https://maktoobmedia.com/

ബോഷ്കോട്ടോസ്താനിലെ റോമിങ്ങ് നിരക്കറിയാത്ത നിഷ്കളങ്കനായ മന്ത്രി ജലീല്‍ജി

ഷമീര്‍ . ട്ടി

പാവം ജലീൽ മന്ത്രി. ബോഷ്കോട്ടോസ്താനിൽ നിന്നുള്ള റോമിംഗ് നിരക്കിലെ ഭീമാകാരത മനസ്സിലാക്കാൻ കഴിയാതെ പോയ ഒരു നിഷ്കളങ്കനാണ് അദ്ദേഹം. ഇതുവരെ ഗൾഫ് രാജ്യങ്ങളും മലേഷ്യയും മാത്രമേ അദ്ദേഹം സന്ദർശിച്ചുണ്ടായിരുന്നുള്ളൂ. അവിടെ നിന്നൊക്കെ നാട്ടിലേക്ക് വിളിച്ചതുകൊണ്ട് റോമിംഗ് നിരക്ക് ഏകദേശം വശമുണ്ടായിരുന്നു. റഷ്യയിൽ നിന്ന്, അല്ല ബോഷ്കോട്ടോസ്ഥാനില്‍ നിന്ന് വിളിക്കുമ്പോഴും നാട്ടിൽ നിന്നുമുള്ള കാളുകൾ സ്വീകരിക്കുമ്പോഴും ഏകദേശം അത്രയൊക്കെയേ റോമിങ്ങ് നിരക്കു വരൂ എന്നായിരുന്നു ഡോക്ടറേറ്റ് എടുത്ത ജലീൽ മന്ത്രിയുടെ ധാരണ. ആ ധാരണയാണ് BSNL തകർത്തു കളഞ്ഞത്. ബില്‍ തുക അമ്പതിനായിരത്തിനു മുകളില്‍!

ബില്ല് കിട്ടിയപ്പോൾ അക്ഷരാർത്ഥത്തിൽ അദ്ദേഹം ഞെട്ടിയത്രെ. ( അല്ല, എന്തിനു ഞെട്ടണംൟ ഇതൊക്കെ സാധാരണക്കാരന്റെ നികുതി പണത്തിൽ നിന്നെടുത്തു അടക്കില്ലേ)!. തുടർന്ന് BSNL ഉദ്യോഗസ്ഥനെ വിളിച്ച് തിരക്കിയപ്പോഴാണത്രേ ബോഷ്കോട്ടോസ്താനിൽ നിന്നുള്ള റോമിംഗ് നിരക്കിലെ ഭീമാകാരത നിഷ്കളങ്കനായ മന്ത്രിക്കു മനസ്സിലായത്.

വാര്‍ത്ത കൊടുത്ത മനോരമയിലെ ഉത്തരവാദപ്പെട്ട പത്രക്കാരനോട്, വാര്‍ത്ത കൊടുക്കും മുന്‍പ് മുന്‍മാസങ്ങളിലെ തന്റെ ബില്ലിനെക്കുറിച്ചൊക്കെ ഒന്നു പരിശോധിക്കാമായിരുന്നു എന്ന് ഉപദേശിക്കുന്നുണ്ട് മന്ത്രി. അതൊക്കെ എളുപ്പമാണെന്നാണ് ജലീല്‍ മന്ത്രിയുടെ പക്ഷം. അങ്ങനെയാണെങ്കില്‍ ബഹുമാനപ്പെട്ട മന്ത്രിജീ, റഷ്യയിലെ റോമിങ്ങ് നിരക്കറിയാന്‍ സാറിനൊന്ന് ഗൂഗിൾ ചെയ്താൽ പോരായിരുന്നോ?

അതല്ല, ഒരു ഡോക്ടറേറ്റ് ഒപ്പിച്ചെടുത്ത താങ്കൾക്ക് ഇതൊക്കെ അറിയാഞ്ഞിട്ടാണോ? ഇങ്ങിനെയൊക്കെയാകുമ്പോൾ റോമിങ്ങിനെ കുറിച്ചുപോലും ഒരു ധാരണയും ഇല്ലാത്ത ബഡുക്കൂസ് മന്ത്രിയാണ് ജലീൽ എന്ന് ജനങ്ങൾ വിശ്വസിച്ചുപോവില്ലേ?

റോമിങ്ങിന്റെ കാര്യമൊക്കെ വിടാം. കുഞ്ഞു പിള്ളേര്‍ വരെ വേള്‍ഡ് ടൂര്‍ നടത്തുന്ന കാലമാണ്. ടൂറിസ്റ്റുകള്‍ക്കായി എല്ലാ രാജ്യങ്ങളും സര്‍വസൗകര്യങ്ങളുമൊരുക്കുന്ന യുഗം. വന്നിറങ്ങുന്ന എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ട് കോപ്പി കൊടുത്താല്‍ ലോകത്തെവിടെയും വിളിക്കാന്‍ സൗകര്യമുള്ള അതതു രാജ്യത്തെ ലോക്കല്‍ സിം കിട്ടും. അല്ല ഗള്‍ഫിലൊക്കെ പോകുന്ന ജലീല്‍ മന്ത്രി ആ സൗകര്യം ഒരുപക്ഷേ ഉപയോഗിച്ചിട്ടുമുണ്ടാവും. ഈ കണക്കില്‍ നോക്കിയാല്‍, നമ്മുടെ ബോഷ്കോട്ടോസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് വിളിക്കാൻ ഏകദേശം 17.5 ഉറുപ്പികയെ വരൂ. അതേ സമയം ഇന്ത്യയിൽ നിന്നുള്ള സിം കാർഡാണെങ്കിൽ റോമിംഗ് ചാർജ് അതിനുമിരട്ടിയോളം വരും. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടൊക്കെ ഉള്ള വലിയ മന്ത്രിയായാൽ മതിയോ. ഇതൊക്കെ ഒന്നറിയേണ്ടേ സാർ?

Minister Jaleels FB Post

ഇനി താങ്കൾ പറയുന്നതൊക്കെ സത്യമാണെന്നു തന്നെയെടുത്താല്‍ തന്നെ റോമിംഗ്‌ റേറ്റ്‌ അറിയാതെ നിങ്ങൾ കാണിച്ച അബദ്ധത്തിനു സർക്കാരും പൊതുജനങ്ങളും എന്തു പിഴച്ചു? നിങ്ങൾ കാണിച്ച അബദ്ധത്തിനു നിങ്ങളുടെ ശമ്പളത്തിൽ നിന്ന് കാശ്‌ കൊടുത്ത്‌ പരിഹരിക്കണമായിരുന്നു. അത്‌ പൊതു ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് അടപ്പിക്കുന്നത്‌ മോശമല്ലേ? ഒന്ന് പറഞ്ഞു രണ്ടാമത്തത്തേതിനു തത്വവും ന്യായവും ഇസ്ലാമിക നിയമങ്ങളും നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കുന്ന ആൾക്ക്‌ സ്വന്തം ജീവിതത്തിൽ എന്തേ ഇതൊക്കെയൊന്ന് നടപ്പാക്കി കാണിച്ചാൽ? ഇനിയതല്ല, ഇതൊക്കെ മന്ത്രിജിയുടെ ഗിമ്മിക്കായിരുന്നോ?

കുറച്ചു മുമ്പ് മുമ്പ് കേന്ദ്ര സർക്കാർ ഹജജ് സബ്സിഡി നിർത്തലാക്കാൻ പോകുന്നെന്ന വാർത്ത വന്നിരുന്നല്ലോ. അന്നു മന്ത്രിജി പ്രതികരിച്ചത് മുസ്ലിങ്ങൾ ഹജ്ജിന് പോകേണ്ടത് സ്വന്തം സമ്പത്ത് മുടക്കിയാവണമെന്നും, സബ്സിഡി വഴി ഹജ്ജിന് പോവുന്നവരുടെ ഹജജ് ശരിയാകില്ലന്നുമല്ലേ? പ്രതികരിച്ചതല്ല, ഘോരഘോരം പ്രസംഗിച്ചത്. താങ്കളുടെ അന്നത്തെ ചിന്താധാരയിൽ ഓട്ട വീണില്ലങ്കിൽ ഒന്നു പറയൂ, നിങ്ങളുടെ വിവരക്കേട് കൊണ്ടുണ്ടായ ‘ഭീമാകാരത ബില്‍’ സര്‍ക്കാര്‍ ഗജനാവില്‍ നിന്ന് പൈസയെടുത്ത് അടക്കുന്നത് ശരിയാണോ? സ്വന്തം കീശയിൽ നിന്നും അടക്കണം സർ ആ പണം.

ഒരു കാര്യം കൂടി. തട്ടിവിടലൊക്കെ ഒന്നൊതുക്കുന്നതാ മന്ത്രിജീ നല്ലത്. താങ്കളുടെ കളിയൊക്കെ ജനം മനസ്സിലാക്കി തുടങ്ങിയെന്നാണ് തോന്നുന്നത്. തനിക്ക് വേണ്ടപ്പെട്ട ഒരു പണക്കാരന്റെ ബിൽഡിംഗ്‌ നിയമാനുസൃതമാക്കി കൊടുക്കാൻ, കഷ്ടപ്പെടുന്ന പ്രവാസികളുടെ പേര് പറഞ്ഞ ചില കെട്ടിടങ്ങൾക്ക് ചെറിയ പിഴയിട്ടു നിയമാനുസൃതമാക്കി കൊടുത്തതൊക്കെ നാട്ടില്‍ പലയിടത്തും കേള്‍ക്കുന്നുണ്ട്. ചെയ്തു “കൊടുക്കേണ്ടവർക്ക്‌” അങ്ങ്‌ ചെയ്തു കൊടുത്താൽ പോരേ? അതെന്തിനാ പ്രവാസികളുടെ പേരും പറഞ്ഞ്‌ ചെയ്യുന്നേ? ഇടക്ക് ഗൾഫിലെ ഒരു പാവം പ്രവാസി കച്ചവടക്കാരാന് കോഴിക്കോട്ട് ഒരു മാളുണ്ടാക്കാൻ സർക്കാർ സ്ഥലം നൽകിയതിന് പിന്നിലും നിഷ്കളങ്കനായ മന്ത്രിജിയുടെ നിഴൽ കണ്ടിരുന്നു. അതിനും ഒരാഴ്ചമുമ്പ് ഇതേ പാവം പ്രവാസി കച്ചവടക്കാരന്റെ അതിഥിയായി മന്ത്രി ഗൾഫിൽ തങ്ങുകയും ചെയ്തിരുന്നു. അതൊന്നും ആരും അറിഞ്ഞിട്ടില്ലെന്ന് കരുതരുതേ.

വിഷയത്തിലേക്ക് തിരിച്ചു വരാം, പറയൂ നിഷ്കളങ്കനായ മന്ത്രിജി, അങ്ങയുടെ ബോഷ്കോട്ടോസ്ഥാന്‍ യാത്ര എങ്ങനെയുണ്ടായിരുന്നു. അവിടെ നടന്നതെന്താണ്?

 

(വ്യത്യസ്തമായ അഭിപ്രായങ്ങളും ചര്‍ച്ചകളും കൂടുതല്‍ പേരിലേക്കെത്തിക്കുകയാണ് മക്തൂബ് മീഡിയയുടെ ലക്ഷ്യം. ഇവിടെ വരുന്ന അഭിപ്രായങ്ങള്‍ എഡിറ്റോറിയല്‍ നിലപാടായിക്കൊള്ളണമെന്നില്ല.)

Be the first to comment on "ബോഷ്കോട്ടോസ്താനിലെ റോമിങ്ങ് നിരക്കറിയാത്ത നിഷ്കളങ്കനായ മന്ത്രി ജലീല്‍ജി"

Leave a comment

Your email address will not be published.


*