‘ഉസ്സി’ , ഇതിഹാസതാരം ഉസൈൻ ബോൾട്ടിന്റെ കഥപറയുന്ന മലയാളനോവൽ

ജമൈക്കൻ ഇതിഹാസത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഏറെ പ്രത്യേകതകളുള്ള മലയാള നോവൽ പുറത്തി . ഭാസ്‌കരൻ ബത്തേരി രചിച്ച  ‘ഉസ്സി’ ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. ഉസൈൻ ബോൾട്ടിനെ വീട്ടുകാരും കൂട്ടുകാരും വിളിക്കുന്ന ചെല്ലപ്പേര് തന്നെയാണ് ‘ഉസ്സി’യിലൂടെ നോവലിനും നൽകിയിട്ടുള്ളത്. ട്രിലോണിയിലെ ബാല്യകാലം മുതൽ അതിവേഗക്കുതിപ്പുകളുടെ അവസാനലാപ്പുകളിലൊന്നിൽ വീണു പോയ നിമിഷം വരെയുള്ള ഉസൈൻ ബോൾട്ടിന്റെ പ്രവചനാതീത ജീവിത രേഖകളാണ് നോവലിൽ പ്രതിപാദിക്കുന്നത്. ജമൈക്കയിലെ രണ്ടു വർഷത്തെ ജീവിതത്തിനിടെ ഉസൈൻബോൾട്ടിനെ കണ്ടു മുട്ടിയ അസുലഭ നിമിഷങ്ങിലെ പ്രചോദനമുൾക്കൊണ്ടാണ് ഭാസ്‌കരൻ ബത്തേരി ‘ഉസ്സി’ എഴുതുന്നത്

നോവലിനെ കുറിച്ച് ഒപി രവീന്ദ്രൻ എഴുതുന്നു

” കരീബിയൻ ദ്വീപിലെ ചെറു രാജ്യമായ ജമൈക്ക.ലോക അത്ലറ്റിക് ചരിത്രത്തിൽ പലകുറി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട് ഈ പേര്. ഒച്ചോറിയോസ് എന്ന വിനോദ സഞ്ചാര കേന്ദ്രത്തിന്റെ മനോഹരമായ കവാടകത്തിൽ ഇങ്ങനെ കുറിച്ചു വെച്ചിട്ടുണ്ട് .’ഓച്ചി, വെറുമൊരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല, അധിനിവേശങ്ങളുടെ, ചെറുത്ത് നിൽപ്പുകളുടെ, വിജയാഹ്ളാദങ്ങളുടെ ആരവങ്ങൾ ഇവിടുത്തെ ഓരോ അണുവിലും കാതോർത്ത് കേൾക്കാം’. അതെ, സ്പെയിനിന്റെയും, ബ്രിട്ടന്റെയും ആധിപത്യങ്ങൾ പൊട്ടിച്ചെറിഞ്ഞ കറുത്ത ജനതയുടെ തളർച്ചയറിയാത്ത പോരാട്ടങ്ങളുടേയും, സ്വാതന്ത്ര്യത്തിന്റെയും വിജയാരവങ്ങളുടെയും പേരാണിന്ന് ജമൈക്ക.

തലസ്ഥാനമായ കിങ്ങ്സ്റ്റണിൽ നിന്ന് മൈലുകൾക്കകലെ വല്ലപ്പോഴും കുറുക്കുവഴിക്ക് കാറോടിച്ച് പോകുന്നവർ മാത്രം ശ്രദ്ധിച്ചിരുന്ന കോക്സത്ത് – ഷർവുഡ് എന്ന കൊച്ചുഗ്രാമം. ചെങ്കുത്തായ ട്രിലോണിയിലെ ചെറുകാടുകളുടെ വന്യതയിൽ നിന്ന് കുത്തിയൊഴുകുന്ന കൊച്ചരുവിക്കെതിർ ദിശയിൽ ഓടിക്കയറുന്ന ഒരു കൊച്ചുകുട്ടി. പ്രായത്തെ വെല്ലുന്ന പൊക്കവും ഊർജസ്വലതയും അവനെ ഒരു നിമിഷം പോലും നിശ്ചലനാക്കിയില്ല, ട്രിലോണിലെ വന്യമായ കാടുകളിലെ നിബ്ദതയിൽ അറിയാതെ മൂകമായിപ്പോകുന്ന അപൂർവ്വമായ നിമിഷങ്ങളൊഴികെ.

സച്ചിനെപ്പോലെ, ഷോയ്ബ് അക്തറിന്നെപ്പോലെ ലോകോത്തര ക്രിക്കറ്ററാകാനാഗ്രഹിച്ച അമ്മയുടെ സ്വന്തം ഉസ്സി.. ക്രിക്കറ്റ് ടീമിൽ സെലക്ഷൻ കിട്ടിയിട്ടും കോച്ചിന്റെ നിർബന്ധ!ത്തിന് വഴങ്ങി, ഒടുവിൽ ലോകത്തെ വേഗത കൊണ്ട് തന്റെ കാൽക്കീഴിലാക്കിയ ഉസയിൻ ബോൾട്ടായി തീരുന്നു. സന്നിഗ്ദ്ധതകളുടേയും ആത്മവിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും കടുത്ത ആത്മസംഘർഷങ്ങളുടെയും വിജയോൻ മാദങ്ങളുടെയും ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങൾ: അതാണ് ഉസ്സി എന്ന നോവൽ.144 രാജ്യങ്ങൾ സന്ദർശിച്ച ഭാസ്കരൻ ബത്തേരിയുടെ പ്രഥമ നോവലാണ് ഉസ്സി.

കറുത്തവരുടെ ഊർജ്ജ ഖനികൾക്ക് മേൽ നിഴൽ വീഴ്ത്തുന്ന വെളുത്ത വർഗ്ഗക്കാരന്റെ കുതന്ത്രങ്ങൾ. ഒരിക്കൽ കോച്ച് സ്വകാര്യമായി ഒരു മുന്നറിയിപ്പ് നൽകി.ഉസ്സീ വെള്ളക്കാർ അവർ ഏത് വിധേനയും നമ്മെ തറപറ്റിക്കാൻ ശ്രമിക്കും. ഒരിക്കൽ പ്രാക്ടീസിംഗ് ഗ്രൗണ്ടിലേക്ക് മുന്നറിയിപ്പില്ലാതെ കടന്ന് വന്ന ബെൻ ജോൺസനെ കണ്ട് അന്തം വിട്ട് നിന്നപ്പോൾ, അദ്ദേഹം പറഞ്ഞത് ഉസ്സി ഓർത്തു. ”ഞാൻ പനിക്ക് പോലും മരുന്ന് കഴിച്ചിരുന്നില്ല. എന്നിട്ടും മൂത്രസാമ്പിളിൽ അവർ ഉത്തേജക ഔഷധത്തിന്റെ സാന്നിധ്യം കണ്ടെടുത്തു. എനിക്കൊന്നുമറിയില്ല..”അതെ വിജയികളെ കുറ്റവാളികളാക്കുന്ന ഒരു ‘വെളുത്ത യുക്തി’ എപ്പോഴും ഉസ്സിയെയും പിന്തുടർന്നിരുന്നോ?!

2018 ന്റെ സന്തോഷങ്ങളിലൊന്ന് പ്രസിദ്ധീകരിക്കും മുൻപെ തന്നെ ‘ നോവൽ’ വായിക്കാൻ കഴിഞ്ഞു എന്നതാണ്. ബത്തേരിയിൽ വെച്ച് ഇന്നാണ് പ്രകാശനം. മലയാളത്തിൽ അത്യപൂർവമാണ് സ്പോർട്സ് കേന്ദ്ര പ്രമേയമാകുന്ന നോവൽ. നല്ലൊരു വായനാനുഭവമാണ്. ലോകത്തെവിടെയും പൊരുതുന്ന ജനതയുടെ ഹൃദയമിടിപ്പ് വായനക്കാരുടെ സിരകളെ പ്രക്ഷുബ്ദമാക്കും തീർച്ച. പ്രസിദ്ധീകരിച്ചിരിച്ചത് മുദ്ര ബുക്‌സ് ആണ് . ”

Bhaskaran Batheri

എഴുത്തുകാരനെ കുറിച്ച് :

മുന്‍ രാഷ്ടപതി കെ ആര്‍ നാരായണന്റെ സ്റ്റാഫംഗം ഉള്‍പ്പെടെ മൂന്ന് പ്രധാനമന്ത്രിമാരുടെ ചീഫ് കുക്ക്. മുന്‍ നാവിക സൈനികന്‍. മര്‍ച്ചന്റ് നേവിയിലും സേവനം. സംഗീത സംവിധായകനായി ബോംബെയില്‍ ജീവിതം. സംഗീത ആല്‍ബ നിര്‍മാതാവ്. ഗ്രന്ഥകാരന്‍. നാടകകൃത്ത്. നോവലിസ്റ്റ്. പോള്‍ ബത്തേരി സംവിധാനം നിര്‍വഹിച്ച  ‘അഴക്’ എന്ന തമിഴ് സിനിമയുടെ തിരക്കഥാകൃത്ത്. ‘ഭൂമധ്യ രേഖയും കടന്ന്’ എന്ന യാത്രാ വിവരണമെഴുതി. വാസ്കോ എന്ന പേരിൽ വാസ്കോഡ ഗാമയുടെ ജിവിതം ആസ്പദമാക്കിയുള്ള പുതിയ നോവലിന്റെ പണിപ്പുരയിലുമാണ്.

Be the first to comment on "‘ഉസ്സി’ , ഇതിഹാസതാരം ഉസൈൻ ബോൾട്ടിന്റെ കഥപറയുന്ന മലയാളനോവൽ"

Leave a comment

Your email address will not be published.


*