എംടിയെ മുസ്ലിം വിരുദ്ധനാക്കുന്നവരോട് പറയാനുള്ളത്

നസീല്‍ ‍വോയ്‍സി

1 – “വെള്ള മുണ്ടും തൊപ്പിയുമിട്ട മുസ്ല്യാര്‍ കുട്ടികള്‍” എംടിക്ക് അന്യഗ്രഹ ജീവികളായി തോന്നാന്‍ ഒരു സാധ്യതയുമില്ല. അങ്ങനെ പറയുന്നവരുടെ കാഴ്ചക്ക് കാര്യമായ തകരാറുണ്ട്. അറുപതുകളില്‍ കോഴിക്കോട് നിലയുറപ്പിച്ച ആളാണ് എംടി. ഏതെങ്കിലും തെക്കന്‍ ജില്ലയിലല്ല- കോഴിക്കോട്. ‘തലേകെട്ടുള്ളതും ഇല്ലാത്തതുമൊക്കെയായി’ ഇസ്ലാം മതവിശ്വാസികള്‍ ധാരാളമുള്ള നാട്. പങ്കെടുത്ത സാംസ്കാരിക പരിപാടികളിലും സാഹിത്യ ക്യാമ്പുകളിലുമെല്ലാമായി ഇങ്ങനെ ശുഭ്രവസ്ത്രധാരികളായ ഒരുപാട് കുട്ടികളെയും മുതിര്‍ന്നവരെയും അദ്ദേഹം കണ്ടിട്ടുണ്ട്. ഇടപഴകിയിട്ടുണ്ട്. അതു കൊണ്ടൊക്കെ തന്നെ ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ അകലെ നില്‍ക്കാനേ ആവുന്നുള്ളൂ.

2- കുറിപ്പ് ഷെയര്‍ ചെയ്യപ്പെടുമ്പോള്‍, അതിലേക്ക് കൂട്ടിച്ചേര്‍ക്കലുകളും വികാരത്തള്ളിച്ചകളുമുണ്ടാവുന്നുണ്ട്. എംടി, ആര്‍ എസ്സു എസ്സുകാരനാണ് എന്നു കൂടി പറയേണ്ട താമസമേയുള്ളൂ.  “അവസാനം അരക്ക് കീപ്പോട്ട് തളർന്നു കിടക്കുന്നവൻ ഒരു ചവിട്ട് വച്ച് തരും എന്ന് പറയുന്നതു പോലെ “ദാറ്റ് ഈസ് ഓൾ ” എന്ന് ഇംഗ്ലീഷിൽ ഒരു കസർത്തും”, “ചവിട്ടു നാടകം കളിച്ചിട്ടും ഉണ്ട ചോറിന് നന്ദി പോലും കാണിക്കാത്തവൻ….” എന്നിങ്ങനെ കുറേ പ്രയോഗങ്ങള്‍ കുറിപ്പിലുണ്ട്. ഈ പറയുന്ന -‘സവര്‍ണ സ്യൂഡോ സെക്കുലര്‍- മനോഗതിക്കാരനായതു’കൊണ്ടാണോ എന്നറിയില്ല, കേള്‍ക്കാനത്ര രസമില്ല.

3- നമ്മളോട് ഒരാള്‍ പറ‍ഞ്ഞത് മറ്റൊരിടത്തേക്ക് പറയുമ്പോള്‍, ഓര്‍മയില്‍ നിന്ന് വീണ്ടെടുത്ത് പറയുമ്പോള്‍, പലപ്പോഴും ഒറിജിനല്‍ ടെക്സ്റ്റിനു മാറ്റം വരാറുണ്ട്. സ്വാഭാവികമാണ്. നേരിട്ടുകൊണ്ടിരിക്കുന്ന അനുഭവങ്ങളുടെയും കാലത്തിന്റെയുമെല്ലാം പ്രതിഫലനം. എന്തോ, എംടി പറഞ്ഞെന്നു പറയപ്പെടുന്ന വാചകങ്ങള്‍ക്ക് അങ്ങനെയൊരു മാറ്റം (അറിയാതെയാവാം) വന്നിട്ടുണ്ടെന്ന് തോന്നല്‍.

ഉദാഹരണത്തിന് സലീമിന്റെ കുറിപ്പിലുള്ളത് – “….ഇനി സ്വര്‍ഗത്തില്‍ വച്ചു കാണാം എന്നു പറഞ്ഞല്ലേ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത്” എന്ന് എംടി പറഞ്ഞുവെന്നാണ്. പക്ഷേ പല ഷെയറുകളിലും അത് “ഇനി സ്വർഗത്തിൽ വച്ച് കാണാം എന്ന് പറഞ്ഞല്ലേ നിങ്ങൾ മുസ്ലിംകൾ വേൾഡ് ട്രേഡ് സെന്റർ തകർത്തത്” എന്നായി. ഈ രണ്ടു വാചകങ്ങളും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്നു തന്നെയാണ് ബോധ്യം. ആദ്യത്തേതില്‍ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച വാചകം. രണ്ടാമത്തേതു പക്ഷേ “നിങ്ങള്‍ മുസ്ലിംകള്‍” എന്നു പറഞ്ഞ് കൊണ്ടു വന്ന് ഇവിടെയുള്ളവരെയെല്ലാം പ്രതിയാക്കുന്നുണ്ട്.

4- പ്രായം ചെന്ന ഒരാളാണ്. അസുഖങ്ങളുമുണ്ട്. വയ്യാതെയിരിക്കുന്ന, വാര്‍ധക്യത്തിന്റെ രോഗാവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരു മനുഷ്യന്റെ ചില നേരങ്ങളിലെ പ്രതികരണങ്ങളും ഉപയോഗിക്കുന്ന വാക്കുകളും നിങ്ങളുദ്ദേശിക്കുന്ന അര്‍ഥത്തിലും പ്രാസത്തിലും തന്നെ വന്നുകൊള്ളണം എന്നൊന്നുമില്ല. അതെത്ര വലിയ എഴുത്തുകാരനായാലും ഏറ്റവുമടുത്ത വ്യക്തിയായാലും അതങ്ങനെത്തന്നെയാണ്.

5- എംടി വിമര്‍ശനങ്ങള്‍ക്കതീതനൊന്നുമല്ല. അദ്ദേഹത്തിന്റെ എഴുത്തുകളും മറ്റും വിമര്‍ശിക്കപെടാറുണ്ട്. അങ്ങനെ തന്നെ വേണം. പക്ഷേ ജീവിതത്തിന്റെ അവസാന തണലുകളില്‍ നില്‍ക്കുന്ന അദ്ദേഹം, ഇങ്ങനെ ചിലതു പറഞ്ഞു എന്നു പറഞ്ഞ് ആര്‍ത്തു തുള്ളി അയാളെ – മുസ്ലിം വിരുദ്ധ സവര്‍ണ ധ്രുവത്തില്‍ കൊണ്ടുപോയിക്കെട്ടിയേ അടങ്ങൂ എന്നുള്ള ഈ അലര്‍ച്ച ബോറാണ്.

6- സലീമിന്റെ അനുഭവങ്ങളെ (അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍) റദ്ദു ചെയ്യുന്നൊന്നുമില്ല. അതിനു അവകാശമില്ല താനും. പക്ഷേ മറുപക്ഷത്തെ കാഴ്ചകളെക്കൂടി ആലോചിക്കാതെ, അതിനെക്കുറിച്ചൊന്നും കേള്‍ക്കാതെയുള്ള ഈ അലമുറകളോട് അകന്നു നില്‍ക്കാനേ തത്കാലം തരമുള്ളൂ.

വ്യക്തിപരമായ സംഭാഷണങ്ങളില്‍ നിന്ന് വാചകങ്ങള്‍ അടര്‍ത്തി വിവാദങ്ങളുണ്ടാക്കുമ്പോള്‍, നമ്മുടെയൊക്കെ, സംഘടനകളിലും നേതാക്കളുടെ ഇടയിലുമെല്ലാം, വ്യക്തിപരമായ സംഭാഷണങ്ങളിലുണ്ടാവാറുള്ള പ്രയോഗങ്ങളെക്കുറിച്ചോര്‍ക്കുന്നതും ബോധമുണ്ടാകുന്നതും നല്ലതാണ് എന്നൊരു അഭിപ്രായമുണ്ട്.

 

Be the first to comment on "എംടിയെ മുസ്ലിം വിരുദ്ധനാക്കുന്നവരോട് പറയാനുള്ളത്"

Leave a comment

Your email address will not be published.


*