മുഖത്ത്‌ നോക്കി ‘തീവ്രവാദി’ എന്ന് വിളിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു യുവതയുടെ അന്തസംഘർഷങ്ങളുടേതാണ് , എംടിയോട് വായനാക്കാരന്റെ കുറിപ്പ്

യൂനുസ് ഖാൻ

ജീവിതത്തിൽ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടൊരു കഥയുണ്ട്‌ – എം ടിയുടെ ‘നിന്റെ ഓർമ്മയ്ക്ക്‌’!

ഒമ്പതാം ക്ലാസിലെ മലയാളം പുസ്തകത്തിൽ ആ കഥ പഠിക്കാനുണ്ടായിരുന്നു. അതിലെ ഓരോ വരികളും പരിചയമുണ്ട്‌. കഥ എത്രവട്ടം വായിച്ചെന്ന് പോലും ഓർമ്മയില്ല.

ഒരു പെങ്ങൾക്ക്‌ വേണ്ടി കൊതിക്കുന്ന തന്നിലേക്ക്‌ അപ്രതീക്ഷിതമായി കടന്നുവരുന്ന പെൺകുട്ടി. അത്‌ വീട്ടിൽ ഉണ്ടാക്കുന്ന പ്രക്ഷുബ്ധതകൾ. സിലോണിൽ നിന്നും അച്ഛന്റെ കൈപിടിച്ച്‌ വന്ന ആ കുഞ്ഞു പെൺകുട്ടിയുടെ ചിത്രം മനസ്സിൽ ഇന്നുമുണ്ട്‌. ചിലപ്പോഴെങ്കിലും അവളെ സ്വന്തം പെങ്ങളായി ചേർത്ത്‌ പിടിച്ചിട്ടുണ്ട്‌. കഥ വായിച്ച്‌ ചിലപ്പോൾ കണ്ണു നിറഞ്ഞിട്ടുണ്ട്‌. അഛൻ തന്റെ കൈപിടിച്ച്‌ “ഇത്‌ നിന്റെ പെങ്ങളാണു” എന്ന് പറയുന്ന രംഗത്തിന്റെ വൈകാരികത വല്ലാത്തതാണു.

പത്താം ക്ലാസിൽ “കാഥികന്റെ പണിപ്പുര” എന്ന പാഠഭാഗം ഈ കഥ എഴുതുന്ന സാഹചര്യങ്ങൾ വിശദീകരിക്കുന്നുണ്ട്‌. സുഹൃത്തിന്റെ പെങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കുന്ന അന്നു സുഹൃത്ത്‌ അതിനായി ഓടി നടക്കുന്ന രംഗം. അന്ന് എം.ടി.യും ആലോചിക്കുന്നു – തനിക്കും ഒരു പെങ്ങളുണ്ടായിരുന്നെങ്കിൽ ഇങ്ങനെ വിവാഹച്ചടങ്ങുകൾ ആഘോഷപൂർവ്വം വീട്ടിൽ നടത്താമായിരുന്നു. അങ്ങനെയാണു പഴയ ഓർമ്മകൾ കടന്നുവരുന്നത്‌.

ഒരു കഥയെ, അതിന്റെ സാഹചര്യങ്ങളെ എത്ര മാത്രം ആത്മാർത്ഥമായി എം ടി സമീപിക്കുന്നു എന്നത്‌ എന്നെ അൽഭുതപ്പെടുത്തിയിരുന്നു. അന്നുമുതൽ ഇഷ്ടമാണു. ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനെക്കുറിച്ച്‌ ചോദിച്ചാൽ ആദ്യം മുന്നിൽ എം.ടി. കടന്നുവരും.

വ്യക്തിപരമായി എന്നെ ഏറ്റവും സ്വാധീനിച്ച ഒരു ഇസ്‌ലാമിക കലാലയമാണു ചെമ്മാട്‌ ദാറുൽ ഹുദാ. കൂടുതൽ അറിഞ്ഞപ്പോൾ അവിടെ പഠിക്കണം എന്നു ആഗ്രഹിച്ചിട്ടുണ്ട്‌. അവിടെ നിന്നിറങ്ങുന്ന ‘തെളിച്ചം’ മാസിക ഒരുകാലത്ത്‌ സ്ഥിരമായി വായിച്ചിരുന്നു. ‌അതിന്റെ ഉള്ളടക്ക നിലവാരത്തിൽ വിസ്മയിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ വർഷം ട്രാൻസ്‌ജെന്ററുകളെക്കുറിച്ച ചർച്ചയുടെ ഇസ്‌ലാമികമാനങ്ങൾ പോസിറ്റീവ്‌ ആയി ചർച്ച ചെയ്ത്‌ ഇതരമാസികകളെ പോലും അവർ ഞെട്ടിച്ചിരുന്നു‌. ആത്മീയ വിദ്യാഭ്യാസവും ഭൗതികവിജ്ഞാനങ്ങളും സാങ്കേതികവിദ്യയും ഒപ്പം ക്രിയാത്മകമായി എഴുതുവാനും പ്രസംഗിക്കുവാനും അവർ അവിടുത്തെ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയിട്ടുണ്ട്‌.

ഇതൊക്കെയും മനസ്സിൽ നിൽക്കുമ്പോഴാണു ദാറുൽ ഹുദയിലെ സലീമിന്റെ എം ടിയെക്കുറിച്ച കുറിപ്പ്‌ കാണുന്നത്‌.

ആദ്യം കടന്നുവന്നത്‌ ഒരുതരം അവിശ്വസനീയതയാണു. എം ടി ഒരിക്കലും അങ്ങനെ പറയില്ലെന്ന രൂഢവിശ്വാസം.! പക്ഷെ സലീം മണ്ണാർക്കാടിന്റെ കുറിപ്പിൽ അതിഭാവുകത്വം ഉണ്ടായിരുന്നെങ്കിലും ഒട്ടും കളവ്‌ പടർന്നിരുന്നില്ല.  എം ടി അത് ആ രൂപത്തിൽ പറഞ്ഞുവെന്ന് സ്ഥിരീകരിക്കുന്ന പ്രസ്താവന ഇന്ന് വിശദീകരണമായി തന്നെ വന്നപ്പോൾ സത്യത്തിൽ കടുത്ത സങ്കടമാണു തോന്നിയത്‌. ( എം ടി അത്‌ പറഞ്ഞില്ലെന്ന് വിശ്വസിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നതും !)

പ്രശ്നം നൊമ്പരങ്ങളുടേതാണു. ഒറ്റപ്പെട്ടതല്ല, അതൊരു സമൂഹത്തിന്റേതാണു. ഉറക്കെ കരഞ്ഞാൽ പോലും ‘ഇരവാദം’ എന്ന് നിരന്തരം ആക്ഷേപിക്കപ്പെടുന്നവന്റേതാണു. അറബിക്കോളേജിലെ വിദ്യാർത്ഥിയുടെ പരാമർശം വ്യജമാണെന്ന് കരുതുന്ന അതേ പൊതുബോധം തന്നെയാണു എംടിയിൽ നിന്നും ആകസ്മികമായെങ്കിലും വന്നത്‌. അല്ലെങ്കിൽ ഏറെ ഇഷ്ടപ്പെടുന്ന എം ടിയിൽ നിന്ന് പോലും അത്‌ സംഭവിച്ചു എന്നതാണു അങ്ങേയറ്റം വേദനിപ്പിക്കുന്നത്‌.

എം ടിയെ എന്തെങ്കിലും ചാപ്പ കുത്താനല്ല, അതിൽ യാതൊരു കാര്യവുമില്ല. അവിടവിടെയായി കാണുന്ന പ്രതിഷേധങ്ങളൊക്കെയും ആ നിരാശയിൽ നിന്നുയർന്നുവന്ന വേദനയുടെ അനുരണനങ്ങൾ മാത്രമാണു. മുഖത്ത്‌ നോക്കി ‘തീവ്രവാദി’ എന്ന് വിളിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു യുവതയുടെ അന്തസംഘർഷങ്ങളുടേതാണ്, സ്നേഹബന്ധങ്ങൾക്ക്‌ ഭാഷപോലും തടസ്സമല്ല എന്ന് തെളിയിച്ച എഴുത്തുകാരനിൽ നിന്ന് സ്വന്തം പരിസരങ്ങളെക്കുറിച്ച്‌ പോലും അപരിചിതത്വമോ സംശയങ്ങളോ ഉണ്ടാകുന്നു എന്ന ആവലാതിയുടേതാണ് .

-With Saleem Mannarkkad

Be the first to comment on "മുഖത്ത്‌ നോക്കി ‘തീവ്രവാദി’ എന്ന് വിളിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഒരു യുവതയുടെ അന്തസംഘർഷങ്ങളുടേതാണ് , എംടിയോട് വായനാക്കാരന്റെ കുറിപ്പ്"

Leave a comment

Your email address will not be published.


*