ്ദേഹത്തിന്റെ വീടെത്തിയപ്പോൾ. ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയായിരുന്നു ഈ എഡിറ്റോറിയൽ ട്രെയിനിക്കുവേണ്ടി. ചെന്ന ഉടനെ അദ്ദേഹത്തിന്റെ ഗസ്റ്റ്ഹൗസിൽ ഒരു മുറി തുറന്നു തന്നു.. കുളിച്ച് ഫ്രഷായി ഭക്ഷണം കഴിക്കാം ബാക്കിയൊക്കെ പിന്നീട്. 

അത്രയും നല്ലൊരു മുറി ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു. തടികൊണ്ടുള്ള ചുമരുകളും മേൽക്കൂരയും. അന്നേവരെ ഒരു ഹോട്ടൽ മുറി കണ്ടിട്ടില്ലാത്ത എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ഞങ്ങൾക്ക് ഭക്ഷണം വിളമ്പിത്തന്നത് അദ്ദേഹത്തിന്റെ സഹധർമ്മിണിയാണ്. ഓരോ തവിയിലും ചോറും കറിയും മാത്രമല്ല സ്നേഹവും വിളമ്പുന്നുണ്ടായിരുന്നു ആ അമ്മ.

ഊണുകഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. എനിക്ക് ഉച്ചയ്ക്ക് ഒരു മയക്കം പതിവുണ്ട്. അതു കൂടി കഴിഞ്ഞാവാം നമ്മുടെ സംഭാഷണം. എനിക്ക് ഉച്ചയുറക്കം പതിവില്ല. മാത്രമല്ല അത്രേം നല്ലൊരു മുറിയിൽ കിടന്നാൽ ഉറക്കം വരില്ല എന്ന് എനിക്ക് അറിയാമായിരുന്നു. (ഈ മുറി പിന്നീട് ഒരു ദിവസം കൂടി ഞാൻ കണ്ടു. മോഹൻലാലിനെ കാണാൻ പോയപ്പോഴായിരുന്നു അത്. ഉടയോൻ എന്ന ഭദ്രൻ സിനിമയുടെ ഷൂട്ടിങ് അവിടെ വച്ചായിരുന്നു. അന്ന് ആ മുറിയിൽ താമസിച്ചിരുന്നത് മോഹൻലാലായിരുന്നു.)

VR Jyothish

അഭിമുഖത്തിന് ഇഷ്ടം പോലെ സമയം ഉള്ളതുകൊണ്ട് .ഞാൻ അദ്ദേഹത്തിന്റെ ആശ്രമം പോലുള്ള വീടും പരിസരവും നോക്കി നടന്നു കണ്ടു.  ആശുപത്രി, അന്തേവാസികൾ, ലൈബ്രറി, കൃഷിയിടം അങ്ങനെ വിശാലമായിരുന്നു ആ ലോകം. വിമോചന ദൈവശാസ്ത്രജ്ഞനാണോ എന്നറിഞ്ഞുകൂടാ. അദ്ദേഹം സ്വന്തമായി ഒരു ലോകം തന്നെ സൃഷ്ടിച്ചിരുന്നു അവിടെ.
വെയിലു ചാഞ്ഞപ്പോൾ അദ്ദേഹം വന്നു. കലാകാമുദിയുടെ അഞ്ച് പേജിനു വേണ്ടി ഞങ്ങൾ പക്ഷേ മണിക്കൂറുകളോളം സംസാരിച്ചു… പിറ്റേന്നു രാവിലെ പോരാൻ നേരം അദ്ദേഹം എനിക്കൊരു ബൈബിൾ സമ്മാനിച്ചു. പിന്നെ കുറേ പുസ്തകങ്ങളും..

ആ സംഭാഷണം കലാകൗമുദി കവർ സ്റ്റോറിയാക്കി “വിശ്വാസത്തിന്റെ വീഞ്ഞ് വിൽക്കുന്നവർ..,, ” എന്ന പേരിൽ. നന്നായി വായിക്കപ്പെട്ടു പലേടത്തും ചർച്ച ചെയ്തു. പുലിക്കുന്നേൽസാറും എന്നെ വിളlച്ചു പറഞ്ഞു. നമ്മൾ സംസാരിച്ചതിന്റെ അന്തഃസത്ത ചോർന്നു പോയിട്ടില്ല. നന്നായിട്ടുണ്ട്. ഇനികോട്ടയത്ത് എങ്ങാനും വരുകയാണെങ്കിൽ. ഇവിടെ വരണം.

കഴിഞ്ഞ പതിനെട്ടു വർഷമായി കോട്ടയത്തുണ്ട്. പക്ഷേ ഒരിക്കൽ പോലും അദ്ദേഹത്തെ പോയിക്കാണാൻ കഴിഞ്ഞില്ല.. അദ്ദേഹത്തെ കാണാനുള്ള ചില പദ്ധതികൾ ഈ അടുത്ത കാലത്ത് ഒരുങ്ങി വന്നതാണ്. അപ്പോഴേക്കും അദ്ദേഹം നാടു വിട്ടു…..സ്നേഹമുള്ള പുലിക്കുന്നേൽ സാർ
അങ്ങ് നന്മയുള്ള ഒരു പുരോഹിതനായിരുന്നു.. അങ്ങയെ …. അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ടം

Be the first to comment on "“പ്രിയ പുലിക്കുന്നേൽ സാർ, അങ്ങ് നന്മയുള്ള ഒരു പുരോഹിതനായിരുന്നു”"

Leave a comment

Your email address will not be published.


*