“ആത്മഹത്യയെന്ന ഗതികെട്ട വഴിപോലും അമ്മയാവുമ്പോൾ നഷ്ടപ്പെടുന്നു” – ഒരമ്മയുടെ കുറിപ്പ്

പൊതുസമൂഹത്തിന്റെ സദാചാര സങ്കൽപ്പനകൾക്കിടയിൽ നിന്നൊരു സ്ത്രീക്ക് ഒറ്റയ്ക്ക് ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരികെയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. തന്നിലേക്ക് നീളുന്ന കണ്ണുകളെയും തുടർച്ചയായി ഉന്നം വെയ്ക്കുന്ന ചോദ്യ ശരങ്ങളെയും നേരിട്ട്, ജീവിതം കരുപ്പിടിപ്പിക്കാൻ ഇങ്ങയെന്നുള്ള സിംഗിൾ പേരന്റ്സ് നടത്തുന്ന പോരാട്ടത്തെക്കുറിച്ച് പറയുന്ന ഒരു കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഫോട്ടോഗ്രാഫറായ നിഷ കല്ലുപുരക്കൽ തന്റെ ഫേസ്ബുക് ചുമരിലെഴുതിയ കുറിപ്പിൽ പിന്നിട്ട വഴികളിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും അമ്മയാവുന്നതോടെ ഒരു സ്ത്രീയുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുമെല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഭാഷയിൽ പങ്കുവെക്കുന്നുണ്ട്.

 

സൗഹൃദങ്ങളെക്കുറിച്ചും അണിയുന്ന വസ്ത്രത്തെക്കുറിച്ചും ചെയ്യുന്ന ജോലിയെക്കുറിച്ചുമെല്ലാം നിരന്തരം ഓര്മപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സമൂഹം ഒരിക്കൽ പോലും എങ്ങനെ നിലനിൽക്കുന്നു എന്നും അതിജീവിക്കുന്നു എന്നും ചോദിക്കാറില്ലെന്നു നിഷ പറയുന്നു. ചോദ്യം ചെയ്യലും ആക്ഷേപവും ഏറെയും നേരിടേണ്ടി വരാറുള്ളത് പുരുഷന്മാരിൽ നിന്നല്ല, കപട ഫെമിനിസ്റ്റുകളിൽ നിന്നാണെന്നും നിഷ പറയുന്നു.

നിഷയുടെ കുറിപ്പ് വായിക്കാം :

അമ്മയാകുമ്പോൾ ഒരു സ്ത്രീക്കുണ്ടാവുന്ന ഏറ്റവും വലിയ ഗതികേട് ‘ആത്മഹത്യ’ എന്ന അവസാന, ഗതികെട്ട വഴിപോലും നഷ്ടപ്പെടുന്നു എന്നതാണ്…

Image may contain: 1 person, smiling, closeup

Nisha Kallupurakkal

ഡാഡി മരിക്കുമ്പോൾ അമ്മയുടെ പ്രായം 34 ആണ്… ആകെയുള്ള കൈമുതൽ നാലു പെൺകുട്ടികളും. നാട്ടുകാരുടെ ഭാഷയിൽ ‘ചിരട്ടയും നാഴിയും പോലെയുള്ള നാലു പിള്ളേർ ‘. ഹൈറേഞ്ചിലെ കർഷക കുടുംബത്തിൽ ജനിച്ച അമ്മയ്ക്കന്ന് വേണ്ടത്ര വിദ്യഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. ഡാഡിയുടെ 41 അന്ന് വീട്ടമ്മ വേഷത്തിനൊപ്പം അമ്മ ഞങ്ങളുടെ ഡാഡി വേഷവും ധരിച്ച് തുടങ്ങി.കൂലിപ്പണി തേടിയിറങ്ങിയ, ജീവിതം ഏറ്റവും ദുസ്സഹമായ അവസ്ഥയിൽ അമ്മ മരണത്തെ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് പലതവണ തോന്നിയിട്ടുണ്ട്. ‘ കിട്ടാത്ത മുന്തിരിയെ പുളിപ്പിച്ചിരുന്ന ‘ഞങ്ങളുടെ ഗ്രാമവാസികൾ മുഴക്കിയിരുന്ന കപട സദാചാര വചനങ്ങൾ തലയിണ നനച്ചപ്പോഴോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞപ്പോഴോ മക്കൾക്ക് മാറി മാറി അസുഖങ്ങൾ (എന്തോ എനിക്കസുഖമൊന്നും വരാറില്ലായിരുന്നു) വന്നപ്പോഴോ അവർക്ക് ആത്മഹത്യയെ പറ്റി ചിന്തിക്കാതിരിക്കാനാവില്ലായിരുന്നു. ഹൈസ്കൂൾ കാലഘട്ടത്തിനിടയിൽ “ഡാഡി മരിച്ചപ്പോ അമ്മയ്ക്ക് നാലു പേരെയും ചേർത്ത് മരിക്കാമായിരുന്നില്ലേ?” എന്ന് ഞാൻ തന്നെ അമ്മയോട് ചോദിച്ചിരുന്നു. അപ്പോഴൊക്കെ അമ്മയുടെ കണ്ണുകളിൽ കാണുന്ന നരച്ച വികാരം എനിക്ക് മനസ്സിലാക്കാനാവാത്തതായിരുന്നു.

പതിനെട്ടാം വയസ്സിൽ കഴുത്തിൽ വീണ താലി പത്തൊൻപതിൽ എന്നെ അമ്മയാക്കിയതോടെയാണ് ആത്മഹത്യ എന്ന ഗതികേടുപോലും എനിക്കസാധ്യമാണെന്ന് തിരിച്ചറിഞ്ഞത്. പലവട്ടം പലയിടത്തും മരണത്തെ പറ്റി ആലോചിക്കുന്നതിനവസാനം വർഷങ്ങൾക്ക് മുമ്പ് അമ്മയുടെ കണ്ണുകളിൽ കണ്ട അതേ നരച്ച വികാരം എന്റെ മിഴിക്കോണുകളിലും കൂട്ടുവച്ചു.

ആത്മഹത്യ എന്ന വഴിയും മുമ്പിലടഞ്ഞപ്പോൾ പാതി വഴിയിലവസാനിപ്പിക്കേണ്ടി വന്ന വിദ്യാഭ്യാസം തുടരാൻ ശ്രമിച്ചു തുടങ്ങി… മോൾക്ക് രണ്ടു വയസ്സു തികഞ്ഞ അന്ന്, ലോകം മുഴുവൻ എന്റെ തീരുമാനത്തെ എതിർത്ത് നിൽക്കെ തന്നെ, ഞാൻ ക്യാംപസിലേക്ക് എത്തി. പ്ലസ് റ്റു മാത്രം വിദ്യാഭ്യാസം ഉണ്ടായിരുന്ന എനിക്ക് പിന്നീടങ്ങോട്ടുള്ള 6-7 വർഷങ്ങൾ ഡബിൾ റോളിന്റേതായിരുന്നു.എന്നിലെ അമ്മയും വിദ്യാർത്ഥിനിയും പരസ്പരം പടവെട്ടി തളർന്നുറങ്ങുന്ന രാവുകൾ…. പലപ്പോഴും എന്നിലെ ‘വിദ്യാർത്ഥിനി ‘തളരുമ്പോഴും ‘അമ്മ’ തളരാതിരുന്നതിനാൽ വിജയകരമായി ബി.എഡും ഞാൻ പൂർത്തിയാക്കി.

പലപ്പോഴും പഠനത്തിന്റെ ഭാഗമായി കുഞ്ഞിനെ വിട്ട് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. അന്നനുഭവിച്ച വേദന വിവരണാതീതമായിരുന്നു. പകൽ ഡയറി താളുകളും രാത്രി തലയിണയും പെയ്തു നനക്കുന്ന വേദനയെ “അയ്യോ, ചെറിയ കുട്ടിയുണ്ടല്ലേ… അമ്മയെ കാണാതിരിക്കണ്ടെ പാവം… ഇങ്ങനെ മാറി നിന്നാ അതിന് വിഷമമാകില്ലേ?… കുട്ടിയെ കാണാതിരിക്കുമ്പോ നിനക്ക് വിഷമമൊന്നുമില്ലേ?.. ” തുടങ്ങിയ കുനിഷ്ട് ചോദ്യങ്ങളാൽ ചില കുലസ്ത്രീകൾ ഇടയ്ക്കിടെ കീറി മുറിക്കുന്നുമുണ്ടായിരുന്നു.

മോളെയും കൊണ്ട് ജീവിതം തുടങ്ങുകയായിരുന്നു, ഉപയോഗിച്ച് കൊണ്ടിരുന്ന വസ്ത്രങ്ങളും പഠിച്ച് നേടിയ സർട്ടിഫിക്കറ്റുകളും മാത്രം കൈമുതലാക്കി. ജോലി തേടി വിദ്യാലയങ്ങൾ കയറിയിറങ്ങിയപ്പോഴാണ് ആ മേഖലയിലെ സ്വകാര്യ സ്കൂളുകളിലെ ശമ്പള ദാരിദ്രം മനസ്സിലാക്കിയത്. ഏയ്ഡഡ് സ്കൂളുകളിൽ മിനിമം 15 ലക്ഷം ഡിപ്പോസിറ്റ് ചെയ്താലേ അന്നു ജോലി കിട്ടു. കിട്ടുന്ന ശമ്പളം വീട്ടുവാടകയ്ക്ക് തികയാതെ വന്നപ്പോൾ ആദ്യമായി കിട്ടിയ ജോലിയും ഉപേക്ഷിച്ച് ഫ്രീലാൻസായി ഇവന്റ് മാനേജ്മെൻറ് കമ്പനികളിൽ മാറി മാറി ജോലി ചെയ്തു തുടങ്ങി. സമയബന്ധിതമല്ലാത്ത ജോലി മൂലം കുഞ്ഞിനെ ഇടയ്ക്കൊക്കെ മാറ്റി നിർത്തേണ്ടി വന്നു. രാത്രികളും പകലുകളും അലച്ചിലുകളുടേതായി മാറിയപ്പോൾ ” അന്തസാർന്ന, കുലസ്ത്രികൾക്ക് ചേർന്ന ടീച്ചറുദ്യോഗം അഹങ്കാരം മൂലം ഉപേക്ഷിച്ചവളായി ഞാൻ മാറി, ” ഒരു പെണ്കുട്ടിയുടെ അമ്മയ്ക്കു ചേർന്ന ജോലിയാണോ നീ ചെയ്യുന്നതെന്ന് ചോദ്യം ചെയ്യാൻ പൊതുബോധത്തിനു ചെവിയോ കണ്ണോ ആവശ്യമില്ലായിരുന്നു.. നാവു മാത്രം മതിയായിരുന്നു.

വർഷാവർഷം റെന്റൽ അഗ്രിമെന്റ് പുതുക്കുമ്പോൾ വാടക കൂട്ടി ചോദിച്ചും ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണിനെ സഹായിക്കാൻ തയ്യാറാവുകയും ചെയ്യുന്ന വീട്ടുടമസ്ഥരും മൂലം ഇടയ്ക്കിടെ വീടുമാറ്റങ്ങൾ….

ഒരായിരം പ്രശ്നങ്ങൾക്കിടയിലും എന്റെ കൈകൾക്കുള്ളിൽ അവളുടെ കുഞ്ഞുകൈയും ഞാൻ ചേർത്ത് പിടിച്ചു.ഒപ്പം കൊണ്ടുപോകാവുന്നിടത്തൊക്കെ അവളെയും കൊണ്ടുപോയിരുന്നു. ഈവന്റുകൾക്കിടയിൽ ഓഡിറ്റോറിയത്തിന്റെ അവസാനനിരയിലെ കസേരയിൽ കയ്യിൽ കഥാപുസ്തകവുമായി തളർന്നുറങ്ങുന്ന അവളുടെ ചിത്രം ഒപ്പിയെടുത്തത് എന്റെ അമ്മ മനസ്സായിരുന്നു. അതേ കരുതലോടെ തന്നെ അവളുടെ കൈകൾ പിടിച്ച് ഞങ്ങൾ കാടകങ്ങൾ തേടി, മഴക്കാലത്തെ സായാഹ്നങ്ങളിൽ സ്കൂട്ടറിൽ മഴ തേടിയിറങ്ങി, ഒന്നിച്ച് കാർട്ടൂൺ സിനിമകൾ ഒന്നും വിടാതെ തിയറ്ററിൽ പോയി തന്നെ കണ്ടു…

മോൾ വളർന്നു അഞ്ചാം ക്ലാസിലായപ്പോൾ കരിയർ നോക്കണമെന്ന് എനിക്ക് തോന്നി തുടങ്ങി…. കഴിഞ്ഞ വർഷത്തെ അപകടം കഴിഞ്ഞ് ബെഡിൽ നിന്നും നാലു മാസം കഴിഞ്ഞെഴുന്നേറ്റപ്പോൾ ഉള്ള ജോലി പോയതോടെ മോളെ സഹോദരിക്കൊപ്പം നിർത്തി അന്യസംസ്ഥാനത്ത് ജോലി തേടി യാത്രയായി. മുടങ്ങാതെയുള്ള ഫോൺ വിളികൾക്കവസാനം ഇരുഭാഗത്തും തേങ്ങലായി…

ഇങ്ങനെ സംഭവ ബഹുലമായ ദിനങ്ങൾക്കിടയിൽ പൊതു ഇടങ്ങളിൽ ഉറച്ച നിലപാടുകൾ ഉള്ളതിനാലും ‘കുല സ്ത്രീ’ ചമയൽ താത്പര്യമില്ലാത്തതിനാലും പലപ്പോഴും വ്യക്തിഹത്യകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എതിരാളിക്കെതിരെ ശക്തമായ തെളിവുള്ളപ്പോഴും സ്വന്തം മൂല്യങ്ങൾ മുറുകെ പിടിച്ചതിനാൽ ചിലയിടങ്ങളിൽ മുഖം കുനിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ യാത്രാ ചിത്രങ്ങളും മാഗസിനുകളിൽ വന്നിരുന്ന യാത്രാവിവരണങ്ങളും കൂട്ടുകാരുടെയും നാട്ട്കാരുടെയും പൊതുബോധത്തെയും ഫസ്ട്രേഷനുകളെയും ഉണർത്തിയിട്ടുണ്ട്.

പുരുഷ സുഹൃത്തുക്കൾ, പ്രണയം, സിനിമ യാത്രകൾ, എന്തിന് കെട്ടി വയ്ക്കാത്ത മുടിയും ജീൻസും വരെ ഇപ്പറഞ്ഞ ഫസ്ട്രേറ്റഡ് മലയാളി സമൂഹം എനിക്ക് നിഷേധിച്ചിരുന്നു.പണ്ടേ ഞാനൊരു നിഷേധി ആയതു കൊണ്ട് തന്നെ, ” ഒരു പെൺകുഞ്ഞിന്റെ അമ്മയ്ക്കു ചേർന്ന വസ്ത്രമാണോ? സൗഹൃദങ്ങളാണോ ” എന്ന കുലസ്ത്രികളുടെ കരുതലിന്റെ മധുരം പുരട്ടിയ ചോദ്യങ്ങളെ പാടേ നിഷേധിക്കേണ്ടി
വന്നു. ആദ്യകാലങ്ങളിൽ മോൾക്കു മാത്രം ഭക്ഷണം ഉണ്ടാക്കി കൊടുത്ത് പച്ചവെള്ളം മാത്രം കുടിച്ച് ജീവിച്ച ദിനങ്ങൾ ഉണ്ടായിരുന്നു. എന്തോ അന്നും ഇന്നും ഒരിക്കലെങ്കിലും “നീയിന്നു ചിരിച്ചോ?” എന്ന് ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല.

അതിജീവനത്തിന്റെ ഓരോ തെരുവീഥികളിൽ നിന്നും സുഹൃത്തുക്കളായ(അങ്ങനെ അഭിനയിക്കുന്നവർ) അഭിനവ കുലസ്ത്രീകൾ ഒരമ്മയ്ക്ക് വേണ്ട പെരുമാറ്റ ചട്ടങ്ങൾ എന്നെ പഠിപ്പിച്ചു കൊണ്ടേയിരുന്നു. അതിങ്ങനെയായിരുന്നു
1. നീയൊരമ്മയല്ലേ, ജീൻസൊക്കെ ഇട്ട് നടക്കുന്നത് ശരിയാണോ?
2. വളർന്നു വരുന്ന പെൺകുഞ്ഞിനെയും കൊണ്ട് സിനിമാ തിയറ്ററുകൾ തിരഞ്ഞുന്നത് ശരിയാണോ?
3. പ്രണയമോ (കൊലപാതകമെന്ന് കേൾക്കുമ്പ കേൾക്കുമ്പോഴുണ്ടാകുന്ന ഞെട്ടൽ ഭാവം )? സ്വന്തം കുഞ്ഞിന് പേരുദോഷം കേൾപ്പിക്കാൻ….
4. ആൺ സൗഹൃദമോ? നീ ചെറുപ്പമാണ്. പേരുദോഷം കേട്ടാ കൊച്ചിനെയാ ബാധിക്കുക
5.വിവാഹമോ? കൂടെയുള്ളത് പെൺകുട്ടിയാ… അവളുടെ ഭാവി എന്താകും? നീ ന്യൂസൊന്നും കാണാറില്ലേ?
6. യാത്രകളോ? കൂടെ പുരുഷന്മാരുമില്ലേ? നോക്കിം കണ്ടും യാത്ര ചെയ്താ പോരെ?
7. കുഞ്ഞിനെ കൂട്ടാതെ കറങ്ങി നടക്കാണല്ലേ? അതത്ര ശരിയല്ല. മക്കളോട് കുറച്ച് സ്നേഹം വേണം.
8. സ്വന്തം അമ്മയാണ് കുഞ്ഞിനെ നോക്കുന്നതെങ്കിലും അമ്മൂമ്മ ഒരിക്കലും അമ്മയ്ക്ക് പകരമാവില്ല….

ഇതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോകുന്ന ഓരോ സിംഗിൾ പാരന്റ് അമ്മയും അനുഭവിക്കേണ്ടി വരുന്ന വളഞ്ഞാക്രമണങ്ങൾ കൊച്ചമ്മ ഗ്രൂപ്പുകളിൽ കാണാം.ഒരിക്കൽ ഞാനും ഇരയായിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ നടക്കുന്ന ഇത്തരം വളഞ്ഞാക്രമണങ്ങളിൽ പുരുഷ സാന്നിധ്യം നന്നേ കുറവാണ്. കപട സദാചാരം പറയുന്ന, തെളിച്ച് പറഞ്ഞാൽ ” അഭിസാരികയുടെ ചരിത്രപ്രസംഗം” പോലെ പ്രസംഗിക്കുന്ന കപട ഫെമിനിസ്റ്റുകളാണ് ഇത്തരം ആക്രമണങ്ങളിൽ മുൻപിൽ നിൽക്കുന്നത്. എന്നിട്ടും എന്റെ ചിരി മായാതിരിക്കുമ്പോൾ യാത്രകൾ തുടരുമ്പോൾ, ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോൾ, പ്രണയിക്കുമ്പോൾ “അവളെന്തൊരു അമ്മയാ?എന്തൊരു സ്ത്രീയാ? സ്വന്തം കുഞ്ഞിനോട് യാതൊരു ഇമോഷണൽ അറ്റാച്ച്മെന്റ് ഇല്ലാത്ത സ്വാർത്ഥ ” തുടങ്ങിയ തരം താണ അമ്മ പട്ടം നമുക്ക് ചാർത്തി തന്ന് ഇക്കൂട്ടർ നിർവൃതിയടയും.
പലപ്പോഴും ഇവരുടെ കൂട്ട ആക്രമണങ്ങൾ നമ്മെ മാനസികമായി തകർക്കാൻ മാത്രം ശക്തിയുള്ളതുമാണ്…

ലോകത്തിൽ സിംഗിൾ പാരൻറായ ഓരോ സ്ത്രീയും ഇതൊക്കെ അനുഭവിക്കുന്നുണ്ട്. പദവിയും സ്ഥാനവും അനുസരിച്ച് രൂക്ഷരത ഏറിക്കുറഞ്ഞിരിക്കുമെന്ന് മാത്രം. വല്ലാതെ തളരുമ്പോൾ ഈ സ്ത്രീകളെല്ലാം ആത്മഹത്യയെക്കുറിച്ച് ഒരായിരം വട്ടം ചിന്തിക്കും….. അതേ നിമിഷം ആയിരം വട്ടം അമ്മയാണെന്ന ഓർമ്മയിൽ അവർ ബലഹീനരാകും. എന്നിട്ടും സ്വന്തം കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്യുന്ന, വാർത്തകളിൽ സ്ഥാനം പിടിക്കുന്ന, അമ്മമാരുണ്ടല്ലോ…. അവരുടെ മാനസികാവസ്ഥയുടെ, ഒറ്റപെടലിന്റെ, പൊരുതി തോൽക്കലുകളുടെ ഭീകരമായ ആഴം നമുക്കൊക്കെ ചിന്തിക്കാവുന്നതിലപ്പുറമാണ്.

ഒന്നുറപ്പാണ്, തീർത്താൽ തീരാത്ത പ്രശ്നങ്ങൾക്കിടയിൽ ഞാനിന്നും പുഞ്ചിരിയോടെ, പ്രതീക്ഷയോടെ തലയുയർത്തി ജീവിക്കുന്നുണ്ടെങ്കിൽ ഞാനൊരു ഫെമിസ്റ്റോ പുരോഗമനവാദിയോ ആയതു കൊണ്ടല്ല….മറിച്ച് അമ്മയായതുകൊണ്ട് മാത്രമാണ്.

Be the first to comment on "“ആത്മഹത്യയെന്ന ഗതികെട്ട വഴിപോലും അമ്മയാവുമ്പോൾ നഷ്ടപ്പെടുന്നു” – ഒരമ്മയുടെ കുറിപ്പ്"

Leave a comment

Your email address will not be published.


*