കൊച്ചിയിൽ വീണ്ടും പോലീസിന്റെ ട്രാൻസ്‌ജെൻഡർ വേട്ട. കൊച്ചി ‘ട്രാൻസ്ജെൻഡർഫ്രീ’ ആക്കുമെന്ന് പോലീസ് വെല്ലുവിളി

Trans Rights

കൊച്ചിയില്‍ വീണ്ടും ട്രാന്‍സ്ജന്‍ഡേഴ്‌സിനെതിരെ പോലീസ് വേട്ട . വാടകയ്ക്ക് താമസിക്കുന്ന ലോഡ്ജില്‍ നിന്ന് ലൈംഗിക കുറ്റമാരോപിച്ച് വെള്ളിയാഴ്ച വൈകീട്ട് നാല് ട്രാന്‍സ്ജന്‍ഡേഴ്‌സിനെ പോലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു . ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമെന്ന് ആരോപിച്ചാണ് പോലീസ് നടപടി. കാവ്യ, ദയ, സായ മാത്യു, അതിഥി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഉടന്‍ ‘എറണാകുളം നഗരത്തില്‍ വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍’ എന്ന് പറഞ്ഞുകൊണ്ട് സിഐ അനന്തലാല്‍ പത്രക്കുറിപ്പ് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. ഇവര്‍ക്കൊപ്പം മറ്റ് ആറ് പുരുഷന്‍മാരേയും അഞ്ച് സ്ത്രീകളേയും അറസ്റ്റ് ചെയ്തു എന്നാണ് പോലീസിന്റെ അവകാശവാദം. ഇവര്‍ ഓണ്‍ലൈന്‍ ഇടപാടുകാരെ ലോഡ്ജിലേക്ക് വരുത്തി ലൈംഗികവൃത്തി നടത്തിയെന്നാണ് പോലീസ് ആരോപണം

എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ സിഐ എ. അനന്തലാല്‍, സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ ചെയ്തത്. ഇവരില്‍ നിന്നും ആയുധം കണ്ടെത്തിയതായും പോലീസ് ആരോപിക്കുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ആംസ് ആക്ട്, ഐടി ആക്ട്, ലൈംഗിക തൊഴില്‍ എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മാധ്യമപ്രവർത്തകൻ ജീവൻ എഴുതുന്നു ” എറണാകുളത്ത് അറസ്റ്റ്‌ ചെയ്യപ്പെട്ട ട്രാൻസ്ജെൻഡേഴ്സിനുമേൽ ഇമ്മോറൽ ട്രാഫിക്, എക്സസ് ക്വൻഡിറ്റി ലിക്കർ, ആംസ് ആക്റ്റ് എന്നിവ ചേർത്തതാണ് എഫ് ഐ ആർ രേഖപ്പെടുത്തിയത് എന്നാണ് സി ഐ അനന്തലാൽ പറഞ്ഞത്. കേസിൽ ട്രാൻസ് ജെൻഡർസ് മാത്രമല്ല ട്രാൻസ് ജെൻഡർ ആയ കാവ്യയെ വീട്ടിലേക്ക് കൂട്ടാൻ ലോഡ്ജിലേക്ക് വന്ന ഡൽഹിയിൽ നഴ്‌സായ സഹോദരിയെ അടക്കം പതിനഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരെ ലോഡ്ജിൽ നിന്നും ഒഴിപ്പിക്കാൻ പൊലീസ് സമ്മർദ്ദം ചെലുതുന്നുണ്ടായിരുന്നു എന്നും കൊച്ചി ‘ട്രാൻസ് ജെൻഡർ ഫ്രീ’ ആകുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വെല്ലുവിളിച്ചതായു മെട്രോയുടെ യൂണിഫോമിൽ ആയതുകൊണ്ട് മാത്രം ഇന്ന് അറസ്റ്റ് ചെയ്യാതെ രക്ഷപ്പെട്ട തീർഥ പറഞ്ഞത്. ട്രാൻസുകൾക്കായി സർക്കാർ പോളിസി ഒക്കെ രൂപീകരിച്ച ഒരു സംസ്ഥാനത്ത് ഇതാണ് ഇപ്പോഴും പോലീസുകാരുടെ നിലപാട് എങ്കിൽ നമ്മൾ ഭയക്കേണ്ടിയിരിക്കുന്നു. ബാക്കി വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. ഭരണഘടനയുടെ വിവേചനാധികാരം ഉപയോഗിക്കേണ്ട നിയമപാലകർ പൊതുബോധത്തിന്റെ മർദ്ദനോപകരണം ആയി മാറുകയാണോ ?”

ട്രാന്‍സ്ജന്‍ഡറായ പ്ലിങ്കു സംഗീത് സംഭവത്തില്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു. ‘രണ്ട് ദിവസമായി ഈ ലോഡ്ജില്‍ പോലീസ് ഇടക്കിടെ കയറിയിറങ്ങുന്നത് കമ്മ്യൂണിറ്റിയിലെ പലരും പറഞ്ഞിരുന്നു. അഞ്ചുപേരെ എന്തിനാണ് പോലീസ് അറസ്റ്റ് ചെയ്തത്? അവര്‍ അവരുടെ വാടക വീടുകളില്‍ സ്വസ്ഥമായി കഴിയുമ്പോള്‍ എന്തെങ്കിലും ഒരു കേസ് ചുമത്തി അറസ്റ്റ് ചെയ്യാമെന്നാണോ? പല ട്രാന്‍സ്ജന്‍ഡറുകളും ലോഡ്ജ് മുറികളിലാണ് 300-ഉും 400-ഉം രൂപ കൊടുത്ത് വാടകയ്ക്ക് താമസിക്കുന്നത്. ലൈംഗികവൃത്തി ചെയ്യുന്ന ട്രാന്‍സ്ജന്‍ഡേഴ്‌സ് പോലും ലോഡ്ജുകളിലേക്ക് ആരെയും കൂട്ടിക്കൊണ്ടുവരാറില്ല. വളരെ കര്‍ശനമായ നിബന്ധനകള്‍ നല്‍കിക്കൊണ്ടാണ് ഐശ്വര്യയിലടക്കം ട്രാന്‍സ്ജന്‍ഡേഴ്‌സിനെ താമസിപ്പിക്കുന്നത്. പുറത്തു നിന്ന് കമ്മ്യൂണിറ്റിയില്‍ പെട്ട സന്ദര്‍ശകരെ പോലും അവിടേക്ക് പ്രവേശിപ്പിക്കില്ല. പകല്‍ സമയങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ പോലും ട്രാന്‍സ്ജന്‍ഡേഴസ് പുറത്തിറങ്ങുന്നത് ആ ലോഡ്ജ് ഉടമയ്ക്ക് പ്രശ്‌നമായതിനാല്‍ റിസപ്ഷനിലിരിക്കുന്നയാള്‍ക്ക് പണം നല്‍കിയാണ് ഭക്ഷണം വരുത്തിക്കുന്നത്. മെട്രോയില്‍ ജോലി ചെയ്യുന്ന ഒരു കുട്ടിയും അവിടെ താമസിക്കുന്നുണ്ട്. ഇന്ന് അവള്‍ യൂണിഫോമിലവിടെയെത്തിയപ്പോള്‍ നിറയെ പോലീസുകാര്‍ നില്‍ക്കുന്നതാണ് കണ്ടത്. യൂണിഫോമിലുള്ളതുകാരണം അവളെ വെറുതെ വിട്ടു. എന്നിട്ട് ഇവിടെ നിന്ന് പോയില്ലെങ്കില്‍ നിന്നെയും അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അവളെ വിരട്ടിവിടുകയായിരുന്നു. അവള്‍ പറഞ്ഞിട്ടാണ് ഞങ്ങള്‍ ഇക്കാര്യമെല്ലാം അറിയുന്നത്. ട്രാന്‍സ്ജന്‍ഡേഴ്‌സ് സ്ഥിരമായി താമസിക്കുന്ന സ്ഥലത്ത് വന്നാണ് പോലീസ് അതിക്രമം കാണിച്ചിരിക്കുന്നത്. ഞങ്ങളെ എന്തെങ്കിലും കാര്യമുണ്ടാക്കി അറസ്റ്റ് ചെയ്തും ആക്രമിച്ചും ഇവിടെ നിന്ന് ഓടിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സിഐ അനന്തലാല്‍ ട്രാന്‍സ്ജന്‍ഡറുകളോട് പകയോടെയാണ് പലപ്പോഴും പെരുമാറുന്നത്. പുറകെ നടന്ന് വേട്ടയാടുകയാണ്’.

 

Be the first to comment on "കൊച്ചിയിൽ വീണ്ടും പോലീസിന്റെ ട്രാൻസ്‌ജെൻഡർ വേട്ട. കൊച്ചി ‘ട്രാൻസ്ജെൻഡർഫ്രീ’ ആക്കുമെന്ന് പോലീസ് വെല്ലുവിളി"

Leave a comment

Your email address will not be published.


*